Categories: Articles

വി.ജോൺ പോളിന്റെ തിരുനാളിൽ പ്രകാശം പരത്തിയ യുവാവ്

കഴുത്തിൽ ധരിച്ച് കൊണ്ട് 'എന്റെ ജപമാലയിലെ കുരിശ് പോയതിൽ വിഷമിച്ചിരിക്കുമ്പോളാണ് ഈ സമ്മാനമെന്ന വലിയ സന്തോഷം' അയാൾ പങ്കുവച്ചു...

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

ക്രിസ്തുവിൽ നിന്നു പ്രകാശം സ്വീകരിച്ച് അത് ചുറ്റുപാടും പ്രസരിപ്പിക്കാൻ പറഞ്ഞ വിശുദ്ധന്റെ തിരുനാളിൽ, പ്രകാശം പരത്തിയ യുവാവിനെ ഇന്നലെ പരിചയപ്പെടുത്തിയതിന് ദൈവത്തിനു നന്ദി പറയുന്നു. ഇന്നലെ 21/10/202l രാവിലെ വൈദിക ഭവനത്തിലെ ബെല്ലടിച്ചതു കേട്ടു തുറന്നപ്പോൾ മുമ്പിൽ നിൽക്കുന്ന യുവാവ് ആവശ്യപ്പെട്ടത് പ്രാർത്ഥന.

കേരളത്തിന്റെ വടക്ക് ജില്ലയിൽ നിന്നുള്ള അയാൾക്ക് ആലപ്പുഴയിൽ ജോലി കിട്ടി. തലേദിവസം രാത്രി എത്തിച്ചേർന്ന്, റെയിൽവേ സ്‌റ്റേഷനു സമീപം മുറിയെടുത്തു താമസിച്ച്, അതിരാവിലെ അടുത്തുള്ള ദേവാലയം നെറ്റിൽ പരതി കണ്ടെത്തി വന്നതാണ് പ്രാർത്ഥനയ്ക്ക്. റെയിൽവേ സ്റ്റേഷനു സമീപമുള്ള ദേവാലയമാകയാൽ പലരും വന്ന് വണ്ടിക്കൂലി കാശ് ചോദിക്കാറുണ്ട്, കബളിക്കപ്പെടുന്നു എന്നറിഞ്ഞു പോലും കൊടുക്കാറുമുണ്ട്. ഇതാകട്ടെ വേറിട്ടൊരു അനുഭവവും.

പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ വിശുദ്ധിയുടെ ഉറവിടത്തിലെത്തുകയും അതിനോട് പ്രതികരിക്കുകയുമാണെന്നു പറഞ്ഞ വി.ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളോർത്ത് ആ സഹോദരനെ പരിചയപ്പെട്ടതിൽ നന്ദി പറയുന്നു.

വേഗത്തിൽ വൈദിക വേഷമണിഞ്ഞ് പ്രാർത്ഥനയ്ക്കായ് അയാളെ സമീപിച്ചപ്പോൾ ആവശ്യവും ആഗ്രഹവും വലുതാക്കിക്കൊണ്ട് ഒരു ചോദ്യം, “ഒന്നു കുമ്പസാരിപ്പിക്കാമൊ അച്ചാ?” രണ്ടു കസേരകളിട്ട് അതിലൊന്നിലിരിക്കാൻ ക്ഷണിക്കുമ്പോൾ, അതിനു മുന്നേ, മുട്ടുകുത്തി കണ്ണടച്ച് പ്രാർത്ഥിച്ചൊരുങ്ങുകയായി അയാൾ. ആത്മാർത്ഥതയോടും തുറവിയോടും കൂടി പാപസങ്കീർത്തനം നടത്തിയ ആ യുവാവ് എത്ര തീവ്രമായാണ് ഈ കൂദാശയെ കാണുന്നതെന്ന് വ്യക്തമായി. കുമ്പസാരിച്ചിട്ട് അധികകാലമായില്ലെങ്കിലും പുതിയ ജോലിയിൽ പ്രവേശിക്കും മുമ്പ് കുമ്പസാരിക്കണമെന്ന അയാളുടെ തീരുമാനത്തെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്? പാപത്തിന്റെ വലിപ്പത്തിലുപരി, പൊറുത്ത് സ്നേഹിക്കുന്ന ദൈവ കരുണയുടെ മുമ്പിൽ ഒരുവനെ സമർപ്പിക്കുന്ന സത്യസന്ധതയുടെയും ധൈര്യത്തിന്റെയും പ്രവ്യത്തിയാണ് കുമ്പസാരമെന്നു പറഞ്ഞ വി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സ്മരണയിൽ ആ കുമ്പസാരത്തെപ്രതി അഭിമാനിക്കുന്നു.

അയാളോട് ബഹുമാനവും വാത്സല്യവും തോന്നിയതിനാൽ ഒരു ജപമാല ആശീർവദിച്ച് കൈകളിൽ കൊടുത്തപ്പോൾ, അത് കഴുത്തിൽ ധരിച്ച് കൊണ്ട് ‘എന്റെ ജപമാലയിലെ കുരിശ് പോയതിൽ വിഷമിച്ചിരിക്കുമ്പോളാണ് ഈ സമ്മാനമെന്ന വലിയ സന്തോഷം’ അയാൾ പങ്കുവച്ചു. “ജപമാലയാണ് എനിക്കേറെ പ്രിയങ്കരമായ പ്രാർത്ഥന” എന്ന വി.ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സാക്ഷ്യവും കൊണ്ടു നടക്കുന്നവനാണ് എന്റെ മുമ്പിലെന്നു മനസ്സിലായി.

ആ യുവാവിന്റെ അടുത്തിരുന്ന് നാടിനെയും വീടിനെയും അറിഞ്ഞപ്പോൾ അയാളോടുള്ള ആദരവ് വർദ്ധിച്ചു. 24 വയസ്സുള്ള, CA പരീക്ഷ എഴുതിയതിനു ശേഷം, കിട്ടിയ ജോലിയാൽ വീട്ടുകാരെ സഹായിക്കാൻ പരിശ്രമിക്കുന്ന ഈ യുവാവ് ജോൺ പോൾ പാപ്പായുടെ വാക്കുകളിലെ ‘അഞ്ചാം സുവിശേഷമല്ലെ’ – നാലു സുവിശേഷം വായിച്ചു, ധ്യാനിച്ചു, ജീവിച്ച് അഞ്ചാമത്തേത്!

ജോലി കിട്ടി പുതിയൊരു നാട്ടിലെത്തുമ്പോൾ അടുത്ത ദേവാലയത്തിന്റെ കുരിശ് തേടുന്നതും, വൈദികന്റെ പ്രാർത്ഥനയും അനുഗ്രഹവും ലഭിക്കാൻ ശിരസ് കുനിക്കുന്നതും ഒരു കുമ്പസാരത്തിനായി മുട്ടിൽ നിൽക്കുന്നതും, കൈയ്യിൽ കിട്ടിയ ജപമാലയിലെ കുരിശ് ചുംബിച്ച് കഴുത്തിൽ ധരിക്കുന്നവനുമായ ഈ യുവാവിന്റെ പ്രതിബിംബങ്ങൾ നമ്മുടെ അയൽപക്കങ്ങളിലുണ്ട്. മാധ്യമങ്ങളും പൊതു സമൂഹവും പുത്തൻ വാർത്തകളും രീതികളും കണ്ടും കേട്ടും പ്രചരിപ്പിച്ചും യുവത്വത്തെ ദുഷിപ്പിക്കുമ്പോൾ പ്രകാശം പരത്തുന്ന ഇത്തരക്കാരെ ചേർത്തുനിർത്താം.

“യുവാക്കളാണ് സഭയുടെ വസന്തമെന്ന്” പറഞ്ഞ, ഇന്നത്തെ തിരുനാളിന് കാരണക്കാരനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ സ്മരണയിൽ അനുഗ്രഹമായ യുവത്വത്തെ പരിചയപ്പെടുത്തിയ ദൈവത്തിനു ആരാധനയും സ്തുതിയും.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago