Categories: Meditation

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

നമ്മുടെ തിരഞ്ഞെടുപ്പുകൾ ക്രമീകരിക്കാനും, എങ്ങനെ ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുമുള്ള ക്ഷണവുമാണ് പ്രലോഭനങ്ങൾ...

തപസ്സുകാലം ഒന്നാം ഞായർ

“അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു” (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു നിശ്ചിത സമയത്ത് സംഭവിച്ച കാര്യമല്ല, അവന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളുടെ ദൈവശാസ്ത്രപരമായ സങ്കലനങ്ങളാണവ. അതായത്, സ്നാനത്തിനുശേഷമുള്ള യേശുവിന്റെ നാൽപ്പത് ദിവസത്തെ ചിത്രീകരിക്കുന്നതു മാത്രമല്ല ഇന്നത്തെ സുവിശേഷഭാഗം, മറിച്ച് അവന്റെ അസ്തിത്വത്തിന്റെ മുഴുവൻ കാലഘട്ടത്തിന്റെ പ്രതീകാത്മകമായ പ്രതിനിധീകരണമാണ്. ഏതൊരു മനുഷ്യനെയും പോലെ, തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത യേശുവും തന്റെ ജീവിതത്തിൽ നിരന്തരം അഭിമുഖീകരിച്ചിരുന്നു.

ഇസ്രായേലിന്റെ പാരമ്പര്യത്തിൽ, മരുഭൂമി ഒരു പരീക്ഷണ സ്ഥലമാണ്. വിശ്വസ്തത പരീക്ഷിക്കപ്പെടുകയും തീരുമാനങ്ങൾ നിർണായകമാവുകയും ചെയ്യുന്ന ഇടം. എല്ലാവർക്കും ഉണ്ടാകും ഒരു മരുഭൂമി, അഥവാ ഒരു മരുഭൂമിയനുഭവം. നമ്മുടെ ഓരോ തിരഞ്ഞെടുപ്പും ഒരുതരം ആന്തരിക മരുഭൂമിയിലൂടെയുള്ള കടന്നുപോക്കാണ്. ശരിയാണ്, ആരും ഒറ്റപ്പെടലിനെ ഇഷ്ടപ്പെടുന്നില്ല, കാരണം അത് നമ്മുടെ ഉറപ്പുകളെ ഇല്ലാതാക്കുകയും നമ്മുടെ ദുർബലതയെയും പരിമിതികളെയും നേരിടാൻ നമ്മെ നിർബന്ധിക്കുകയും ചെയ്യും. എങ്കിലും, ഏറ്റവും സത്യസന്ധമായ ചോദ്യങ്ങൾ ഉയർന്നുവരുന്നത് അവിടെയാണ്. അപ്പോഴാണ് അർത്ഥത്തിനും സത്യത്തിനുമുള്ള നമ്മുടെ ആഴമായ ദാഹം നമ്മൾ തിരിച്ചറിയുക. ഈ ആന്തരികമരുഭൂമി മുറിച്ചുകടക്കുന്നതിലൂടെ മാത്രമേ നമുക്ക് നമ്മെത്തന്നെ കണ്ടെത്താൻ സാധിക്കു.

പ്രലോഭനങ്ങൾ തിന്മയുമായുള്ള ഒരു കരാർ അല്ല, തിന്മയെ വെളിച്ചത്തു കൊണ്ടുവരാനുള്ള വലിയൊരു അവസരമാണ്. തിന്മയെ വെളിച്ചത്തു കൊണ്ടുവന്നാൽ മാത്രമേ നമ്മൾക്ക് അതിനെ പരാജയപ്പെടുത്താൻ കഴിയൂ. അത് മറഞ്ഞിരിക്കുന്നിടത്തോളം കാലം തടസ്സമില്ലാതെ പ്രവർത്തിക്കും. അതായത്, നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികൾ ദൈവത്തെ കണ്ടുമുട്ടുന്നതിനുള്ള ഇടമാകുന്നതാണ് മരുഭൂമി അനുഭവങ്ങൾ. അതിലൂടെ കടന്നുപോകുകയെന്നാൽ പരിവർത്തനാത്മകമായ ഒരു കണ്ടുമുട്ടലിന്റെ സാധ്യതയിലേക്ക് സ്വയം തുറക്കുക എന്നതാണ്. പ്രലോഭനങ്ങൾ സുഖകരമായ അനുഭവങ്ങളല്ലെങ്കിലും, നമ്മുടെ ജീവിതയാത്രയിൽ അനിവാര്യമായ ഘട്ടങ്ങളാണവ. നമ്മുടെ തിരഞ്ഞെടുപ്പുകൾ ക്രമീകരിക്കാനും, എങ്ങനെ ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുമുള്ള ക്ഷണവുമാണ് പ്രലോഭനങ്ങൾ.

