Categories: Diocese

വിശുദ്ധ സെബസ്ത്യാനോസ് പടിയിറങ്ങിയ ബാലരാമപുരത്തെ തീർഥാടന ദേവാലയവും ഒരുകൂട്ടം അവിശ്വാസികളും

വിശുദ്ധ സെബസ്ത്യാനോസ് പടിയിറങ്ങിയ ബാലരാമപുരത്തെ തീർഥാടന ദേവാലയവും ഒരുകൂട്ടം അവിശ്വാസികളും

വോക്സ് ന്യൂസ് ഡെസ്ക്

നെയ്യാറ്റിൻകര: കത്തോലിക്കാസഭയിൽ ലോകത്താകമാനം ഇടവകകൾ അതാത് വിശുദ്ധരുടെ തിരുനാളുകൾ ആഘോഷിക്കാറുണ്ട്. ഓരോ തിരുനാളാഘോഷവും ഇടവകയിലെ ഓരോ വിശ്വാസിയെയും സംബന്ധിച്ചിടത്തോളം ദൈവത്തിന് നന്ദിയർപ്പണത്തിന്റെയും അനുഗ്രഹ സ്വീകരണത്തിന്റെയും നാളുകളാണ്. എന്നാൽ ബാലരാമപുരത്തെ വിശുദ്ധ സെബസ്ത്യാനോസ് “എന്ന പേരുള്ള പള്ളിയിലെ” തിരുനാളിൽ സംഭവിച്ചത് കത്തോലിക്കാ സഭാവിരുദ്ധതയും, വിശുദ്ധ കുർബാനാ അവഹേളനവും, തിരുപ്പട്ട കൂദാശയുടെ അവഹേളനവുമാണ്.

1) സഭാവിരുദ്ധ പ്രവർത്തനങ്ങൾ:

ബാലരാമപുരം ഇടവകയിൽ നടക്കുന്ന തിരുനാളാഘോഷത്തിന് രൂപത അനുമതി നൽകിയിരുന്നില്ല. അതിനുള്ള കാരണങ്ങൾ നിരവധിയാണ്, മാത്രമല്ല വലിയൊരു കാലയളവായി സംഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഉദാഹരണമായി; രൂപതാ നയങ്ങളോ, തിരുസഭ പറയുന്ന പൊതുനിലപാടുകളോ അംഗീകരിക്കാൻ തയ്യാറല്ല. ഇടവക വികാരിയ്ക്ക് പള്ളിയുടെ കോമ്പൗണ്ടിൽ താമസിക്കാൻ അനുവാദം തരില്ല, ഇടവക കൗൺസിൽ അല്ല മറിച്ച് നാട്ടുകൂട്ടം (ഊരുക്കൂട്ടം) ഏതൊരു കാര്യത്തിന്റെയും അന്തിമ തീരുമാനമെടുക്കും, ഇടവക കൗൺസിലിന്റെ തീരുമാനങ്ങൾ അംഗീകരിക്കില്ല, ഇടവകയുടെ വരവ് ചിലവുകൾ പള്ളിയിൽ അവതരിപ്പിക്കില്ല, അങ്ങനെ ധാരാളം.

ഈ തിരുനാളുമായി ബന്ധപ്പെട്ട് വിശുദ്ധ കുർബാനയർപ്പിക്കുന്നതിന് കത്തോലിക്കാ വൈദീകർ ആവശ്യമുണ്ടെന്ന് പത്രത്തിൽ പരസ്യം കൊടുത്തവരാണ്

ബാലരാമപുരം ഇടവകയിലെ ഭരണക്കാർ. ഒടുവിൽ അങ്ങ് അകലെ കണ്ണൂരുനിന്ന് കണ്ടെത്തി കാനോൻ നിയമം വിശുദ്ധ കുർബാന അർപ്പിക്കുവാൻ അനുവദിക്കാത്ത, ഇന്ത്യൻ നിയമത്തിലൂടെ ഈശോ സഭ എന്ന കോൺഗ്രിഗേഷൻ പുറത്തതാക്കിയ ഒരു മഹാനെ.

