സ്വന്തം ലേഖകൻ
ജക്കാർത്ത: ഇന്തോനേഷ്യയിൽ മൂന്നു ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ ഐഎസുമായി ബന്ധമുള്ള ഒരു കുടുംബത്തിലെ ആറംഗങ്ങൾ നടത്തിയ ചാവേർ ആക്രമണത്തിൽ 13പേർ കൊല്ലപ്പെട്ടു. 40 പേർക്കു പരിക്കേറ്റു. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബായയിലെ പള്ളികളിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെ അമാഖ് വാർത്താ ഏജൻസിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
പ്രാദേശിക സമയം രാവിലെ ഏഴോടെ സുരബായയിലെ സാന്താ മരിയ റോമൻ കത്തോലിക്ക പള്ളിയിലാണ് ആദ്യ ആക്രമണമുണ്ടായത്. ആദ്യത്തെ കുർബാന കഴിഞ്ഞ് രണ്ടാമത്തെ കുർബാന ആരംഭിക്കാനിരിക്കേയായിരുന്നു ആക്രമണം. ഇവിടെ ചാവേറുകളക്കം നാലു പേർ കൊല്ലപ്പെട്ടു. ഡിപ്പോനെഗോറോയിലെ ക്രിസ്ത്യൻ പള്ളിയിലായിരുന്നു രണ്ടാമത്തെ ആക്രമണം. നഗരത്തിലെ പെന്തകോസ്ത് പള്ളിയിലായിരുന്നു മൂന്നാമത്തെ ആക്രമണം.
ഒരു കുടുംബത്തിലെ ആറു പേരാണ് ആക്രമണത്തിനു പിന്നിൽ. അടുത്തിടെ സിറിയയിൽനിന്നു മടങ്ങിയെത്തിയ അഞ്ഞൂറോളം ഇന്തോനേഷ്യൻ കുടുംബങ്ങളിൽ ഒന്നായിരുന്നു ഇതെന്നു പോലീസ് പറഞ്ഞു. പ്രാദേശിക തീവ്രവാദ ഗ്രൂപ്പായ ജമാ അൻഷാറുത് ദൗല(ജെഎഡി)യുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയത്. ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമാണുള്ളത്.
സ്ഫോടകവസ്തുക്കൾ നിറച്ച കാർ പള്ളിയുടെ ഗേറ്റിലേക്ക് ഇടിച്ചുകയറ്റി ആദ്യത്തെ ആക്രമണം നടത്തിയത് ഗൃഹനാഥനാണെന്ന് ഈസ്റ്റ് ജാവ പോലീസ് വക്താവ് ഫ്രാൻസ് ബറുംഗ് മാൻഗേര പറഞ്ഞു. അമ്മയും ഒന്പതും പന്ത്രണ്ടും പ്രായമുള്ള രണ്ടു പെൺമക്കളുമായിരുന്നു രണ്ടാമത്തെ പള്ളിയിൽ ചാവേറായി എത്തിയത്. പതിനെട്ടും പതിനാറും വയസുള്ള ആൺകുട്ടികളാണ് മൂന്നാമത്തെ പള്ളിയിൽ ആക്രമണം നടത്തിയത്. തുടയിൽ സ്ഫോടകവസ്തുക്കൾ കെട്ടിവച്ച് ബൈക്കിലായിരുന്നു ഇരുവരും എത്തിയത്.