കാരക്കാടൻ
കേരളത്തിലെ കത്തോലിക്കാസഭ സമീപകാലത്തായി കടുത്തപ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. സീറോമലബാർ സഭാതലവൻ കർദ്ദിനാൾ മാര്‍ ആലഞ്ചേരിയുടെമേല്‍ ആരോപണമുന്നയിച്ച ഭൂമിയിടപാടും, ജലന്തർ രൂപതാബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റാരോപിതനായ കന്യാസ്ത്രീപീഢനകേസും, ലത്തീൻ ബിഷപ്പുമാരുടെയടക്കം പേരുൾക്കൊണ്ട വ്യാജരേഖാ വിവാദവും ഇതിൽ ഏറ്റവും കൂടുതൽശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ആദ്യത്തെ രണ്ടുകേസുകളും വിശ്വാസികളുടെയിടയിൽ മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത വേദനയും അതിനേക്കാളുപരി തെറ്റിദ്ധാരണയും, യുവജനങ്ങളുടെയിടയില്‍ കടുത്ത രോഷവും അമര്‍ഷവും അപമാനവും ഉണ്ടാക്കിയെന്നത് വിസ്മരിക്കാനാവില്ല. അതിന്റെ പ്രത്യക്ഷമായ പ്രതിഫലനമാണിന്ന് പലരൂപത്തിലും സോഷ്യല്‍ മീഡിയകളിലൂടെ എല്ലാ അതിർവരമ്പുകളും ഭേദിച്ചുകൊണ്ടും സഭയും വൈദീകരും സന്യസ്തരും അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിൽ സംശയമില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കത്തോലിക്കാ സഭയ്ക്കെതിരായി പ്രവർത്തിക്കുന്ന ക്രിസ്തുമത നാമധാരികളായവർക്കും, കത്തോലിക്കാസഭയെ താറടിച്ചുകാണിക്കാൻ ഗൂഢതന്ത്രങ്ങൾ മെനഞ്ഞു തക്കം പാർത്തിരുന്ന മലയാളം ചാനലുകൾക്കും, കത്തോലിക്കാ സഭാവിരോധികൾക്കും വീണുകിട്ടിയ അസുലഭനിമിഷങ്ങളായിരുന്നു ഈ രണ്ടുകേസുകളും അതുമായി ബന്ധപ്പെട്ട് കേരളത്തിൽ അരങ്ങേറിയ നാടകങ്ങളും. ഈ സാഹചര്യങ്ങൾ ആവോളം മുതലെടുത്ത് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നമാതിരി മതിയാവോളം രസിച്ചു. മുൻപ് ഒരിക്കലും കേട്ടിട്ടില്ലാത്ത രീതിയില്‍ വൈദീകരും മെത്രാന്മാരുമൊക്കെ പൊതുനിരത്തിലിറങ്ങിയത് അല്പം വേദനയോടെയാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളും നോക്കിനിന്നത്. അത് വിശ്വാസികളുടെ മനസിലേൽപ്പിച്ച മുറിവും അത്ര ചെറുതല്ല. ഇവരിൽ ചിലർതന്നെ സഭയെ തകർക്കുവാൻ തക്കം പാർത്തിരിക്കുന്ന ഗൂഢശക്തികൾ നേതൃത്വം കൊടുത്ത സന്യാസിനികളുടെ സമരത്തിന് പിന്തുണ നൽകി പ്രത്യക്ഷപ്പെട്ടത് വിശ്വാസ സമൂഹത്തിനിടയിൽ സംശയം വർധിപ്പിച്ചു.
