സ്വന്തം ലേഖകൻ
ബാംഗ്ലൂർ: അല്മായരുടെ ദൈനംദിന ജീവിത സാഹചര്യങ്ങളിൽ സുവിശേഷ മൂല്യങ്ങൾ ജീവിക്കാനും പ്രചരിപ്പിക്കാനും അവരെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യയിലെ ബിഷപ്പുമാർക്ക് പേപ്പൽ നുൻഷിയോ ജിയാംബട്ടിസ്റ്റ ഡിക്വാട്രോയുടെ ഉദ്‌ബോധനം. ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ (സി.സി.ബി.ഐ.) 32-Ɔο പ്ലീനറി അസംബ്ലി, ഫെബ്രുവരി 16 ഞായറാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണയുടെയും സഹാനുഭൂതിയുടെയും സുവിശേഷ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം ക്രിസ്തുവിന്റെ അനുയായികൾക്ക് ഉണ്ട്. നമ്മുടെ രാജ്യത്തെ ബിഷപ്പുമാർ തങ്ങളുടെ ജീവിതത്തിൽ സുവിശേഷത്തിന്റെ മൂല്യങ്ങൾ ആഴത്തിൽ ജീവിക്കാൻ അൽമായരെ പ്രോത്സാഹിപ്പിക്കണമെന്നും നുൻഷിയോ പറഞ്ഞു.
സി.സി.ബി.ഐ. പ്രസിഡന്റായ ഗോവ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ഫിലിപ്പ്നേരി ഫെറോ അധ്യക്ഷത വഹിച്ചു. നാം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും രാഷ്ട്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കുകയും; ജാതി, മത, ഭാഷ, വംശീയ വിവേചനങ്ങളില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ സദാ ജാഗരൂഗരായിരിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ബോംബെ ആർച്ച് ബിഷപ്പും ഫ്രാൻസിസ് പാപ്പയുടെ ഉന്നത ഉപദേശകരിൽ ഒരാളുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷിയസ് ബിഷപ്പുമാരോട് നമ്മുടെ രാജ്യത്ത് ജീവന്റെ സംസ്കാരവും സാഹോദര്യവും പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. അതുപോലെതന്നെ, ഗർഭാവസ്ഥയിൽ 24 ആഴ്ച കാലയളവ് വരെ ഏത് സമയത്തും ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ പുതിയ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസിയെക്കുറിച്ച് അദ്ദേഹം ഭയാശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. മനുഷ്യജീവനെ ഗർഭധാരണ നിമിഷം മുതൽതന്നെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നും, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവന്റെ പവിത്രതയെ സംരക്ഷിക്കുന്നതിൽ സഭയുടെ നിലപാട് അചഞ്ചലമാണെന്നും പറഞ്ഞ അദ്ദേഹം മനുഷ്യജീവന്റെ അന്തസ്സിനെക്കുറിച്ചുള്ള ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം ബിഷപ്പുമാർക്കാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.
പുതുതായി നിയമിതരായ ബിഷപ്പുമാരെ സമ്മേളനത്തിലെ അംഗങ്ങളായി സ്വാഗതം ചെയ്യുകയും, ജൂബിലേറിയന്മാരെ ആദരിക്കുകയും ചെയ്തു. പ്ലീനറി അസംബ്ലിയിൽ സി.സി.ബി.ഐ. കമ്മീഷൻ ഫോർ ലിറ്റർജിയുടെ പുതിയ ചെയർമാനായി കർണാടകത്തിലെ മംഗലാപുരം ബിഷപ്പ് ഡോ. പീറ്റർ പോൾ സൽദാനയെ തിരഞ്ഞെടുത്തു. 2020 നവംബറിൽ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ (എഫ്എബിസി) മൂന്നാഴ്ചത്തെ സുവർണ്ണ ജൂബിലി കോൺഫറൻസിൽ പങ്കെടുക്കാനുള്ള 26 ബിഷപ്പുമാരെയും സമ്മേളനം തിരഞ്ഞെടുത്തു. കൂടാതെ, 132 രൂപതകളും 190 ബിഷപ്പുമാരും അടങ്ങുന്ന ലാറ്റിൻ കത്തോലിക്കാസഭയെ ബാധിക്കുന്ന വിവിധ കാര്യങ്ങൾ സി.സി.ബി.ഐ. യുടെ ഏകദിന യോഗത്തിൽ ചർച്ച ചെയ്തു.
സി.സി.ബി.ഐ. വൈസ് പ്രസിഡന്റായ മദ്രാസ്-മൈലാപൂർ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോർജ്ജ് ആന്റോണിസാമി പ്ലീനറി അസംബ്ലിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. സി.സി.ബി.ഐ. സെക്രട്ടറി ജനറലായ ദില്ലി അതിരൂപത ആർച്ച്ബിഷപ്പ് ഡോ.അനിൽ കൂട്ടോ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ പ്ലീനറി അസംബ്ലിയിലേക്ക് കടന്നുവന്ന എല്ലാപേർക്കും നന്ദിയർപ്പിച്ചു.
സി.സി.ബി.ഐ. 16 കമ്മീഷനുകളിലൂടെയും, 4 വകുപ്പുകളിലൂടെയുമാണ് ഇന്ത്യയിലെ സഭയെ നയിക്കുന്നത്. ബാംഗ്ലൂരിലാണ് ഇതിന്റെ പ്രധാന സെക്രട്ടേറിയറ്റ്. കാനോനിക അംഗീകാരമുള്ള കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തെതുമായ വലിയ ഇടയ കൂട്ടായ്മയാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.
View Comments
ഇങ്ങനെ ഭയാശങ്കകൾ വ്യക്തമാക്കി പത്രക്കുറിപ്പിറക്കിയിട്ടോ ഹേറോദേസുമാർക്കു നിവേദനം നല്കിയിട്ടോ എന്തു കാര്യം? കൃത്യ സമയത്ത് കോടതിയിൽ കഴിവുള്ള വക്കീലിനെ വച്ച് ശിശുക്കൾക്കു വേണ്ടി കേസു വാദിക്കണം..