Categories: Articles

വരയലും പോറലും ഏൽക്കേണ്ടി വരുന്ന പുരോഹിതൻ!

"വരയൻ" സിനിമ പോലെ, പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത മനസ്സിലാക്കിത്തരുന്ന,സിനിമകൾ കാണുവാൻ ഉള്ള ഭാഗ്യം വരും തലമുറകൾക്ക് ഉണ്ടാകട്ടെ...

ഫാ.ഫിലിപ്പ് നടുത്തോട്ടത്തിൽ ഓസിഡി

“വരയൻ” എന്ന സിനിമ നിറഞ്ഞ കയ്യടിയോടെ മലയാളികൾ സ്വീകരിക്കുമ്പോൾ നാം ഓർക്കണം, ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രതിപുരുഷരേയും, ഏതുവിധേയനേയും താറടിച്ചു കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു കത്തോലിക്കാ പുരോഹിതന്റെ ജീവിതം മുഖ്യകഥാപാത്രമായ് അവതരിപ്പിച്ചുകൊണ്ട് കാലിക പ്രസക്തമായ, നന്മയുള്ള ഒരു സന്ദേശം, വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് നിസാരമായ ഒരു കാര്യമല്ല!

പൗരോഹിത്യത്തിന്റെ മേന്മയറിയാതെ, പുരോഹിതരെ അവഹേളിക്കുന്നവർക്ക്, ഒരു ശക്തമായ താക്കീതും, അവരുടെ മനോഭാവങ്ങളിലും നിലപാടുകളിലും മാറ്റം അനിവാര്യമാണെന്നുമുള്ള ചിന്തിപ്പിക്കുന്ന സന്ദേശവും ഈ സിനിമ നമ്മുക്ക് നൽകുന്നു.! സിജു വിൽസൺ അവതരിപ്പിച്ച നായക കഥാപാത്രം, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രം തന്നെയായി മാറുമെന്നതിൽ സംശയമില്ല.! ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകിച്ച്, കഥയെഴുതിയ ഫാദർ ഡാനി കപ്പുച്ചിൻ, ഡയറക്റ്റ് ചെയ്ത ജിജോ ജോസഫ്, എന്നിവർക്കും, എല്ലാവിധ ആശംസകളും, പ്രാർത്ഥനയും നേരുന്നു.!

ആരാണ് ഒരു പുരോഹിതൻ? ഒരു പുരോഹിതൻ എപ്രകാരമായിരിക്കണം?, എന്നതിന്റെ ചില നേർക്കാഴ്ചകൾ “വരയൻ” എന്ന സിനിമ നമ്മുടെ മുൻപിൽ തുറന്നു കാണിക്കുന്നു.! സത്യത്തിൽ, ഒരു പുരോഹിതനെയും, അവന്റെ ദൈവവിളിയുടെ മഹത്വത്തെയും ആരാണ് ശരിക്കും മനസ്സിലാക്കിയിട്ടുള്ളത്? നമുക്കറിയാം, ദൈവം ഒരു വ്യക്തിയെ തന്റെ പുരോഹിതനായ്, അഭിഷിക്തനായ് തെരഞ്ഞെടുക്കുമ്പോൾ, പലപ്പോഴും മനുഷ്യ ദൃഷ്ടിയിൽ മേന്മയായിട്ട് ആ മനുഷ്യനിൽ ഒന്നും കാണാൻ സാധിക്കണമെന്നില്ല! പലരും ചോദിക്കാറില്ലേ, ശരിക്കും ഇവൻ എങ്ങനെ ഒരു അച്ചനായി?

ശരിയാ പലപ്പോഴും, അയാൾ ഒരു ചൂടനാണ്, വാശിക്കാരനാണ്, ദുഷ്ടനാണ്, കലഹപ്രിയനാണ്, പ്രാർത്ഥിക്കാത്തവനാണ്, സ്നേഹമില്ലാത്തവനാണ്, വിശുദ്ധിയില്ലാത്തവനാണ്, കൃപായില്ലാത്തവനാണ്, തുടങ്ങി കുറവുകളും, പോരായ്മകളും, ബലഹീനതകളും മാത്രമേ ഉള്ളൂ എന്ന് എല്ലാവരും വിധിക്കും! പക്ഷേ അപ്പോഴും “ദൈവം” ആ മനുഷ്യനിൽ എന്തോ നന്മ കാണുന്നു!

