ജയിംസ് കൊക്കാവയലിൽ
സന്യാസവും പൗരോഹിത്യവും തമ്മിലുള്ളവ്യത്യാസം ശരിയായിട്ട് അറിയാവുന്നവർ തന്നെയാണ് ഭാരതീയർ. കാരണം, ഹൈന്ദവ മതത്തിൽ ഇത് വളരെ വ്യക്തമാണ്. എന്നിട്ടും ഒരു വേഷംകെട്ടലിനു പുറകെ വേഷംകെട്ടലുകളുമായി ഇറങ്ങിയിരിക്കുകയാണ് ചാനൽ കോമരങ്ങളും മാമാ തെയ്യങ്ങളും.
ഹൈന്ദവ സന്യാസം
ശ്രീ രാമകൃഷ്ണമിഷൻ, ഇസ്കോൺ, സ്വാമി നാരായണ സൊസൈറ്റി, ബ്രഹ്മകുമാരിസ്, ശിവഗിരി ആശ്രമം, അമൃതാനന്ദമയി ആശ്രമം എന്നിവ ഹൈന്ദവ സന്യാസ സമൂഹങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഈ സന്യാസികൾ ആരും ക്ഷേത്രങ്ങളിൽ പുരോഹിത കർമ്മങ്ങൾ അഥവാ പൂജാവിധികൾ അനുഷ്ഠിക്കുന്നില്ല. ഇവയ്ക്കെല്ലാം അവയുടേതായ ചട്ടങ്ങളും നിയമങ്ങളും വേഷവിധാനങ്ങളും ഉണ്ട്. ബ്രഹ്മചര്യവും ഉണ്ട്. അവയെല്ലാം നിർബന്ധമായി പാലിക്കുന്നവർക്ക് മാത്രമേ ആശ്രമങ്ങളിൽ സ്ഥാനമുള്ളൂ.
ഹൈന്ദവ പൗരോഹിത്യം
ഹൈന്ദവ പൗരോഹിത്യത്തിന് സന്യാസവുമായി യാതൊരു ബന്ധവുമില്ല. പൂജ, ഹോമം തുടങ്ങിയ പൗരോഹിത്യ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് പൂജാരികളും ശാന്തിക്കാരും ഒക്കെയായ വിവാഹിതരായ ബ്രാഹ്മണർ ആണ്. ഇപ്പോൾ മറ്റ് ജാതിക്കാരും ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ടെങ്കിലും ഇവരാരും സന്യാസികൾ അല്ല.
കത്തോലിക്കാ സന്യാസം
കത്തോലിക്കാസഭയിൽ ലോകവ്യാപകമായി ആയിരത്തിൽപരം സന്യാസ സമൂഹങ്ങളുണ്ട്. ഇവയിൽ സ്ത്രീ സമൂഹങ്ങളും പുരുഷ സമൂഹങ്ങളുമുണ്ട്. കത്തോലിക്കാസഭയ്ക്ക് പൊതുവായി കാനൻ നിയമം ഉണ്ടെങ്കിലും, ഈ സമൂഹങ്ങൾക്കെല്ലാം കാനൻ നിയമത്തിന്റെ പരിധിക്കുള്ളിൽ നിൽക്കുന്ന ‘സമൂഹ നിയമങ്ങൾ അഥവാ ബൈലോസ്’ ഉണ്ട്. ഇതനുസരിച്ച് ഓരോ സമൂഹത്തിനും തങ്ങളുടേതായ ആദ്ധ്യാത്മിമിക വീക്ഷണങ്ങളും പ്രവർത്തന മേഖലകളും വേഷവിധാനങ്ങളും ഭരണ സംവിധാനങ്ങളും ഉണ്ട്. സാരിയും ചുരിദാറും ധരിക്കുന്ന സ്ത്രീ സമൂഹങ്ങളും പരമ്പരാഗത സന്യാസ വസ്ത്രം ധരിക്കുന്ന സമൂഹങ്ങളും നമുക്ക് കാണുവാൻ സാധിക്കും. ഓരോ സന്യാസി/നി യും തന്റെ സമൂഹത്തിലെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥൻ/ഥ ആണ്. സന്യാസത്തിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഈ സമൂഹങ്ങളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാൻ അനുവാദം ഉണ്ട്.
ഈയിടെ കുമ്പസാരത്തെ കുറിച്ചുള്ള വിധിയിൽ കോടതി പ്രസ്താവിച്ചതുപോലെ ഒരാൾ ഒരു സമൂഹത്തിൽ ചെന്ന് ചേർന്നിട്ട് അവിടുത്തെ നിയമങ്ങൾ തനിക്ക് അനുസൃതമായി മാറ്റണമെന്ന് വാശി പിടിക്കാൻ പാടില്ല, പകരം മറ്റെവിടെയെങ്കിലും പോയി ചേരുകയാണ് വേണ്ടത്. ഒരു സന്യാസി തന്നെ താരതമ്യം ചെയ്യേണ്ടത് മറ്റ് സമൂഹങ്ങളിലെ സന്യാസികളും ആയിട്ടല്ല. സ്വന്തം സമൂഹത്തിലെ സന്യാസികളുമായിട്ടാണ്. അവിടെ പക്ഷഭേദം ഉണ്ടെങ്കിൽ തീർച്ചയായും പ്രതികരിക്കണം.
