ഫാ.ജിനു ജേക്കബ് തെക്കേത്തല (വിവർത്തനം)
ഈ വർഷത്തെ ദുഃഖവെള്ളി ദിവസം ഈശോമിശിഹായുടെ പീഡാസഹനം ധ്യാനിക്കുന്നതിന് ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത് ഇറ്റലിയിലെ പാദുവയിലുള്ള ‘ദുവെ പലാറ്റ്സി’ ജയിലിനോട് ബന്ധപ്പെട്ട പതിനാല് ആളുകളെയാണ്. സമൂഹത്തിലെ എല്ലാവരെയും തന്റെ ഹൃദയത്തോട് എന്നും ചേർത്തുനിർത്തുന്ന പരിശുദ്ധ പിതാവിന്റെ ഈ തീരുമാനം സഭയുടെ വിശാലമായ സാമൂഹിക മാനത്തെ എടുത്തുകാണിക്കുന്നു. പ്രത്യേകമായും കോറോണ വൈറസ് ലോകജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തുമ്പോൾ പാപ്പാ തന്റെ സാമീപ്യവും പ്രാർത്ഥനയും എല്ലാവർക്കും ഉറപ്പ് നൽകുന്നത് ആശ്വാസകരമാണ്. കുരിശിന്റെ വഴിയിൽ ആരും ഒറ്റപ്പെട്ടു പോകുന്നില്ല എന്ന ഉറപ്പാണ് ഈശോയും നമുക്ക് നൽകുന്നത്.
അഞ്ച് തടവുകാർ, കൊലചെയ്യപ്പെട്ട ഒരാളുടെ കുടുംബം, ജീവപര്യന്തം വിധിക്കപ്പെട്ട ഒരാളുടെ മകൾ, ജയിലിൽ അധ്യാപികയായിട്ടുള്ള ഒരു വ്യക്തി, ഒരു ന്യായാധിപൻ, തടങ്കലിലായ ഒരാളുടെ അമ്മ, ഒരു മതാധ്യാപക, ജയിലിൽ സേവനം ചെയ്യുന്ന ഒരു സന്യാസി, ഒരു പോലീസ് ഉദ്യോഗസ്ഥൻ, എട്ട് വർഷത്തെ വിചാരണയ്ക്ക് ശേഷം കുറ്റവിമുക്തനാക്കപ്പെട്ട ഒരു പുരോഹിതൻ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധങ്ങളായ അനുഭവങ്ങളിൽ തങ്ങളുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളും പ്രാർത്ഥനകളും ഈ ദുഃഖവെള്ളിനാളിൽ ഈശോയുടെ കുരിശുയാത്രയുടെ സ്മരണ ഉണർത്തുന്ന കുരിശിന്റെ വഴിയിൽ നമ്മോട് ചേർത്തുവയ്ക്കുകയാണ് പരിശുദ്ധപിതാവ്.
ക്രൂശിന്റെ വഴിയിൽ ക്രിസ്തുവിനോടൊപ്പം, പരുഷമായ ശബ്ദത്തോടെ ജയിലുകളുടെ ലോകത്ത് ജീവിക്കുന്ന ആളുകൾക്ക് ഇത് ആശ്വാസത്തിന്റെ ഒരവസരമാണ്. ജനനത്തിനും മരണത്തിനും ഇടയിലുള്ള തിന്മകളുടെ നൂലിഴകൾക്കിടയിൽ നന്മയുടെ സൗന്ദര്യം കണ്ടെത്താനുള്ള, ദൈവവചനം ശ്രവിക്കാനുള്ള ഒരു നിമിഷം. നല്ല കള്ളന് സംഭവിച്ചപോലെ, കാൽവരിയുടെ അതിരുകൾക്കുമപ്പുറം ഒരു നിമിഷം കൊണ്ട് ജീവിതം മുഴുവൻ നവീകരിക്കാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. ആ കള്ളനെപ്പോലെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ചെയ്ത കുറ്റങ്ങളെ ഓർത്തുകൊണ്ട് മാനസാന്തരപ്പെടുക. അന്യായമായി വിധിക്കപ്പെട്ട ക്രിസ്തു, പരിഹാസങ്ങൾക്ക് നടുവിലും തന്റെ നിരപരാധിത്വത്തെ പറ്റി ബോധ്യമുള്ളതുകൊണ്ടാണ് മരണംവരെ സഹിക്കാനും തയ്യാറായത് എന്ന സത്യവും നമ്മുടെ ജീവിതത്തിൽ നമുക്ക് മറക്കാതിരിക്കാം. നമ്മുടെ വിശ്വാസം ക്ഷയിച്ചുപോയിട്ടില്ലെങ്കിൽ, ഈ തടവറയുടെ ഇരുട്ടിലും പ്രതീക്ഷ നൽകുന്ന ദൈവത്തിന്റെ വചനങ്ങൾ നമ്മുടെ കാതുകളിൽ നമുക്ക് ശ്രവിക്കാൻ സാധിക്കും: “ഒന്നും ദൈവത്തിന് അസാധ്യമല്ല”. എത്ര വലിയ കുറ്റവാളിയാണെങ്കിലും, ദൈവത്തെ മുറുകെ പിടിക്കുമ്പോൾ ഉത്ഥാനത്തിന്റെ അനുഭവത്തിലേക്ക് കടക്കാൻ നമുക്ക് സാധിക്കുന്നു. തിന്മയ്ക്കിടയിലെ നന്മയുടെ ചലനാത്മകതയെ തിരിച്ചറിയാനും, ജീവിതത്തിൽ അതിന് ഇടം നൽകാനും നമുക്ക് കഴിയണം. ഇങ്ങനെ കുരിശിന്റെ വഴി ‘പ്രകാശത്തിന്റെ വഴി’യായി രൂപാന്തരപ്പെടുന്നു.
പ്രാരംഭ പ്രാർത്ഥന
ദൈവമേ, സർവ്വശക്തനായ പിതാവേ,
അങ്ങയുടെ ഏകപുത്രനായ യേശുക്രിസ്തു വഴിയായി
മനുഷ്യരാശിയുടെ വേദനകളും കഷ്ടപ്പാടുകളും അങ്ങ് ഏറ്റെടുത്തുവല്ലോ.
അനുതപിക്കുന്ന കള്ളനെപ്പോലെ, അങ്ങയോട് യാചിക്കാൻ ഇന്ന് എനിക്കും ധൈര്യമുണ്ട്:
“എന്നെഓർക്കേണമേ!”
ഞാൻ ഇതാ നിന്റെ മുൻപിൽ, ഈ ജയിലിന്റെ ഇരുട്ടിൽ,
ദരിദ്രനായും, നഗ്നനായും, വിശക്കുന്നവനായും, നിന്ദിതനായും നിൽക്കുന്നു.
എന്റെ മുറിവുകളിൽ പാപമോചനത്തിന്റെയും ആശ്വാസത്തിന്റെയും എണ്ണയും, ഹൃദയത്തെ ശക്തിപ്പെടുത്തുന്ന സാഹോദര്യത്തിന്റെ വീഞ്ഞും ചൊരിയാൻ കർത്താവേ ഞാൻ യാചിക്കുന്നു.
നിന്റെ കൃപയാൽ എന്നെ സുഖപ്പെടുത്തുകയും, നിരാശയുടെ നിമിഷങ്ങളിൽ പ്രത്യാശിക്കാൻ എന്നെ പഠിപ്പിക്കുകയും ചെയ്യണമേ.
എന്റെ കർത്താവേ! എന്റെ ദൈവമേ! എന്റെ അവിശ്വാസത്തെ തുടച്ചുനീക്കുവാൻ എന്നെ സഹായിക്കണമേ.
കരുണയുള്ള പിതാവേ, അങ്ങ് എന്നിൽ വിശ്വാസമർപ്പിക്കാൻ തക്കവണ്ണം എന്നെ രൂപാന്തരപ്പെടുത്തണമേ,
എനിക്ക് ഒരു പുതിയ അവസരം നൽകാൻ,
നിന്റെ അനന്തമായ സ്നേഹത്തിൽ എന്നെ ആലിംഗനം ചെയ്യണമേ.
അങ്ങയുടെ സഹായത്താലും പരിശുദ്ധാത്മാവിന്റെ ദാനത്താലും,
എന്റെ സഹോദരന്മാരിൽ അങ്ങയെ തിരിച്ചറിയുവാനും, സേവിക്കാനുമുള്ള കൃപയും തന്നരുളേണമേ. ആമേൻ.
ഒന്നാം സ്ഥലം
യേശുവിനെ വധശിക്ഷയ്ക്ക് വിധിക്കുന്നു
(ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരന്റെ ധ്യാനം)
വി.ലൂക്കാ 23:20-25
കോടതികളിലും പത്രങ്ങളിലും പലതവണ ആ നിലവിളി പ്രതിധ്വനിക്കുന്നു: “അവനെ ക്രൂശിക്കുക, ക്രൂശിക്കുക!” ഞാനും കേട്ട ഒരു നിലവിളിയാണിത്. എന്നെക്കുറിച്ച് തന്നെ: എനിക്ക് എന്റെ പിതാവിനൊപ്പം ശിക്ഷ വിധിച്ചു – ജീവപര്യന്തം തടവ്.
ഒരു കുട്ടിയായിരുന്നപ്പോൾ തന്നെ എന്റെ ജീവിതത്തിന്റെ കുരിശിലേറ്റൽ ആരംഭിച്ചതാണ്. ഓർമകളിൽ പാർശ്വവൽക്കരണത്തിന്റെയും, തിരസ്ക്കരണത്തിന്റെയും കയ്‌പേറിയ അനുഭവം പേറിയതാണ് എന്റെ ബാല്യകാലം. സ്കൂളിലും, സ്കൂൾവാനിലുമെല്ലാം ഇത്തരം ഒതുക്കിനിർത്തപ്പെട്ടതിന്റെ വേദന ഇന്നും മായാതെ എന്റെ മനസ്സിൽ നിൽക്കുന്നു. വിദ്യാഭ്യാസം നേടുന്നതിന് പകരം, ചെറുപ്പത്തിൽ തന്നെ ജോലിയുടെ ഭാരം എന്റെ തോളിൽ പേറേണ്ടി വന്നു. അജ്ഞതയുടെ ഇരുട്ടിലാണ് ഞാൻ ജീവിച്ചത്. എഴുപതുകളിൽ ഇറ്റലിയിലെ കലാബ്രിയ എന്ന ഗ്രാമത്തിൽ ജനിച്ച ആ കുഞ്ഞിന്റെ ബാല്യതയുടെ നൽക്കതിരുകൾ, ഭീഷണികൾക്ക് നടുവിൽ മുരടിച്ചുപോയ അവസ്ഥ. ക്രിസ്തുവിനോടെന്നതിനേക്കാൾ ബറാബ്ബാസിനോടാണ് എന്റെ ജീവിതം താരതമ്യപ്പെട്ടിരിക്കുക. എങ്കിലും എന്റെ മസാക്ഷിയുടെ നേർക്കുള്ള വിധിയുടെ ചൂണ്ടുപലക എന്നെ ഭയപ്പെടുത്തുന്നു. രാത്രികളിൽ നൈരാശ്യത്തോടെ എന്റെ ഭൂതകാലത്തിന് വെളിച്ചം നൽകാൻ തക്കവണ്ണം ഒരുപ്രകാശത്തിന് വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു.