ഈ സമയത്ത് സാമൂഹ്യമാധ്യമങ്ങളിൽ കണ്ട ചില പ്രതികരണങ്ങൾ, ആരോപണ പ്രത്യാരോപണങ്ങൾ വിരൽ ചൂണ്ടിയത് മറ്റു ചില പ്രശ്നങ്ങളിലേക്കായിരുന്നു. ചിലസ്ഥലങ്ങളില്‍ ആരാധന ക്രമവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലേക്ക് വിശ്വാസികളെ നയിക്കുന്നതും ശ്രദ്ധിക്കപ്പെട്ടു. ആരാധനാസംബന്ധമായ തർക്കങ്ങൾ മൂത്ത് പരസ്പരം തെറിയഭിഷേകം ചെയ്യുന്നിടത്തുവരെ വിശ്വാസികൾ എത്തിനിൽക്കുന്നു. ഒരേ വിശ്വാസത്തിൽ ജ്ഞാനസ്നാനം സ്വീകരിച്ചവർ. ഒരുമിച്ചു ദൈവരാജ്യ സംസ്ഥാപനത്തിനായി പ്രവർത്തിക്കേണ്ടവർ. വിശുദ്ധ തോമാശ്ലീഹായിൽ നിന്ന് ക്രിസ്തുമതത്തിന്റെ തായ്‌വേര് സ്വീകരിച്ചവരെന്ന് അഭിമാനിക്കുന്നവർ. അങ്ങനെയുള്ള ഒരു സമൂഹത്തിലുണ്ടായിരിക്കുന്ന ഈ വിഘടനവും ഭിന്നിപ്പും സുവിശേഷപ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ചുരുക്കത്തിൽ കാലങ്ങളായി ഒളിഞ്ഞുകിടക്കുന്ന ആരാധന ക്രമവുമായി ബന്ധപ്പെട്ട ഭിന്നിപ്പ് അറിഞ്ഞോ അറിയാതെയോ പ്രതിഫലിക്കുന്നുണ്ട്. അത് തന്നെയായിരിക്കില്ലേ ഐക്യം തകർത്തുവെന്നോ, ഐക്യം നിലനിറുത്തുന്നതിൽ പരാജയപ്പെട്ടു എന്നപേരിലോ രണ്ടു സഹായ മെത്രാന്മാരെയും ചുമതലകളിൽ നിന്നും മാറ്റിനിറുത്തുവാൻ ഇടവരുത്തിയ സാഹചര്യം.
സഭയിലെ ഏതെങ്കിലും ഒരു രൂപതയ്ക്കുള്ളിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ, വൈദീകരോ മെത്രാന്മാരോ സന്യസ്തരോ അതിൽ ആരോപണ വിധേയരാകുമ്പോൾ, അത് കത്തോലിക്കരോ ഓര്‍ത്തഡോക്സ് സഭയിലുള്ളവരോ ആരുമായിക്കൊള്ളട്ടെ, അത് കേരളസഭയുടെ മുഴുവൻ പ്രശ്നമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിൽ ചിലവൈദീകർക്ക് ഇടർച്ച സംഭവിച്ചപ്പോൾ , ബിഷപ്പുമാരുടെമേൽ ആരോപണമുന്നയിച്ചപ്പോൾ തലയുയർത്താനാവാതെ നടന്നത് കേരളത്തിലെ മുഴുവൻ സന്യസ്തരും വൈദീകരുമായിരുന്നു. അതിന്റെയെല്ലാം പേരിൽ അപമാനിക്കപ്പെട്ടത് കേരളത്തിലെ മുഴുവൻ ക്രിസ്തീയവിശ്വാസികളുമായിരുന്നു. അവിടെ ലത്തീൻ റീത്തെന്നോ, സീറോ മലബാർ റീത്തെന്നോ, മലങ്കരറീത്തെന്നോ ഓർത്തഡോക്സ് സഭക്കാരെന്നോ ഒരു വ്യത്യാസവുമില്ലായിരുന്നു. എല്ലാവരെയും ഒരുപോലെ, വരുന്നവനും പോകുന്നവനും പൊതിനിരത്തിലിട്ട് അലക്കുകയായിരുന്നില്ലെ? പൗരോഹിത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ഒരു വൈദീകനോടു ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുവാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു; ‘ഈ അടുത്തകാലത്ത് സഭ നേരിട്ട രണ്ടു പ്രശ്നങ്ങളും ഇത്രയും വഷളാക്കിയതിന്റെ പിന്നിൽ സീറോമലബാർ സഭയിൽ പരിഹാരം കാണാതെ എരിഞ്ഞെരിഞ്ഞു കിടക്കുന്ന ലിറ്റർജ്ജി പ്രശ്നം തന്നെയാണെന്ന്. അത് കടുത്ത വേദനയും അപമാനവുമാണെന്ന്’.
