സി. സോണിയ തെരേസ് ഡി.എസ്സ്.ജെ
കറച്ചു ദിവസങ്ങളായിട്ട് ക്രൈസ്തവ സന്യാസത്തെ ഉടച്ചുവാർക്കണം എന്ന ആഗ്രഹത്തോടെ മലയാളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്ന് ധരിയ്ക്കുന്നവർ “കന്യാസ്ത്രീക്ക് പറയാനുള്ളത്” എന്ന തലക്കെട്ടോടെ അവർ പറയുന്ന ചില പരസ്യങ്ങൾ അല്പം ആകാംഷയോടെ ഞാൻ കാണുകയുണ്ടായി. സന്യാസ ജീവിതത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത ജസ്റ്റിസ് കെമൽ പാഷെ, അഡ്വക്കേറ്റ് ജയശങ്കർ, മാലാ പാർവ്വതി, ഭാഗ്യലക്ഷ്മി, എം. എൻ. കാരശ്ശേരി തുടങ്ങിയ അക്രൈസ്തവർ ആണോ ക്രൈസ്തവ സന്യാസത്തെ പുതുക്കിപ്പണിയാൻ കച്ചകെട്ടി ഇറങ്ങിയിരിയ്ക്കുന്നത്?
ഒരു കന്യാസ്ത്രീയായ എനിക്ക് നിങ്ങളോട് പറയാനുള്ള ആദ്യത്തെ കാര്യം നിങ്ങൾ ക്രിസ്തുവിനെ അറിയുക അവനെ പിന്തുടരുക എന്നാണ്… കാരണം, ക്രിസ്തുവിനെ അറിഞ്ഞവർക്ക് ക്രിസ്തുവിന്റെ അനുയായിയെ വിമർശിക്കാൻ സാധിക്കും. ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജി ചെയ്തതും അതുതന്നെയാണ്. ക്രിസ്തുവിന്റെ തത്വങ്ങളെ ജീവിതത്തിൽ അനുകരിച്ചുകൊണ്ട് അവൻ ക്രിസ്തീയ അനുയായികളെ വിമർശിച്ചു. ആ ഒരു വിമർശനത്തിന് ആഴം ഉണ്ടായിരുന്നു കാരണം, ക്രിസ്തുവിനെ ജീവിതത്തിൽ അനുകരിച്ചു കൊണ്ടാണ് ക്രിസ്ത്യാനികളെ വിമർശിച്ചത്. ഒരിക്കൽ പോലും ക്രിസ്തുവിനെ അനുഭവിക്കാത്ത ഒരുവന് ക്രിസ്തുവിനെ പിന്തുടരുന്നത് ഭോഷത്തമായി അനുഭവപ്പെടും… പേരു കൊണ്ട് മാത്രം ക്രിസ്ത്യാനിയായിരിക്കുന്നവരും, അലങ്കാരത്തിനു വേണ്ടി ക്രിസ്തീയ നാമം ഉപയോഗിക്കുന്നവരും, ക്രിസ്തീയതയെ പടുത്തുയർത്താൻ നോക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു. നീതി, കരുണ, സ്നേഹം, സഹവർത്തിത്വം, വ്യക്തി സ്വാതന്ത്ര്യം എന്ന് ഘോരഘോരം പ്രസംഗിക്കുന്നത് കാണുമ്പോൾ നിങ്ങളോട് യഥാർത്ഥത്തിൽ എനിക്ക് സഹതാപമാണ് തോന്നുന്നത്…
വീണുപോയ ഒന്നു രണ്ട് വ്യക്തിത്വങ്ങളെ എടുത്തുകാട്ടി കേരളത്തിലുള്ള 40000 – ൽപരം സന്യാസിനികളെ ഒരളവുകോൽ കൊണ്ട് അളക്കാൻ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ കൂട്ടംകൂടി വിധി നടത്തുകയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ നീതി, സ്നേഹം, കരുണ, സഹവർത്തിത്വം ഇവയെല്ലാം എവിടെയാണ്…? ആർക്കുവേണ്ടിയാണ് നിങ്ങൾ ശബ്ദമുയർത്തുന്നത്? രണ്ടോ മൂന്നോ പേരാണോ അതോ നാല്പതിനായിരം പേരാണോ വലുത്? ആരുടെ ശബ്ദമാവാനാണ് നിങ്ങൾ പരിശ്രമിക്കുന്നത്?
