Categories: Articles

ഭാരതത്തിൽ സ്ത്രീകൾ സുരക്ഷിതരാണോ? ഒരു കാലിക പുനഃർവായന

എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ, അവിടെ ദേവതകൾ വസിക്കുന്നു...

സിസ്റ്റർ ഷൈനി ജെർമിയാസ്, സി.സി.ആർ.

ആമുഖം

സ്ത്രീയെക്കുറിച്ചുള്ള ഭാരതീയ ദർശനം വളരെ മഹത്തരമാണ്. നമ്മുടെ രാജ്യത്തെത്തന്നെ, പലപ്പോഴും അഭിസംബോധന ചെയ്യുന്നത് ‘ഭാരതാംബ’ എന്നാണ്. കുങ്കുമവർണ്ണത്തിലോ, ഓറഞ്ചു നിറത്തിലോ ഉള്ള സാരി ധരിച്ച, ദേശീയപതാക കൈയിലേന്തിയ രൂപത്തിന്റെ വേഷപ്പകർച്ചയാണ് അതിനുള്ളത്. ഭാരതീയ സംസ്കൃതിയുടെ സങ്കൽപ്പത്തെ വേറിട്ടുനിർത്തുന്നത് അനന്യമായ ഈ മാതൃഭാവമാണ്. “എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ, അവിടെ ദേവതകൾ വസിക്കുന്നു” എന്നത് “മനുസ്മൃതി”യിലെ പ്രശസ്തമായ വേദവാക്യമാണ്. “നാരി, അമ്മയാണ്, ദേവിയാണ്”, എന്നൊക്കെ പാടിപ്പുകഴ്ത്തി കൊണ്ടിരുന്ന പഴയകാല സങ്കല്പങ്ങൾ, ഇപ്പോഴും ഉറക്കെ പറയുന്നതിൽ ഒരു സങ്കോചവുമില്ലാത്ത ‘സമകാലിക രാഷ്ട്രീയ കോമഡി പൊള്ളവാഗ്ദാനങ്ങളിൽ’ “സ്ത്രീ സമൂഹം സുരക്ഷിതമാണോ?”

ആനുകാലിക സാഹചര്യം

അമേരിക്കയുടെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റായി അവരോധിക്കപ്പെട്ടത് തമിഴ്നാട്ടുകാരിയായ ശ്യാമള ഗോപാലന്റെ മകളായ കമല ഹാരിസാണ്. ഇന്ത്യൻ സ്ത്രീത്വത്തിന്റെ ആദരണീയമായ ഒരു തിലകക്കുറിയായി അതെന്നും ശോഭിക്കും. തന്റെ വമ്പിച്ച ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനുശേഷം അമേരിക്കൻ ജനതയ്ക്ക് കൃതജ്ഞത അർപ്പിക്കുമ്പോൾ കമലാ ഹാരിസ് ആത്മവിശ്വാസത്തോടുകൂടി ഉറക്കെ വിളിച്ചു പറഞ്ഞത് എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി: “ജാതി, മത, വർഗ്ഗ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും സമൂഹത്തിന്റെ ഉന്നതിയിൽ എത്തുവാനുള്ള അവസരങ്ങൾ അമേരിക്ക എപ്പോഴും തുറന്നിടുന്നു”. അപ്പോൾ എന്റെ മനസ്സിൽ ഉയർന്ന ചോദ്യം ഇത് മാത്രമാണ്: “പൊതുസ്ഥലങ്ങളിലും സ്വന്തം വീടുകളിൽപോലുമോ ഭാരതത്തിൽ സ്ത്രീകൾ സുരക്ഷിതരാണോ?” – “അല്ല”, എന്നു തന്നെയാണ് ലണ്ടൻ ആസ്ഥാനമായുള്ള തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ 2018-ൽ നടത്തിയ സർവ്വേ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ എപ്പോൾ വേണമെങ്കിലും, എവിടെവെച്ച് വേണമെങ്കിലും തങ്ങൾ ആക്രമിക്കപ്പെടാം എന്ന ഭീതിയോടെയാണ് ഇന്ന് മിക്ക സ്ത്രീകളും കഴിയുന്നതെന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ആധുനിക ഇന്ത്യ, ശാസ്ത്രസാങ്കേതിക നേട്ടങ്ങളിൽ വൻകുതിപ്പ് നടത്തുന്നതോടൊപ്പം തന്നെ മറ്റൊരു നേട്ടവും ഈയിടെ കരസ്ഥമാക്കി: സ്ത്രീകൾക്ക് വസിക്കാൻ ഏറ്റവും അപകടകരമായ രാജ്യമെന്ന അപഖ്യാതിയുടെ ഒന്നാംസ്ഥാനം…! യുദ്ധവും, കലാപവും സർവ്വസാധാരണമായി മാറിയ അഫ്ഗാനിസ്ഥാനെയും, സിറിയയെയും, ദാരിദ്ര്യവും കാലുഷ്യവും നിറഞ്ഞ സോമാലിയേയും പിന്തള്ളിയാണ്, നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ മുൻനിരയിലെത്തിയത്.