സീറോമലബാർ സഭയിലെ ലിറ്റർജ്ജി പ്രശ്നം ഏതു രീതിയിൽ, എത്രമാത്രം ആളിക്കത്തുന്നു എന്നതിന്റെ തോത് എനിക്കറിയില്ല. അങ്ങനെ ഒരു ലിറ്റർജ്ജി പ്രശ്നം ഇതിന്റെ പിന്നിൽ കിടന്ന് എരിയുന്നുണ്ടെങ്കിൽ അത് ഒരു കടുത്ത അപമാനവും അക്രൈസ്തവവുമാണ്.
ഇരുപത്തിയഞ്ച് വർഷങ്ങൾക്കപ്പുറത്ത് ആലുവയിലെ പൊന്തിഫിക്കൽ സെമിനാരി വിഭജിക്കുന്നതിനും മുൻപ്, കാർമ്മൽഗിരിയിൽ കേരളത്തിലെ എല്ലാ രൂപതകളിൽ നിന്നുമുള്ള സെമിനാരിക്കാരുമായി പഠിക്കുവാനും, ജീവിക്കുവാനും, വിവിധ കത്തോലിക്കാ റീത്തുകളനുസരിച്ച് ബലിയർപ്പിക്കുവാനും, പ്രാർത്ഥിക്കാനുമൊക്കെ അവസരം എനിക്ക് കിട്ടിയിരുന്നു. അന്നും ഒരുപാട് ഉച്ചത്തിൽ കേട്ടിരുന്ന ഒരു പ്രശ്നമായിരുന്നു ഈ ലിറ്റർജ്ജി പ്രശ്നം. അതിന്റെ പേരിൽ എറണാകുളം രൂപതയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ‘വചനധാര’യെ ചിലരൂപതക്കാർ ‘വചനപാര’യെന്ന് അധിക്ഷേപിച്ചു വിളിക്കുന്നതും, ഒരവസരത്തിൽ ഈ ലിറ്റർജ്ജി പ്രശ്നത്തിന്റെ പേരിൽ വചനധാരയെ ചില തീവ്രസ്വഭാവക്കാരായ സെമിനാരിക്കാർ കൂട്ടിയിട്ട് തീയിട്ടതുമൊക്കെ അന്ന് സെമിനാരിയിൽ വാർത്തയായിരുന്നു.
