ജിൻസ് നല്ലേപ്പറമ്പൻ
ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ രൂപീകരിച്ചു സർക്കാരിന് സമർപ്പിക്കാനും രൂപീകരിച്ചിരിക്കുന്ന സമിതിയാണു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ സംസ്ഥാനത്തെ ക്രൈസ്തവരെ അവഗണിക്കുന്നെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചില വിഭാഗങ്ങളുടെ മാത്രം ക്ഷേമവകുപ്പായാണു പ്രവർത്തിക്കുന്നതെന്നുമുള്ള ആക്ഷേപം ഉയരാൻ തുടങ്ങിയിട്ട് നാളുകളായി.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ എൺപതു ശതമാനം വിഹിതവും മുസ്ലിം വിഭാഗത്തിനു നൽകുന്നത് എന്നാണു സർക്കാർ ഭാഷ്യം. എന്നാൽ, മാറിമാറി വന്ന സർക്കാരുകൾ ഒന്നും തന്നെ ക്രൈസ്തവരുടെ സാമൂഹിക അവസ്ഥയെപ്പറ്റി പഠിക്കാൻ തയാറായിട്ടുമില്ല. പാലോളി കമ്മിറ്റിയെ നിയോഗിച്ചു മുസ്ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ചതുപോലെ ക്രൈസ്തവരുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും ക്ഷേമപദ്ധതികളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നൽകണമെന്നും ക്രൈസ്തവ സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
ഈ ആവശ്യം സർക്കാരിനു മുന്നിൽ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വിവിധ ജില്ലകളിൽ സിറ്റിംഗ് നടത്തുന്നുണ്ട്. ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും സംഘടനാപ്രതിനിധികൾക്കും കമ്മീഷൻ സിറ്റിംഗിൽ പങ്കെടുത്തു തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കാം. ഈ അവസരം പ്രയോജനപ്പെടുത്താൻ കൂടുതൽ പേർ മുന്നോട്ടുവരേണ്ടതുണ്ട്.
ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ
പലരും കരുതുന്നതുപോലെയുള്ള ‘മുന്നോക്കാവസ്ഥ’ ക്രൈസ്തവ സമൂഹത്തിന് ഇല്ല എന്നതാണു വാസ്തവം. ക്രൈസ്തവരിൽ വളരെ വലിയ ഒരു വിഭാഗം കർഷകരും മത്സ്യത്തൊഴിലാളികളുമാണ്. കാർഷിക വിളകളുടെ വിലത്തകർച്ച, പ്രകൃതിക്ഷോഭം മൂലം കൃഷി നശിക്കുന്ന അവസ്ഥ എന്നിവമൂലം കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കാർഷിക വായ്പ എടുത്തു കടക്കെണിയിലായ ഒട്ടേറെപ്പേർ ക്രൈസ്തവ സമുദായത്തിലുണ്ട്. മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും ഭിന്നമല്ല. കടൽക്ഷോഭവും വറുതിയും മൂലം പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് പലരും. വും വലയും വാങ്ങാൻ വായ്പ എടുത്തവർ കടക്കെണിയിലായിരിക്കുന്നു. കടലാക്രമണത്തിൽ കയറിക്കിടക്കാനുള്ള കൂര പോലും നഷ്ടപ്പെട്ടവർ നിരവധി.
തൊഴിൽ ഇല്ലാത്ത ക്രൈസ്തവർ
പട്ടിണി കിടന്നാണെങ്കിലും കിടപ്പാടം പണയപ്പെടുത്തിയാണെങ്കിലും കുട്ടികൾക്കു വിദ്യാഭ്യാസം നൽകുക എന്നതു ക്രൈസ്തവ സമൂഹത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മറ്റു ചില ന്യൂനപക്ഷ വിഭാഗങ്ങളുടേതുപോലെ ക്രൈസ്തവ സമൂഹത്തിൽ കാണാൻ സാധിക്കില്ല. എന്നാൽ, വിദ്യാഭ്യാസ വായ്പ എടുത്തവർ പലരും അതു തിരിച്ചടയ്ക്കാൻ പണം ലഭിക്കുന്ന തരത്തിലുള്ള ഒരു ജോലി ലഭിക്കാതെ വലയുകയാണ്.
