Categories: Meditation

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

അവന്റെ നോട്ടം പതിയുന്നത് അവളുടെ ശരീരത്തിലല്ല, മറിച്ച് അവളുടെ വ്യക്തിത്വത്തിലും ബുദ്ധിശക്തിയിലും ആത്മാവിലുമാണ്...

തപസ്സുകാലം മൂന്നാം ഞായർ

ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര മാത്രമല്ല അവനെ ക്ഷീണിതനാക്കിയിരിക്കുന്നത്, ചുട്ടുപൊള്ളുന്ന സൂര്യനും അശ്രാന്തമായ ശുശ്രൂഷയും അവൻ നടത്തിയ രോഗശാന്തികളും പ്രഘോഷണങ്ങളും അവനെ മനസ്സിലാക്കാൻ വിസമ്മതിക്കുന്ന ശിഷ്യന്മാരും നിയമജ്ഞരും ഫരിസേയരുമായുള്ള തർക്കങ്ങളുമെല്ലാമാണ്. ഇപ്പോഴിതാ, അവൻ സമരിയായിലെ ഒരു കിണറ്റിനരികിൽ ഏകനായി ഇരിക്കുന്നു. വിശപ്പുണ്ട്, ദാഹമുണ്ട്, ക്ഷീണമുണ്ട് ഇനിയൊന്ന് വിശ്രമിക്കണം. മറുവശത്ത്, ഇതാ, പേരില്ലാത്ത ഒരു സ്ത്രീ. അവളും ക്ഷീണിതയാണ്. തന്നെ പരിഹസിക്കുന്ന പുരുഷന്മാരാൽ, തന്റെ കൊച്ചുഗ്രാമത്തിലെ ചില സ്ത്രീകളുടെ കുശുകുശുപ്പുകളാലും ദുഷ്ടനോട്ടങ്ങളാലും, സമരിയക്കാരും ജൂതന്മാരും തമ്മിലുള്ള തർക്കങ്ങളാലും അവളും ക്ഷീണിതയാണ്. നട്ടുച്ചയ്ക്കാണ് അവൾ കിണറ്റിനരികിൽ വരുന്നത്. ആരും വെള്ളം കോരാൻ വരാത്ത സമയത്ത്. ആരെയും കാണില്ലെന്ന് അവൾ പ്രതീക്ഷിച്ച ആ സമയത്ത്, അതാ, കിണറ്റിൻ കരയിൽ ക്ഷീണിതനായ യേശുവിനെ അവൾ കണ്ടുമുട്ടുന്നു.

സുവിശേഷകൻ വളരെ മനോഹരമായിട്ടാണ് ഇവർ തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണവും വിവരിച്ചിരിക്കുന്നത്. യേശുവാണ് സംഭാഷണം ആരംഭിക്കുന്നത്. അവൻ അവളോട് ചോദിക്കുന്നു: “എനിക്ക് കുടിക്കാൻ തരൂ.” അവളുടെ പ്രതികരണം യേശുവിനെ അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്യുന്നു. താൻ ഒരു ശക്തയായ സ്ത്രീയോടാണ് ഇടപെടുന്നതെന്ന് അവൻ മനസ്സിലാക്കുന്നു. അവളിലുമുണ്ട് ഒരു കൗതുകം. ഈ അപരിചിതൻ എന്തിനാണ് എന്നോട് സംസാരിക്കാൻ ശ്രമിക്കുന്നതെന്ന വിസ്മയമാണത്. അവൾ അവനിൽ നിന്നും ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. കാരണം വഞ്ചകരായ പുരുഷന്മാരാൽ ജീവിതം മടുത്തവളാണ് അവൾ. നാലുപേർ അവളുടെ ജീവിതത്തിലൂടെ കടന്നുപോയി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ അവളുടെ കൂടെയുള്ളത് ഭർത്താവും അല്ല. അതുകൊണ്ടുതന്നെ ഒരു അപരിചിതനോട് ബന്ധം സ്ഥാപിക്കുവാൻ അവൾ ആഗ്രഹിക്കുന്നില്ല. അവൾ ആ സംഭാഷണം ഒറ്റയടിക്ക് നിർത്തുവാനാണ് ശ്രമിക്കുന്നത്: “ആ സമരിയാക്കാരി അവനോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ” (4: 9).

ദൈവം ഇസ്രായേലിനെ വശീകരിച്ചതുപോലെ (ഹോസി 2:14) യേശു അവളെ വശീകരിക്കുന്നു. അവൾ സമരിയാക്കാരിയാണ്. അവൾ സമരിയായുടെ പ്രതിനിധി കൂടിയാണ്. അങ്ങനെയാകുമ്പോൾ അവൾ ഒരു വ്യക്തി എന്നതിനേക്കാൾ ഉപരി ഒരു ജനതയാണ്. അവന്റെ നോട്ടം പതിയുന്നത് അവളുടെ ശരീരത്തിലല്ല, മറിച്ച് അവളുടെ വ്യക്തിത്വത്തിലും ബുദ്ധിശക്തിയിലും ആത്മാവിലുമാണ്. വളരെ മനോഹരമായിട്ടാണ് യേശു അവളെ തന്റെ സ്വർഗീയ വലയത്തിലേക്ക് ആകർഷിക്കുന്നത്. പലരെയും വശീകരിച്ച അവളെ യേശു നിത്യജീവനിലേക്ക് സ്വീകരിക്കുന്നു. എങ്ങനെ? അവളുടെ ബുദ്ധിശക്തിയെ കളിയാക്കിയും അനന്തതയോടുള്ള ആഗ്രഹം അവളിൽ ഉണർത്തിയും അവൻ അവളെ കീഴടക്കുന്നു. “ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു” (4 : 10). പതിയെ പതിയെ സ്വർഗ്ഗീയമായ ആനന്ദത്തിലേക്ക് ഉണരുകയും പരസ്പരം ഉന്മേഷം പകരുകയും ചെയ്യുന്ന ഇതുപോലുള്ള ഒരു സംഭാഷണം സുവിശേഷത്തിൽ ഒരിടത്തും നമുക്ക് കാണാൻ സാധിക്കില്ല.

സമരിയാക്കാരിയെപ്പോലെയാണ് നമ്മളും. ക്ഷീണിതരാണ് നമ്മൾ. ജീവിതഭാരം, ചില വ്യക്തികളുമായുള്ള ഇടപെടൽ, ജീവിതത്തിലേക്ക് കടന്നുവരുന്ന ഭ്രാന്തമായ ചുഴലിക്കാറ്റുകൾ, മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്ത് ജീവിക്കാനുള്ള നിരന്തരമായ ആവശ്യം തുടങ്ങിയവ നമ്മളെയും ക്ഷീണിതരാക്കുന്നു. ഇങ്ങനെയുള്ള ക്ഷീണം നമ്മെ നിരാശയിലേക്ക് ആഗിരണം ചെയ്യുന്നു. ആ ക്ഷീണം നമ്മളെ കുറിച്ച് ഒരു മിഥ്യാധാരണ മാത്രമേ നൽകൂ. അങ്ങനെ വരുമ്പോൾ അത് നമ്മെ ഒരു പാപിയായി അംഗീകരിക്കാനും മറ്റുള്ളവരുടെ സഹായം തേടുവാനും പ്രാപ്തരാക്കില്ല. അത് വിഷാദം കൊണ്ട് ഒരു കൊക്കൂണുണ്ടാക്കി അതിൽ നമ്മളെ അടക്കി കളയും.

ക്ഷീണത്തെ എങ്ങനെ മറികടക്കാം? എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറിയാൽ ക്ഷീണം മാറും എന്ന് കരുതരുത്. ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല. ഉന്മേഷദായകമായ ഗുളികകളോ ഊർജ്ജസ്വലമായ ഭക്ഷണപാനീയങ്ങളോ ഒരു യാത്രയോ ഒന്നും തന്നെ നമ്മുടെ ആന്തരികമായ ക്ഷീണത്തിന് പരിഹാരമല്ല. ക്ഷീണം നമ്മെത്തന്നെ പുനരുജ്ജീവിപ്പിക്കാനും പുനർനിർമ്മിക്കാനുമുള്ള അവസരമാണ്. അതിന് ആദ്യം വേണ്ടത് ധ്യാനമാണ്, നിശബ്ദതയാണ്, മൈൻഡ്‌ഫുൾനെസാണ്. അപ്പോഴും ഇവയും ഒരു ശാശ്വത പരിഹാരമല്ല. തീർച്ചയായും, ധ്യാനത്തിന്റെ ഗുണങ്ങളെക്കുറിച്ച് സംശയമില്ല. ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഒരു പരിഹാരമെന്ന നിലയിൽ, ധ്യാനം സൈക്കോഫിസിക്കൽ ക്ഷേമം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും മാനസികമായ സമ്മർദ്ദം ഒഴിവാക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും നമ്മെ ചെറുപ്പമായി നിലനിർത്തുകയും ചെയ്യുന്നുണ്ടെങ്കിലും, എന്തിനെക്കുറിച്ചാണ് നമ്മൾ ധ്യാനിക്കുന്നത് എന്നത് ഒരു പ്രശ്നമാണ്. ഉദാഹരണത്തിന്, അജ്ഞതയ്ക്കുള്ള ഏറ്റവും നല്ല പ്രതിവിധി വായനയാണെന്ന് പറയുന്നതു പോലെയാണത്. ഏതെങ്കിലും പൈങ്കിളി പുസ്തകങ്ങൾ വായിച്ചാൽ അവ നമ്മെ ജ്ഞാനികളാക്കില്ല, മറിച്ച് കൂടുതൽ അജ്ഞരും അടഞ്ഞവരും ആക്കുക മാത്രമേ ചെയ്യൂ.

ഇന്നത്തെ സുവിശേഷം ക്ഷീണത്തിന് ഫലപ്രദമായ ഒരു പരിഹാരം നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്താണ് ആ പരിഹാരം? യേശുവാണ് ആ പരിഹാരം. അവനാണ് എന്നേക്കും ദാഹം ശമിപ്പിക്കുന്ന ജീവജലവും നിത്യജീവന്റെ ഭക്ഷണവും.

സമരിയാക്കാരിയായ സ്ത്രീയെ യേശു അക്ഷരാർത്ഥത്തിൽ വശീകരിക്കുകയാണ്. അവളോ അവനാൽ വശീകരിക്കപ്പെട്ട് സ്വയം വിസ്മയം കൊള്ളുന്നു. അവൾ പറയുന്നു: “ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍” (4 : 29). നമ്മൾ ആരാണെന്ന് തിരിച്ചറിയുന്നത് നമ്മൾ സ്വയം പ്രകടിപ്പിക്കുന്ന പ്രതിച്ഛായകൾ കൊണ്ടല്ല, മറിച്ച് നമ്മൾ അംഗീകരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴാണ്. നമ്മെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നത്, നമ്മളെക്കുറിച്ച് ഒന്നും അറിയാത്തവരോ മനോഹരമായ നമ്മുടെ മുഖം കാണുന്നവരോ അല്ല, നമ്മളെക്കുറിച്ചുള്ള എല്ലാം അറിയുന്നവരാണ്, നമ്മുടെ ഏറ്റവും ഇരുണ്ട ഭാഗങ്ങൾ പോലും അറിയുന്നവരാണ്. അങ്ങനെയാണ് യേശു അവളെ സ്നേഹിച്ചത്.

“ദൈവത്തിന്റെ ദാനം നീ അറിഞ്ഞിരുന്നെങ്കിൽ…” വളരെ ക്ഷീണിതരായ നമ്മളോടും യേശു ഇന്നും പറയുന്നു. എല്ലാ ക്ഷീണവും ഇല്ലാതാക്കുന്ന ഈ സ്നേഹദാനം നമ്മൾക്കറിയാമെങ്കിൽ… ഓർക്കുക, സ്നേഹം മാത്രമേ വിശ്രമം നൽകുന്നുള്ളൂ. സ്നേഹമല്ലാത്തതെല്ലാം ക്ഷീണിപ്പിക്കുന്നു.

vox_editor

Recent Posts

12th Sunday_Ordinary Time_2026_”ഭയപ്പെടേണ്ട” (മത്താ 10: 26-33)

ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…

3 days ago

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

1 month ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

2 months ago