Categories: Meditation

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സുവിശേഷഭാഗ്യങ്ങൾ കല്പനകളല്ല: അവ വാഗ്ദാനങ്ങളും സാധ്യതകളുമാണ്...

സകല വിശുദ്ധരുടെ തിരുന്നാൾ

യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്, എല്ലാവരും വിശുദ്ധരായിത്തീരണമെന്നത്! ഹീബ്രു ഭാഷയിൽ കാദോഷ് (Kadosh) എന്നുപറയുന്ന വിശുദ്ധൻ എന്ന വാക്കിന്റെ അർഥം “വ്യത്യസ്തനായവൻ” അഥവാ “മറ്റുള്ളവരിൽനിന്ന് വേറിട്ടുനിൽക്കുന്നവൻ” എന്നാണ്. ദൈവം പരിശുദ്ധനാണ്; കാരണം, അവിടന്ന് നമ്മിൽനിന്ന് തികച്ചും വ്യത്യസ്തനായവനാണ്. അവിടത്തെ പൂർണമായി സ്വന്തമാക്കാനോ നിയന്ത്രിക്കാനോ അറിയാനോ നമുക്കാവില്ല. ദൈവം അത്യന്തം മഹാനാണ്.

അതുകൊണ്ടാണ് ദൈവം ഒരു രഹസ്യമാണെന്ന് നാം പറയുന്നത്. അവിടത്തെ പൂർണമായി പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ സ്വന്തമാക്കാനോ നമുക്കാവില്ല. ദൈവത്തെ സ്നേഹിക്കാം, പാടിപ്പുകഴ്ത്താം, അനുഗമിക്കാം, പ്രാർഥിക്കാം, വിളിച്ചപേക്ഷിക്കാം; എന്നാൽ നമ്മുടെ പരിമിതമായ ബുദ്ധികൊണ്ട് അവിടത്തെ പൂർണമായി മനസ്സിലാക്കാനാവില്ല.

നമ്മൾ ഇത്രയും നാളും കരുതിയിരുന്നത് വിശുദ്ധി എന്നത് പൂർണതയാണെന്നാണ്. എന്നാൽ പൂർണതയും വിശുദ്ധിയും ഒന്നല്ല. Perficere എന്ന ലത്തീൻ പദത്തിന് ഒരു ലക്ഷ്യത്തിനോ ഉദ്ദേശ്യത്തിനോ വേണ്ടി എന്തെങ്കിലും പൂർത്തിയാക്കുക എന്ന അർഥമാണ്. എന്നാൽ ഈ അർഥത്തിലുള്ള പൂർണതയല്ല വിശുദ്ധി. നാം അപൂർണരായിട്ടാണ് ജനിക്കുന്നത്. അതിനാൽ, എല്ലാ അർഥത്തിലും പൂർണരായിത്തീരാൻ ശ്രമിക്കുന്നത് തുടക്കംമുതലേ അസാധ്യമാണ്. സുവിശേഷത്തിലെ ഫരിസേയർ നിയമത്തിലെ 613 കല്പനകളും കൃത്യമായി പാലിച്ചിരുന്നവരായിരുന്നു. ആ അർഥത്തിൽ അവർ പൂർണരായിരുന്നു. എന്നാൽ ആ “പൂർണതയുള്ളവർ” തന്നെയാണ് യേശുവിനെ വധിച്ചത്. വിശുദ്ധൻ എന്നത് അങ്ങനെയുള്ള ഒരാളല്ല. വിശുദ്ധൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനായ ഒരാളാണ്. അയാൾക്ക് സ്വന്തമായൊരു വഴിയുണ്ട്. അത് മറ്റെല്ലാ വഴികളിൽനിന്നും വ്യത്യസ്തമായ വഴിയാണ്. അയാൾ തനിക്കു മാത്രമുള്ള വഴിയിലൂടെ സഞ്ചരിക്കുന്നു. മറ്റാർക്കും അതേ രീതിയിൽ സഞ്ചരിക്കാനാവാത്ത സ്വന്തം വഴി!

ആരെങ്കിലും നിങ്ങളോട്, “നീ ശരിക്കും മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാണല്ലോ!” എന്നു പറഞ്ഞാൽ, നിങ്ങൾ മറുപടി പറയേണ്ടത് ഇങ്ങനെയാണ്: “അനുഗ്രഹം!” അതെ, അനുഗ്രഹം! കാരണം, ഞാൻ തനതായ ഒരു വ്യക്തിയാണ്; അനുകരണമല്ല, മൗലികതയാണ് എന്റെ സവിശേഷത. അതുകൊണ്ടുതന്നെ എന്റെ അസ്തിത്വത്തിന് അർഥമുണ്ട്.

ഇന്നത്തെ ലോകം കരുതുന്നത് സന്തോഷം ഉൽപാദിപ്പിക്കാവുന്ന ഒന്നാണെന്നാണ്. എന്നാൽ സന്തോഷം ഒരു ഉൽപന്നംപോലെ നിർമിക്കാനാവില്ല. അതുകൊണ്ടാണ് ആർക്കും സന്തോഷം വിൽക്കാനോ വാങ്ങാനോ കഴിയാത്തത്. വിജയകരമായി ജീവിച്ച ഒരു ജീവിതത്തിന്റെ ഫലമാണ് യഥാർഥ സന്തോഷം. “നിങ്ങൾ യഥാർഥത്തിൽ സന്തുഷ്ടരാകാൻ ആഗ്രഹിക്കുന്നുണ്ടോ?” എങ്കിൽ സുവിശേഷത്തിൻ്റെ വഴിയിലൂടെ നടക്കുക. അത് സന്തോഷത്തിലേക്കുള്ള വിവിധ വഴികൾ നമുക്കു മുന്നിൽ തുറന്നുതരുന്നുണ്ട്.

പഴയനിയമത്തിൽ മോശ സീനായ് മലയിൽ കയറി പത്തു കല്പനകൾ നൽകി. ദൈവവും അവിടത്തെ ജനവും തമ്മിലുള്ള ഉടമ്പടിയുടെ നിയമമായിരുന്നു അത്. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നായിരുന്നു ആ നിയമം വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ യേശു സുവിശേഷഭാഗ്യങ്ങളുടെ മലയിലേക്ക് കയറുകയും എട്ട് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്നു. ഇവയാണ് ദൈവം മനുഷ്യരാശിയുമായി സ്ഥാപിക്കുന്ന പുതിയതും അന്തിമവുമായ ഉടമ്പടിയുടെ നിയമം. ഈ നിയമം എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നല്ല പറയുന്നത്; മറിച്ച്, നാം എങ്ങനെയുള്ളവരായിത്തീരണം എന്നാണ് പഠിപ്പിക്കുന്നത്. അതിനാൽ, നമ്മുടെ മതബോധന ക്ലാസുകളിൽ പത്തു കല്പനകൾക്കു മാത്രം വലിയ പ്രാധാന്യം നൽകുന്നതിനു പകരം എട്ട് സുവിശേഷഭാഗ്യങ്ങൾക്കും അത്രതന്നെ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു.

സുവിശേഷഭാഗ്യങ്ങൾ ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ഉണ്ടാകരുതെന്ന് പഠിപ്പിക്കുന്നില്ല. കാരണം, അവയൊന്നുമില്ലാത്ത ജീവിതം സാധ്യമല്ല. അവ സംഘർഷങ്ങൾ ഒഴിവാക്കാനല്ല, മറിച്ച് അവയെ ധൈര്യത്തോടെ അഭിമുഖീകരിക്കാനാണ് പഠിപ്പിക്കുന്നത്. വേദനയിൽനിന്ന് ഒളിച്ചോടാനല്ല, മറിച്ച് അതിനെ തുറന്നുപറയാനും പ്രകടിപ്പിക്കാനുമാണ് പഠിപ്പിക്കുന്നത്. ഭയത്തിന്റെ മുന്നിൽനിന്ന് ഓടിപ്പോകാനല്ല, മറിച്ച് അതിനെ നേരിട്ട് അഭിമുഖീകരിക്കാനാണ് പഠിപ്പിക്കുന്നത്. വികാരങ്ങളെ — എല്ലാത്തരം വികാരങ്ങളെയും — ഒഴിവാക്കാനല്ല, മറിച്ച് അവയെ അംഗീകരിച്ച് അനുഭവിക്കാനാണ് പഠിപ്പിക്കുന്നത്.

സുവിശേഷഭാഗ്യങ്ങൾ കല്പനകളല്ല: അവ വാഗ്ദാനങ്ങളും സാധ്യതകളുമാണ്. ഇത് ഒരു സാധ്യതയാണ്. നിങ്ങൾക്ക് അത് തിരഞ്ഞെടുക്കാം; അല്ലെങ്കിൽ വേണ്ടെന്നുവയ്ക്കാം. തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. അപ്പോഴും ഓർക്കുക, നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമല്ല സുവിശേഷഭാഗ്യങ്ങൾ. “ഒരു നല്ല ക്രൈസ്തവനാകാൻ ഞാൻ എന്തു ചെയ്യണം?” എന്ന ചോദ്യത്തിനുള്ള ചില നിർദേശങ്ങളുമല്ല അവ. മറിച്ച്, ജീവിതത്തിലൂടെ സഞ്ചരിക്കേണ്ട ഒരു വഴിയാണ് അവ നമുക്കു കാണിച്ചുതരുന്നത്. അതിനാൽ, ഇന്ന് യേശുവിന്റെ സ്വപ്നത്തിന്റെ തിരുനാളാണ്. വിശുദ്ധി എന്നത് വിശ്വാസത്തിൽ അസാധാരണ മികവു പുലർത്തുന്ന ചിലർക്കു മാത്രം ലഭിക്കുന്ന പ്രത്യേകവും ഉന്നതവുമായ ഒരു ദാനമല്ലെന്ന് വീണ്ടും കണ്ടെത്താനുള്ള അവസരമാണിത്.

ജീവിതത്തിൽ ധാരാളം ഭാഗ്യങ്ങൾ ലഭിച്ചവരെയും എല്ലാ കാര്യങ്ങളും എളുപ്പത്തിൽ നേടിയെടുക്കുന്നവരെയുമാണ് നാം സാധാരണയായി “അനുഗൃഹീതർ” എന്നു വിളിക്കുന്നത്. എന്നാൽ യേശുവിന്റെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണ്. ആത്മാവിൽ ദരിദ്രരായവർ, വിലപിക്കുന്നവർ, നീതിക്കുവേണ്ടി വിശന്നും ദാഹിച്ചും കഴിയുന്നവർ, പീഡിപ്പിക്കപ്പെടുന്നവർ — ഇവരെയാണ് യേശു അനുഗൃഹീതരെന്നു വിളിക്കുന്നത്. സമ്പന്നരും ആരോഗ്യമുള്ളവരും ശക്തരുമാണ് അനുഗൃഹീതരെന്ന് യേശു പറഞ്ഞിരുന്നെങ്കിൽ, അതിൽ എന്ത് പുതുമയാണുള്ളത്? ജീവിതത്തിൽ വിജയിച്ചവരും സന്തുഷ്ടരും സമൃദ്ധമായി ഭക്ഷിക്കുന്നവരുമാണ് അനുഗൃഹീതർ എന്ന് യേശു പറഞ്ഞിരുന്നെങ്കിൽ, അവിടുത്തെ വാക്കുകൾക്ക് എന്ത് പ്രവാചകശക്തിയാണുള്ളത്? ലോകം വാഗ്ദാനം ചെയ്യുന്ന സന്തോഷങ്ങളോട് രാജിയാകാതെ, സുവിശേഷവും അതിന്റെ യുക്തിയും തിരഞ്ഞെടുക്കുമ്പോഴാണ് യേശുവിന്റെ സുവിശേഷഭാഗ്യങ്ങൾ നിറവേറുന്നത്. എന്തു വിലകൊടുക്കേണ്ടിവന്നാലും, എവിടെയായിരുന്നാലും, ആ തിരഞ്ഞെടുപ്പിൽ ഉറച്ചുനിൽക്കണം. ഇതാണ് യേശു നമുക്കുവേണ്ടി സ്വപ്നം കാണുന്ന വിശുദ്ധി. നാം ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളിൽത്തന്നെ ജീവിതംകൊണ്ട് ആവിഷ്കരിക്കപ്പെടുകയും സമർപ്പിക്കപ്പെടുകയും ചെയ്യുന്ന വിശുദ്ധി.

സുവിശേഷഭാഗത്തിൽ “അനുഗൃഹീതർ!” അഥവാ, “സന്തുഷ്ടർ!” എന്ന പ്രഖ്യാപനം ഒൻപതു പ്രാവശ്യം ഒരു ആവർത്തനഗീതംപോലെ, തടയാനാവാത്ത ശക്തിയോടെ മുഴങ്ങുന്നു. ആരാണ് സന്തുഷ്ടൻ? യഥാർഥത്തിൽ അനുഗൃഹീതൻ ആരാണ്? സന്തോഷത്തിലേക്കു നയിക്കുന്ന ഒരു വഴിയുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം യേശു നൽകുന്ന ഉത്തരം, പൊതുവായ ചിന്താഗതിയെ അമ്പരപ്പിക്കുകയും അതിന്റെ അടിത്തറ ഇളക്കുകയും ചെയ്യുന്നു.

ഉപരിപ്ലവമായി വായിക്കുമ്പോൾ, യേശു നിർഭാഗ്യത്തെ വാഴ്ത്തുകയും ദുരിതങ്ങളെ മഹത്വവത്കരിക്കുകയും ചെയ്യുന്നതായി തോന്നാം! എന്നാൽ അങ്ങനെയല്ല. ദൈവം വേദനയെ സ്നേഹിക്കുന്നില്ല; അതുപോലെ, എല്ലാം വിധിയെന്നു കരുതി നിസ്സഹായമായി സഹിച്ചുകൊള്ളാനും അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നില്ല. മനുഷ്യരാശിക്കുവേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന നന്മയുടെയും രക്ഷയുടെയും മഹത്തായ പദ്ധതിയെക്കുറിച്ചുള്ള ധ്യാനം, നമ്മുടെ പ്രിയപ്പെട്ട മരിച്ചവരെക്കുറിച്ചുള്ള വേദനാജനകമായ ഓർമകളെ പ്രത്യാശയോടെ നേരിടാൻ നമ്മെ സഹായിക്കുന്നു. സ്നേഹിക്കുകയും ആ സ്നേഹം നഷ്ടപ്പെടുകയും ചെയ്തവർക്ക് മരണം എത്ര വലിയ വേദനയാണെന്ന് അറിയാം. ഈ മരണത്തെക്കുറിച്ച്, നിഗൂഢമായ ഈ കൂടിക്കാഴ്ചയെക്കുറിച്ച്, ഓരോ മനുഷ്യനും തീർച്ചയായും നേരിടേണ്ടിവരുന്ന ഈ നിശ്ചിത സന്ദർശനത്തെക്കുറിച്ച് യേശുവിന് ഒരു സദ്വാർത്തയുണ്ട്. നാം പുറത്തു കാണപ്പെടുന്നതിനെക്കാൾ എത്രയോ അധികമാണ്; നാം നമ്മെക്കുറിച്ച് ചിന്തിക്കുന്നതിനെക്കാൾ എത്രയോ വലുതാണ് നമ്മുടെ അസ്തിത്വം. നാം അതിലുമധികമാണ്! നമ്മുടെ ജീവിതം എത്രത്തോളം വിജയകരവും സംതൃപ്തിദായകവുമായിരുന്നാലും, നമ്മുടെ ഉള്ളിന്റെ ആഴങ്ങളിൽ നാം വഹിക്കുന്ന സമ്പൂർണതയ്ക്കുവേണ്ടിയുള്ള അതിരുകളില്ലാത്ത ദാഹത്തെ തൃപ്തിപ്പെടുത്താൻ അതിനു ഒരിക്കലും കഴിയില്ല. അതിനാൽ നാം ഇപ്പോൾ ജീവിക്കുന്ന സാഹചര്യങ്ങളിൽത്തന്നെ വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെ പൂവണിയിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. കാരണം, ഫലസമൃദ്ധമായ ഒരു വിത്തുപോലെ, വിശുദ്ധിയിലേക്കുള്ള ആ വിളി നമ്മുടെ ഹൃദയങ്ങളിൽ ഇതിനകംതന്നെ നട്ടുപിടിപ്പിക്കപ്പെട്ടിരിക്കുന്നു!

vox_editor

Recent Posts

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 day ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

1 week ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

2 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

3 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

4 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

4 weeks ago