തൊഴിൽരഹിതരുടെ എണ്ണം ക്രൈസ്തവ സമൂഹത്തിൽ കുതിച്ചുയരുന്നു എന്നത് ആശങ്കാജനകമാണ്. രാജ്യത്ത് എറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള വിഭാഗം ക്രൈസ്തവരാണെന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി തന്നെ അടുത്തിടെ പാർലമെന്റിൽ വ്യക്തമാക്കി. ക്രൈസ്തവ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ അവർക്കിടയിൽ സംരംഭകത്വം വളർത്താൻ ഉതകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാനും ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്യണം. സർക്കാർ ജോലികളിലും ക്രൈസ്തവർ പിന്തള്ളപ്പെടുന്ന അവസ്ഥയാണ്. പിഎസ്സി നിയമനങ്ങൾ പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. നാമമാത്ര സംവരണമുള്ള ലത്തീൻ സമുദായത്തെ ഒഴിച്ചാൽ ഈ രംഗത്തു തികഞ്ഞ അവഗണനയാണ് ക്രൈസ്തവ സമൂഹം നേരിടുന്നത്. പരിമിത സംവരണമുള്ള ലത്തീൻ സമൂഹത്തിനു പോലും അർഹതപ്പെട്ട രീതിയിൽ നിയമനങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിയും ശക്തമാണ്.
അവിവാഹിതർ
മുപ്പതു വയസിനു മുകളിലുള്ള അവിവാഹിത യുവാക്കളുടെ എണ്ണം ക്രൈസ്തവ സമൂഹത്തിൽ അനുദിനം വർധിക്കുകയാണെന്നു സിബിസിഐ ലെയ്റ്റി കൗൺസിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ് ഈ പ്രവണതയുടെ കാരണമെന്നു കൗൺസിൽ വിലയിരുത്തിയിട്ടുമുണ്ട്. ഈ വിഷയം കമ്മീഷൻ പ്രത്യേകമായി പരിഗണിക്കണം.
വിവാഹിതരായവർക്കിടയിൽ കുട്ടികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നും പഠനം പറയുന്നു. സംസ്ഥാന സർക്കാരിന്റെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയിരിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങളും ഈ കണ്ടെത്തൽ ശരിവയ്ക്കുന്നു. ജീവിതച്ചെലവ് വർധിച്ചുവരുന്നതും സാമ്പത്തിക പിന്നോക്കാവസ്ഥയുമാണു കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഭൂരിപക്ഷം ക്രൈസ്തവ മാതാപിതാക്കളെയും പ്രേരിപ്പിക്കുന്ന ഘടകം എന്നാണ് ലെയ്റ്റി കൗൺസിലിന്റെ പഠനങ്ങളിൽനിന്നു മനസിലാകുന്നത്. ഈ വിഷയത്തിലും ന്യൂനപക്ഷ കമ്മീഷന്റെയും സർക്കാരിന്റെയും അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്.
സാമൂഹിക പിന്നോക്കാവസ്ഥ
സർക്കാർ സർവീസിലുള്ള പ്രാതിനിധ്യക്കുറവ് സാമൂഹിക പിന്നോക്കാവസ്ഥ ആയാണല്ലോ പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തെ പിഎസ്സി നിയമനങ്ങൾ പരിശോധിച്ചാൽ ക്രൈസ്തവ സമുദായത്തിൽനിന്നുള്ളവർ അതിൽ വളരെ കുറവാണെന്നു കാണാം. നാട്ടിൽ തൊഴിൽചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു പ്രവാസികളാകാൻ വിധിക്കപ്പെടുന്നവരിൽ നല്ലൊരു പങ്കും ക്രൈസ്തവ സമുദായത്തിൽനിന്നാണ്. കുടുംബങ്ങളിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമാവുന്ന സാഹചര്യം തന്മൂലം സൃഷ്ടിക്കപ്പെടുന്നു. സമുദായത്തിലെ വലിയൊരു വിഭാഗത്തെ ഇതു സാമൂഹികമായ അരക്ഷിതാവസ്ഥയിലേക്കും പിന്നോക്കാവസ്ഥയിലേക്കും എത്തിച്ചിരിക്കുന്നു. സംവരണരഹിതരായ ക്രൈസ്തവ സമൂഹത്തെ മറ്റു പദ്ധതികളിലൂടെ സഹായിക്കാൻ സർക്കാരിനു കടമയുണ്ട്.
നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ
കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിവിധ സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. എന്നാൽ, കേരളത്തിൽ 80 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതമാണ് അനുകൂല്യങ്ങൾ നൽകുന്നതിൽ പുലർത്തുന്നത് എന്നത് വിവരാവകാശ രേഖകളിലൂടെ ബോധ്യമായിട്ടുണ്ട്. തികച്ചും അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്.
ഇത് നീതി നിഷേധമല്ലേ?
ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക കോച്ചിംഗ് സെന്ററുകൾ അനുവദിച്ചിരിക്കുന്നതിൽ ഒരെണ്ണം പോലും ക്രൈസ്തവ സമുദായത്തിനു ലഭിച്ചിട്ടില്ല (തൃശൂർ ജില്ലയിൽ ഒരെണ്ണം അനുവദിച്ചിട്ടുണ്ട് എന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ കോട്ടയത്തു നടന്ന സിറ്റിംഗിൽ പങ്കെടുത്ത ലേഖകനോടു പറഞ്ഞിരുന്നു. എന്നാൽ, അത് ഏതു സഭയാണ് അഥവാ ക്രൈസ്തവ സംഘടനയാണു നടത്തുന്നതെന്ന കാര്യത്തിൽ അദ്ദേഹത്തിനും വ്യക്തതയില്ലായിരുന്നു. അതേസമയം, സംസ്ഥാന ന്യൂനപക്ഷക്ഷേമകാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ തൃശൂർ ജില്ലയിലുള്ള ഏക സെന്റർ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ബിൽഡിംഗിൽ പ്രവർത്തിക്കുന്നതായാണു രേഖപ്പെടുത്തിയിരിക്കുന്നത്).
കണ്ണിൽ പൊടിയിടരുത്
കഴിഞ്ഞ സർക്കാരിന്റെ കാലത്തു കാലാവധി തികച്ച ന്യൂനപക്ഷ കമ്മീഷൻ ശിപാർശ ചെയ്തതുപോലെ വിശുദ്ധനാട് സന്ദർശിക്കാൻ സബ്സിഡി പോലെയുള്ള ആവശ്യങ്ങളല്ല ക്രൈസ്തവ സമൂഹത്തിനുള്ളത്. സമുദായത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പദ്ധതികളാണു ക്രൈസ്തവർക്കു വേണ്ടത്. രാജ്യത്തെ ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയിൽ ന്യൂനപക്ഷങ്ങൾക്കായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളിൽ ജനസംഖ്യാനുപാതികമായ പങ്കാണ് ക്രൈസ്തവസമൂഹവും ഇതര ന്യൂനപക്ഷങ്ങളും ആവശ്യപ്പെടുന്നത്.
(സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ മൈനോരിറ്റി സ്റ്റഡി ടീം കൺവീനർ ആണ് ലേഖകൻ).
80 മുസ്ലിം, 20 മറ്റുള്ളവർ!
മുസ്ലിം സംഘടനകൾ നടത്തുന്ന കോച്ചിംഗ് സെന്ററുകളിൽ 100 പേരുടെ ബാച്ചിൽ 80 മുസ്ലിംകൾക്കു പ്രവേശനം നൽകുമ്പോൾ മറ്റെല്ലാ ന്യൂനപക്ഷങ്ങൾക്കു കൂടിയും 20 പേർക്കു മാത്രമാണ് അവസരം ലഭിക്കുന്നത്. മുസ്ലിം സംഘടനകളുടെ നിയന്ത്രണത്തിലുള്ള സെന്ററുകളിൽ ചുരുക്കം സീറ്റുകൾ അനുവദിക്കുന്നതിനു പകരം ക്രൈസ്തവ സംഘടനകളുടെ നിയന്ത്രണത്തിൽ പൂർണമായും ക്രൈസ്തവർക്കു മാത്രമായി നടത്തുന്ന കോച്ചിംഗ് സെന്ററുകൾ അനുവദിക്കാൻ നടപടി ഉണ്ടാകണം. മറ്റു ന്യൂനപക്ഷങ്ങളെയും ഇതേ രീതിയിൽ പരിഗണിക്കണം.
കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് (CCMY) എന്ന പേരിനു പകരം കേരളത്തിൽ കോച്ചിംഗ് സെന്റർ ഫോർ മുസ്ലിം യൂത്ത് എന്ന് ഉപയോഗിക്കുന്നതു മുസ്ലിംകൾക്കു മാത്രമായുള്ള കോച്ചിംഗ് സെന്ററുകൾ എന്ന ധാരണ പൊതുസമൂഹത്തിൽ ഉണ്ടാക്കുന്നുണ്ട്.
അതുപോലെ തന്നെ സ്കൂളുകളിലും മറ്റും സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്യാന്പുകളുടെ മാനദണ്ഡവും ഇങ്ങനെ തന്നെയാണ്. 80 ശതമാനം മുസ്ലിം കുട്ടികളെ പങ്കെടുപ്പിച്ചെങ്കിൽ മാത്രമേ ക്യാന്പ് ലഭിക്കൂ. അതിനാൽത്തന്നെ ക്രൈസ്തവ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും ഇങ്ങനെയുള്ള ക്യാന്പുകളുടെ പ്രയോജനം ലഭിക്കുന്നില്ല.
പിന്നോക്കാവസ്ഥയുടെ ആഴം
ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ചു പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കാൻ സി.ബി.സി.ഐ. ലെയ്റ്റി കൗൺസിൽ നടത്തിയ ഓൺലൈൻ സർവേയിലൂടെ ലഭ്യമായ വിവരങ്ങൾ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് ഏകദേശരൂപം നൽകുന്നുണ്ട്. കത്തോലിക്ക, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമാ, പെന്തകോസ്ത് സഭകളിൽ അംഗങ്ങളായവരുടെ അഭിപ്രായം തേടിയിരുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 93.5% പേരും ഹയർസെക്കൻഡറിയോ അതിൽ കൂടുതലോ വിദ്യാഭ്യാസം ഉള്ളവരാണ്. 33.3 ശതമാനം ആളുകളും സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നു. 22 ശതമാനം ആളുകൾ തൊഴിൽരഹിതരാണ്. സ്വയംതൊഴിൽ ചെയ്യുന്നവർ 17ശതമാനം.
27.6% പേർക്കും 5,000 രൂപയിൽ താഴെയാണ് മാസവരുമാനം. 22% പേർ 10,000 മുതൽ 15,000 വരെ രൂപ മാസവരുമാനമുള്ളവരാണ്. 15 ശതമാനം ആളുകൾ വാടകവീട്ടിലാണു താമസിക്കുന്നത്. 61 ശതമാനം പേരും കോൺക്രീറ്റ് വീടുകളിൽ താമസിക്കുന്നവർ ആണെങ്കിലും 47.2% ആളുകൾക്കും ഉള്ളത് 1,000 ചതുരശ്ര അടിയിൽ താഴെ വിസ്തൃതിയുള്ള വീടുകളാണ്.
5.7% പേർക്കു മാത്രമാണ് മഞ്ഞ റേഷൻ കാർഡ് ഉള്ളത്. 15.4% പേർക്കു പിങ്ക് റേഷൻ കാർഡും 38.2%പേർക്കു നീല റേഷൻ കാർഡും ഉള്ളപ്പോൾ 26.8%പേർക്കു വെള്ള കാർഡ് ആണ് ഉള്ളത്. 43.9% പേർക്കും കാർഷിക വായ്പ അടച്ചു തീർക്കാൻ ഉണ്ട്. 69.1% പേർക്കും ഭവന നിർമാണ വായ്പ അടച്ചുതീർക്കാനുണ്ട്. 57.7% പേർക്കു മറ്റ് വായ്പകൾ അടച്ചുതീർക്കണം. 40.7% പേരുടെ കുടുംബത്തിലും നാല് അംഗങ്ങൾ മാത്രമാണുള്ളത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള കുടുംബങ്ങൾ 13% ഉണ്ട്. സർവേയിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളിൽ 56% ആളുകൾ 55 വയസിനു മുകളിലുള്ളവരാണ്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് 77 ശതമാനം ആളുകൾക്കും അറിവില്ല. 86% ആളുകളും ഏതെങ്കിലും ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ചിട്ടില്ല. ന്യൂനപക്ഷം എന്ന നിലയിൽ 14% ആളുകൾക്കു പ്രീമെട്രിക് സ്കോളർഷിപ്പും 8% ആളുകൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നാൽ, 79% ആളുകളും ന്യൂനപക്ഷമെന്ന നിലയിൽ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ്. 97.6% പേർക്കും യാതൊരുവിധ സംവരണവും ലഭിച്ചിട്ടില്ല.
ഒരു ഓൺലൈൻ സർവേക്കു പരിമിതികൾ ഏറെയുണ്ട്. എങ്കിൽപ്പോലും ഇതിൽ ലഭ്യമായ വിവരങ്ങൾ ക്രിസ്ത്യാനികളുടെ സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥയുടെ ബാഹുല്യത്തിലേക്കു സൂചന നൽകുന്നതാണ്. ഈ വിഷയത്തെക്കുറിച്ചു പഠിച്ചു പരിഹാരമാർഗം നിർദേശിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നു സർക്കാരിനോടു ന്യൂനപക്ഷ കമ്മീഷൻ ശിപാർശ ചെയ്യണം.
കടപ്പാട്: ദീപിക
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.
View Comments