ക്രിസ്തുവിനെ അറിയുകയോ അനുഭവിക്കൂകയോ ചെയ്യാത്തവർ… ക്രൈസ്തവ സന്യാസത്തെപറ്റി ഒരു അവബോധവും ഇല്ലാത്ത അക്രൈസ്തവരായ നിങ്ങൾക്ക് നിങ്ങളുടെ സമുദായത്തിൽ അല്ലെങ്കിൽ നിങ്ങളുടെ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന എത്രയോ പ്രശ്നങ്ങൾ ഉണ്ട്? അവയൊന്നും കണ്ടില്ലെന്നു നടിക്കുന്ന നിങ്ങൾ എന്തിനാ വെറുതെ ക്രൈസ്തവ സന്യാസത്തെ നവീകരിയ്ക്കാൻ വരുന്നത്? ഇന്ന് നിങ്ങൾ പരസ്യമായി പ്രഘോക്ഷിയ്ക്കുന്ന ആ വ്യക്തി സ്വാതന്ത്ര്യം ഉണ്ടല്ലോ അത് ഒന്നോ രണ്ടോ എക്സ് – കന്യാസ്ത്രീകൾക്ക് മാത്രമായിട്ട് ഇന്ത്യൻ ഭരണഘടന തീറെഴുതി വച്ചിരിക്കുന്ന ഒന്നല്ല.
“കന്യാസ്ത്രീകൾക്ക് പറയാനുള്ളത്” എന്നാണെങ്കിൽ ഒരു കന്യാസ്ത്രീ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് കൂടി നിങ്ങൾ കേട്ടോ…? ജ്ഞാനം ഉണ്ട് എന്ന് നടിക്കുന്ന, അറിവുണ്ട് എന്ന് അഹങ്കരിക്കുന്ന ഞങ്ങളാണ് സമൂഹത്തിലെ നീതിയുടെ അവസാനവാക്ക് എന്ന് പ്രഘോഷിക്കുന്ന ഇത്തരം വ്യക്തികൾ സന്യാസ ജീവിതത്തെക്കുറിച്ച് പ്രസ്താവിച്ച അവരുടെ ഭാവനകൾ, ഒന്നുമില്ലെങ്കിലും പരസ്യമായി ഒരു പ്രസ്താവനയുമായി ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് അൽപ്പമൊന്നു മനസ്സിലാക്കുന്നത് നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന തലക്കെട്ടിനു കീഴിൽ ഘോരഘോരം പ്രസംഗം നടത്തുമ്പോൾ ഏതു കന്യാസ്ത്രീയുടെ വാക്കാണ് നിങ്ങൾ കേട്ടത് ഇന്ത്യയിൽ മാത്രം 244 സന്യാസ സഭകളിലായി ഒരു ലക്ഷത്തിലധികം സമർപ്പിതരുണ്ട്. ഇതിൽ എത്ര പേരോട് നിങ്ങൾ സംസാരിച്ചു? എത്ര പേരുടെ ജീവിതാനുഭവം നിങ്ങൾ കേട്ടറിഞ്ഞു? ഇതിൽ ഏതെങ്കിലുമൊരു സന്യാസ സഭയുടെ നിയമാവലി എങ്കിലും നിങ്ങൾ വായിച്ചിട്ടുണ്ടോ…? പിന്നെ ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് ഇത്തരം അല്പത്തരം നിങ്ങൾ വിളമ്പുന്നത്..?
മൂന്നാം നൂറ്റാണ്ടിൽ തുടങ്ങിയ ക്രൈസ്തവ സന്യാസത്തിന് അതിന്റേതായ പാരമ്പര്യവും അച്ചടക്കവും ഉണ്ട്. അതായത് ക്രൈസ്തവ സന്യാസ നിയമങ്ങൾക്ക് എകദേശം 1700 വർഷങ്ങളുടെ പഴക്കം ഉണ്ടെന്നതാണ് യാഥാർത്ഥ്യം. അതായത്, ഇന്ന് ഈ ഭൂമിയിലുള്ള ഏത് രാജ്യങ്ങളുടെ നിയമങ്ങൾ എടുത്തുനോക്കിയാലും 400 വർഷത്തിന്റെ പഴക്കം പോലും കണ്ടെത്താൻ സാധിക്കില്ല. ഏതായാലും ക്രൈസ്തവ സന്യാസത്തെ പുതുക്കി പണിതിട്ടേ ഞങ്ങൾ അടങ്ങു എന്ന് പറഞ്ഞ് നിങ്ങൾ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലോ? ഒരു കാര്യം കൂടി ചെയ്താൽ വളരെ നല്ലതായിരിക്കും. ലോകമെമ്പാടുമുള്ള സന്യാസ സഭകളിലെ അടിസ്ഥാന നീയമാവലിയുടെ ഏകദേശ രൂപം ഞാൻ ഇവിടെ കുറിക്കാം. മനസ്സിരുത്തി ഒന്ന് വായിച്ചാൽ മനസ്സിലാകുക അപ്പോൾ മനസിലാകും വഴിയെ പോകുന്ന ആർക്കും കേറി നിരങ്ങാനുള്ളതല്ല ക്രൈസ്തവ സന്യാസം എന്ന്…
സന്യാസത്തിലേക്ക് കടന്നുവരുന്ന ഒരു പെൺകുട്ടി ഒരിക്കലും കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സമർപ്പിത ആകുന്നില്ല. അവൾ കടന്നു പോകേണ്ട കുറെ കടമ്പകളുണ്ട്. പലപ്പോഴും വളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ ഈ കാര്യങ്ങളെപ്പറ്റി അറിയൂ. അതിനാൽ സന്യാസത്തിലേക്ക് കടന്നുവരുന്ന ഒരു പെൺകുട്ടി കടന്നു പോകുന്ന വഴികൾ വി. യൗസേപ്പിതാവിന്റെ പുത്രിമാരുടെ സഭയിലെ പരിശീലന രീതികളുടെ അടിസ്ഥാനത്തിൽ ഞാനിവിടെ ഒന്ന് വിശദമായി കുറിക്കുന്നു.
ഒരാൾ കത്തോലിക്കാ സന്യാസിനി ആകുന്നത് എങ്ങനെ?
ആസ്പെരൻസി കാലഘട്ടം
ഒരു പെൺകുട്ടി സന്യാസം സ്വീകരിക്കുവാൻ ആഗ്രഹിച്ചു കൊണ്ട് സന്യാസ ഭവനത്തിലേയ്ക്ക് കടന്നുവരുമ്പോൾ ആദ്യത്തെ മൂന്നുമാസം ഒരു എക്സ്പീരിയൻസ് നടത്തുന്നു. അതിനുശേഷം ഒരു വർഷം ആസ്പെരൻസി എന്ന കാലഘട്ടത്തിലേക്ക് കടക്കുന്നു. പ്ലസ് ടൂ പാസാകാത്ത ഒരു പെൺകുട്ടി ആണെങ്കിൽ ആസ്പെരൻസി കാലഘട്ടം മൂന്നുവർഷം നീളുന്നു. കാരണം രണ്ടുവർഷം പ്ലസ് ടൂ പഠനത്തിനായി നീക്കിവയ്ക്കുന്നു. ആസ്പെരൻസി കാലഘട്ടത്തിൽ ഒരു ഗുരുനാഥയുടെ മേൽനോട്ടത്തിൽ ഈ അർത്ഥിനി (സന്യാസം ആഗ്രഹിച്ച് വന്നിരിയ്ക്കുന്ന പെൺകുട്ടി) സന്യാസത്തിന്റെ ആദ്യ പാഠങ്ങൾ എന്തെന്നും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രാധാന്യത്തെ കുറിച്ച് പഠിക്കുകയും ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ പലവിധ പ്രാർത്ഥനാ രീതികൾ (ധ്യാനം, വ്യക്തിപരമായ പ്രാർത്ഥന, ദൈവവചനം പങ്കുവയ്ക്കൽ…) അഭ്യസിക്കുകയും ജീവിതത്തിൽ അവ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു.
ഒരു വർഷത്തിനുശേഷം ഈ അർത്ഥിനി തനിക്ക് ദൈവം ദാനമായി തന്നിരിക്കുന്ന ഈ ദൈവവിളിയിൽ മുന്നോട്ടുപോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സഭയിലെ അധികാരികളോട് അനുവാദം ചോദിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ സമർപ്പിക്കുന്നു. മദർ ജനറാളും, ജനറൽകൗൺസിലും അടങ്ങുന്ന അധികാരികൾ ഈ അപേക്ഷകൾ വിലയിരുത്തുകയും, ഈ അർത്ഥിനിയുടെ ഗുരുനാഥയുടെ റിപ്പോർട്ട് കൂടി വിശകലനം ചെയ്തിട്ട് യോഗ്യതയുള്ള ഒരുവൾ ആണെന്നും ബോധ്യം ആയെങ്കിൽ ഈ അർത്ഥിനിയെ സന്ന്യാസത്തിന്റെ അടുത്തപടിയായ പോസ്റ്റുലൻസി കാലഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ അനുവദിയ്ക്കുന്നു.
പോസ്റ്റുലൻസി കാലഘട്ടം
പോസ്റ്റുലൻസി കാലഘട്ടത്തിൽ പ്രവേശിച്ച ഒരു അർത്ഥിനി വീണ്ടും അല്പംകൂടി ആഴമായി സന്യാസ ജീവിതത്തെപറ്റി പഠിക്കുകയും, ഒപ്പം തിയോളജി കോളേജുകളിൽ പോയി വിശുദ്ധ ഗ്രന്ഥമായ ബൈബിളിൾ, വിശുദ്ധ കുർബാനയുടെ ആന്തരിക അർത്ഥങ്ങൾ, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ, എന്നിവയെപ്പറ്റി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പരിശീലന കാലഘട്ടത്തിന്റെ ഈ നാളുകളിൽ ഒരു അർത്ഥിനിയിലെ മറഞ്ഞുകിടക്കുന്ന പലതരം കഴിവുകൾ പുറത്തു കൊണ്ടു വരുവാൻ ഗുരുനാഥയും സഹസഹോദരിമാരും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ഒരുവർഷം അല്ലെങ്കിൽ അതിൽ കൂടുതൽ സമയം പോസ്റ്റുലൻസി കാലഘട്ടം ജീവിച്ച ഒരു അർത്ഥിനി പൂർണബോധ്യത്തോടും സ്വതന്ത്രമായ മനസ്സോടും കൂടി തന്റെ ദൈവവിളിയിൽ മുന്നോട്ടു പോകണമെന്ന് തീരുമാനിയ്ക്കുകയാണെങ്കിൽ ഏതാനും ദിവസങ്ങൾ ധ്യാനത്തിലും പ്രാർഥനയിലും ചെലവഴിച്ചതിനു ശേഷം തന്നെ സന്യാസജീവിതത്തിന്റെ അടുത്ത ഘട്ടമായ നൊവിഷ്യേറ്റിൽ പ്രവേശിക്കാൻ അനുവദിയ്ക്കാമോ എന്ന് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ അധികാരികൾക്ക് സമർപ്പിയ്ക്കുന്നു. സന്യാസ സഭയിലെ അധികാരികൾ അർത്ഥിനിയുടെ അപേക്ഷയും പോസ്റ്റുലൻസി കാലഘട്ടത്തിൽ അർത്ഥിനിയുടെ ഗുരുനാഥയായ സിസ്റ്ററിന്റെ റിപ്പോർട്ടും ഒരുമിച്ച് വിലയിരുത്തി സന്യാസത്തിനു യോഗ്യതയുള്ള അർത്ഥിനിയാണെന്ന് അധികാരികൾക്ക് ബോധ്യം ആയങ്കിൽ മാത്രം സമർപ്പിത ജീവിതത്തിലെ ഏറ്റവും ആഴവും കഠിനവുമായ നൊവിഷ്യേറ്റ് കാലഘട്ടത്തിലേക്ക് പ്രവേശിക്കുവാൻ അനുവാദം നൽകുന്നു.