2) തിരുനാളിന്റെ മറവിൽ നടന്ന അവഹേളനങ്ങൾ:

ഈ വർഷത്തെ തിരുനാളിന്റെ മറവിൽ രണ്ടു കൂദാശാ അവഹേളനങ്ങളാണ് നടന്നത്. വിശുദ്ധ കുർബാനയും തിരുപ്പട്ട കൂദാശയും അവഹേളിക്കപ്പെട്ടു.

a) വിശുദ്ധ കുർബാന അവഹേളിക്കപ്പെട്ടു: വിശുദ്ധ കുർബാനയാണ് നമുടെ വിശ്വാസത്തിന്റെ കേന്ദ്രം. ഈ വിശുദ്ധ കുർബാന യോഗ്യതയോടെ അർപ്പിക്കുവാൻ ദൈവികരും, പങ്കുകാരാകുവാനും സ്വീകരിക്കുവാനും വിശ്വാസികളും പ്രതിജ്ഞാബദ്ധമാണ്. തിരുസഭാപഠനങ്ങൾ അനുസരിച്ച്, വിശുദ്ധ കുർബാന അർപ്പിക്കേണ്ടത് ബിഷപിന്റെ കൈവയ്പ്പു കർമ്മത്തിലൂടെ തിരുപ്പട്ട കൂദാശ സ്വീകരിച്ച വൈദീകനാണ്. കാരണം, ഓരോ ബലിയർപ്പണവും ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ അനുസ്മരണവും, ലോകാന്ത്യം വരെ നമ്മോടൊപ്പം ആയിരിക്കുന്ന ക്രിസ്തു നൽകിയ ഉടമ്പടിയുമാണ്.

എന്നാൽ, ഈ തിരുനാളിന് വൈദിക ജീവിതം ഉപേക്ഷിച്ച് (ഈശോ സഭ, കാനോൻ നിയമപരമായും സിവിൽ നിയമപരമായും പുറത്തതാക്കിയ വ്യക്തി) കുടുംബ ജീവിതം നയിക്കുന്ന ഒരാളെയും, സി.എസ്.ഐ. സഭയിലെ ഒരു റിട്ടയേർഡ് വ്യക്തിയെയും ഉപയോഗിച്ചാണ് “വിശുദ്ധ കുർബാന” എന്ന കത്തോലിക്കാ വിശ്വാസികളുടെ ജീവിത അടിസ്ഥാനമായ കൂദാശയെ അവഹേളിച്ചത്. ഇത്തരത്തിൽ വിശുദ്ധ കുർബാനയെ അവഹേളിക്കുവാൻ വൻ തുക മുടക്കിയെന്നതും ശ്രദ്ധേയമാണ്. തിരുനാൾ ദിനങ്ങൾ എന്നപേര് വിളിച്ചുനടത്തപ്പെട്ട വിശുദ്ധ കുർബാന ക്രിസ്തു ഇല്ലാത്ത, വിശുദ്ധ സെബസ്ത്യാനോസ് ഇല്ലാത്ത നാടക ചടങ്ങുമാത്രമായിരുന്നു എന്ന് സാരം. വഞ്ചിക്കപ്പെട്ടത് നിഷ്ക്കളങ്കമായ ഒരു വലിയ വിശ്വാസ സമൂഹവും.

വിശുദ്ധ കുർബാനയുടെ അവഹേളനത്തിന് നേതൃത്വം കൊടുത്തവർ ഇനി കത്തോലിക്കാ സഭയിൽ തുടരാൻ അര്ഹതയുള്ളവരല്ല. ഇവർ ‘സാത്താൻ സേവകരുടെ പിണിയാളുകളാണോ’ എന്നുപോലും ബാലരാമപുരത്തെ വിശ്വാസ സമൂഹത്തിനിടയിൽ സംശയം വളർന്നു തുടങ്ങിയിരിക്കുന്നു. അതുപോലെതന്നെ, ഇത്രയുംനാൾ വലിയൊരു വിശ്വാസ സമൂഹത്തെ രൂപതയ്‌ക്കെതിരായി തെറ്റിദ്ധരിപ്പിച്ച് മുന്നോട്ട് പോവുകയായിരുന്നു എന്ന തിരിച്ചറിവിലേയ്ക്കും ജനങ്ങൾ എത്തി തുടങ്ങിയിരിക്കുന്നു.