നീണ്ട വർഷങ്ങളുടെ പഠനത്തിനും, ത്യാഗം നിറഞ്ഞ രൂപീകരണ കാലഘട്ടത്തിനും ശേഷം, ഒരുവൻ പുരോഹിതനാകാൻ തയ്യാറാകുമ്പോൾ, അയാളിൽ ദൈവം കണ്ട നന്മകൾ ആർക്കു മനസ്സിലാക്കാൻ പറ്റും! എന്തോ, ക്രിസ്തു തനിക്കു ഇഷ്ടം ഉള്ളവരെ അടുത്തേക്ക് വിളിക്കുന്നു! ഒരു ദൈവം ഇഷ്ടപ്പെടാൻ മാത്രം നന്മയുണ്ടായിട്ടും എന്തേ ബാക്കിയുള്ളവർക്ക് ആ നന്മ ഒരു പുരോഹിതനിൽ കാണാൻ പറ്റുന്നില്ല?

ഇന്നലെ വരെ ആ അച്ചൻ നല്ലവൻ എന്ന് പറഞ്ഞു നടന്ന പലരും, അവരോടു അച്ചൻ ദേഷ്യത്തോടെ ഒന്നു സംസാരിച്ചാൽ, അവരുടെ തെറ്റ് ചൂണ്ടികാണിച്ചാൽ, ആ പുരോഹിതൻ പിന്നെ, ശത്രുവായി, കൊള്ളില്ലാത്തവനായി, മാന്യത ഇല്ലാത്തവനായി, കള്ളകത്തനാരായി, ഒരു സീറോ ഒക്കെയായി അവർക്കു തോന്നും! പിന്നെ എല്ലാ പുരോഹിതരും കണക്കാണ് എന്ന മുദ്രകുത്തൽ! അതിന്റെ ദേഷ്യവും, വെറുപ്പും അവർ തീർക്കുന്നത്, പള്ളിയും പ്രാർത്ഥനയും ഉപേക്ഷിച്ചുകൊണ്ട്.! ശരിയല്ലേ?

സത്യത്തിൽ എത്ര അച്ചന്മാരോടാണ് പലർക്കും തീരാത്ത പക! നാളുകളായി മിണ്ടാൻ പോലും ഇഷ്ടമില്ലാതെ എത്ര വൈദികരെ പലരും പടിയടച്ചു പുറത്താക്കിയിട്ടുണ്ട്! സോഷ്യൽ മാധ്യമങ്ങളിൽ അഭിഷിക്തരെ എത്രയോ മോശമായിട്ടാണ് പലപ്പോഴും ചിത്രികരിക്കുന്നത്! എത്രയോ സിനിമകളിൽ പുരോഹിതരെ മോശം കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്നു!

ഒരുവന്റെ ജനനം മുതൽ മരണം വരെ, പുരോഹിതൻ എത്ര ആവശ്യം ആണന്നു പലരും ഓർത്തിരുന്നെങ്കിൽ! നീ പോലും അറിയാതെ നിനക്കുവേണ്ടി ആത്മാർഥമായി പ്രാർത്ഥിച്ച അഭിഷിക്തർ കണ്ണീർ പൊഴിക്കാൻ നീ ഇടയാക്കരുത്! പലപ്പോഴും കുടുംബക്കാർ തന്നെ പുരോഹിതനെ ഓർക്കുന്നത്, അവർക്കു പ്രാർത്ഥന ആവശ്യങ്ങൾ വരുമ്പോൾ മാത്രം! ഒരു ബലിയർപ്പിക്കാൻ, ഒന്നു കുമ്പസാരിക്കാൻ, അന്ത്യകൂദാശ നൽകാൻ ഒക്കെ ഇടവകകളിൽ പുരോഹിതൻ ഇല്ലാത്ത നാടുകളിൽ, ആ ജനത്തിനറിയാം പുരോഹിതന്റെ വില!

മിക്കപ്പോഴും ഒരു പുരോഹിതൻ കടന്നുപോകുന്ന മാനസിക സംഘർഷങ്ങൾ ആരും മനസ്സിലാക്കാറില്ല! തന്റെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങൾക്കുവേണ്ടി ഒത്തിരി പ്രാർത്ഥിച്ചിട്ടും, ദൈവം ഉത്തരം നൽകാത്തതിന്റെ ആത്മസംഘർഷവും പേറി, പിന്നെയും വിശ്വാസത്തിൽ തളരാതെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന അവന്റെ ബലിയർപ്പണങ്ങളിൽ, ആ ചങ്ക് പൊടിയുന്നത് ആരും കാണുന്നില്ല!