നൊവിഷ്യേറ്റ് കാലഘട്ടം
നൊവിഷ്യേറ്റ് കാലഘട്ടത്തിലേക്ക് കടക്കുന്നതിനു മുമ്പായി ആസ്പെരൻസിയിലെയും പോസ്റ്റുലൻസിയിലെയും പോലെ ഈ അർത്ഥിനിയെ 10 അല്ലെങ്കിൽ 15 ദിവസത്തേയ്ക്ക് സ്വന്തം ഭവനത്തിലേയ്ക്ക് അവധിക്കാലം ചിലവഴിയ്ക്കാനായ് തിരിച്ചയക്കുന്നു. പ്രിയപ്പെട്ടവരുടെയും സ്വന്തക്കാരുടെയും കൂടെ അവധിക്കാലം ചിലവഴിച്ചതിനു ശേഷം സന്യാസ ജീവിതം തന്നെയാണ് എന്റെ വിളിയെന്ന് തിരിച്ചറിവുണ്ടെങ്കിൽ വീണ്ടും സന്യാസ ഭവനത്തിലേക്ക് തിരികെ എത്തുന്ന ഒരു അർത്ഥിനി ഒരാഴ്ച്ച ധ്യാനത്തിലും പ്രാർത്ഥനയിലും ചില വഴിച്ചതിനുശേഷം സന്യാസ സഭയുടെ പാരമ്പര്യ ക്രമമനുസരിച്ച് ദിവ്യബലിയുടെ മദ്ധ്യത്തിലോ യാമപ്രാർത്ഥനയുടെ മദ്ധ്യത്തിലോ നൊവിഷ്യേറ്റിൽ പ്രവേശിക്കുന്നു. തിരുസഭയുടെ കാനൻ നിയമമനുസരിച്ച് നൊവിഷ്യേറ്റ് കാലഘട്ടം രണ്ടുവർഷം ദീർഘമള്ളതാണ്. ആദ്യത്തെ ഒരു വർഷം അർത്ഥനി ലോകവുമായുള്ള ബന്ധം ഒരുപരിധി വരെ വിച്ഛേദിക്കുന്നു. അതുകൊണ്ട് തന്നെ ഈ കാലഘട്ടം അല്പം കഠിനമായ ഒന്നാണ്. ഈ കാലഘട്ടത്തിൽ ഒരു ഗുരുനാഥയുടെ കീഴിൽ ഈ അർത്ഥിനി സന്യാസസഭയുടെ നിയമാവലികളെപ്പറ്റിയും അതിലുപരി സന്യാസ വ്രതങ്ങളായ കന്യാത്വം, അനുസരണം, ദാരിദ്രം, ഇതിന് പുറമെ സമൂഹ ജീവിതം, ലോകവുമായുള്ള ബന്ധം, സ്വന്തം സന്യാസസഭയും കത്തോലിക്കാസഭയും ഒരു സമർപ്പിതയ്ക്ക് നൽകുന്ന അവകാശങ്ങളെപ്പറ്റിയും വ്യക്തമായി പഠിക്കുന്നു.