ഒറ്റനോട്ടത്തിൽ പിശാചിന്റെ നിർദ്ദേശങ്ങൾ ന്യായവും യുക്തവുമാണ്. പക്ഷേ പിന്നിൽ മറഞ്ഞിരിക്കുന്നത് വലിയ വഞ്ചനകളാണ്. ആദ്യത്തെ പ്രലോഭനം ശ്രദ്ധിക്കുക. ദൈവത്തെ വസ്തുക്കളാൽ മാറ്റി സ്ഥാപിക്കുക എന്നതാണ് അതിന്റെ പിന്നിലടങ്ങിയിരിക്കുന്ന വഞ്ചന. “നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക” (മത്താ. 4:3). നമ്മുടെ ഭാവി മുഴുവൻ വസ്തുക്കളിലും, ഒരു കഷണം അപ്പത്തിലും ഉണ്ടെന്ന് വിശ്വസിപ്പിക്കാനാണ് പ്രലോഭകൻ ശ്രമിക്കുന്നത്.

“മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത്.” തീർച്ചയായും, അപ്പം മാത്രമായാൽ മനുഷ്യൻ മരിക്കും. നമ്മൾ അപ്പത്തിനായി മാത്രം പ്രാർത്ഥിക്കുന്നുമില്ല, ജീവൻ, സന്തോഷം, സ്നേഹം, ബന്ധം എന്നിവയ്ക്കായും നമ്മൾ യാചിക്കുന്നു. ദൈവത്തിന്റെ അധരത്തിൽ നിന്നു വരുന്നവയും നമ്മൾക്ക് വേണം. മനുഷ്യൻ ദൈവത്താൽ ജീവിക്കുന്നു, അതുകൊണ്ട് അവന്റെ ആത്യന്തികമായ വിശപ്പ് ദൈവംതന്നെയാണ്. അപ്പംകൊണ്ടു മാത്രമല്ല, സൃഷ്ടികളാലും സ്വപ്നങ്ങളാലും വാക്കുകളാലും ബന്ധങ്ങളാലും നമ്മൾ ജീവിക്കുന്നു.

രണ്ടാമത്തെ പ്രലോഭനം ദൈവത്തോടുള്ള വെല്ലുവിളിയാണ്. “നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവന്‍ തന്‍റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്‍റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു” (മത്താ 4: 6). ആവശ്യമുള്ളപ്പോൾ ഇടപെടാൻ തയ്യാറായ ഒരു മാന്ത്രിക ദൈവം നമ്മുടെ വരുതിയിൽ ഉണ്ടായിരിക്കണമെന്നത് നിത്യമായ ഒരു പ്രലോഭനമാണ്. ഓർക്കുക, ദൈവം നമ്മോടൊപ്പമുണ്ട്. നമ്മൾ ആവശ്യപ്പെടുന്നതെല്ലാം അവൻ തീർച്ചയായും നമ്മൾക്ക് നൽകുകയും ചെയ്യും. പക്ഷേ നമ്മൾ ആഗ്രഹിക്കുന്നതുപോലെയല്ല, അവൻ ആഗ്രഹിക്കുന്നതു പോലെയായിരിക്കും അത്. ദൈവസാന്നിധ്യത്തെ ദൃശ്യവും അതിശയകരവുമായ ഒരു മതാത്മകതയായി ചുരുക്കാനുള്ള പ്രലോഭനമാണിത്. ദൈവത്തെ നിയന്ത്രണത്തിലാക്കാനുള്ള പ്രലോഭനമാണിത്. ഒരുപക്ഷേ നമ്മൾ ആഗ്രഹിക്കുന്ന ഒന്നിനായി പ്രാർത്ഥനകൾ, ഉപവാസം തുടങ്ങി മറ്റ് പരിത്യാഗങ്ങളിലൂടെ ദൈവത്തെ വരുതിയിലാക്കാനുള്ള ശ്രമമാണ് ഈ പ്രലോഭനം.

പിശാച് പിന്നീട് യേശുവിനെ ഒരു പർവതത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്നു. എന്നിട്ട് തന്റേതായ സ്വഭാവസവിശേഷതകളോടും ആവേശത്തോടും കൂടി സകലതും യേശുവിന് വാഗ്ദാനം ചെയ്യുന്നു. പക്ഷെ ഒരു വ്യവസ്ഥയുണ്ട്: “നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍…” (മത്താ 4:9). “നീ ദൈവപുത്രനാണെങ്കിൽ” എന്ന് പ്രലോഭകൻ ഇവിടെ പറയുന്നില്ല. ആദ്യ രണ്ട് പ്രലോഭനങ്ങളിലും, പിശാച് യേശുവിന്റെ യഥാർത്ഥ ശക്തി പരീക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇവിടെ അവൻ യേശുവിനെ കൊണ്ടുവന്നിരിക്കുന്നത് തന്റെ പ്രിയപ്പെട്ട മേഖലയിലാണ്: ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്വവുമാണത്. ദൈവവുമായി വിലപേശാനുള്ള പ്രലോഭനമാണിത്. സാത്താൻ യേശുവിനെ യാഥാർത്ഥ്യബോധമുള്ളവനായിരിക്കാൻ ക്ഷണിക്കുന്നു. “ലോകത്തിന് പ്രശ്‌നങ്ങളുണ്ട്, അവ പരിഹരിക്കൂ. ആളുകൾ നിന്നോട് അത്ഭുതങ്ങളും രോഗശാന്തികളും ആവശ്യപ്പെടും, അവ നൽകൂ” എന്നു പറയുന്നതുപോലെയാണത്. എന്നിട്ട് എന്താണ് പ്രലോഭകൻ ആഗ്രഹിക്കുന്നത്? നമ്മിലൂടെയുള്ള അവന്റെ ആധിപത്യവും ഭരണവും മാത്രമാണത്.

പിശാചിന്റെ പ്രവൃത്തി, അവന്റെ പേരിന്റെ പദോൽപ്പത്തി സൂചിപ്പിക്കുന്നത് പോലെ, “ഡിയബല്ലെയിൻ” (διαβάλλειν) ആണ്. അതായത്, വേർപെടുത്തുക, അകറ്റുക, ശത്രുത സ്ഥാപിക്കുക. ഏദൻ തോട്ടത്തിൽ വച്ച് അവൻ മനുഷ്യനെ ദൈവത്തിൽ നിന്ന് വേർപെടുത്തിയിരുന്നു. ഇപ്പോൾ, മരുഭൂമിയിൽ, അവൻ യേശുവും പിതാവും തമ്മിൽ ശത്രുത സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇത്തവണ, അവന്റെ കണക്ക് തെറ്റിയിരിക്കുന്നു. യേശു ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ല. പിശാചുമായി അവൻ സംഭാഷണത്തിൽ ഏർപ്പെടുന്നില്ല, മറിച്ച് തിരുവെഴുത്തിൽ നിന്നുള്ള ഭാഗങ്ങൾ മാത്രം ഉദ്ധരിക്കുന്നു. നമ്മൾ പിശാചുമായി ഒരിക്കലും ചർച്ച ചെയ്യരുത്, ചില തട്ടിപ്പുകാരുടെ ഫോൺ വിളികൾ പെട്ടെന്ന് അവസാനിപ്പിക്കുന്നതുപോലെ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ ചില ഫേക്ക് ഐഡികളെ നമ്മൾ ബ്ലോക്ക് ചെയ്യുന്നതുപോലെ പിശാചുമായുള്ള ഏത് സമ്പർക്കത്തെയും ദൈവവചനം ഉപയോഗിച്ച് നമ്മൾ വിച്ഛേദിക്കണം.

vox_editor

Recent Posts

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 days ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 months ago