കത്തോലിക്കാ പൗരോഹിത്യം
ഹൈന്ദവ പൗരോഹിത്യം പോലെ തന്നെ കത്തോലിക്കാ പൗരോഹിത്യത്തിനും സന്യാസവും ആയി വലിയ ബന്ധമൊന്നുമില്ല. കുറച്ചു പുരുഷ സന്യാസികൾ പൗരോഹിത്യം സ്വീകരിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. പൗരോഹിത്യം സ്വീകരിക്കാത്ത പുരുഷ സന്യാസികളും ഉണ്ട്. സഭ പുരോഹിതരോട് ബ്രഹ്മചര്യം പാലിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ പല പൗരസ്ത്യകത്തോലിക്കാ സഭകളിലും വിവാഹിതരായ വൈദീകർ സേവനം ചെയ്യുന്നുണ്ട്. ഓർത്തഡോക്സ് സഭകളിൽ നിന്ന് വിവാഹിതരായ വൈദീകരെ കേരളത്തിൽപോലും കത്തോലിക്കാസഭയിൽ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.
ആനയെ കണ്ട അവതാരകർ
ആനയെ കണ്ട അന്ധന്മാരെ പോലെയാണ് ചാനൽ അവതാരകർ കത്തോലിക്കാസഭയെ കാണുന്നത്. സന്യാസം എന്താണെന്നോ പൗരോഹിത്യം എന്താണെന്നോ ഇവർക്ക് യാതൊരു വിവരവുമില്ല. സന്യാസി അല്ലാത്ത പുരോഹിതൻ ഉണ്ടോ ബിഷപ്പ് ഉണ്ടോ എന്നൊക്കെ വിളിച്ചു ചോദിക്കുന്ന ന്യൂസ് 18ന്റ എട്ടും പൊട്ടും തിരിയാത്ത അവതാരകൻ ഒരു ഉദാഹരണം മാത്രം. കണ്ണടച്ച് അന്ധരാകുന്നവരും ഈ കൂട്ടത്തിൽ ധാരാളം. കോട്ടും സ്യൂട്ടും ഇടാതെ ന്യൂസ് റൂമിൽ കയറാൻ അനുവാദമില്ലാത്തവന്മാരൊക്കെയാണ് കന്യാസ്ത്രീ ചുരിദാർ ഇട്ടാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നത്.
ഒരു കനേഡിയൻ ഉടായിപ്പ്
പ്രമുഖ ഫെമിനിസ്റ്റ്, ജേർണലിസ്റ്റ്, കോളമിസ്റ്റ്, കമ്മ്യൂണിസ്റ്റ്, കനേഡിയൻ അവതാരം സുനിതാ അമ്മായി ഈ വിഷയത്തിൽ ഒരു വീഡിയോ പോസ്റ്റും കൊണ്ട് ഇറങ്ങിയിട്ടുണ്ട്. അതിൽ അവരുടെ അറിവില്ലായ്മ വളരെ വ്യക്തമാണ്. ആധികാരികതയെക്കുറിച്ച് ആണെങ്കിൽ ഒന്നും പറയുകയും വേണ്ട. കോപ്പിയടിയും നുണപറച്ചിലും അല്ലാതെ മറ്റെന്തെങ്കിലും അറിയാമോ. സ്നേഹ എന്ന സ്ത്രീയുടെ ഒരു ഇൻറർവ്യൂ കോപ്പിയടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിനെ കുറിച്ചുള്ള വീഡിയോ വളരെ പ്രസിദ്ധമാണല്ലോ. ശ്രീധരൻ പിള്ളയുടെ ഭാര്യ ക്രിസ്ത്യാനിയാണ് എന്ന് പടച്ചുവിട്ട് വർഗ്ഗീയത ഉണ്ടാക്കാൻ നോക്കിയതിൽ അൻപതുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള കേസ് കോടതിയിൽ നടക്കുന്നു. വെറുതെ പ്രശസ്തി പിടിച്ചുപറ്റാൻ ഓരോ വേഷംകെട്ടലുകൾ.
പുരയ്ക്കലെ ‘കള’
വിളയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ‘ഒരു കള’ തഴച്ചുവളരുന്നു. അത് എങ്ങനെ കളയാകും എന്നാണ് പലരും ചോദിക്കുന്നത്. പുസ്തകം എഴുതുന്നതും ഡ്രൈവിംഗ് പഠിക്കുന്നതും ഇത്ര തെറ്റാണോ? എന്നാൽ അവ തന്റെ സന്യാസ സമൂഹത്തിലെ നിയമങ്ങൾക്ക് വിധേയമായിട്ടല്ലാ ചെയ്തത് എന്നതാണ് അതിലെ തെറ്റ്. പലർക്കും ഇത് മനസ്സിലാകാതെ പോകുന്നു. ഇന്ത്യ ഒരു സ്വതന്ത്രരാജ്യം അല്ലേ ഇവിടെ എന്തുകൊണ്ട് പാടില്ല എന്ന ചോദ്യം ന്യായം.
ഇന്ത്യ ഒരു സ്വതന്ത്ര രാജ്യം എന്ന് അവകാശപ്പെടുമ്പോഴും ഇവിടുത്തെ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന് സർക്കാരിൻറെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാനോ, ഏതെങ്കിലും കോഴ്സുകൾ പഠിക്കാനോ, പ്രൈവറ്റ് പ്രാക്ടീസ് നടത്താനോ അനുവാദമുണ്ടോ. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം എഴുതിയതതിനും, സർവീസിൽ ആയിരിക്കുമ്പോൾ ഒരു പ്രൈവറ്റ് സ്ഥാപനത്തിന്റെ ശമ്പളം വാങ്ങി ജോലി ചെയ്തു എന്ന പേരിലും ജേക്കബ് തോമസ് ഐ.പി.എസ്. ന് എതിരെ കേസ് എടുത്ത് സസ്പെൻഡ് ചെയ്തത് സ്വാതന്ത്ര ഇന്ത്യയിലെ കേരളസംസ്ഥാനത്ത് തന്നെയല്ലേ. സർക്കാരിന്റെ ‘സംവിധാനങ്ങൾ’ പോലെ തന്നെയാണ് സഭയുടെയും.
മാധ്യമങ്ങൾ കുറ്റാരോപണങ്ങളെയും കുറ്റകൃത്യങ്ങളെയും തമ്മിൽ കൂട്ടി കുഴച്ച് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെട്ടില്ല? കാരണം, അദ്ദേഹത്തിനെതിരെ ഇപ്പോഴും ആരോപണങ്ങൾ മാത്രമാണ് നിലനിൽക്കുന്നത്, തെളിവുകളുണ്ടെങ്കിൽ പുറത്തുവന്നിട്ടില്ല.
എന്തുകൊണ്ട് സിസ്റ്റർ ലൂസി ക്കെതിരെ നടപടി എടുക്കുന്നു? കാരണം, സന്യാസ വൃതങ്ങൾ മൂന്നിൽ രണ്ടും ലംഘിച്ചതിന് പൂർണമായ തെളിവുകളുണ്ട്. ‘ദാരിദ്ര്യ വ്രത’ത്തിന് വിരുദ്ധമായി സ്വകാര്യ വാഹനവും സ്വകാര്യ സമ്പാദ്യവും നിലനിർത്തുന്നു. ‘അനുസരണ’ത്തിന് വിരുദ്ധമായി അനേക കാര്യങ്ങൾ ചെയ്തിരിക്കുന്നു. നിഷേധിക്കാനാവാത്ത ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. സന്യാസ വസ്ത്രത്തെ പോലും അവഹേളിക്കുന്നു. ശിരോവസ്ത്രം മാറ്റണമെന്ന നിർബന്ധത്തിനു വഴങ്ങാതെ മെഡിക്കൽ എൻട്രൻസ് പരീക്ഷ ഉപേക്ഷിച്ച് മടങ്ങിയ ഒരു കൊച്ചു കന്യാസ്ത്രീയുടെ മുമ്പിലൂടെ ചുരിദാറുമിട്ട് വേഷംകെട്ട് കാണിക്കുവാൻ ഇവർക്ക് ലജ്ജയില്ലാതെ പോയല്ലോ.
ചാനലുകാർ ആരോപിക്കുന്നതു പോലെ സമരത്തിൽ പങ്കെടുത്തതിനല്ല തന്റെ സന്യാസ സമൂഹത്തിന്റെ നിയമങ്ങൾ അനുസരിക്കാത്തതിനാണ് സി.ലൂസി അച്ചടക്ക നടപടി നേരിടുന്നത്.
ഉപസംഹാരം
ചാനലുകാർ തോളത്തെടുത്ത് വെക്കുമ്പോഴും വിശ്വാസികൾ ഇവരെ നോക്കി വിലപിക്കുകയാണ്. അൽഫോൻസാമ്മയെയും റാണി മരിയയെയും പോലെയുള്ള വിശുദ്ധരും രക്തസാക്ഷികളും ഉത്ഭഭവിച്ച എഫ്സിസി സന്യാസിനി സമൂഹത്തിൽ ആണല്ലോ ഇവരും തുടരുന്നത്. എഫ്.സി.സി. എന്ന മനോഹരമായ ആരാമത്തിൽ ഈ കള എങ്ങനെ വന്നു. “വേലക്കാര്‍ ചെന്ന് വീട്ടുടമസ്‌ഥനോടു ചോദിച്ചു: യജമാനനേ, നീ വയലില്‍, നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്?
അവന്‍ പറഞ്ഞു: ശത്രുവാണ് ഇതുചെയ്‌തത്.”
മത്തായി 13 : 27-28.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…
വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…
സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…
തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…
This website uses cookies.