b) തിരുപ്പട്ട കൂദാശ അവഹേളിക്കപ്പെട്ടു:12 ശിഷ്യന്മാരിലൂടെ നൽകപ്പെട്ട ക്രിസ്തുവിന്റെ പൗരോഹിത്യത്തെയും ബ്രഹ്മചര്യത്തെയും കാനൻ നിയമം 277 §1 വിവരിക്കുന്നത് ഇങ്ങനെയാണ്: ‘സ്വർഗരാജ്യത്തിനുവേണ്ടി, അതിന്റെ സമ്പൂർണ്ണവും ശാശ്വതവുമായ തുടർച്ച സംരക്ഷിക്കുവാൻ വൈദീകർ ബാധ്യസ്ഥരാണ്, അതുകൊണ്ട് ദൈവത്തിന്റെ പ്രത്യേക ദാനമായ ബ്രഹ്മചര്യം പാലിക്കുമ്പോൾ പൂർണ്ണ ഹൃദയത്തോടെ എളുപ്പത്തിൽ ക്രിസ്തുവിനെ കൂടുതൽ അടുത്ത് അനുകരിക്കുവാനും തങ്ങളെ തന്നെ സമ്പൂർണ്ണമായും കൂടുതൽ സ്വാതന്ത്ര്യത്തോടെയും ദൈവസേവനത്തിനും മനുഷ്യരുടെ നന്മയ്ക്കുമായി നൽകുവാനും അവർക്ക് കഴിയുന്നു’. ഓരോ വൈദീകനും വലിയൊരു കാലയളവിലെ രൂപീകരണ പ്രക്രിയയിലൂടെ കടന്നുപോയാണ്‌ മെത്രാന്റെ കൈവയ്പു ശുശ്രൂഷവഴി, കർത്താവിന്റെ ബലിയർപ്പിക്കുവാൻ യോഗ്യരായിത്തീരുന്നത്.

കാനൻ നിയമം 900 § 1 വളരെ വ്യക്തമായി ഇങ്ങനെ പറയുന്നു: നിയമത്തിന്റെ സാധുതയാൽ പൗരോഹിത്യത്തിലേയ്ക്ക് ഉയർത്തപ്പെട്ട വ്യക്തിയ്ക്ക് മാത്രമേ പരിശുദ്ധ കൂദാശയായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ അനുവാദമുള്ളൂ. കാനൻ നിയമം 908 പറയുന്നത്; കത്തോലിക്കാ സഭയോട് പൂർണ്ണമായ കൂട്ടായ്മയിലല്ലാതിരിക്കുന്ന പുരോഹിതന്മാരോടൊപ്പമോ സഭകളോടോപ്പമോ കത്തോലിക്കാ സഭ വൈദീകർ വിശുദ്ധ കുർബാന അർപ്പിക്കുവാൻ പാടില്ല എന്നാണ്. അപ്പോഴാണ്, ബാലരാമപുരം പള്ളിയിൽ വൈദിക ജീവിതം ഉപേക്ഷിച്ച് (ഈശോ സഭ, കാനോൻ നിയമപരമായും സിവിൽ നിയമപരമായും പുറത്തതാക്കിയ വ്യക്തി) കുടുംബ ജീവിതം നയിക്കുന്ന ഒരാളെയും, സി.എസ്.ഐ. സഭയിലെ ഒരു റിട്ടയേർഡ് വ്യക്തിയെയും കൊണ്ട് വിശുദ്ധ കുർബാന എന്ന കൂദാശയെ അവഹേളിച്ചത്, തിരുപ്പട്ട കൂദാശയെ അവഹേളിച്ചത്.

ബാലരാമപുരത്ത് തിരുപ്പട്ട കൂദാശയുടെ അവഹേളനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നെയ്യാറ്റിൻകര രൂപത രൂപീകൃതമാകുന്നതിനും മുൻപേ വൈദീകർ പല രീതികളിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പുറകിൽ ബാലരാമപുരത്തെ വിശ്വാസികളെന്നു വിശേഷിപ്പിക്കുന്ന ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ തന്നെയായിരുന്നു. അവരിൽ പലരും ഇന്നും ജീവിച്ചിരിക്കുന്നുണ്ട്, കൂടാതെ പുതിയ തലമുറയെ ഇത്തരത്തിൽ സാമൂഹ്യവിരുദ്ധരായി വളർത്തിയെടുക്കുന്നുമുണ്ട്. നെയ്യാറ്റിൻകര രൂപത രൂപീകൃതമായത്തിനുശേഷമുള്ള സംഭവങ്ങൾ ഇങ്ങനെ: ഫാ.ജെയിംസ് തോട്ടകത്തിന്റെ കഴുത്തിൽ ചെരുപ്പുമാലയിടിയിച്ച് കസേരയിൽ തോളിലേറ്റി നടന്ന സംഭവമുണ്ടായി, കൂടാതെ അദ്ദേഹത്തിന്റെ കഴുത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട്, ഫാ.ജോസ് കുഴിഞ്ഞാലീലിനെ അച്ചൻ താമസിച്ചിരുന്ന വീട്ടിൽ കയറി മർദിച്ചു. തുടർന്ന്, വന്ന ഫാ.ജോസഫ് അഗസ്റ്റിനെ തല്ലുവാനായി തയ്യാറായി വന്നുവെങ്കിലും അദ്ദേഹം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. പിന്നീട്, ഫാ.ജോയി മത്യാസിനെ വിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞുള്ള അറിയിപ്പുനേരത്ത് അൾത്താരയുടെ മുന്നിലേയ്ക്ക് കടന്നുവന്ന തെറിയഭിക്ഷേകം നടത്തി. കൂടാതെ, പല സമയങ്ങളിലായി അസഭ്യങ്ങൾ പറഞ്ഞുകൊണ്ട് കൈയേറ്റ ശ്രമങ്ങളും ഉണ്ടായി. തുടർന്ന്, ഇടവകയുടെ കാര്യങ്ങൾ നോക്കിയിരുന്ന ഫെറോന വികാരിയായ ഫാ.ഷൈജുവിനെ ബാലരാമപുരം പള്ളിയിൽ 8 മണിക്കൂറിലധികം പൂട്ടിയിടുകയും അവശനായ അദ്ദേഹത്തെ പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

3) വിശ്വാസ സമൂഹത്തോട് ചില ചോദ്യങ്ങൾ:

വിശ്വാസ സമൂഹം ചിന്തിക്കണം; ഇതാണോ വിശ്വാസ ജീവിതം? ഇതാണോ സഭയോടൊപ്പം നിൽക്കുന്ന ഇടവക? ബാലരാമപുരം ഇടവകയിലെ സംഭവ വികാസങ്ങൾ വിശ്വാസികൾക്ക് താങ്ങാവുന്നതിനപ്പുറം അല്ലെ? ഒരു ശുദ്ധികലശം അനിവാര്യമെല്ലെ? നെയ്യാറ്റിൻകര രൂപതയുടെ ഒരു ഇടവകയാണ് ബാലരാമപുരമെങ്കിൽ അവിടെ നിയുക്തനാകുന്ന വികാരിക്ക് ദൈവാലയും പരിസരവും സ്വതന്ത്രമായി കൈകാര്യം ചെയ്യാനും ജനങ്ങളെ നയിക്കാനും ദേവാലയ കോമ്പോണ്ട്ടിൽ താമസിക്കാനും അവകാശം ഉണ്ടാകേണ്ടേ? ഒരുകൂട്ടം സാമൂഹ്യ വിരുദ്ധർ ചെയ്യുന്ന ഗുണ്ടായിസത്തിന് ആരാണ് രൂപതയ്ക്കുവേണ്ടി, ഇടവകയ്ക്കുവേണ്ടി നിലകൊള്ളേണ്ടത്? ശക്തമായ വിശ്വാസികളുടെ പിൻബലമുണ്ടാകേണ്ടിടത്ത് പോലീസ് കാവലിൽ ദിവ്യബലി അർപ്പിക്കേണ്ട ഗതികേടിലേയ്ക്ക്, ഇടവക, രൂപത തരം താഴണോ?

ഓർക്കുക, ഇടവകയിൽ നിയമിക്കപ്പെടുന്ന വികാരിയ്ക്ക് ലോകത്തിലെ ഏതൊരു കത്തോലിക്ക ദേവാലയത്തിലും ഉള്ളതുപോലെ അധികാരവും സ്വാതന്ത്ര്യവും ഉണ്ടാകണം. കേരളത്തിലെ ഏതൊരു ലത്തീൻ ദേവാലയത്തിലും ഉള്ളതുപോലെ പങ്കാളിത്ത സഭാ സംവിധാനങ്ങളായ ഇടവക കൗൺസിൽ, ധനകാര്യ സമിതി ശുശ്രൂഷ സമിതികൾ എന്നിവ ഉണ്ടാകണം. ഈ രണ്ട് കാര്യങ്ങളും ഒരു വിശ്വാസിക്കും നിഷേധിക്കാൻ കഴിയുന്നതല്ലല്ലോ. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു – പിന്നെ ആരാണ് ഇതെല്ലാം നിക്ഷേധിക്കുന്നത്?

vox_editor

View Comments

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago