കോട്ടയം: ജാതി, മത ചിന്തകൾക്കതീതമായി സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ സഭകൾ ഒരുമയോടെ ഇടപെടണമെന്ന് കോട്ടയം സീരിയിൽ ചേർന്ന ഇന്റർ ചർച്ച് കൗൺസിൽ ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസ, ആതുരസേവന ഇതര തലങ്ങളിൽ നേരിടുന്ന പ്രതിസന്ധികളിൽ തളരാതെ സുവിശേഷ മൂല്യങ്ങൾ മുറുകെപ്പിടിച്ചു സേവനം തുടരാൻ സഭകൾ പ്രതിജ്ഞാബദ്ധമാണ്. സഭയുടെ സ്ഥാപനം മുതൽ വെല്ലുവിളികളെയും പ്രതിസന്ധികളെയും അഭിമുഖീകരിച്ചാണ് മുന്നേറിയിട്ടുള്ളത്.
ക്രിസ്തുവിലും സുവിശേഷത്തിലും സമർപ്പിതരായി പ്രതിസന്ധികളെ അതിജീവിക്കാൻ സഭകളുടെ കൂട്ടായ പ്രവർത്തനമുണ്ടാകണം. മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും ഇതര ദരിദ്രവിഭാഗങ്ങളുടെയും പ്രശ്നങ്ങളിൽ സഭകൾ ഒറ്റക്കെട്ടായി സഹായസഹകരണം എത്തിക്കണം. ദളിതരുടെ ഉന്നമനത്തിനും പ്രത്യേക ശ്രദ്ധചെലുത്തണം. മേഖലാതലങ്ങളിൽ സഭാ തലവൻമാരുടെ യോഗങ്ങൾ ആവശ്യാനുസരണം സംഘടിപ്പിക്കുവാൻ കൗൺസിൽ തീരുമാനിച്ചു.
ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ (തെക്കൻ മേഖല), ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത (മധ്യമേഖല), മാർ അപ്രേം മെത്രാപ്പോലീത്ത (തൃശൂർ മേഖല), മാർ ഒൗഗിൻ കുര്യാക്കോസ് (മലബാർ മേഖല) എന്നിവർ നേതൃത്വം വഹിക്കും. അടുത്തയോഗം 2019 ജനുവരി 17നു ചരൽക്കുന്നിൽ ചേരും.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷതവഹിച്ച യോഗത്തിൽ വിവിധ ക്രൈസ്തവസഭകളെ പ്രതിനിധീകരിച്ച് 18 ബിഷപ്പുമാർ പങ്കെടുത്തു.
കൽദായ സുറിയാനി സഭാധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്ത, ക്നാനായ സുറിയാനി സഭ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. സ്റ്റാൻലി റോമൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, യൂഹാന്നോൻ മാർ തിയോഡോഷ്യസ്, സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. കെ.ജി. ഡാനിയേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത, മാർ ഒൗഗിൻ കുര്യാക്കോസ് എപ്പിസക്കോപ്പ, മോൺ. ജോസ് നവാസ്, റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ എന്നിവരും പങ്കെടുത്തു. കാലം ചെയ്ത ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ വിയോഗത്തിൽ അനുശോചിച്ചു.