ചരിത്രത്തിലെ കറുത്ത ദിനങ്ങളും പരാജയപ്പെടുന്ന രാഷ്ട്രീയവും

ലോകജനതയുടെ മനസ്സാക്ഷിയെ ഞെട്ടിച്ച ഇന്ത്യൻ ജനതയുടെ ‘കറുത്ത ദിനം’ എന്നറിയപ്പെടുന്ന 2012 ഡിസംബർ 16 നമുക്ക് പെട്ടെന്ന് മറക്കാൻ കഴിയില്ല. തലസ്ഥാനമായ ഡൽഹിയിൽ തന്റെ സുഹൃത്തിനോടൊപ്പം ബസ്സിൽ സഞ്ചരിച്ച ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥിനിക്ക് കൂട്ടബലാത്സംഗവും അതിക്രൂരമായ പീഡനവും നേരിടേണ്ടി വന്നു. കാമവെറിയാൽ ആ കാപാലികന്മാർ മാനവരാശിയെ തന്നെ വിറങ്ങലിപ്പിച്ച ഹീനതകളായിരുന്നു ആ പെൺകുട്ടിയോട് കാണിച്ചത്. ഈ സംഭവത്തിനു ശേഷം ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ ശിക്ഷകൾ അധികൃതർ ശക്തമാക്കി. ബലാത്സംഗക്കേസുകളിൽ അതിവേഗ വിചാരണ കോടതികൾ തുടങ്ങിയെങ്കിലും, നീണ്ട ഏഴ് വർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ഈ കേസിലെ പ്രതികൾക്ക് പോലും അർഹമായ ശിക്ഷ നൽകാൻ കഴിഞ്ഞത്. ഈ സംഭവത്തിനു ശേഷം സ്ത്രീസുരക്ഷയ്ക്കായി നിരവധി പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചെങ്കിലും അവയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടതായാണ് നിലവിലെ കണക്കുകളും സംഭവങ്ങളും സൂചിപ്പിക്കുന്നത്.

സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി 2013-ൽ നിർഭയ ഫണ്ട് രൂപീകരിച്ചു. എന്നാൽ ഇത് കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റുകൾ വൻ പരാജയമാണ് കാഴ്ചവച്ചത്. കേന്ദ്ര ഗവൺമെന്റ് നൽകിയ 2050 കോടിയിൽ സംസ്ഥാനങ്ങൾ ചിലവഴിച്ചത് വെറും 20% മാത്രമാണ്. എന്നാൽ ഏറെ ഞെട്ടിക്കുന്നത് നിർഭയ സംഭവത്തിന് സാക്ഷിയായ ഡൽഹിയിൽ 5% ശതമാനം മാത്രമാണ് പ്രയോജനപ്പെടുത്തിയത് എന്നതാണ്. മാത്രമല്ല ഡൽഹിയിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തിൽ മൂന്നു മടങ്ങ് വർധനവുണ്ടായതായി 2012 -19 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. എങ്കിലും, സ്ത്രീകൾക്ക് സുരക്ഷിതമായി, ഭയമില്ലാതെ ഇന്ത്യയിൽ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പു നൽകി കൊണ്ട്, വീണ്ടുമൊരു നിർഭയ പുനർജനിക്കാൻ സമ്മതിക്കില്ലായെന്ന് വീറോടെ വാദിച്ചു. ഭരണകൂടം കൂടുതൽ കാർക്കശ്യത്തോടെ ക്രിമിനൽ ശിക്ഷാനിയമം പൊളിച്ചെഴുതി. എന്നാൽ ഇവിടെ സ്ത്രീകൾക്ക് നിർഭയമായി ജീവിക്കാൻ കഴിയില്ലായെന്ന് ഉന്നാവും, ഹൈദരാബാദും, കത്വവയും, ഹത്രാസും തെളിയിച്ചിരിക്കുന്നു. വീണ്ടും വീണ്ടും ലോകരാഷ്ട്രങ്ങളുടെ മുൻപിൽ തലകുനിക്കേണ്ടി വരുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്.

സുരക്ഷ നൽകേണ്ടവർ കണ്ണടയ്ക്കുമ്പോൾ

സുരക്ഷ നൽകേണ്ടവർ തന്നെ അക്രമത്തിനു കൂട്ടുനിൽക്കുന്ന കാഴ്ചയാണ് ആസാമിലെ ഗുവാഹത്തിയിൽ നമ്മൾ കണ്ടത്. എല്ലാവരുടെയും മധ്യേ നടുറോഡിൽ ഇരുപതോളം പേർ ഒരു പെൺകുട്ടിയെ വസ്ത്രം വലിച്ചുകീറി അപമാനിച്ചപ്പോൾ, പോലീസുകാർ കാഴ്ചക്കാരായി നോക്കിനിന്നു. നമ്മൾ കേരളീയർ ആശ്വസിക്കുന്നുണ്ടായിരിക്കും ഇത് ഉത്തരേന്ത്യയിലല്ലേയെന്ന്…! സാംസ്കാരിക-വിദ്യാഭ്യാസ മേഖലയിൽ ഉയർന്നുനിൽക്കുന്ന കേരളത്തിൽ ഇത് സാധ്യമല്ലായെന്ന് ചിന്തിക്കുന്നവരാണ് നമ്മളേറെയെങ്കിൽ, 2017-ലെ വാളയാർ സംഭവം ഓർമ്മിക്കുന്നത് നല്ലതാണ്. ലൈംഗിക ചൂഷണത്തിന് വിധേയമായി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ 13 ഉം19 ഉം വയസ്സുള്ള സഹോദരിമാർക്ക് നീതി ലഭിക്കാതിരിക്കുകയും, പോലീസിന്റെ നിഷ്ക്രിയത്വം മൂലം ഈ കേസിലെ പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. കേരളത്തിലെ നീതിന്യായ നിർവഹണത്തിൽ സ്ത്രീകൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ നേർക്കാഴ്ചയാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പരസ്യ പ്രതിഷേധവും കരിമഷി-ചൊരിയണ പ്രയോഗവും. കോടതിയിൽ വിചാരണ നടക്കുന്ന സംഭവമായതുകൊണ്ട്, അതിന്റെ ധാർമികത ഇവിടെ ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഓൺലൈൻ മാധ്യമങ്ങളിലൂടെ അവഹേളനമേൽക്കുന്നവർ

രണ്ടു വർഷമായി ഒരു ലക്ഷത്തോളം വരുന്ന സ്ത്രീസമൂഹത്തെ സോഷ്യൽ മാധ്യമത്തിലൂടെയും, വിവിധ സിനിമാ-വാർത്താ മാധ്യമങ്ങളിലൂടെയും പരസ്യമായി അശ്ലീല പദമുപയോഗിച്ച് അവഹേളിച്ചും നീചമായ രീതിയിൽ നിന്ദിച്ചും അവരുടെ ആത്മാഭിമാനത്തിന് വിഘ്നം വരുത്തി കൊണ്ട് ഏതാനും പേർ ആത്മസംതൃപ്തി കണ്ടെത്തുകയായിരുന്നു. ആത്മാഭിമാനത്തോടെ പേടിയില്ലാതെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്നതിനായി ക്രൈസ്തവ സന്യാസിനികൾ, ഞങ്ങളെ ഹീനമായി അധിക്ഷേപിക്കുന്ന ചില വ്യക്തികൾക്കെതിരെ നൂറിൽപ്പരം പോലീസ് സ്റ്റേഷനുകളിൽ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടെ ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഈ സ്ത്രീസമൂഹത്തിന് ഇതുവരെയും നീതി ലഭിക്കാത്തത് നമ്മുടെ രാജ്യത്തിലെ നിയമപരിരക്ഷയുടെ അപാകത ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടവർ തന്നെ അതു കണ്ടില്ലെന്നു നടിക്കുന്നു.