ഒരുവർഷത്തെ സ്ട്രിക്റ്റ് നൊവിഷ്യേറ്റ് കാലഘട്ടത്തിന് ശേഷം ആറുമാസത്തെ റീജൻസി കാലഘട്ടത്തിനായി സന്യാസസഭയുടെ കീഴിലുള്ള ഒരു കോൺവെന്റിലേയ്ക്ക് പോകുന്നു. ലോകവുമായി ബന്ധപ്പെട്ടുള്ള ഈ കാലഘട്ടത്തിലും ഒരു അർത്ഥിനി സ്വന്തം ദൈവവിളിയെ വിശകലനം ചെയ്യുകയും, ദൈവവിളി തുടരണമെന്ന ആഗ്രഹം ഉണ്ടെങ്കിൽ റീജൻസിക്ക് ശേഷം വീണ്ടും ആറുമാസത്തെ സ്ട്രിക്റ്റ് നൊവിഷ്യേറ്റ് കാലഘട്ടത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഈ കാലഘട്ടം പ്രാർത്ഥനയിലും വിചിന്തനത്തിലും സന്യാസ സമൂഹത്തിൽ തന്നെ ഏല്പിച്ചിരിക്കുന്ന ചെറിയ ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ചു കൊണ്ടും ഈ അർത്ഥിനി സമർപ്പിത ജീവിതത്തിനായി ഏറ്റവുമടുത്ത ഒരുക്കം നടത്തുന്നു. ഈ കാലഘട്ടത്തിൽ ഒരു അർത്ഥിനിയ്ക്ക് തന്റെ ദൈവവിളിയിൽ സംശയം തോന്നുകയും സ്വന്തം ഭവനത്തിലേക്ക് തിരിച്ചുപോകണമെന്ന് തോന്നുകയയുമാണെങ്കിൽ അധികാരികളോട് അക്കാര്യം തുറന്നു പറയുവാനും സ്വഭവനത്തിലേക്ക് തിരിച്ച് പോകുവാനുമുള്ള അവകാശം ഓരോ സന്യാസ സഭയും കത്തോലിക്കാസഭയും നൽകുന്നു.
എന്നാൽ ഒരു അർത്ഥിനി സ്വന്തം ദൈവ വിളിയിൽ സംതൃപ്തയും ക്രിസ്തുവിനും സഹോദരങ്ങൾക്കുമായി സ്വന്തം ജീവിതം മാറ്റിവച്ചുകൊണ്ട് ഒരു സമർപ്പിതയായ് തീരണമെന്ന ആഗ്രഹവും സ്വയ അവബോധവും ഉണ്ടെങ്കിൽ തന്നെ സഭാവസ്ത്രം സ്വീകരിയ്ക്കുവാനും സന്യാസ വ്രതങ്ങൾ ചെയ്യുവാനും അനുവദിയ്ക്കാമോ എന്ന് ചോദിച്ചു കൊണ്ട് സ്വന്തം കൈപ്പടയിൽ ഒരു അപേക്ഷ അധികാരികൾക്ക് സമർപ്പിക്കണം. മദർ ജെനറാളും ജനറൽ കൗൺസിലേഴ്സും അടങ്ങുന്ന അധികാരികൾ ഈ അർത്ഥിനിയുടെ അപേക്ഷയും, രണ്ട് വർഷക്കാലം ഫോർമേഷനു സഹായിച്ച ഗുരുനാഥയുടെ റിപ്പോർട്ടും, റീജൻസി നടത്തിയ സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ റിപ്പോർട്ടും എല്ലാംകൂടി വിലയിരുത്തി സമർപ്പിത ജീവിതത്തിന് യോഗ്യതയുള്ള ഒരുവൾ ആണെന്ന് അധികാരികൾക്ക് ബോധ്യമായാൽ ആ അപേക്ഷ സ്വീകരിക്കുകയും, ഓരോ സന്യാസ സഭയുടെയും നിയമാവലിയിൽ പറഞ്ഞിരിക്കുന്ന ക്രമത്തിൽ സഭാ വസ്ത്രം ധരിക്കുവാനും സന്യാസ വ്രതം ചെയ്യുവാനുമുള്ള തീയതിയും സ്ഥലവും അധികാരികൾ നിശ്ചയിക്കുകയും ചെയ്യുന്നു.
ഒരാഴ്ച്ചക്കാലത്തെ ഏറ്റവും അടുത്ത ഒരുക്കമായ ധ്യാനത്തിന് ശേഷം ആഘോഷമായ വിശുദ്ധ കുർബാനയ്ക്കിടയിലാണ് സഭാ വസ്ത്രം ധരിക്കുവാനും ആദ്യ വ്രതം ചെയ്യുവാനും സാധാരണയായി എല്ലാ സന്യാസ സഭയും തിരഞ്ഞെടുക്കുന്നത്. നാല് അല്ലെങ്കിൽ ആറുവർഷത്തെ രൂപീകരണ കാലഘട്ടത്തിൽ കൂടി കടന്നുപോയ ഒരു അർത്ഥിനി കത്തോലിക്കാസഭയുടെ പ്രതിനിധിയുടെയും സ്വന്തം സന്യാസിസഭയിലെ അധികാരികളുടെയും മറ്റ് അംഗങ്ങളുടെയും ദൈവജനത്തിന്റെയും അതിലുപരി തന്റെ പ്രിയപ്പെട്ടവരുടെയും മുമ്പാകെ കന്യാത്വം, അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങൾ ദൈവകൃപയാൽ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊള്ളാം എന്ന് വ്രതം ചെയ്യുന്നു. ഈ മൂന്ന് വ്രതങ്ങൾ ഒരു വർഷക്കാലത്തേക്കാണ് സാധാരണയായി ചെയ്യുന്നത്.
ജൂനിയറേറ്റ് കാലഘട്ടം
ആദ്യ വ്രതം ചെയ്ത ഒരു സമർപ്പിത ആ സന്യാസ സഭയിലെ ജൂണിയറേറ്റ് കാലഘട്ടത്തിലേക്ക് കടക്കുന്നു. (നിത്യവ്രതം ചെയ്തു കഴിഞ്ഞാൽ മാത്രമേ ഒരു സമർപ്പിത ഒരു സന്യാസ സഭയുടെ യഥാർത്ഥ അംഗമായി മാറുകയുള്ളൂ) ജൂനിയറേറ്റ് കാലഘട്ടത്തിലേക്ക് പ്രവേശിച്ച് ഒരു സമർപ്പിത തന്റെ അധികാരികൾ നിശ്ചയിച്ചിട്ടുള്ള സ്വന്തം സന്യാസ സഭയുടെ കീഴിലുള്ള ഏതെങ്കിലുമൊരു കോൺവെൻറിൽ ഒരു ഗുരുനാഥയുടെ മേൽനോട്ടത്തിൽ സമർപ്പിത ജീവിതത്തിന്റെ ആദ്യകാലഘട്ടം ചിലവഴിയ്ക്കുന്നു. പിന്നീട് കത്തോലിക്കാസഭയുടെ നിയമാവലി അനുസരിച്ച് ഒരു വർഷത്തിനു ശേഷമോ രണ്ടുവർഷത്തിനു ശേഷമോ സ്വന്തം സന്യാസസഭയുടെ ചൈതന്യത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ ആ സമർപ്പിതയുടെ താൽപര്യത്തിന്റെ അടിസ്ഥാനത്തിലോ ഏതെങ്കിലും പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നു. ജൂനിയറേറ്റ് കാലഘട്ടം സിറോ മലബാർ സഭയുടെ നിയമമനുസരിച്ച് 5 മുതൽ 7 വർഷക്കാലവും, ലാറ്റിൻ സഭയുടെ നിയമാവലിയനുസരിച്ച് 7 മുതൽ 9 വർഷകാലവും നീണ്ടതാകുന്നു.
ജൂനിയറേറ്റ് കാലഘട്ടത്തിൽ ഒരു സമർപ്പിത ഓരോ വർഷവും തന്റെ മൂന്നു വ്രതങ്ങളും നവീകരിക്കണം. അതായത് ഒരു സമർപ്പിത ദൈവജനത്തിനും തിരുസഭയ്ക്കും മുന്നിൽ തന്റെ ആദ്യം വ്രതം ചെയ്യുന്നത് ഒരു വർഷക്കാലത്തേയ്ക്കാണ്. ഈ ഒരു വർഷത്തിനിടയിൽ ഒരു സമർപ്പിതയ്ക്ക് തന്റെ ദൈവവിളിയിൽ സംതൃപ്തിയില്ലാതെ വരികയും, മറ്റൊരു ജീവിതാന്തസ്സ് ആഗ്രഹിക്കുകയും ചെയ്താൽ സന്യാസസഭയുടെ അധികാരികളോട് അക്കാര്യം തുറന്നു പറയുകയും സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു അപേക്ഷ സമർപ്പിച്ച് അവരുടെ അനുവാദത്തോടെ സ്വന്തം ഭവനത്തിലേക്ക് തിരിച്ചുപോകാവുന്നതുമാണ്. തിരുസഭയുടെ കാനൻ നിയമവും കത്തോലിക്കാ സഭയുടെ കീഴിലുള്ള ഓരോ സന്യാസസഭയുടെ നിയമാവലിയും തന്റെ ദൈവവിളിയിൽ ചാഞ്ചല്യമുള്ള ഒരു സമർപ്പിത വ്യക്തിയ്ക്ക് നൽകുന്ന ഏറ്റവും വലിയ ഒരു സ്വാതന്ത്ര്യമാണിത്.