എന്നെ അത്ഭുതപ്പെടുത്തുന്നത്, ഇരുപത്തിയഞ്ച് വർഷങ്ങൾക്കപ്പുറത്തുണ്ടായിരുന്ന അതേ ലിറ്റർജ്ജി പ്രശ്നം ഇന്നും അണയാതെ സീറോമലബാർ സഭയിൽ കത്തിനിൽക്കുന്നെങ്കിൽ അത് കുറച്ച് ഗൗരവമായി കാണേണ്ട കാര്യം തന്നെയാണ്. ഇത്രയും ശക്തമായ സംവിധാനങ്ങളും, കെട്ടുറപ്പും, വൈദഗ്ദ്യവും, വിജ്ഞാനവുമുള്ള നേതൃത്വം ഉണ്ടെന്ന് അഭിമാനിക്കുന്ന സഭയിൽ എന്തുകൊണ്ട് ഈ പ്രശ്നം ഇന്നുവരെ പരിഹരിക്കാനാവുന്നില്ല? സഭയിലെ ഒട്ടുമിക്ക പ്രശ്നങ്ങളും സഭയിൽ തന്നെ തീർക്കാവുന്നതാണ്. വിട്ടുവീഴ്ചയും, ക്ഷമിക്കുവാനുള്ള മനോഭാവവും ഒരുമിച്ചു ദൈവരാജ്യസ്ഥാപന ശുശ്രൂഷയിൽ മുന്നേറണമെന്ന ആഗ്രവും നമുക്കുണ്ടായാൽ മാത്രം മതി. സഭയുടെ അമരത്ത് ഇരിക്കുന്നവർക്ക് അതിനുള്ള ഉപകരണങ്ങളാകാൻ കഴിയുന്നില്ലെങ്കിൽ, സഭയിലെ വൈദീകരെ ആ പാതയിലേക്ക് നയിക്കാൻ അവർ ശ്രമിക്കുന്നില്ലെങ്കിൽ, എന്ത് അനുരജ്ഞനമാണു നമ്മൾ പ്രസംഗിക്കുന്നത്? അനുരജ്ഞനത്തെക്കുറിച്ച് സംസാരിക്കാൻ നമുക്ക് എന്ത് അവകാശമാണുള്ളത്?
ഇന്ന് വിശ്വാസ സമൂഹത്തിൽ ഉണ്ടാക്കുന്ന ഈ ഉതപ്പിന് അടുത്ത തലമുറയോട് മാപ്പു പറയേണ്ടിവരും സംശയമില്ല.
ആരാധനാക്രമങ്ങൾ അരാധനയിലൂടെ പിതാവായ ദൈവത്തിലേക്ക് വിശ്വാസ സമൂഹത്തെ നയിക്കുവാനുള്ളതല്ലെ? ആരാധനാക്രമം ഇങ്ങനെ വർഷങ്ങളോളം വൈദീകരേയും, മെത്രാന്മാരേയും, വിശ്വാസികളേയും പരസ്പരം ശത്രുക്കളായി ഭിന്നിപ്പിച്ചു നിർത്തുവാന്‍ മാത്രമെ ഉപകരിക്കുന്നുള്ളു എങ്കിൽ ആ ആരാധനകൊണ്ട് എന്തുപ്രയോജനമാണു നമുക്കുള്ളത്? ആരാധനയുടേയും പ്രാർത്ഥനയുടേയുമൊക്കെ പ്രധാന ധർമ്മം മനുഷ്യനെ പരസ്പരവും, ദൈവവുമായും ബന്ധിപ്പിക്കുന്നതാനെന്ന യാഥാർഥ്യം മറക്കുന്നതാരാണ്?
ആരാധനാക്രമവും, ആരാധനയും അതിന്റെ ദൈവീകമായ പ്രസക്തിയിലേക്ക് വളരണം. അതിനുപകരിക്കുന്ന രീതിയിൽ സഭാസംവിധാനത്തിലെ അധികാരസ്ഥാനത്തിരിക്കുന്നവർ മാറിയില്ലെങ്കിൽ, ഈ തീ ഇങ്ങനെ എരിഞ്ഞുകൊണ്ടേയിരിക്കും, പ്രതിസന്ധികൾ ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും… അതിലൂടെ മുറിവേൽക്കുന്നത് കേരളത്തിലെ ക്രൈസ്തവർക്ക് മുഴുവനുമായിരിക്കും… തലയുയര്‍ത്തിപ്പിടിച്ച്നടക്കാനാവതെ വരുന്നത് കേരളത്തിലെ മുഴുവന്‍ വൈദീകര്‍ക്കും, സന്യസ്തര്‍ക്കുമായിരിക്കും… അങ്ങനെ ഉണങ്ങാത്ത ഒരു മുറിവും പേറി നടക്കുന്നത് കേരളസഭയായിരിക്കും… ഈ തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകട്ടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര്‍ 10ന് ലാറ്റിന്…
This website uses cookies.