സുരക്ഷ സ്ത്രീയുടെ മൗലികാവകാശമാണ്

യഥാർത്ഥത്തിൽ, സ്ത്രീകൾക്കെതിരെയുള്ള ആക്രമണം വർദ്ധിക്കുന്നതിന്, നമ്മുടെ ഭരണകൂടവും നിയമപാലകരും തന്നെയല്ലേ ഒരു പരിധിവരെ ഉത്തരവാദികൾ? നിയമപരിരക്ഷയില്ലാത്ത സമൂഹത്തിൽ സ്ത്രീകൾക്ക് ഒരിടവും സുരക്ഷിതമല്ലായെന്ന് 2020 പുതുവർഷ രാത്രിയിൽ അവർക്കു നേരെയുണ്ടായ അതിക്രമങ്ങൾ സൂചിപ്പിക്കുന്നു. ആഘോഷ പാർട്ടികൾ മുതൽ ജോലി സ്ഥലങ്ങൾവരെ, പൊതു നിരത്തും മെട്രോയും മുതൽ സ്വന്തം വീടുകൾ വരെ ബലാൽസംഗവും ഉപദ്രവവും ഗണ്യമായ തോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു. “സ്ത്രീകളുടെ സുരക്ഷ” ഈ ജനാധിപത്യ രാജ്യത്തിൽ ഒരു സ്ത്രീയുടെ മൗലികാവകാശം തന്നെയാണ്. സ്ത്രീപീഡനം തടയുക എന്നത് ഉത്തരവാദിത്തബോധമുള്ള ഓരോ പൗരന്റേയും കടമയുമാണ്.

പൊളിച്ചെഴുതപ്പെടേണ്ട സങ്കൽപ്പങ്ങൾ

അതിക്രമങ്ങളുടെ പ്രധാനഘടകം വർഗ്ഗവിവേചനം തന്നെ. അതിനാൽ കുടുംബത്തിൽ നിന്നാണ് മാറ്റങ്ങൾ ആരംഭിക്കേണ്ടത്. പെൺകുട്ടികളെ ഒരു ഭാരമായും ശാപമായും കരുതുന്ന മാതാപിതാക്കളുടെ സങ്കൽപ്പങ്ങളാണ് പൊളിച്ചെഴുതപ്പെടേണ്ടത്. പൊതു ജീവിതത്തിലും, ബന്ധങ്ങളിലും സ്ത്രീകളുടെ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിച്ചാൽ മാത്രമേ, സ്ത്രീശാക്തീകരണം യാഥാർത്ഥ്യമാവുകയുള്ളൂ. പൊതു കാര്യങ്ങളിലും, പാർലമെന്റിലും സ്ത്രീകളുടെ സാന്നിധ്യം വർദ്ധിപ്പിക്കണമെന്നത് കാലാകാലങ്ങളായായിട്ടുള്ള നിലവിളിയായി തുടരുന്നു. ഭാരതീയ സംസ്കാരത്തിന്റെ പ്രത്യേക തലത്തിൽ ഭർത്താവിനോടുള്ള വിധേയത്വം, ഒരു അടിമത്തമായി പരിഗണിക്കുന്നത് തികച്ചും നിഷേധാർഹമാണ്. വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയും, തുല്യ അവസരങ്ങൾ, സ്ത്രീകളുടെ അവകാശം, സുരക്ഷ എന്നിവ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പ്രകൃത്യാലുള്ള അനന്യത മുറുകെ പിടിക്കുമ്പോഴും, സമൂഹത്തിൽ തുല്യ അവകാശങ്ങൾ ഉറപ്പുവരുത്താനും, സ്ത്രീകളെ സാമ്പത്തിക രാഷ്ട്രീയ മേഖലകളിലേക്ക് കൈപിടിച്ചുയർത്താനും സഹായിക്കുന്ന സംഘടനകൾ എല്ലാ പ്രാദേശികതലത്തിലും ആരംഭിക്കുകയും, സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്ന സംഘടനകളെ പരിപോഷിപ്പിക്കുകയും ചെയ്യണം.

ചില പ്രായോഗിക നിർദേശങ്ങൾ

ഇതിനെല്ലാം പുറമേ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനെക്കുറിച്ചും, പരിഹാരം കാണുന്നതിനുമുളള സംവിധാനങ്ങൾ, അതായത്, ഗാർഹിക പീഡന നിവാരണ കൗൺസിൽ, ആരോഗ്യ കാര്യങ്ങൾക്കായുള്ള വനിതാ കേന്ദ്രം, ഗാർഹികപീഡന പ്രതിസന്ധി സേവനം, വനിതാ നിയമ കേന്ദ്രം, സൗജന്യ നിയമോപദേശം, ബലാൽസംഗ പ്രതിസന്ധി കേന്ദ്രം എന്നിങ്ങനെയുള്ള ഹെൽപ്പ് ലൈൻസ് സംസ്ഥാന ഗവൺമെന്റുകൾ പ്രാദേശിക തലങ്ങളിലോ ജില്ലാതലങ്ങളിലോ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു, ഇല്ലാത്തയിടങ്ങളിൽ ആരംഭിക്കേണ്ടിയിരിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെകുറിച്ച് സമൂഹത്തിന്റെ അവബോധം വർധിപ്പിക്കുന്നതിനായി സർക്കാർ പൊതുപ്രചരണ പരിപാടികൾ നടത്തുകയും, ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി പൈലറ്റ് പ്രൊജക്റ്റ്കൾ ആവിഷ്കരിക്കുകയും അതിന് പിന്തുണ നൽകുകയും വേണം. അതിക്രമത്തിന് ഇരകളായ സ്ത്രീകൾക്കുവേണ്ടി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുകയും, ഗാർഹിക, ലൈംഗിക അതിക്രമങ്ങൾ നിന്നും രക്ഷപ്പെടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളെ അതിന് സഹായിക്കുകയും ചെയ്യണം.

സ്ത്രീകൾ ഇന്ന് ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നത് സോഷ്യൽമീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും ആണ്. അതിനാൽത്തന്നെ, മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സ്ത്രീ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണം. പുതുതായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഓൺലൈൻ സംബന്ധമായ നിയമപരിഷ്‌ക്കാരങ്ങളും, ഓൺലൈൻ മാധ്യമങ്ങളെ കേന്ദ്ര വിനിമയ മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരുന്ന നടപടിയും സ്വാഗതാർഹമാണ്, സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കും ഇത് അറുതിവരുത്തുമെന്ന് പ്രത്യാശിക്കുന്നു.

ഉപസംഹാരം

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കുന്നതിന് ഇടപെടുന്നതിലൂടെയും, സാമൂഹികമായി അപലപിക്കുന്നത് ഉറപ്പാക്കുന്നതിലൂടെയും, കുറ്റവാളികളെ വ്യവസ്ഥാപിതമായ ഉത്തരവാദിത്തത്തോടെ മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനും നാം പ്രവർത്തിക്കണം. അതിനായി, ഇന്നത്തെ യുവതലമുറ ശബ്ദമുയർത്തിയാൽ ഈ രാജ്യത്തിലെ സ്ത്രീകളായ നമ്മുടെ അമ്മമാർക്കും, ഭാര്യമാർക്കും, സഹോദരിമാർക്കും, പെൺമക്കൾക്കും, സുഹൃത്തുക്കൾക്കും ഭയശങ്ക കൂടാതെ ജീവിക്കുവാനും, ‘ഭാരതാംബ’യ്ക്ക് ലോകരാഷ്ട്രങ്ങളുടെ മധ്യേ സിന്ദൂരക്കുറിയായി ശോഭിക്കാനും കഴിയുമെന്നതിൽ സംശയമില്ല.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

12 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago