Categories: Articles

ദിവ്യകാരുണ്യം: നിരീശ്വരവാദിയെയും വിശ്വാസിയാക്കുന്ന ദൈവസ്നേഹം

ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്ന ഏതൊരു നിരീശ്വരവാദിക്കും, പിന്നീട് മാനസാന്തരപ്പെടുകയേ മാർഗമുള്ളൂ...

സിസ്റ്റർ ഷൈനി ജെർമ്മിയാസ് CCR

മനുഷ്യനെ തേടുന്ന ദൈവം – അതാണ് ക്രിസ്തുമതത്തെ മറ്റു മതങ്ങളിൽ നിന്നും വേർതിരിക്കുന്നത്. മനുഷ്യനെ സ്നേഹിക്കുകയും, അവനോടൊപ്പം ജീവിക്കുകയും ചെയ്യുന്ന ദൈവം. ക്രിസ്തുവിന്റെ “തിരുശരീര-രക്ത”ത്തിന്റെ തിരുനാൾ, മനുഷ്യജീവിതത്തിൽ ഒന്നായിത്തീരുന്ന ദൈവത്തിന്റെ മഹോന്നതമായ ചിത്രമാണ് വരച്ചുകാട്ടുന്നത്.

രണ്ടായിരം വർഷങ്ങൾക്കു മുൻപ് മനുഷ്യനായ നസ്രായനായ യേശു! പക്ഷേ, “ഇന്നും എന്നും നമ്മോടൊപ്പം” വസിക്കുന്നവൻ. അതിന് ആർക്കും സങ്കൽപ്പിക്കുവാൻ കഴിയാത്ത വഴികൾ അവൻ തെരഞ്ഞെടുത്തു. സാധ്യമായപ്പോഴെല്ലാം ജനക്കൂട്ടത്തൊടൊപ്പമായിരിക്കാനും, പാപികളെയും രോഗികളെയും,അശരണരെയും ആശ്വസിപ്പിക്കാനും, ദൈവരാജ്യം പ്രസംഗിക്കാനും ഒരു സഞ്ചാരിയുടെ വേഷപ്പകർച്ച ക്രിസ്തു സ്വീകരിച്ചു.

അവന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ജീവത്യാഗത്തിന്റെ കാൽവരി വരെയും അവനെ അനുഗമിച്ചവർ നിരവധിയായിരുന്നു. ഇവരിൽ ചിലർ, യേശുവിൽ വാഗ്‌ദത്ത മിശിഹായെ ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ജനസമ്മതിദായകനായി ക്രിസ്തു ഉയർന്നുവരുന്നത് യഹൂദ മേലധികാരികളെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പല അവസരങ്ങളിലും, അവരുടെ കപടതകൾ ജനമധ്യത്തിൽ ക്രിസ്തു തുറന്നുകാട്ടിയത് കൊണ്ടായിരുന്നു ജനപ്രമുഖരെല്ലാം അവനെതിരെ തിരിഞ്ഞത്. അവനെ കൊന്ന്, എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുവാൻ അവർ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ മാനവ രക്ഷയ്ക്ക് വേണ്ടി ദൈവപുത്രനായി പിറന്ന ക്രിസ്തുവിൽ, ദൈവദൂഷണം ആരോപിച്ച്, ശത്രുക്കൾ സമർഥമായി മരണത്തിന്റെ കരങ്ങളിലേക്ക് ഏൽപ്പിച്ചു കൊടുത്തു. അതൊരു സാധാരണമായ മരണമായിരുന്നില്ല; ആ കാലഘട്ടത്തിൽ കൊടുംകുറ്റവാളികളെ ശിക്ഷിച്ചിരുന്ന കുരിശുമരണമാണ് അവർ അവനു വിധിച്ചത്.

മരണത്തിനു തുല്യമായ, നിന്ദനങ്ങളും അപമാനങ്ങളും, വഞ്ചനയും തള്ളിപ്പറയലുകളും, അന്യായമായ വിചാരണയും വിധിയും ക്രിസ്തുവിന് അഭിമുഖീകരിക്കേണ്ടി വന്നു. പാപമില്ലാത്തവൻ ചാട്ടവാറടിയേറ്റതും മുൾക്കിരീടം ചൂടിയതും 136 കിലോയോളം തൂക്കമുണ്ടായിരുന്നുവെന്നു വിശ്വസിക്കുന്ന കുരിശു സ്വയം തോളിലേറ്റി, ഗാഗുൽത്താ യിലേക്കുള്ള വഴിയിലൂടെ വേച്ച് വേച്ച് അവൻ നടന്നു. അവസാനം കാൽവരി കുന്നിൽ ജീവൻ സമർപ്പിച്ചു കൊണ്ട്, നമ്മുടെ പാപങ്ങൾക്ക് അവൻ പരിഹാരം ചെയ്തു. പക്ഷേ, മുഴുവൻ നിണവും ചിന്തി ക്രിസ്തു കുരിശിൽ മരണം വരിച്ചത് എന്നും നമ്മോടു കൂടി ജീവിക്കുന്നതിനു വേണ്ടിയാണെന്നു ആര് ചിന്തിച്ചു?