നിത്യവ്രതം
സീറോമലബാർ സഭയിൽ 5 വർഷം വ്രതം നവീകരിച്ചിട്ടുള്ള (ലാറ്റിൻ സഭയിൽ ഏഴുവർഷം വ്രതം നവീകരിച്ചിട്ടുള്ള) ഒരു ജൂനിയർ സിസ്റ്ററിന് തന്റെ ദൈവവിളിയിൽ മുന്നോട്ടു പോകണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ തന്നെ നിത്യവ്രതം ചെയ്യുവാൻ അനുവദിക്കാമോ എന്ന് വീണ്ടും സ്വന്തം കൈപ്പടയിൽ അധികാരികളോട് ഒരു അപേക്ഷ എഴുതി ചോദിക്കണം. അധികാരികൾ ഈ അപേക്ഷയും ഈ സിസ്റ്ററിന്റെ മിസ്ട്രസിന്റെ റിപ്പോർട്ടും ഈ സിസ്റ്റർ ജീവിക്കുന്ന സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ റിപ്പോർട്ടും വിശകലനം ചെയ്തതിനുശേഷം യോഗ്യതയുള്ള ഒരുവൾ ആണെങ്കിൽ നിത്യവ്രതം ചെയ്യുവാൻ അനുവാദം നൽകുന്നു. നിത്യവ്രതം എന്നാൽ തന്റെ ജീവിതകാലം മുഴുവൻ അതായത് മരണം വരെ കന്യാത്വം, അനുസരണം, ദാരിദ്ര്യം എന്നി വ്രതങ്ങൾ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി കൊള്ളാമെന്ന് തിരുസഭയുടെയും സന്യാസസഭയുടെയും ദൈവജനത്തിന്റെയും മുമ്പിൽ ആഘോഷമായ വിശുദ്ധ കുർബാനയുടെ മദ്ധ്യത്തിൽ വ്രതം ചെയ്യുന്നതാണ്.
സന്യാസം ഉപേക്ഷിക്കൽ
നിത്യവ്രതത്തിലൂടെ ഒരു സന്യാസ സഭയുടെ അംഗമായ് തീർന്ന ഒരു സമർപ്പിത എന്നെങ്കിലും ഈ ജീവിതം ഉപേക്ഷിച്ച് പോകാൻ തോന്നുകയാണെങ്കിൽ അതിന് ചില നടപടികളിൽ കൂടി കടന്ന് പോകേണ്ടിയിരിക്കുന്നു. ലോകത്തിലുള്ള ഏതൊരു പ്രസ്ഥാനങ്ങൾക്കും, പാർട്ടികൾക്കും, സംഘടനകൾക്കും ഉള്ളതുപോലെ ചില അച്ചടക്കനിയമങ്ങൾ കത്തോലിക്കാസഭയുടെ കീഴിലുള്ള എല്ലാ സന്യാസസഭകൾക്കും ഉണ്ട്. ദൈവപുത്രനായ ക്രിസ്തു തിരഞ്ഞെടുത്ത തന്റെ പന്ത്രണ്ടുപേരടങ്ങുന്ന ശിഷ്യഗണത്തിൽ യൂദാസ് അവിശ്വസ്ഥത കാട്ടിയതുപോലെ പലപ്പോഴും സമർപ്പിതർക്കിടയിലും ബലഹീനരായ മാനുഷിക ജന്മങ്ങൾ മറഞ്ഞു കിടക്കുന്നു. അതുകൊണ്ട് തന്നെ നിത്യവ്രതം ചെയ്ത ഒരു സമർപ്പിത സ്വന്തം സഭയുടെ നിയമങ്ങൾ അനുസരിയ്ക്കാതെ തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചാൽ ആ വ്യക്തിയെ സന്യാസസഭയിൽ നിന്ന് പുറത്താക്കുവാനുള്ള അധികാരം കത്തോലിക്കാ സഭയുടെ കാനൻ നിയമത്തിൽ അധിഷ്ഠിതമായ് ഓരോ സന്യാസസഭയുടെയും നിയമാവലിയിൽ എടുത്തു പറയുന്നുണ്ട്. ഇത്തരത്തിൽ പുറത്താക്കപ്പെട്ട ഒരു സമർപ്പിത പിന്നിട് ആ സന്യാസസഭയുടെയോ അല്ലെങ്കിൽ മറ്റെതെങ്കിലും സന്യാസസഭയുടെയോ അംഗമായിരിയ്ക്കില്ല. എന്നിരുന്നലും പലപ്പോഴും ഒരു അമ്മ സ്വന്തം മക്കളോട് കരുണ കാട്ടുന്നതുപോലെ പല സന്യാസസഭകളും തന്റെ മക്കളുടെ ബലഹീനതകളും തെറ്റുകളും ക്ഷമിയ്ക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു.
“വിശ്വസ്ഥത മറ്റെല്ലാ പുണ്യങ്ങളുടെയും കിരീടം” ആണെങ്കിലും നിത്യവ്രതം ചെയ്ത ഒരു സമർപ്പിതയ്ക്ക് തന്റെ സഭ ഉപേക്ഷിച്ചു പോകണം എന്ന് തോന്നുന്ന സാഹചര്യത്തിൽ അധികാരികളോട് അക്കാര്യം തുറന്ന് പറയാനും അവരുടെ സഹായത്തോടെ തിരുസ്സഭയുടെ അദ്ധ്യക്ഷനായ മാർപാപ്പയിൽ നിന്ന് അനുവാദം വാങ്ങി സഭ ഉപേക്ഷിച്ചു പോകുവാനും സാധിക്കും. അല്ലെങ്കിൽ മദർതെരേസയെപോലെ ദൈവത്തിൽനിന്നു ഉണ്ടായ മറ്റൊരു ഉൾവിളിക്ക് അനുസൃതമായി ജീവിക്കാൻ ആഗ്രഹം തോന്നുന്നു എങ്കിൽ തിരുസ്സഭയുടെയും തന്റെ സഭയിലെ അധികാരികളുടെ അനുവാദത്തോടെ താനായിരിക്കുന്ന സഭ ഉപേക്ഷിച്ചു പോകുവാനും മറ്റൊരു പുതിയ സഭ ആരംഭിക്കാനുമുള്ള നിയമം എല്ലാ സന്യാസസഭയുടെയും നിയമാവലിയുടെ അവസാന അദ്ധ്യായങ്ങളിൽ കോറിയിട്ടിരിക്കുന്നു.
കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തിൽ നിയമ ബിരുദധാരികൾ ഒരുപാട് ഉണ്ട്, എഴുത്തുകാരുണ്ട്, തത്വചിന്തകർ ഉണ്ട്, ബിരുദധാരികൾ ഉണ്ട്, അഭിനയശേഷിയും കലാപ്രതിഭയും ഉള്ളവർ ഉണ്ട്, സാമൂഹ്യ പ്രവർത്തകർ ഉണ്ട്, അധ്യാപകരുണ്ട്, ഐടി വിദഗ്ധരും ഉണ്ട്, ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവർ ഉണ്ട്… ഇങ്ങനെ സർവ്വമേഖലയിലും പ്രഗത്ഭരും കഴിവുള്ളവരുമായ ഒരുപാടുപേർ നിൽക്കുന്ന ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹങ്ങൾ. അല്ലാതെ തിരിച്ചറിവില്ലാത്ത ബോധ്യങ്ങളും ഉൾക്കാഴ്ചകളും ഇല്ലാത്ത വെറും ആൾക്കൂട്ടം അല്ല സന്യാസിനി ഭവനങ്ങൾ. അതുകൊണ്ടു തന്നെ പ്രതികരിക്കണം എന്നുണ്ടെങ്കിൽ, അവകാശങ്ങൾ നേടിയെടുക്കണം എന്നുണ്ടെങ്കിൽ സ്വയം തിരുത്താനും സ്വയം വളരാനും ഏറ്റവും സജ്ജമായ ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹം.
അതുകൊണ്ടുതന്നെ ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ നവീകരണത്തിനായി മുതലക്കണ്ണീർ ഒഴുക്കുന്നവരോട്… കന്യാസ്ത്രീകൾക്ക് പറയാനുള്ളത് പറയാൻ കന്യാസ്ത്രീകൾക്ക് അറിയാം… അതിനാരുടെയും അനുവാദമോ ഒത്താശയുടെ പിൻബലമോ വേണ്ട. മുതലകണ്ണീരൊഴുക്കുന്ന നിങ്ങളാണ് ഇന്ന് ഞങ്ങളുടെ സന്തോഷവും സ്വാതന്ത്ര്യവും വിശ്വാസവും തല്ലിക്കെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൂർണമായ സ്വാതന്ത്ര്യത്തോടും അറിവോടും കൂടി സന്യാസം സ്വീകരിച്ച എനിക്ക് നിങ്ങളോട് പറയാനുള്ളത്… ധനമോ, പ്രശസ്തിയോ, സ്വാതന്ത്ര്യമോ, സൗന്ദര്യമോ തുടങ്ങി ലോകദൃഷ്ടിയിൽ കേമം എന്ന് നിങ്ങൾ കരുതുന്ന എല്ലാത്തിനെയും പിന്നിൽ ഉപേക്ഷിച്ചു കൊണ്ടാണ് പല സന്യാസിനികളും സന്യാസം സ്വീകരിച്ചത്. അതിലൂടെ ലഭിക്കുന്ന കൊച്ചു സഹനങ്ങളെയും സങ്കടങ്ങളെയും ഒരുപാട് പേരുടെ സന്തോഷത്തിനും വളർച്ചയ്ക്കും കാരണമാകുന്നുണ്ടെങ്കിൽ അതിനെ പരിഹസിക്കാനും എതിർക്കാനും നിങ്ങളാരാണ്…? ഞങ്ങൾ വിശ്വസിക്കുന്ന, അനുകരിക്കുന്ന ക്രിസ്തുവിനെ പ്രതി ലോകദൃഷ്ടിയിൽ വിലപ്പെട്ടതെല്ലാം ഉച്ചിഷ്ടം ആയി കരുതുന്നവരാണ് ഞങ്ങൾ. അതിൽ നിന്ന് ലഭിക്കുന്ന ആത്മീയ ആനന്ദമാണ് ഞങ്ങളുടെ ശക്തി. അത് കണ്ടെത്താൻ കഴിയാത്ത വരെ കൂട്ടുപിടിച്ചു നിങ്ങൾ നടത്തുന്ന പ്രഹസനം ഇനിയെങ്കിലും അവസാനിപ്പിക്കൂ…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില് വനിതാ പ്രീഫെക്ടായി സിസ്റ്റര് സിമോണ ബ്രാംബില്ലയെ ഫ്രാന്സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്ഷങ്ങള് ആഘോഷിക്കുന്ന ജൂബിലി വേളയില്, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.