ഒരുവേള ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിക്കുന്ന തന്റെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക്, തന്റെ ഈ ബലിയർപ്പണം ഒരു ആശ്വാസമാകുമെന്ന, മോക്ഷം നൽകുമെന്ന, വിശ്വാസത്തിൽ, മരിച്ചുപോയ പ്രിയപ്പെട്ടവരെ വിശ്വാസത്തിന്റെ കണ്ണിൽ അൾത്താരയ്ക്കു മുൻപിൽ ദർശിച്ചുകൊണ്ട് ബലി അർപ്പിക്കുമ്പോൾ, നൊമ്പരത്തോടെ അവന്റെ ശബ്ദം ഇടറുന്നത്, കണ്ണ് നിറയുന്നത് ആരുമറിയുന്നില്ല!

വീടും, കുടുംബവും ഉപേക്ഷിച്ചു, ദൈവത്തിനായി ഇറങ്ങിതിരിച്ചവൻ, പലപ്പോഴും തന്റെ പ്രിയപ്പെട്ട വീട്ടുകാരോടൊപ്പം സന്തോഷിക്കുകയും, ആഹ്ലാദിക്കുകയും ചെയ്യുന്നത്, സ്വപ്നം കണ്ടുകൊണ്ടു, വിദൂര നാടുകളിൽ കഴിയുമ്പോൾ അവൻ അനുഭവിക്കുന്ന നൊമ്പരം ആർക്കും മനസിലാകില്ല! പലവിധ രോഗങ്ങൾ അലട്ടുമ്പോഴും, പരാധികൾ ഇല്ലാതെ, ഏല്പിക്കപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കാൻ വേണ്ടി രാപകൽ കഷ്ടപ്പെടുന്ന പുരോഹിതന്റെ സഹനങ്ങൾ അറിയാൻ ആർക്ക് സമയം! പുരോഹിതാ, സാരമില്ല, ആരും നിന്നെ മനസ്സിലാക്കിയില്ലെങ്കിലും, നീ തളരരുത്! നിന്നെ വിളിച്ച ദൈവം വിശ്വസ്ഥൻ ആണ്, ഒരിക്കലും നിന്നെ കൈവിടില്ല! അതേ, എത്ര സമുന്നതം പുരോഹിതാ, നീ ഭരമേറ്റ വിശിഷ്ടസ്ഥാനം!

“വരയൻ” സിനിമ പോലെ, പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത മനസ്സിലാക്കിത്തരുന്ന,സിനിമകൾ കാണുവാൻ ഉള്ള ഭാഗ്യം വരും തലമുറകൾക്ക് ഉണ്ടാകട്ടെ, അങ്ങനെ പൗരോഹിത്യത്തെയും, പുരോഹിതരെയും ബഹുമാനിക്കാനും സ്നേഹിക്കാനും എല്ലാവർക്കും സാധിക്കട്ടെ.! മകനേ, മകളെ, നിന്റെ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുള്ള എല്ലാ പുരോഹിതരെയും ഓർത്തു പ്രാർത്ഥിക്കാം. പ്രത്യേകിച്ച്, കുറവുകളുണ്ട് എന്ന് നീ ചിന്തിക്കുന്ന പുരോഹിതർക്കുവേണ്ടി കൂടുതൽ തീഷ്ണതയോടെ പ്രാർത്ഥിക്കാം.! നീ മൂലം ഒരു പുരോഹിതന്റെയും കണ്ണ് നിറയാൻ ഇടയാവാതിരിക്കട്ടെ! ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!

vox_editor

Recent Posts

Advent 2nd Sunday_2025_ഭയമല്ല, സ്നേഹമാണ് മാനസാന്തരം (മത്താ 3:1-12)

ആഗമനകാലം രണ്ടാം ഞായർ രക്ഷാകരചരിത്രത്തിന്റെ യാത്ര അതിന്റെ അവസാനഘട്ടമായ രക്ഷകനിൽ എത്തിയിരിക്കുന്നു. രക്ഷകനായുള്ള കാത്തിരിപ്പിന്റെ ചരിത്രം പൂർത്തിയാകുന്നു. അതു തിരിച്ചറിഞ്ഞ…

1 day ago

1st Sunday_Advent 2025_കള്ളനെപ്പോലെ ഒരു ദൈവം (മത്താ 24:37-44)

ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…

1 week ago

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 weeks ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

2 weeks ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

3 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

3 weeks ago