ലോകത്തിന്റെ സ്വന്തമായ അവൻ, തന്റെ ജനത്തിന്റെ പാപ പരിഹാരത്തിനായി തന്റെ ശരീരത്തെ തന്നെ ദാനമായി നൽകുന്നതിനു മുമ്പു തന്നെ, സെഹിയോൻ ഊട്ടു ശാലയിൽ അന്ത്യ അത്താഴത്തിൽ നമ്മുടെ സ്വർഗ്ഗീയവിരുന്നായി അവൻ മാറുകയുണ്ടായി.

ആദ്യത്തെ അൾത്താരയായ കാൽവരിയിലെ കുരിശിൽ, തന്റെ ശരീര രക്തം ചിന്തി, ക്രിസ്തു പൂർത്തിയാക്കിയ ബലിയുടെ ജീവിക്കുന്ന ദൈവിക അനുഭവമാണ്, ദേവാലയത്തിൽ അർപ്പിക്കപ്പെടുന്ന അനുദിനബലിയായ വിശുദ്ധ കുർബാന!

ക്രിസ്തുവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ (Corpus Christi) സഭ ആഘോഷിക്കുമ്പോൾ, ആ മഹത്തായ ദിവ്യകാരുണ്യമെന്ന വലിയ ദാനത്തെപറ്റി ചിന്തിക്കാനുള്ള അവസരം കൂടിയാണിത്.

ലോകത്തെ മുഴുവൻ ജീവനുതുല്യം സ്നേഹിച്ച, ദൈവത്തിന്റെ കരുണയുടെ സാക്ഷാത്കാരമാണ് ഇത്തിരിവട്ടത്തിൽ നാം അനുഭവിക്കുന്ന വിശുദ്ധ കുർബാന. അതെ, ഈ തിരുവോസ്തി ഏതോ ഒരു വസ്തുവല്ല; അതൊരു വ്യക്തിയാണ്. “അതു നമ്മുടെ കർത്താവാണ്… നമ്മോടൊപ്പം വസിക്കുവാൻ ആഗ്രഹിക്കുന്ന ദൈവം!” എന്ന ധ്യാനാത്മകമായ ചിന്തയോടെയായിരിക്കണം നാം വിശുദ്ധ കുർബാന സ്വീകരിക്കേണ്ടത്.

ക്രൈസ്തവസഭയുടെ ഹൃദയവും, ജീവന്റെ ഉറവിടവുമായ വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ തിരുശരീരവും രക്തവുമായി രൂപാന്തരപ്പെടുന്നു. അതിനി വെറും അപ്പവും വീഞ്ഞുമല്ല; ദൈവമാണെന്നുള്ള യാഥാർത്ഥ്യം ക്രൈസ്തവനേക്കാൾ ഉപരിയായി ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞത് ഒരുപക്ഷേ സാത്താനാണ്. അതിനാലാണ് പരിപാവനമായ തിരുവോസ്തി എന്തുവിലകൊടുത്തും കൈക്കലാക്കാനും അത് നശിപ്പിക്കുവാനും മനുഷ്യർക്ക് അവന് ദുഷ്പ്രേരണകൾ നൽകുന്നത് ദൈവത്തോടൊപ്പം വസിക്കുന്ന മനുഷ്യനെ അവൻ വളരെയധികം ഭയപ്പെടുന്നത് കൊണ്ടായിരിക്കും.

നമ്മോടൊപ്പം ആയിരിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്ന ഏതൊരു നിരീശ്വരവാദിക്കും, പിന്നീട് മാനസാന്തരപ്പെടുകയേ മാർഗമുള്ളൂ. കത്തോലിക്കാസഭയെയും ദിവ്യകാരുണ്യത്തെയും നിശിതമായി വിമർശിച്ചിരുന്ന ഡോ.റിക്കാർഡോ കാസ്റ്റനോണിനെ ഉത്തമ കത്തോലിക്കനാക്കിയ സംഭവം ഇപ്രകാരമാണ്. ന്യൂയോർക്കിലെ അത്യാധുനിക ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിനൊടുവിൽ സുപ്രസിദ്ധ ഫോറൻസിക് പതോളജി വിദഗ്ധൻ ഡോ.ഫ്രെഡറിക്ക് തോമസ് സുഗിബെ, താൻ പരീക്ഷണം നടത്തിയത് മാംസമായി രൂപാന്തരപ്പെട്ട ദിവ്യകാരുണ്യത്തിലാണെന്നറിയാതെ, ഡോ.റിക്കാർഡോ കാസ്റ്റനോണിനോട്, “മരിച്ച ഒരാളുടെ ഹൃദയകോശം മുറിച്ചെടുത്ത് നിങ്ങളെങ്ങനെയാണ് ജീവനോടെ എന്റെയരികിൽ എത്തിച്ചത്?” എന്നു ചോദിച്ചു. അമേരിക്കയിലും യൂറോപ്പിലും ഫോറൻസിക് പതോളജി ശാസ്ത്ര ശാഖയിലെ അവസാന വാക്കായ ഡോക്ടറിന്റെ സംശയവും അൽഭുതവും ഡോ.റിക്കാർഡോ കാസ്റ്റനോണിനെ, ഇന്നും ജീവിക്കുന്ന ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ലോകമെങ്ങും തന്റെ ദൈവാനുഭവത്തെ കുറിച്ച് സാക്ഷ്യം നൽകുന്ന വിശ്വസിയാക്കുകയും ചെയ്തു.

ദിവ്യബലിയിൽ മുറിക്കപ്പെടുന്ന അപ്പത്തിൽ യേശുവിന്റെ സജീവ സാന്നിധ്യമുണ്ട്. ഇത് തിരിച്ചറിയണമെങ്കിൽ ക്രിസ്തുവിനോട് അഗാധമായ സ്നേഹവും വിശ്വാസവും ഉണ്ടായിരിക്കണം. എന്നാൽ, ഇന്ന് ദിവ്യകാരുണ്യസ്വീകരണം, ചിലർക്കെങ്കിലും വെറുമൊരു ആചാരം മാത്രമാണ്. ഹൃദയ പരിശുദ്ധിയോടെ സ്വീകരിക്കുവാൻ പലർക്കും സാധിക്കുന്നുമില്ല. നമ്മളിൽ വസിക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞു, ഭൗമികതയിൽ നിന്നും ആത്മീയതയിലേക്ക് ഉയരുന്ന രൂപാന്തരീകരണമാണ് നമുക്ക് ഇന്നാവശ്യം: “യേശുവിന്റെ രക്തം മൂലം വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാൻ നമുക്ക് മനോധൈര്യമുണ്ട്. എന്തെന്നാൽ, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവൻ നമുക്കായി നവീനവും സജീവുമായ ഒരു പാത അത് തുറന്നു തന്നിരിക്കുന്നു” (ഹെബ്രായർ 10:19-20).

ശരീരത്തിന്റെ ആരോഗ്യത്തിനു ദിവസേന ആഹാരം കഴിക്കുന്നതുപോലെ, ആത്മാവിനെന്നും ദിവ്യപോഷണം നൽകേണ്ടതാണ്. അതിനാൽ ദിവ്യകാരുണ്യമാകുന്ന സ്വർഗ്ഗീയ വിരുന്ന്, നാം ദിവസേന അനുഭവിക്കുന്ന ബലഹീനതകൾക്ക് പരിഹാരമായി ഭക്ഷിക്കാം. നമ്മുടെ ബലഹീനതകളിൽ നമ്മെ താങ്ങുന്ന ദൈവത്തെ നമുക്ക് തിരിച്ചറിയാം. അതിനായി, പൂർണ്ണമായ ഒരുക്കത്തോടും ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹത്തോടും വിശ്വാസത്തോടും കൂടി ദിവ്യകാരുണ്യത്തെ സ്വീകരിക്കാം. അറിവില്ലായ്മകൊണ്ടു, വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ക്രിസ്തുവിനെ ലാഘവത്തോടെ സ്വീകരിച്ചത് ഹൃദയനൊമ്പരങ്ങളായി മാറട്ടെ. ജീവിക്കുന്ന യേശുവിന്റെ നിറസാന്നിധ്യം ഓരോ തവണയും നാം ഹൃദയത്തിലേക്ക് സ്വീകരിക്കുമ്പോൾ, ‘അവിടുത്തെ ആത്മാവിനാൽ പുതിയ സൃഷ്ടികളാക്കി മാറ്റണമേയെന്ന അനുദിന ബലിയിലെ പ്രാർത്ഥനകളായി നമ്മുടെ ജീവിതങ്ങൾ അപ്പോൾ മാറുമെന്നതിൽ തർക്കമില്ല’. “ഈ ലോകത്തിലെ മുഴുവൻ നന്മപ്രവർത്തികളും ഒരു വിശുദ്ധ കുർബാനയ്ക്ക് പകരമായി വെക്കുക. ആ നന്മകൾ വിശുദ്ധകുർബാന എന്ന പർവ്വതത്തിനു മുമ്പിലെ മണൽത്തരിക്ക് സമമായിരിക്കും” എന്ന ജോൺ മരിയ വിയാനിയെന്ന പുണ്യചരിതന്റെ വാക്കുകൾ ഒരു വിശുദ്ധ സാക്ഷ്യമായി ഇവിടെ മാറുന്നത് അതുകൊണ്ടുതന്നെയാണ്…!

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

2 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago