കുറവിലങ്ങാട്: അക്ഷരാർഥത്തിൽ ഭക്തസാഗരത്തിലൂടെ വിശ്വാസ നൗക സഞ്ചരിച്ചു. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മാർത്താമറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിന്റെ പ്രധാന ദിനമായിരുന്ന ഇന്നലെയാണ് ചരിത്രം ആവർത്തിച്ചു കപ്പൽ പ്രദക്ഷിണം നടന്നത്. പുതിയ പദവിയുടെ തിളക്കത്തിൽ പതിവിലേറെ വിശ്വാസികൾ ഇന്നലെ പള്ളയിലേക്ക് ഒഴുകിയെത്തിയിരുന്നു.
പതിവുപോലെ വലിയ പള്ളിയിൽനിന്നു തിരുസ്വരൂപങ്ങൾ ചെറിയ പള്ളിയിലേക്കു നീങ്ങിയതിനു പിന്നാലെയാണ് കപ്പൽ സംവഹിക്കുന്നതിനുള്ള അനുമതിയും പ്രാർഥനാശംസകളും കടപ്പൂർ നിവാസികൾക്കു വികാരി നൽകിയത്. വലിയ പള്ളിയുടെ ആനവാതിലിലൂടെ പുറത്തെത്തിയ കപ്പൽ കൊടികളുയർത്തിക്കെട്ടി ദൈവത്തെ വണങ്ങി. പള്ളിനടകൾ മൂന്നുതവണ ഓടിക്കയറിയാണ് ഈ വന്ദനം. തുടർന്ന് വലിയ പള്ളിയുടെ മുറ്റത്ത് നൂറുകണക്കായ കടപ്പൂർ നിവാസികളുടെ കരങ്ങൾ ഒരേവേഗത്തിലും താളത്തിലും ഉയർന്നുതാണപ്പോൾ അക്ഷരാർഥത്തിൽ കടൽ യാത്രയുടെ അനുഭവം സമ്മാനിക്കാനായി.
ഈ സമയം വലിയപള്ളിയിൽനിന്നു പൊൻവെള്ളിക്കുരിശുകളും എട്ട് തിരുസ്വരൂപങ്ങളും പള്ളിമുറ്റത്ത് ചെറിയ പള്ളി ലക്ഷ്യമിട്ടു മുന്നേറുകയായിരുന്നു. ഈ പ്രദക്ഷിണം ചെറിയപള്ളിയിലെത്തി ദൈവമാതാവിന്റെ തിരുസ്വരൂപം പള്ളിയകത്ത് പ്രവേശിച്ചു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പ്രദക്ഷിണവീഥിയിലേക്കു ക്ഷണിച്ചതോടെ പ്രദക്ഷിണത്തിൽ സംവഹിക്കപ്പെടുന്ന തിരുസ്വരൂപങ്ങളുടെ എണ്ണം പന്ത്രണ്ടിലെത്തി.
ഏറ്റവും മുന്നിൽ മാർ യൗസേപ്പിതാവിനെ സംവഹിച്ചുള്ള പ്രദക്ഷിണം ചെറിയപള്ളി നടയിലെത്തിയപ്പോൾ വലിയപള്ളിയിൽനിന്നു കടപ്പൂർ നിവാസികൾ കപ്പൽ ചെറിയ പള്ളി നടയിലേക്ക് ഓടിച്ചുകയറ്റാനുള്ള ശ്രമങ്ങളിലായിരുന്നു. പിന്നീട് യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണകൾ സമ്മാനിക്കുന്ന കപ്പലോട്ടമായിരുന്നു. കപ്പൽ മുന്നോട്ടുനീങ്ങുമ്പോൾ ഭക്തസാഗരം തിരമാലകൾ കണക്കെ ഓടിയടുക്കുകയും അകലുകയും ചെയ്തു. ചെറിയപള്ളി നടയിലേക്കു കയറി കപ്പൽ നടത്തിയ ഓട്ടുകുരിശുവന്ദനം വേറിട്ട അനുഭവമായി മാറി. കപ്പൽ കുരിശിൻതൊട്ടിയിലെത്തിയതോടെ പ്രക്ഷുബ്ധമായ കടലിന്റെ അന്തരീക്ഷം ഭക്തമനസുകൾക്കു സമ്മാനിക്കാൻ കടപ്പൂർ നിവാസികൾക്കായി. കൽക്കുരിശു വന്ദനത്തിനു ശേഷമായിരുന്നു കടൽക്ഷോഭത്തിന്റെ പ്രതീതി സമ്മാനിച്ച കപ്പൽ യാത്ര. യോനാ പ്രവാചകനെ കപ്പലിൽ നിന്നെടുത്തെറിയുന്നതോടെ ശാന്തമായ കപ്പൽ കല്പടവുകൾ താണ്ടി ഒരുവർഷത്തെ ഇടവേള സമ്മാനിച്ചു വലിയപള്ളിക്കുള്ളിലേക്കു പ്രവേശിച്ചു.
നെറ്റിപ്പട്ടം കെട്ടി മുത്തിയമ്മയുടെ തിടമ്പേറ്റിയ ഗജവീരന്മാരണിചേർന്ന പ്രദക്ഷിണമെന്ന പാരമ്പര്യം ആവർത്തിച്ചായിരുന്നു പ്രദക്ഷിണം. പ്രദക്ഷിണത്തിന് മുന്നോടിയായി നടന്ന വിശുദ്ധകുർബാനകളിൽ സീറോമലങ്കര സഭ കൂരിയ മെത്രാനും അപ്പസ്തോലിക്ക വിസിറ്റേറ്ററുമായ യൂഹന്നാൻ മാർ തിയഡോഷ്യസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ കാർമികത്വം വഹിച്ചു. സമാപനദിനമായ ഇന്ന് 4.30-ന് സീറോമലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിക്കും.