ജയിലിൽ അടക്കപ്പെട്ടപ്പോൾ ക്രിസ്തുവിന്റെ പീഡാസഹനം വായിച്ചു ഞാൻ കരയുമായിരുന്നു. ഇരുപത്തി ഒൻപത് വർഷങ്ങൾ ജയിലിനുള്ളിൽ കഴിഞ്ഞിട്ടും, കണ്ണീർ ഇന്നും എന്റെ കണ്ണിൽ ബാക്കിയുണ്ട്. എന്റെ ഭൂതകാലത്തിന്റെ ദുഷ്ടതകളെ ഓർത്തു പശ്ചാത്തപിച്ചു ഞാൻ ഇന്ന് കരയുന്നു. ബറാബ്ബാസും, പത്രോസും, യൂദാസുമെല്ലാം എന്നിൽ സമന്വയിക്കപ്പെട്ടിരിക്കുന്നു. ഭൂതകാലം എന്റെ കഥയാണെങ്കിലും എനിക്ക് വെറുപ്പ് തോന്നുന്നു.
41 ബിസ് നിയന്ത്രിതമായ ഭരണത്തിന്റെ കീഴിലാണ് ഞാനും എന്റെ പിതാവും വർഷങ്ങൾ ജയിൽ വാസം അനുഭവിച്ചതും അദ്ദേഹം മരണപ്പെടുന്നതും. നിരവധി രാത്രികളിൽ എന്റെ അപ്പന്റെ ജയിലറക്കുള്ളിൽ നിന്നും കരച്ചിൽ കേൾക്കാമായിരുന്നു. അദ്ദേഹം രഹസ്യമായി കരഞ്ഞത് പോലും എനിക്ക് മനസിലാകുമായിരുന്നു. ഇരുട്ടിന്റെ തടവറയിൽ കഴിഞ്ഞ നീണ്ട വർഷങ്ങൾ… എന്നാൽ ആ അജീർണ്ണമായ അവസ്ഥയിൽ പോലും ജീവന്റെ തുടിപ്പുകൾ എന്റെ ഉള്ളിൽ കേൾക്കാൻ എനിക്ക് സാധിക്കുമായിരുന്നു. ഈ ജയിലാണ് എനിക്ക് “രക്ഷ” കാട്ടി തന്നത്. ഇപ്പോഴും ചിലർക്ക് ഞാൻ ബറാബ്ബാസായി തന്നെ തോന്നിയേക്കാം. പക്ഷെ എനിക്ക് അവരോട് ദേഷ്യമില്ല. എന്നാൽ അന്യായമായി വിധിക്കപ്പെട്ട ഈശോ എന്നെ “ജീവിതം എന്തെന്ന് പഠിപ്പിക്കാൻ” എന്റെ ജയിലറക്കുള്ളിൽ വന്നതായി ഞാൻ വിശ്വസിക്കുന്നു.
കർത്താവായ ഈശോയെ, ഞങ്ങളെ വ്യതിചലിപ്പിക്കുന്ന ആക്രോശങ്ങൾക്കിടയിലും, നീ ക്രൂശിക്കപ്പെടണമെന്ന് ഉറക്കെ വിളിച്ചുപറയുന്ന ജനങ്ങൾക്കിടയിലും നിന്നെ ഞാൻ കാണുന്നു. ഞങ്ങൾ ചെയ്യുന്ന തെറ്റുകൾ മനസിലാക്കാതെ നിന്നെക്രൂശിക്കുന്നവരുടെ ഇടയിൽ പലപ്പോഴും ഞങ്ങളും ഉണ്ടല്ലോ. ഞങ്ങളുടെ ജയിലറകൾക്കുള്ളിൽ ആയിരുന്നതുകൊണ്ട്, നിന്നെപ്പോലെ മരണത്തിന് വിധിക്കപ്പെട്ടവർക്കായും, വിധിക്കായി കാത്തിരിക്കുന്നവർക്കായും പ്രാർത്ഥിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
പ്രാർത്ഥിക്കാം;
ദൈവമേ, ജീവസ്നേഹമേ, മനസാന്തരഫലമായി ഞങ്ങൾക്കെന്നും നിന്റെ അളവില്ലാത്ത കരുണ പ്രദാനം ചെയ്യുന്നവനെ, ഓരോവ്യക്തിയിലും നിന്റെ ആത്മാവിന്റെ ആലയം ദർശിക്കുന്നതിനും, അവരെ മാന്യതയോടെ ബഹുമാനിക്കുന്നതിനുമുള്ള വിവേകം ഞങ്ങൾക്ക് പ്രദാനം ചെയ്യണമേ. നിത്യം വാഴുന്ന സർവ്വേശ്വരാ; ആമേൻ.
രണ്ടാം സ്ഥലം
ഈശോ കുരിശു ചുമക്കുന്നു
(മകൾ കൊല ചെയ്യപ്പെട്ട മാതാപിതാക്കൾ നൽകുന്ന ധ്യാനചിന്തകൾ)
മാർക്കോസ് 15:16-20
ഭീകരമായ ആ വേനൽക്കാലത്ത്, മാതാപിതാക്കൾ എന്ന നിലയിലുള്ള ഞങ്ങളുടെ ജീവിതം ഞങ്ങളുടെ രണ്ട് പെൺമക്കളോടൊപ്പമായിരുന്നു. കരുണയില്ലാത്ത മനുഷ്യന്റെ അന്ധമായ അക്രമത്തിൽ, ഞങ്ങളുടെ രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ തന്റെ സുഹൃത്തിനൊപ്പം കൊല്ലപ്പെട്ടു. മറ്റൊരാൾ, അത്ഭുതത്താൽ അതിജീവിച്ചു, പക്ഷെ എന്നെന്നേക്കുമായി അവളുടെ പുഞ്ചിരി ഞങ്ങൾക്ക് നഷ്ടമായി. ത്യാഗം വളരെയേറെ സഹിച്ചാണ് ഞങ്ങൾ ഞങ്ങളുടെ മക്കളെ വളർത്തിയതും പഠിപ്പിച്ചതും. മറ്റുള്ളവരെ ബഹുമാനിക്കാനും, സഹായിക്കാനും ഞങ്ങൾ അവരെ പഠിപ്പിച്ചു. എങ്കിലും ചിലപ്പോഴൊക്കെ ഞങ്ങൾ ഞങ്ങളോട് തന്നെ ചോദിക്കും, “എന്തിനാണ് ഞങ്ങൾക്ക് തന്നെ ഇത് സംഭവിച്ചത്?” പിന്നീടൊരിക്കലും സമാധാനമെന്തെന്ന് ഞങ്ങൾ അറിഞ്ഞിട്ടില്ല. ഞങ്ങൾ വിശ്വസിച്ച നീതി പോലും ഞങ്ങൾക്ക് മുൻപിൽ മറ സൃഷ്ടിച്ചപ്പോൾ വേദനയുടെ പടുകുഴിയിൽ ഞങ്ങൾ ഒറ്റക്കായിപ്പോയി.
തോളിലേറ്റിയ ഈ കുരിശിന്റെ ഭാരം, ഇന്നും ഈ വാർധക്യത്തിലും ഓർമയിൽ നിന്നും, ജീവിതത്തിൽ നിന്നും മായാതെ കൂടെ നിൽക്കുന്നു. ഒരു മകളുടെ മരണത്തിന്റെ വേദന, പ്രതികരിക്കാൻ ശേഷി നഷ്ട്ടപ്പെട്ട ജീവിതത്തിന്റെ നൊമ്പരമായി തുടരുമ്പോൾ, നൈരാശ്യത്തിന്റെ കരിനിഴലിൽ പല വഴികളിലൂടെ, ദൈവത്തിന്റെ ഇടപെടൽ അനുഭവിക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. തുണയായി ഇണചേർന്ന ഭാര്യാ-ഭർതൃ ബന്ധം. അവൻ പലപ്പോഴും അവശർക്കായി വീടിന്റെ വാതിലുകൾ തുറക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. തിന്മകൾക്കുമപ്പുറം നന്മകളുടെ തീക്കനൽ ഈ ലോകത്തിൽ തെളിയിക്കാൻ ഈ ഉപവി ജീവിതം ഞങ്ങളെ സഹായിച്ചു. അവന്റെ നീതിപൂർവമായ കരുണ ഞങ്ങളുടെ വേദനകളിൽ ഞങ്ങൾക്ക് ആശ്വാസമായി മാറി.
കർത്താവായ യേശുവേ, മനുഷ്യത്വരഹിതമായി നിന്നെ അടിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. ഈ വേദനയുടെ രാത്രിയിൽ, ലോകത്തിൽ അക്രമങ്ങൾക്കും അകൃത്യങ്ങൾക്കും വിധേയരാകുന്ന ഞങ്ങളുടെ എല്ലാ സഹോദരങ്ങളെയും നിന്റെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
പ്രാർത്ഥിക്കാം;
കർത്താവെ, ഞങ്ങളുടെ നീതിയും രക്ഷയുമേ… ക്രൂശിതന്റെ വിരിമാറിൽ സ്വന്തം പുത്രനെ കൈയാളിച്ച നല്ല തമ്പുരാനെ, ഇരുളടഞ്ഞ ഞങ്ങളുടെ ജീവിത പാതയിലും നിന്റെ പ്രത്യാശയുടെ കിരണം വിശേണമേ. എല്ലാ കഷ്ടതകളിലും ഞങ്ങളെ ആശ്വസിപ്പിക്കുകയും, പരീക്ഷണങ്ങളിൽ ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്യണമേ. ആമേൻ.
മൂന്നാം സ്ഥലം
ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു
(തടവിലാക്കപ്പെട്ട ഒരു വ്യക്തിയുടെ ധ്യാനം)
ഏശയ്യാ 53:4-6
ജീവിതത്തിൽ ഞാൻ ആദ്യമായി വീണു, പക്ഷേ ആ വീഴ്ച എനിക്ക് മരണതുല്യമായിരുന്നു: ഞാൻ ഒരു വ്യക്തിയുടെ ജീവനെടുത്തു. ജീവിത്തിന്റെ സൗന്ദര്യം പ്രദാനം ചെയ്യുന്ന കല്പനകൾ എന്റെ ഈ പ്രവൃത്തി വഴിയായി നിഷേധിക്കപ്പെട്ടു. ക്രിസ്തുവിനോട് അപേക്ഷിക്കുന്ന കള്ളന്റെ ആധുനിക പതിപ്പ് എന്നിൽ എനിക്ക് തന്നെ അനുഭവപ്പെടുന്നു: “എന്നെ ഓർക്കേണമേ!”. അനുതപിക്കുന്നതിനേക്കാൾ, ഞാൻ അത് സങ്കൽപ്പിക്കുന്നു; തെറ്റായ പാതയിലാണെന്ന് അറിയാവുന്ന ഒരാളായി. എന്റെ കുട്ടിക്കാലം തണുപ്പുള്ളതും ശത്രുതാപരമായതുമായ അന്തരീക്ഷമാണ് എനിക്ക് സമ്മാനിച്ചത്. മറ്റുള്ളവരുടെ ബലഹീനതകൾ പോലും ചൂഷണത്തിനും കളിയാക്കലുകൾക്കും വിധേയമാക്കിയിരുന്ന കാലം. എന്നെ മനസിലാക്കുന്ന ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ഞാൻ തേടി നടന്നു. മറ്റുള്ളവരുടെ സന്തോഷം പോലും എനിക്ക് അലോസരമായിരുന്നു. കാരണം, പഴിവാങ്ങാനും സഹിക്കാനും മാത്രമുള്ളതായി എന്റെ ജീവിതം മാറ്റപ്പെട്ടു. ഞാൻ എന്നെ തന്നെ വെറുത്തു തുടങ്ങി.
എന്നാൽ, ഈ ഒരു തിന്മ എന്നോടൊപ്പം വളരുന്നുണ്ടെന്ന ബോധ്യം എനിക്ക് നഷ്ടമായി. ഒരു ദിവസം വൈകിട്ട്, അന്ധതയുടെ ആ നിമിഷം എന്റെ ജീവിതത്തിലും കടന്നു വന്നു. എന്റെ ജീവിതം എനിക്ക് സമ്മാനിച്ച അനീതിയുടെ കണക്കുകൾ ആ വലിയ തിന്മയിലൂടെ ഞാൻ ചെയ്തുപോയി. ദേഷ്യവും വെറുപ്പും എന്നിലെ മനുഷ്യത്വത്തിന്റെ മുഖം വികൃതമാക്കി. പിന്നീട് ജയിലിലെ അവഹേളനങ്ങൾ, എന്റെ കുടുംബം പോലും എനിക്ക് അന്യമായി. കാരണം, ഞാൻ വഴി അവർക്ക് എല്ലാം നഷ്ടമായി. കൊലയാളിയുടെ കുടുംബമെന്ന ദുഷ്‌പേര് ഞാൻ കാരണം എന്റെ കുടുംബം കേൾക്കേണ്ടി വന്നു. ഇപ്പോൾ ഞാൻ ഒഴിവുകഴിവുൾക്കായി തിരക്കാറില്ല… ജയിലിലെ എന്റെ അവസാന ദിവസം വരെ ഞാൻ കാത്തിരിക്കും. കാരണം, അവിടെ എനിക്ക് എന്റെ ജീവിതത്തിന് നഷ്ടപ്പെട്ട വിശ്വാസം തിരികെ നേടാൻ എന്നെ സഹായിക്കാൻ കഴിവുള്ള ആളുകളെ ഞാൻ കണ്ടുമുട്ടി.
ലോകത്ത് നിലനിൽക്കുന്ന നന്മ തിരിച്ചറിയാതെ പോയതാണ് എന്റെ ആദ്യ വീഴ്ച. രണ്ടാമത്തേത്, കൊലപാതകം – ഏതാണ്ട് ഒരു പരിണതഫലമായിരുന്നു: ഞാൻ ഇതിനകം ഉള്ളിൽ മരിച്ചുപോയിരുന്നു. കർത്താവായ ഈശോയെ നിന്റെ ജീവിതവും, ഈ ഭൂമിയിൽ കുരിശിൽ അവസാനിച്ചുവല്ലോ. ഞങ്ങളുടെ വീഴ്ചകൾ വഴിയായി വന്നുപോയ പരിഭ്രാന്തി ഞങ്ങളെ അലട്ടുന്നു. തങ്ങളുടെ ചിന്താധാരണികളിൽ ഒതുങ്ങിക്കഴിഞ്ഞുകൊണ്ട് ചെയ്തുപോയ പാതകങ്ങൾ മനസിലാക്കാതെ പോകുന്ന എല്ലാവരെയും അങ്ങേ സന്നിധിയിലേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.
പ്രാർത്ഥിക്കാം;
ദൈവമേ, മനുഷ്യരാശിയെ വീഴ്ചകളിൽ നിന്നും വീണ്ടെടുക്കുന്നവനെ ഞങ്ങളുടെ കുറവുകളിൽ ഞങ്ങളെ സഹായിക്കുകയും, ഓരോ ദിവസവും അങ്ങേ സ്നേഹത്തിന്റെ അടയാളങ്ങളെ ധ്യാനിക്കാനുമുള്ള കൃപ തരണമേ. ആമേൻ.
നാലാം സ്ഥലം
ഈശോ തന്റെ മാതാവിനെ കാണുന്നു
(തടവറയിൽ കഴിയുന്ന ഒരാളുടെ ‘അമ്മ നൽകുന്ന ധ്യാന ചിന്തകൾ)
യോഹന്നാൻ 19:25-27
എന്റെ മകന്റെ ശിക്ഷാവിധിയിൽ അവനെ ഉപേക്ഷിക്കാനുള്ള പ്രലോഭനം ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. അറസ്റ്റുചെയ്ത ദിവസം, ഞങ്ങളുടെ ജീവിതം മുഴുവൻ മാറി: കുടുംബം മുഴുവൻ അവനോടൊപ്പം ജയിലിൽ പ്രവേശിച്ചു. മൂർച്ചയുള്ള കത്തിപോലെ ജനങ്ങളുടെ വിധിയെഴുത്ത് ഇന്നും ഞങ്ങൾക്ക് നേരെ നിൽക്കുന്നു. അവരുടെ ചൂണ്ടു വിരലുകൾ ഹൃദയത്തിൽ പേറുന്ന വേദനയുടെ ഭാരം കൂട്ടുകയാണ്. ശ്വാസം പോലും നിന്ന് പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ. ദിവസങ്ങൾ കഴിയുന്തോറും മുറിവുകൾ ഏറി വരികയാണ്.
മാതാവിന്റെ സാമീപ്യമാണ് നിരാശക്കടിമപ്പെടാതെ, തിന്മകൾക്ക് വശംവദയാകാതെ എന്റെ മകനെ അവൾക്ക് സമർപ്പിക്കാൻ എനിക്ക് ധൈര്യം നൽകിയത്. പരിശുദ്ധമറിയത്തിന് മാത്രമാണ് എന്റെ ‘ഭയം’ കാണാൻ കഴിയുക. കാരണം ഈ ഭയം കാൽവരി യാത്രക്കിടയിൽ അവളും അനുഭവിച്ചതാണ്. മനുഷ്യന്റെ തിന്മയുടെ കരാള ഹസ്തങ്ങളിൽ തന്റെ മകൻ ഞെരിഞ്ഞമരുമെന്ന് അറിയാമായിരുന്നിട്ടും അവൾ അവനെ ഉപേക്ഷിച്ചില്ല. അവന്റെ വേദന പങ്കിടുവാനും, സാന്നിധ്യം കൊണ്ട് തന്റെ കുഞ്ഞിന് ധൈര്യം കൊടുക്കാനും, സ്നേഹത്തിന്റെ കൺചിമിളകൾക്കുള്ളിൽ കുഞ്ഞിനെ നോക്കികൊണ്ട് മാതാവ് നിന്നപോലെ ഞാനും എന്റെ മകന്റെ കൂടെ നില്ക്കാൻ ആഗ്രഹിക്കുന്നു.
ഞാൻ എന്റെ മകന്റെ കുറ്റം ഏറ്റെടുത്ത്, ഉത്തരവാദിത്വത്തോടെ ക്ഷമ ചോദിക്കുന്നു. ഒരു ‘അമ്മ’ എന്ന നിലയിൽ മാത്രം നിങ്ങളുടെ കരുണ ഞാൻ തേടുന്നു. സ്നേഹിക്കുന്ന ഒരു മനുഷ്യനായി എന്റെ കുഞ്ഞു തിരികെ ഒരു ദിവസം വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.
പ്രാർത്ഥന;
കർത്താവായ യേശുവേ, കുരിശിന്റെ വഴിയിൽ അമ്മയുമായുള്ള നിന്റെ കൂടിക്കാഴ്ച ഒരുപക്ഷേ ഏറ്റവും ചലനാത്മകവും വേദനാജനകവുമാണ്. നിന്റെയും അമ്മയുടെയും നോട്ടത്തിനിടയിൽ, പ്രിയപ്പെട്ടവരുടെ വിധിയിൽ ഹൃദയവേദനയും നിസ്സഹായതയും അനുഭവിക്കുന്ന എല്ലാ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞങ്ങൾ സമർപ്പിക്കുന്നു. ആമേൻ.
അഞ്ചാം സ്ഥലം
കൗറീൻകാരൻ ഈശോയെ സഹായിക്കുന്നു
(തടവറയിലുള്ള ഒരാൾ നൽകുന്ന ധ്യാനചിന്തകൾ)
ലൂക്കാ 23:26
എന്റെ ജോലിയിലൂടെ പല തലമുറകളെ നട്ടെല്ലുയർത്തി നേരെ നടക്കാൻ ഞാൻ സഹായിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ എന്നെ തന്നെ നിലത്തു കണ്ടെത്തി. ചെയ്തതെല്ലാം പ്രഹരിക്കപ്പെട്ട അവസ്ഥ. എന്റെ ജോലി എന്റെ അപകീർത്തികരമായ ശിക്ഷക്കുള്ള സാഹചര്യങ്ങൾ ഒരുക്കി. അങ്ങനെ ഞാൻ ജയിലിലായി. എനിക്ക് എന്റെ പേര് നഷ്ടപ്പെടുകയും, വഴിതെറ്റിയവനായി മുദ്ര കുത്തപ്പെടുകയും ചെയ്തു. എന്റെ ജീവന്റെ യജമാനത്വം പോലും എനിക്ക് നഷ്ട്ടപ്പെട്ട അവസ്ഥ. എല്ലാവരും വിധിക്കുന്ന കണ്ണുകളോടെ എന്നെ കാണാൻ തുടങ്ങി. ജീവിതയാത്രയിലെ രണ്ട് മുഖങ്ങൾ എനിക്ക് ഓർമ്മ വരുന്നു: മുഷിഞ്ഞ നനവ് പറ്റിയ പഴയ വസ്ത്രങ്ങളും, കീറിയ ഷൂസുമൊക്കെ ഇട്ട് നിൽക്കുന്ന ഒരു കുട്ടി. അത് ഞാൻ തന്നെയാണ്, പഴയകാല ഓർമകൾ. പിന്നീട് ഒരു ദിവസം അറസ്റ്റ്, യൂണിഫോമിലുള്ള മൂന്ന് ആളുകൾ കഠിനമായ പ്രോട്ടോകോൾ കോൺക്രീറ്റുകൾക്കിടയിൽ എന്നെ വിഴുങ്ങാൻ പാകത്തിനുള്ള ജയിലറകൾ.
എന്റെ തോളിലുള്ള കുരിശിന്റെ ഭാരം വളരെ വലുതാണ്. കാലം കഴിയുന്തോറും അത് വഹിക്കാൻ ഞാൻ പഠിച്ചു, പേരിട്ടു പോലും എന്റെ കുരിശിനോട് ഞാൻ രാത്രികളിൽ സംസാരിച്ചിരുന്നു. ഈ ജയിലുകൾക്കുള്ളിൽ കൗറീൻകാരനായ ശിമയോനെ എല്ലാവർക്കുമറിയാം. വോളന്റിയേഴ്‌സ് ആയി വരുന്നവർക്ക് ഞങ്ങൾ നൽകുന്ന പേരാണിത്. ഞങ്ങളുടെ കുരിശു താങ്ങാൻ അവർ ഞങ്ങളെ സഹായിച്ചിരുന്നു. പ്രത്യേകമായും മനസാക്ഷിയുടെ കുരിശുഭാരം പങ്കുവെയ്ക്കാൻ അവർ ഞങ്ങളോടൊപ്പം തങ്ങിയിരുന്നു. എന്നോടൊപ്പം ജയിൽ മുറിയിൽ ഉണ്ടായിരുന്ന ഒരാളാണ് മറ്റൊരു ശിമയോൻ. ആദ്യരാത്രിയിൽ തന്നെ ഞങ്ങൾ പരിചയപ്പെട്ടു. ആരോടും പ്രത്യേക വാത്സല്യങ്ങളില്ലാതെ, ഒരേ ബെഞ്ചിൽ നിരവധി വർഷങ്ങൾ ചിലവഴിച്ച ഒരു വ്യക്തി. ഏക സമ്പാദ്യമെന്നു പറയാൻ തനിക്ക് പ്രിയപ്പെട്ട മധുരം ചേർത്ത കേക്ക് കഷണങ്ങൾ മാത്രം. എന്റെ ഭാര്യ എന്നെ കാണാൻ വന്നപ്പോൾ തന്റെ കൈയിൽ നിന്നും കേക്ക് കഷണത്തിലൊന്ന് അവൾക്ക് വച്ച് നീട്ടിയപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നതും ഞാൻ ശ്രദ്ധിച്ചു. എനിക്ക് പ്രായമായി വരികയാണ്. എന്നാൽ ഒരു ദിവസം മറ്റുള്ളവർക്ക് വിശ്വസ്തനായി തിരികെ പോയി മറ്റൊരു കൗറീൻകാരനായി ജീവിക്കാനാണ് ഇപ്പോൾ ആഗ്രഹം .
ഈശോയെ, നിന്റെ ജനനം മുതൽ കുരിശുയാത്രയിൽ നിന്നെ സഹായിച്ച അപരിചിതൻ വരെയുള്ള നിമിഷങ്ങളിൽ ഞങ്ങളുടെ സഹായം നീ ആഗ്രഹിച്ചുവല്ലോ. ഞങ്ങളും കൗറീൻകാരനെ പോലെ മറ്റുള്ളവർക്ക് അയൽക്കാരനാകുവാനും, പിതാവിന്റെ കരുണയിൽ മറ്റുള്ളവരുടെ നുകം വഹിക്കാനും ആഗ്രഹിക്കുന്നു.
പ്രാർത്ഥിക്കാം;
ദൈവമേ, പാവങ്ങളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും രക്ഷകനും ആശ്വാസദായകനുമേ, നിന്റെ സ്നേഹത്തിന്റെ മധുരമുള്ള നുകം വഹിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ.
ആറാം സ്ഥലം
വെറോണിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു
(ഒരു മതാധ്യാപികയുടെ ധ്യാനചിന്തകൾ)
സങ്കീ. 27:8 -9
ഒരു മതാധ്യാപികയെന്ന നിലയിൽ ധാരാളം ആളുകളുടെ കണ്ണീരൊപ്പാൻ സാധിക്കുന്നു. പലപ്പോഴും ഹൃദയങ്ങളിൽനിന്നുള്ള ഈ കണ്ണുനീർ ഒഴുകാൻ ഞാൻ അനുവദിക്കാറുണ്ട്. നിരവധി തവണ ജയിലിന്റെ ഇരുട്ടറക്കുള്ളിൽ നിരാശയുടെ പിടിയിൽ കഴിയുന്ന ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കലും അവസാനിക്കാത്ത കുറ്റബോധത്തിന്റെ ശരശയ്യയിൽ കഴിയുന്ന സഹോദരങ്ങൾ. ഈ കണ്ണീരിൽ പലപ്പോഴും തോൽവിയുടെ, ഏകാന്തന്തയുടെ, പശ്ചാത്താപത്തിന്റെയൊക്കെ ഉപ്പുരസം കലർന്നിട്ടുണ്ട്. പലപ്പോഴും ജയിലുകൾക്കുള്ളിലെ ആളുകളുടെ കണ്ണീർ, എനിക്ക് പകരം ഈശോ എങ്ങനെയാ ഒപ്പുകയെന്ന് ചിന്തിച്ചിട്ടുണ്ട്.
തിന്മയ്ക്ക് വശംവദരായ ഈ മനുഷ്യരുടെ വേദന എങ്ങനെ അവൻ ശമിപ്പിക്കും? മനുഷ്യന്റെ യുക്തിക്കുമപ്പുറമാണ് ഇതിനുള്ള പോംവഴികൾ. ഭയം കൂടാതെ അവന്റെ പാടുകൾ നിറഞ്ഞ വഴികളിലൂടെ സഞ്ചരിക്കാൻ അവനെന്നെ പ്രേരിപ്പിക്കുന്നു. നീ അടുത്തിരിക്കുക, അവരുടെ നിശബ്ദതയിൽ, അവരുടെ വേദനകൾക്ക് കാതോർത്തുകൊണ്ട്, മുൻവിധികളില്ലാതെ അവരെ നോക്കികൊണ്ട്. നമ്മുടെ ബലഹീനതകൾക്കും കുറവുകൾക്കും അപ്പുറം, ക്രിസ്തുവിന്റെ സ്നേഹമുള്ള കണ്ണുകൾ നമ്മെ തിരയുന്നതുപോലെ. ഓരോ മനുഷ്യനും, ജയിലിന്റെ ഉള്ളറകളിൽ ഏകനായി ഇരിക്കുമ്പോഴും, കൃപയുടെ നിറവിൽനിന്നും പുതിയ മനുഷ്യനാകാനുള്ള വിളി ഈശോ നൽകുന്നുണ്ട്… വിധിക്കാതെ ജീവന്റെയും പ്രത്യാശയുടെയും വഴി കാണിച്ചുകൊണ്ട്. ഇപ്രകാരം താഴെ വീണ കണ്ണുനീർ സൗന്ദര്യത്തിന്റെ പുതു നാമ്പുകൾ അണിയണം.
ഈശോ നാഥാ, വെറോണിക്കക്ക് നിന്നെ കണ്ടു മനസലിഞ്ഞുവല്ലോ… സഹിക്കുന്നവന്റെ മുഖം തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞുവല്ലോ… മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കുന്നവരെ എല്ലാവരേയും നിന്റെ സന്നിധിയിൽ ഞങ്ങൾ സമർപ്പിക്കുന്നു.
പ്രാർത്ഥിക്കാം;
യഥാർത്ഥ പ്രകാശവും ഉറവിടവുമായവനെ, ഞങ്ങളുടെ ബലഹീനതകളിൽ നിന്റെ സ്നേഹത്തിന്റെ അനശ്വരത നീ വെളിപ്പെടുത്തണമേ, നിന്റെ മുഖത്തിന്റെ മായാത്ത മുദ്ര ഞങ്ങയുടെ ഹൃദയങ്ങളിൽ പതിപ്പിക്കണമെ, അതുവഴി മറ്റുള്ളവരുടെ വേദനകളിൽ നിന്നെ ഞങ്ങൾ തിരിച്ചറിയട്ടെ. ആമേൻ.
ഏഴാം സ്ഥലം
ഈശോ രണ്ടാം പ്രാവശ്യം വീഴുന്നു
(തടവറയിൽ കഴിയുന്ന ഒരാളുടെ ധ്യാന ചിന്തകൾ)
ലൂക്കാ 23:34
ചെറുപ്പത്തിൽ ഞാൻ ജയിലിനു മുൻപിലൂടെ നടന്നു പോകുമ്പോൾ, പുച്ഛത്തോടെ മുഖം തിരിച്ചിട്ട് എന്നോട് തന്നെ പറയുമായിരുന്നു “ഒരിക്കലും ഇതിനുള്ളിലേക്ക് ഞാൻ വരില്ല എന്ന്”. ജയിലിനുള്ളിൽ കഴിയുന്നവരുടെ മുഖം പോലും എന്നിൽ ഇരുട്ടിന്റെയും ദുഖത്തിന്റെയും അന്തരീക്ഷമാണ് തന്നിരുന്നത്. സെമിത്തേരിക്ക് മുന്നിലൂടെ കടന്നുപോകുന്നതുപോലെയുള്ള അനുഭവം. പക്ഷെ, ഒരു നാൾ ഞാനും എന്റെ സഹോദരനോടൊപ്പം ഈ ജയിലിനുള്ളിലേക്ക് തള്ളപ്പെട്ടു. പക്ഷെ അവിടെയും അവസാനിച്ചില്ല, എന്റെ മാതാപിതാക്കളെ കൂടിയും ഈ ജയിലിലേക്ക് ഞാൻ എത്തിച്ചു. അങ്ങനെ ജയിലിന്റെ നാലു ചുവരുകൾ എന്റെ വീടായി മാറിയ ദുരന്താനുഭവം. ഒരു അറക്കുള്ളിൽ ഞങ്ങൾ ആണുങ്ങളും മറ്റൊന്നിൽ എന്റെ അമ്മയും. അവരെ നോക്കുമ്പോൾ എന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ ലജ്ജ. ഞാൻ കാരണം ഈ വാർധക്യത്തിൽ പോലും എന്റെ മാതാപിതാക്കൾ അനുഭവിക്കുന്ന ദുരന്തം. ഞാൻ ഒരു മനുഷ്യനല്ല.
രണ്ടു തവണ ഞാൻ ജീവിതത്തിൽ വീണു പോയി. ആദ്യം ജീവിതത്തിൽ കൗതുകം മൂത്ത് ലഹരിക്കടിമപ്പെട്ട നാളുകൾ. പിന്നീടത് ഒരു ബിസിനസായി മാറി. നടുവൊടിഞ്ഞു അപ്പനോടൊപ്പം പണിചെയ്തിരുന്ന എന്റെ ഉള്ളിൽ, എളുപ്പത്തിൽ പണക്കാരനാകാനുള്ള മോഹം കൊണ്ടെത്തിച്ചത് ലഹരി വില്പനയിൽ, രണ്ടാമത്തെ വീഴ്ച. കുടുംബത്തെ വഴിയാധാരമാക്കിയ ഞാൻ എന്നോട് തന്നെ ചോദിച്ചു: “എനിക്ക് വേണ്ടി ക്രിസ്തു മരിക്കാൻ മാത്രം ഞാൻ ആരാണ്?” ഇതിനവൻ നൽകിയ മറുപടി കുരിശിൽ കിടന്നു പിതാവിനോട് പറഞ്ഞ പ്രാർത്ഥനയാണ്: “പിതാവേ അവർ ചെയ്യുന്നത് എന്താണെന്ന് അവരറിയുന്നില്ല അവരോട് പൊറുക്കേണമേ”. എന്റെ അമ്മയുടെ കണ്ണുകളിൽ ഈശോയുടെ ഈ വചനങ്ങൾ ഞാൻ കണ്ടു. കുടുംബത്തിലെ എല്ലാവരുടെയും മാനഭംഗം അവളും ഞങ്ങളോടൊപ്പം ഏറ്റെടുത്തു.
ഇന്ന് ഞാൻ എന്റെ തെറ്റ് തിരിച്ചറിയുന്നു. അന്ന് ഞാൻ ചെയ്തിരുന്നത് എന്റെ അബോധാവസ്ഥയിൽ ആയിരുന്നു. ഇന്ന് ദൈവത്തിന്റെ സഹായം കൊണ്ട് വീണ്ടും എന്റെ ജീവിതം കരുപ്പിടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒപ്പം എന്റെ മാതാപിതാക്കളുടെയും. എന്റെ ജീവിതം തെരുവിൽ അവസാനിക്കാൻ പാടില്ല എന്നത് എന്റെ മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. എന്റെ കുരിശിന്റെ വഴിയും, ഈ തിന്മ നിറഞ്ഞ ജീവിതത്തിൽ നിന്നുള്ള ഒരു തിരിച്ചു വരവാണ്.
ഈശോയെ, ഇതാ എന്റെ തിന്മകളാൽ, ഭയത്താൽ നീ വീണ്ടും മുഖം കുത്തി നിലത്തു വീഴുന്നുവല്ലോ. സാത്താന്റെ കുതന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കാതിരിക്കുന്ന എല്ലാവർക്കുവേണ്ടിയും വിശ്വാസത്തോടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പ്രാർത്ഥിക്കാം;
ഓ ദൈവമേ, മരണത്തിന്റെ നിഴലിലേക്ക് ഞങ്ങളെ തള്ളിവിടരുതേ. ഞങ്ങളുടെ ബലഹീനതകൾ പരിഗണിച്ച്, നിന്റെ ശക്തിയിൽ ഞങ്ങളെ എല്ലാവിധ തിന്മകളിൽ നിന്നും രക്ഷിക്കണമേ. അങ്ങനെ നിന്റെ കരുണയുടെ സങ്കീർത്തനം എന്നെന്നും പാടാൻ ഞങ്ങൾക്കിടയാവട്ടെ. ആമേൻ.
എട്ടാം സ്ഥലം
ഈശോ ജെറുസലേം സ്ത്രീകളെ കാണുന്നു
(ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെ മകളുടെ ധ്യാന ചിന്തകൾ)
ലൂക്കാ 23:27-30
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയുടെ മകളെന്ന നിലയിൽ, നിരവധി തവണ ഞാൻ കേട്ടിട്ടുള്ള ഒരു ചോദ്യമാണ്: “നീ ഇപ്പോഴും അപ്പനെ സ്നേഹിക്കുന്നുണ്ടോ? അപ്പൻ ഉപദ്രവിച്ച കുടുംബത്തിന്റെ വേദന ഓർക്കാറില്ലേ?” എന്നൊക്കെ. ഈ നീണ്ട വർഷങ്ങളിൽ ഒരിക്കൽ പോലും ഞാൻ എന്റെ അപ്പനെയും, വേദനിക്കുന്ന ആ കുടുംബങ്ങളെയും ഓർക്കാതിരുന്നിട്ടില്ല. എന്നാൽ, ഞാനും ഒരു ചോദ്യം ചോദിക്കട്ടെ: “അപ്പന്റെ ഈ ക്രൂരകൃത്യങ്ങൾക്കെല്ലാം ആദ്യം ബലിയാടായത് ഞാനാണെന്ന് എപ്പോഴെങ്കിലും നിങ്ങളിൽ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” ഇരുപത്തിയെട്ട് വർഷങ്ങളായി അപ്പനില്ലാതെ വളരാൻ വിധിക്കപ്പെട്ടതാണ് എന്റെ ഈ ജീവിതം. ഈ വർഷങ്ങളിലെല്ലാം ഞാൻ ജീവിച്ചത് ദേഷ്യവും, അസ്വസ്ഥതയും, ദുഃഖവുമെല്ലാം ഉള്ളിൽ പേറിയാണ്. അപ്പനില്ലാത്ത അവസ്ഥ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എന്റെ ചെറുപ്പത്തിൽ ഇറ്റലിയുടെ വടക്കു-തെക്കു ഞാൻ സഞ്ചരിച്ചിട്ടുണ്ട്. അത് ഭംഗി ആസ്വദിക്കാനല്ല, മറിച്ച് ജയിലുകളിൽ നിന്നും ജയിലുകളിലേക്ക് എന്റെ അപ്പനോടൊപ്പമുള്ള യാത്രകൾ. ടെലിമാകോ തന്റെ അപ്പനായ യൂലിസ്സിനെ തേടി ജയിലുകൾ തോറും അലഞ്ഞത് പോലെ.
വർഷങ്ങളായി ജീവപര്യന്ത തടവുകാരനായി വിധിക്കപ്പെട്ട അപ്പന്റെ മകളെന്ന നിലയിൽ, സ്നേഹത്തിന്റെ ലോകം എനിക്ക് അന്യമാണ്. കടുത്ത നിരാശയിലേക്ക് എന്റെ അമ്മ വഴുതിവീണു, കുടുംബം പോലും നശിച്ചുപോയ അവസ്ഥ. എനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ എന്റെ കുടുംബത്തെ പോറ്റേണ്ട ഭാരവും ഈ കുഞ്ഞു തോളിലായി. ബാല്യമെന്തെന്നു പോലും ഞാൻ അറിഞ്ഞിട്ടില്ല. കുരിശിന്റെ വഴിയിലൂടെയുള്ള നീണ്ട യാത്ര. എന്റെ വിവാഹ സമയത്ത് എന്റെ അപ്പൻ അരികിലുണ്ടാകാൻ ഞാൻ ആഗ്രഹിച്ചെങ്കിലും അതും നടന്നില്ല. കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകാൻ മാതാപിതാക്കൾ ക്ഷമയോടെ കാത്തിരിക്കുന്നതുപോലെ, ഇന്ന് എന്റെ അപ്പന്റെ തിരിച്ചു വരവിനായി ഞാനും കാത്തിരിക്കുകയാണ്…
ഈശോയെ, ജെറുസലേം സ്ത്രീകൾക്ക് നീ നൽകിയ മുന്നറിയിപ്പ് ഞങ്ങളുടെ ജീവിതത്തിലും സ്വീകരിക്കാൻ ഞങ്ങളെ സഹായിക്കേണമേ. വൈകാരികതയിൽ നിന്നും ദൈവ വചനത്തിൽ അടിയുറച്ച വിശ്വാസത്തിലേക്ക് നീ ഞങ്ങളെ വിളിച്ചിരിക്കുന്നുവല്ലോ. നാണക്കേടിന്റെ തീരത്തുകഴിയുന്നവർ, ഒറ്റപ്പെടലിന്റെ വേദനയിൽ ആയിരിക്കുന്നവർ, ശൂന്യതയിൽ ആയിരിക്കുന്നവർ എല്ലാവരെയും നിന്റെ സന്നിധിയിൽ സമർപ്പിക്കുന്നു. അപ്പന്റെ കുറ്റം മക്കളുടെ തലയിൽ വീണ് വിഷമിക്കുന്നവരെയും ഞങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
പ്രാർത്ഥിക്കാം;
ദൈവമേ, നന്മകളുടെ ഉറവിടമേ, ജീവിത പരീക്ഷണങ്ങളിൽ ഞങ്ങളെ ഉപേക്ഷിക്കരുതേ. നിന്റെ സ്നേഹത്തിൽ ആശ്രയിക്കാനും, നിന്റെ ആശ്വാസം തേടുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യവും വാഴുന്ന സർവ്വേശ്വരാ, ആമേൻ.
ഒൻപതാം സ്ഥലം
ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
(തടവറയിൽ കഴിയുന്ന ഒരാളുടെ ധ്യാന ചിന്തകൾ)
വിലാപങ്ങൾ 3:27-32
വീണുപോകുന്നത് സന്തോഷമുള്ള കാര്യമല്ല. എന്നാൽ ജീവിതത്തിൽ പല തവണ വീണുപോകുമ്പോൾ എഴുന്നേൽക്കാൻ പോലുമുള്ള ശക്തി നമ്മിൽ ക്ഷയിച്ചുപോകുന്നു. എന്റെ മാനുഷിക ജീവിതത്തിൽ ഞാൻ വീണുപോയി, ഒന്നല്ല പലവട്ടം. ജയിലിൽ വച്ച്, ഒരു കുഞ്ഞ് നടക്കാൻ പഠിക്കുന്നതിനു മുൻപ് വീഴുന്നത് പോലെ. എന്റെ വീഴ്ചകളെ പറ്റിയും ഞാൻ ആലോചിട്ടുണ്ട്. ചെറുപ്പം മുതലേ എന്റെ വീടിനുള്ളിൽ ജയിലിന്റെ അനുഭവം, ശിക്ഷയുടെ വേദനകൾ. മുതിർന്നവരുടെ സങ്കടം പോലും ഞാൻ ലാഘവബുദ്ധിയോടെയേ പരിഗണിച്ചിരുന്നുള്ളൂ. സിസ്റ്റെർ ഗബ്രിയേല; ആ വർഷങ്ങളിൽ സന്തോഷത്തിന്റെ അല്പമെങ്കിലും സുഖം തന്നിരുന്നത് സിസ്റ്ററിന്റെ സന്ദർശനങ്ങളാണ്. പത്രോസിനെ പോലെ എന്റെ തെറ്റുകൾക്ക് എപ്പോഴും ഒഴിവുകഴിവുകൾ ഞാൻ തേടിയിരുന്നു. എങ്കിലും നന്മയുടെ ഒരു തരി എന്റെ ഉള്ളിൽ ജ്വലിച്ചിരുന്നു.
ജയിലിൽ വച്ചാണ് ഞാൻ വല്യപ്പനായത്. എന്റെ മകളുടെ പ്രസവ സമയത്ത് പോലും അവിടെ ആയിരിക്കാൻ എനിക്ക് സാധിച്ചില്ല .എങ്കിലും ഒരു ദിവസം എന്റെ കൊച്ചുമകളോട്, ഞാൻ കണ്ടെത്തിയ നന്മയെ പറ്റി പറഞ്ഞുകൊടുക്കും – വീണുകിടന്ന എന്നെ താങ്ങിയെടുത്ത കർത്താവിന്റെ കരുണയെപ്പറ്റി. ജയിലിൽ ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുമ്പോൾ, നൈരാശ്യതയുടെ പടുകുഴിയിലേക്ക് തള്ളപ്പെടുന്നു. വേദനയിൽ ഈ ലോകത്തിൽ ഏകനായെന്നുള്ള ചിന്തയാണ് നമ്മെ തകർത്തു കളയുന്നത്. എന്നാൽ, പലതായി ചിന്നിക്കപ്പെട്ട ജീവിതത്തെ വീണ്ടും കരുപ്പിടിപ്പിക്കാൻ നമുക്ക് സാധിക്കുമെന്നുള്ള ആത്മവിശ്വാസം നമുക്ക് ബലം നൽകും.
കർത്താവായ യേശുവേ, നീയും മൂന്ന് തവണ നിലത്തു വീണു, എല്ലാവരും കരുതി ഇത് അവസാനമാണെന്ന്. എന്നാൽ, നീ വീണ്ടും എഴുന്നേറ്റുവല്ലോ. ഞങ്ങൾ ആത്മവിശ്വാസത്തോടെ നിന്റെ പിതാവിന്റെ കൈകളിൽ, തെറ്റുകളുടെ അഗാധതയിൽ തടവിലാക്കപ്പെട്ടവരെ ഏൽപ്പിക്കുന്നു. എഴുന്നേൽക്കാൻ അവർക്ക് ശക്തിയും ധൈര്യവും പ്രദാനം ചെയ്യണമേ.
പ്രാർത്ഥിക്കാം;
ദൈവമേ, പ്രത്യാശിക്കുന്നവരുടെ ശക്തിയേ, നിന്റെ കല്പനകൾ പാലിച്ച്, സമാധാനത്തിലേക്ക് തിരിച്ചു വരുവാൻ ആഗ്രഹിക്കുന്നവരെ സഹായിക്കണമേ. അവിശ്വസ്തതയുടെ വീഴ്ച്ചകളിൽനിന്നും അവരെ താങ്ങി എഴുന്നേൽപ്പിക്കണമേ. അവരുടെ മുറിവുകളിലേക്ക് നിന്റെ ആശ്വാസത്തിന്റെ എണ്ണയും, പ്രത്യാശയുടെ വീഞ്ഞും പകരണമേ. നിത്യം വാഴുന്ന സർവ്വേശ്വരാ, ആമേൻ.
പത്താം സ്ഥലം
ഈശോയുടെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെടുന്നു
(ഒരു ജയിൽ അധ്യാപികയുടെ ധ്യാന ചിന്തകൾ)
വി.യോഹന്നാൻ 19:23-24
ഒരു അദ്ധ്യാപിക എന്ന നിലയിൽ, ജയിലിനുള്ളിൽ പ്രവേശിക്കപ്പെടുന്ന ഓരോ വ്യക്തിയെയും ഞാൻ കാണുന്നത് അവകാശങ്ങളെല്ലാം ഉരിഞ്ഞുമാറ്റപ്പെട്ട അവസ്ഥയിലാണ്. ചെയ്തുപോയ പാതകങ്ങൾക്ക് വിലയായി അന്തസ്സും, ബഹുമാനവും പോലും വിലക്കപ്പെട്ട ജീവിതത്തിന്റെ മുഖം. ദിവസം ചെല്ലുംതോറും വ്യക്തിയുടെ സ്വയം ഭരണത്തിന് പോലും വികല്പം സൃഷ്ടിക്കപ്പെടുന്നു. എഴുത്ത് എഴുതാൻ പോലും എന്റെ സഹായം തേടാറുണ്ട് അവരിൽ പലരും. ഇവരാണ് എനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നവർ. നിസ്സഹായരായ പുരുഷന്മാർ, അവരുടെ ദുർബലതയിൽ പ്രകോപിതരാകുന്നു. പലപ്പോഴും ചെയ്ത തിന്മ മനസ്സിലാക്കാൻ ആവശ്യമായത് പോലും അവഗണിക്കപ്പെടുന്നു. ചില നേരങ്ങളിൽ പ്രസവിച്ചു വീഴുന്ന കുഞ്ഞിന്റെ അവസ്ഥയാണ് ചിലർക്കെങ്കിലും. എന്നാൽ മറ്റൊരു ദിശയിൽ അവർക്ക് ജീവിതങ്ങളെ കരുപ്പിടിപ്പിക്കാൻ സാധിക്കും.
എന്നിരുന്നാലും, എന്റെ ശക്തി അനുദിനം മങ്ങുകയാണ്. കോപം, വേദന, തിന്മയുടെ കുതിച്ചുചാട്ടം എന്നിവയാൽ ലോകം മുങ്ങിപോകുന്നതുപോലെ. എന്റെ അമ്മയുടെ അപ്രതീക്ഷിതമായ മരണത്തിന് ശേഷമാണ് ഞാൻ ഈ ജോലി തിരഞ്ഞെടുത്തത്. മയക്കുമരുന്നിനടിമയായ ഒരു യുവാവ് മൂലമുണ്ടായ ഒരപകടം. പക്ഷെ, ഈ ദുരന്തത്തോട് ഹൃദ്യമായ രീതിയിൽ പ്രതികരിക്കാനാണ് ഞാൻ ഈ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ജോലി ചെയ്യാൻ താല്പര്യം ഉണ്ടെങ്കിലും, ചിലപ്പോഴെങ്കിലും പച്ചയായ യാഥാർഥ്യങ്ങൾ കാണുമ്പോൾ എന്റെ ബലം ചോർന്നു പോകുന്നു. ഈ സേവനപാതയിൽ ഒറ്റപ്പെടലിന്റെ മൂകതയിൽ ഞാൻ ആയിരിക്കാൻ പാടില്ല. കാരണം, എല്ലാം നഷ്ടപ്പെട്ടുവെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് എന്നിൽ ഭരമേല്പിച്ചിരിക്കുന്നത്.
ഈശോയെ, നിന്നെ വസ്ത്രവിവശനായി നാണക്കേടിന്റെ മുൾമുനയിൽ നിർത്തിയപ്പോൾ, സത്യത്തിനു മുൻപിൽ തുണിയുരിക്കപ്പെടേണ്ടി വരുന്ന എല്ലാവരെയും ഞങ്ങൾ ഓർക്കുന്നു. പലപ്പോഴും മറ്റുള്ളവരുടെ പ്രശംസക്കുവേണ്ടി മുഖംമൂടി അണിയുന്നവരാണ് ഞങ്ങൾ. പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ. ഞങ്ങളോട് കരുണ തോന്നണമേ. സത്യവും, നീതിയും, സുതാര്യതയും ജീവിതത്തിൽ പ്രദാനം ചെയ്യണമേ.
പ്രാർത്ഥിക്കാം;
ദൈവമേ, നിന്റെ സത്യത്തിൽ ഞങ്ങളെ സ്വതന്ത്രരാക്കേണമേ. പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി, നിന്റെ പ്രകാശത്താൽ ലോകത്തിനു വെളിച്ചം നൽകുന്ന, പുതിയ മനുഷ്യരാക്കി ഞങ്ങളെ മാറ്റണമേ. ആമേൻ.
പതിനൊന്നാം സ്ഥലം
ഈശോ കുരിശിൽ തറക്കപ്പെടുന്നു
(കുറ്റവിമുക്തനാക്കപ്പെട്ട ഒരു വൈദികൻ)
ലൂക്കാ 23:33-43
ഈശോ കുരിശിൽ തറയ്ക്കപ്പെടുന്നു. എത്രയോ തവണ ഈ വചനം എന്റെ വൈദിക ജീവിതത്തിൽ ഞാൻ ധ്യാനിച്ചിരിക്കുന്നു. പിന്നീടൊരുദിവസം, ഞാൻ തന്നെ ഈ കുരിശിൽ തറയ്ക്കപ്പെട്ടു. അന്നാണ് ആദ്യമായി കുരിശിന്റെ ഭാരം എന്റെ ജീവിതത്തിൽ ഞാൻ മനസിലാക്കിയത്. എനിക്കെതിരായി ഉയർന്ന ഓരോ വാക്കുകളും, ആണികളാൽ മുറിവേൽക്കപ്പെട്ടവന്റെ വേദനയായിരുന്നു. എന്റെ ശരീരത്തിലേറ്റ ഓരോ അടികളുടെയും വേദന ഞാൻ മനസിലാക്കി. കോടതിക്ക് വെളിയിൽ എന്റെ പേര് കുറ്റവാളികളുടെ നിരയിൽ എഴുതപ്പെട്ടത് കണ്ടപ്പോൾ, എന്റെ ചങ്ക് തകർന്നു പോയി. സാധാരണ ഒരു മനുഷ്യന്റെ പരിതാപകരമായ അവസ്ഥ. പക്ഷെ, എന്റെ നിഷ്കളങ്കത എനിക്ക് തെളിയിക്കണമായിരുന്നു. നീണ്ട പത്ത് വർഷങ്ങൾ ഈ കുരിശിൽ ഞാൻ തൂക്കപ്പെട്ടു. എന്റെ കുരിശിന്റെ വഴി… ആരോപണങ്ങൾ, അപമാനങ്ങൾ, തെളിവുകൾ, കള്ള സാക്ഷ്യങ്ങൾ ഇവയുടെയെല്ലാം മദ്ധ്യേ സഞ്ചരിച്ച നീണ്ട കുരിശിന്റെ യാത്ര. ഓരോ തവണയും കോടതി മുറിയിൽ എന്റെ കേസ് വിസ്താരം നടക്കുമ്പോൾ, എന്റെ കണ്ണുകൾ ആദ്യം തിരയുക കോടതി ഭിത്തിയിൽ തൂക്കിയിരിക്കുന്ന കുരിശു രൂപമായിരുന്നു.
അപമാനഭാരം തുടക്കത്തിൽ എന്റെ ജീവിതത്തെ പിടിച്ചുകുലുക്കിയെങ്കിലും, പിന്നീട് ഞാൻ ആയിരുന്ന വൈദിക വൃത്തിയിൽ തന്നെ തുടരുവാൻ ഞാൻ തീരുമാനിച്ചു. എന്റെ കുരിശിനെ ഒഴിവുകഴിവുകളാൽ ഞാൻ ഒരിക്കൽ പോലും മാറ്റിയിരുന്നില്ല. സാധാരണ വിധിക്കു വേണ്ടി ഞാൻ കാത്തിരുന്നു. കാരണം, എന്റെ സെമിനാരി വിദ്യാർത്ഥികളോടും, അവരുടെ കുടുംബങ്ങളോടും എന്റെ നിഷ്കളങ്കത എനിക്ക് വെളിപ്പെടുത്തണമായിരുന്നു. ഇവരെല്ലാവരും എന്റെ കാൽവരി യാത്രയിൽ, എന്റെ കൂടെ കൗറീൻകാരനെപ്പോലെ സഹായത്തിന് വന്നിരുന്നു, എന്റെ കുരിശിന്റെ ഭാരം താങ്ങുവാൻ… എന്റെ കണ്ണീർ തുടക്കുവാൻ… എന്നോടൊപ്പം പ്രാർത്ഥിക്കുവാൻ. പത്ത് വർഷങ്ങൾക്ക് ശേഷം എന്റെ നിഷ്കളങ്കത തെളിയിക്കപ്പെട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അനുഭവിക്കാൻ എനിക്ക് സാധിച്ചു. ദൈവത്തിന്റെ കരം എന്റെ ജീവിതത്തിൽ ഇടപെട്ട അനുഭവം… കുരിശിൽ തറക്കപ്പെട്ട എന്റെ പൗരോഹിത്യം മഹത്വീകരിക്കപ്പെട്ടതുപോലെ.
ഈശോയെ, ഞങ്ങളോടുള്ള സ്നേഹം അങ്ങയെ കുരിശുമരണം വരെ എത്തിച്ചുവല്ലോ… മരണ വേദനയിൽ പിടയുമ്പോഴും, ഞങ്ങളോട് ക്ഷമിക്കുവാനും ജീവൻ നൽകുവാനും അങ്ങ് തിരുമനസായല്ലോ. നിഷ്കളങ്കരെങ്കിലും, വിധിയുടെ ഇരുട്ടറയിൽ വേദനിക്കുന്ന ഞങ്ങളുടെ എല്ലാ സഹോദരങ്ങളേയും അങ്ങേ സന്നിധിയിൽ ഞങ്ങൾ സമർപ്പിക്കുന്നു. “ഇന്ന് നീ എന്നോട് കൂടെ പറുദീസയിൽ ആയിരിക്കും” എന്ന അങ്ങേ വചനം അവർക്ക് തുണയാവട്ടെ.
പ്രാർത്ഥിക്കാം;
കരുണയുടെയും ക്ഷമയുടെയും ഉറവിടമായ ദൈവമേ, മനുഷ്യന്റെ വേദനയിൽ തന്നെത്തന്നെ വെളിപ്പെടുത്തുന്നവനെ, നിന്റെ തിരുമുറിവുകളിൽ നിന്നൊഴുകുന്ന കൃപയാൽ ഞങ്ങളെ പ്രകാശിപ്പിക്കുകയും, അന്ധകാരപൂർണ്ണമായ ശോധനയുടെ നിമിഷങ്ങളിൽ വിശ്വാസത്തിൽ ഞങ്ങളെ ചേർത്തുനിർത്തുകയും ചെയ്യണമേ. ആമേൻ.
പന്ത്രണ്ടാം സ്ഥലം
ഈശോ കുരിശിൽ മരിക്കുന്നു
(ഒരു ന്യായാധിപന്റെ ധ്യാന ചിന്തകൾ)
ലൂക്കാ 23:44-46
ഒരു നിരീക്ഷണ ന്യായാധിപൻ എന്ന നിലയിൽ, ആരെയും കുറ്റവാളിയായി ചിത്രീകരിക്കാൻ എനിക്കാവില്ല. മനുഷ്യൻ, അവൻ ചെയ്ത തിന്മയെ ദൂരെ കളയേണ്ടത് ആവശ്യം തന്നെയാണ്. ഇത് അവൻ ചെയ്ത ദുഷ്പ്രവൃർത്തിയെ ന്യായീകരിക്കാനോ, അവൻ മൂലം വന്ന ധാർമികവും ശാരീരികവുമായ, ദുസ്സഹമായ പ്രവൃർത്തിയെ മാറ്റി നിർത്തുവാനോ അല്ല. യഥാർത്ഥമായ നീതി നടപ്പിലാക്കപ്പെടേണ്ടത് കുരിശിൽ എന്നന്നേക്കുമായി അവനെ തറച്ചുകൊണ്ടല്ല, മറിച്ച് കരുണാപൂർവ്വമായ നീതിനിർവഹണത്തിലൂടെയാണ്. അവന്റെ വീഴ്ചയിൽ നിന്നും അവനെ കരകയറ്റുവാൻ സഹായിച്ചും, തെറ്റ് ബോധ്യപ്പെടുത്തി അവന്റെ ഹൃദയത്തിൽ നന്മയുടെ തിരിനാളംതെളിക്കുവാനും നമുക്ക് കഴിയണം. കുറ്റം ചെയ്ത വ്യക്തി അവന്റെ ഉള്ളിലെ മാനുഷികതയെ തിരിച്ചറിയുമ്പോഴാണ്, അവൻ മുറിവേൽപ്പിച്ച വ്യക്തിയെപ്പോലും തിരിച്ചറിയാൻ തക്കവണ്ണം അവന്റെ കണ്ണുകൾ തുറക്കുക. എന്നാൽ ഈ ഒരു യാത്രയിൽ നരകതുല്യമായ വിധികൾ അവനെ തുടരുമ്പോൾ, തെറ്റുകൾ ആവർത്തിക്കാൻ അവൻ പരിശ്രമിച്ചുകൊണ്ടേയിരിക്കും.
കാർക്കശ്യമായ വിധികൾ ഒരുവന്റെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നതിന് പകരം, അവനെ മറ്റൊരു നന്മയുടെ വഴിയിലേക്ക് കൂട്ടികൊണ്ടുവരാൻ ഉതകുന്നവയാകണം. ഇതിനായി കുറ്റവാളിക്ക് പിന്നിലുള്ള അവന്റെ സാധാരണ മനുഷ്യത്വം നാം കാണണം. അവനിലേക്ക് ജീവിതത്തിന്റെ ഭാവിയിൽ നല്ല സ്വപ്‌നങ്ങൾ നെയ്യാൻ അവനെ പഠിപ്പിക്കണം. അവൻ ചെയ്ത തെറ്റിനെ മനസിലാക്കിക്കൊടുത്തുകൊണ്ട്, അവയെ ഉപേക്ഷിക്കാൻ സഹായിക്കണം. മാനുഷികമായ പരിഗണന നാം അവർക്കു കൊടുക്കണം.
ഈശോയെ, കുറ്റവാളിയായി നിന്റെ മേൽ ന്യായാധിപന്മാർ പഴിചാർത്തി നിന്നെ മരണത്തിന് ഏല്പിച്ചുവല്ലോ. പിതാവേ, നിന്റെ സന്നിധിയിലേക്ക് എല്ലാ ന്യായാധിപന്മാരെയും, വക്കീലന്മാരെയും, ഞങ്ങൾ ഭരമേല്പിക്കുന്നു. അവരുടെ സേവനം എപ്പോഴും കറയില്ലാത്തതും, നാടിന്റെ നന്മക്കുമായി ഉതകുമാറാകട്ടെ. ആമേൻ.
പ്രാർത്ഥിക്കാം;
ദൈവമേ, നീതിയുടെയും സമാധാനത്തിന്റെയും രാജാവേ, നീ സർവജനങ്ങളുടെയും വിലാപം കേൾക്കുന്നവനാണല്ലോ. കുറ്റം വിധിക്കപ്പെടുന്നവരുടെ തെറ്റുകളാൽ അവരെ അളക്കാതിരിക്കുവാനും, നിന്റെ ആത്മാവിന്റെ ദിവ്യപ്രകാശം അവരിൽ ദർശിക്കാനും ഞങ്ങളെ സഹായിക്കണമേ. ആമേൻ.
പതിമൂന്നാം സ്ഥലം
ഈശോയെ കുരിശിൽ നിന്നും താഴെ ഇറക്കുന്നു
(ഒരു സന്യാസിയുടെ ധ്യാന ചിന്തകൾ)
ലൂക്കാ 23:50-53
തടവറയിൽ കഴിയുന്ന സഹോദരങ്ങൾ എനിക്ക് പല പാഠങ്ങളും പഠിപ്പിച്ചു തരാറുണ്ട്. അറുപത് വർഷങ്ങളായി ഞാൻ ലോകത്തിന്റെ ഈ ഇരുണ്ട കോണിൽ സേവനമനുഷ്ഠിക്കുന്നു. ആദ്യദിവസം, ഇന്നെന്ന പോലെ ഞാൻ ഓർക്കുന്നു. എന്റെ ജീവിതത്തിന്റെയും താളം തെറ്റിയിരുന്നെങ്കിൽ, ഒരുപക്ഷെ ഞാനും ഇവിടെ എത്തിപ്പെടുമായിരുന്നുവെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ക്രിസ്ത്യാനികളായ നാം ചിലപ്പോഴൊക്കെ മറ്റുള്ളവരെക്കാൾ മെച്ചമാണെന്ന് ചിന്തിക്കാറില്ലേ! മറ്റുള്ളവരുടെ വിധികർത്താക്കളായി അവരെ കുറ്റം വിധിച്ചിട്ടില്ലേ!
ക്രിസ്തു, തന്റെ പരസ്യ ജീവിതകാലത്ത് , സമൂഹത്തിലെ അധഃസ്ഥിത വർഗ്ഗത്തിലെ മക്കളെ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തിയിരുന്നു. കള്ളന്മാരുടെയും, കുറ്റവാളികളുടെയും, തിന്മ ചെയ്യുന്നവരുടെയും ഇടയിലേക്ക് കടന്നുചെന്ന ഈശോ അവരുടെ ദാരിദ്ര്യത്തിലും, ഏകാന്തതയിലും അവരോടൊപ്പം കൂടി. ജയിൽ സേവനത്തിൽ ഈശോയുടെ ഈ മനോഭാവമാണ് എനിക്കും പ്രചോദനമായത് “ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു”.
ഓരോ സെല്ലുകൾ സന്ദർശിക്കുമ്പോഴും, ചിലപ്പോഴൊക്കെ മരിച്ചു ജീവിക്കുന്ന പാവങ്ങളെ കണ്ടുമുട്ടിയിട്ടുണ്ട്. ആർക്കും വേണ്ടാത്ത പഴങ്കഥകൾ പോലെ. എന്നാൽ ക്രിസ്തു ഓരോപ്രാവശ്യവും എന്നോട് ആവശ്യപ്പെടുന്നത് ഒന്ന് മാത്രം: “അവരുടെ കൈയ്യിൽ പിടിച്ചുകൊണ്ട് മുന്നോട്ട് പോവുക”. ഇത് കേൾക്കാതിരിക്കാൻ എനിക്കാവില്ല. ചില മുഖങ്ങൾക്ക് മുൻപിൽ എന്റെ നിശബ്ദതയ്ക്കു പോലും, ഞാൻ അർത്ഥം കണ്ടെത്തിയിട്ടുണ്ട്. ചെയ്ത തെറ്റിൽ നിന്നും, മുൻപിൽ നിൽകുന്ന സഹോദരന്റെ ഹൃദയത്തിലേക്ക്, എന്റെ കണ്ണുകൾ ഞാൻ തിരിക്കുമ്പോൾ, അവന്റെ ഉള്ളിലെ നന്മ കാണാൻ എനിക്ക് സാധിക്കും.
ഈശോയെ, ക്രൂര മർദ്ദനങ്ങളിൽ നിന്റെ ശരീരവും തകർന്നു പോയല്ലോ. ഇതാ ഇപ്പോൾ നിന്റെ ശരീരം കച്ചയിൽ പൊതിഞ്ഞ്, ഭൂമിയിലേക്ക് അവർ വയ്ക്കുന്നു. ഇതാ പുതിയ സൃഷ്ടി… നിന്റെ തിരുമുറിവുകളിൽ നിന്നും ഉത്ഭവിച്ച, ഞങ്ങളുടെ സഭയെയും ഇതാ പിതാവേ അങ്ങേ സന്നിധിയിൽ ഞങ്ങൾ സമർപ്പിക്കുന്നു. നിന്റെ രക്ഷാകര സന്ദേശം, എല്ലാവരിലേക്കും എത്തിക്കാൻ ഞങ്ങളെ സഹായിക്കണമേ.
പ്രാർത്ഥിക്കാം;
ഓ ദൈവമേ, ആദിയും അന്തവുമായവനെ, നിന്റെ മകന്റെ ഉത്ഥാനം വഴി ഈ ലോകത്തെ നീ വീണ്ടെടുത്തുവല്ലോ. നിന്റെ കുരിശിന്റെ വിജ്ഞാനം ഞങ്ങൾക്കും പ്രദാനം ചെയ്യണമേ. അതുവഴി ആത്മാവിന്റെ നിർവൃതിയിൽ, നിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ഞങ്ങൾക്കും ഇടയാവട്ടെ. ആമേൻ.
പതിനാലാം സ്ഥലം
ഈശോയുടെ മൃതശരീരം അടക്കം ചെയ്യുന്നു
(ഒരു പോലീസ് അധികാരിയുടെ ധ്യാന ചിന്തകൾ)
ലൂക്കാ 23:54-56
ജയിലിൽ സേവനം ചെയ്യുന്ന ഒരു പോലീസ് അധികാരി എന്ന നിലയിൽ, ഓരോ ദിവസവും തടവറയിൽ കഴിയുന്നവരുടെ വേദന കാണുന്ന ആളാണ് ഞാൻ. സങ്കീർണ്ണമായ ജീവിതമാണ് ജയിലിനുള്ളിൽ. നിസ്സംഗതയുടെ ഈ അവസ്ഥയിൽ ചിലപ്പോൾ പലർക്കും നീതിപീഠത്തിന് മുൻപിൽ വളരെയധികം വില കൊടുക്കേണ്ടതായും വരുന്നു. എന്റെ ഒരു സുഹൃത്ത് എന്നോട് പറയുമായിരുന്നു, “ജയിൽ, മാറ്റത്തിന് ഹേതുവാകുന്ന ഒരു സ്ഥലം കൂടിയാണ്”എന്ന്. ഒരു നല്ല മനുഷ്യൻ ചിലപ്പോൾ ക്രൂരനായും, മോശപ്പെട്ടവൻ നല്ലവനായും ജയിലിൽ വച്ച് മാറിയേക്കാം. ഈ മാറ്റത്തിന് ഞാനും കാരണമാണ്. ചിലപ്പോൾ ജോലിക്കിടയിൽ പല്ലുകടിക്കേണ്ടതായി വരുമ്പോഴും, തെറ്റു ചെയ്തവന് മറ്റൊരവസരം നൽകുമ്പോൾ അവൻ നന്മയിലേക്ക് കടന്നു വരുന്നതായി കാണാറുണ്ട്. ഈ സഹോദരങ്ങളെ കൂടെ നിർത്തുമ്പോൾ, മാനുഷിക മൂല്യങ്ങളുടെ വലിയ ഒരു വളർച്ചയും ഇവരുടെ ഉള്ളിൽ കാണാം. അവരുടെ സാധാരണ ഭാഷയിൽ അവരോടൊപ്പം കൂടാനും, ആവശ്യമെങ്കിൽ ഒരു ‘പെർമെനെന്റ് ഡീക്കൻ’ എന്ന നിലയിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുമ്പോഴും, എന്റെ ജീവിതം ധന്യമാകുന്നു. കാരണം വേദനയുടെയും, നിരാശയുടെയും ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു. ജയിലിന്റെ ഭിത്തികൾക്കുള്ളിൽ അവർക്ക് ചൂണ്ടിക്കാണിക്കാൻ ഒരുസഹോദരനാണ് ഞാനിന്ന്. ഇത് അവരുടെ ജീവിതത്തിൽ പ്രത്യാശയുടെ തിരി കെടാതെ, ഹൃദയത്തിൽ സൂക്ഷിക്കാൻ സഹായിക്കുമെന്നത് തീർച്ച. ഒരിക്കലും, ‘ചെയ്ത തെറ്റ് ജീവിതത്തിന്റെ അവസാനമല്ല’, എന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഞാൻ പരിശ്രമിക്കുന്നത്.
ഈശോയെ, ഇതാ ഒരിക്കൽ കൂടി നീ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെട്ടുവല്ലോ, എന്നാൽ ഇപ്പോൾ ഇതാ നിന്നെ ഏറ്റുവാങ്ങാൻ അരിമത്തയക്കാരനായ ജോസഫും, ഗലീലിയയിൽ നിന്നും വന്നെത്തിയ സഹോദരിമാരും. കാരണം, അവർക്കറിയാം നിന്റെ ശരീരം വിലമതിക്കാനാവാത്തതാണെന്ന്. ഇത് ഒരിക്കലും മടുപ്പ് തോന്നാതെ, സമൂഹത്തിൽ ഇന്നും സേവനം ചെയ്യുന്ന, ആളുകളുടെ കൈകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിന്റെ ഈ സ്നേഹം, നന്മ നിറഞ്ഞ ഒരു ലോകം സ്വപ്നം കാണുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. പിതാവേ, ജയിലുകളിൽ സേവനം ചെയ്യുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും, അവരോടൊപ്പം സേവനം അനുഷ്ഠിക്കുന്നവരെയും അങ്ങേ സന്നിധിയിൽ സമർപ്പിച്ച് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
പ്രാർത്ഥിക്കാം;
ഓ ദൈവമേ, അസ്തമിക്കാത്ത പ്രകാശമേ, നിനക്ക് വേണ്ടി ഇന്നും ലോകത്തിൽ വേദനിക്കുന്നവരുടെ പക്ഷം ചേർന്ന്, അവർക്ക് സേവനം ചെയ്യുന്ന ഞങ്ങളുടെ സഹോദരങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. നിത്യവും വാഴുന്ന സർവ്വേശ്വരാ, ആമേൻ.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.
View Comments
Would u mind i want to see pop live mass pls send link
This is the link
https://youtu.be/5YceQ8YqYMc