Categories: Kerala

മാതൃത്വം അനുഗ്രഹീതം (ലൂക്കാ 2:16-21)

ദൈവം പോലും മാതൃപരിലാളനയുടെ ഊഷ്മളത അനുഭവിച്ചവനാണ്, ആ അമ്മയാണ് സകലരുടെയും അമ്മ...

ദൈവ മാതാവിന്റെ തിരുനാൾ

അമ്മയുടെ ഉദരത്തിൽ നിന്നും നിത്യതയിലേക്കുള്ള ഒരു പുറപ്പാടാണ് മനുഷ്യജീവിതം. അതുകൊണ്ട് തന്നെയായിരിക്കണം അനിശ്ചിതമായ സമയക്രമങ്ങളുടെ ഉമ്മറപ്പടിയായ നവവത്സര ദിനത്തിൽ അമ്മയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് നമ്മൾ പടിയിറങ്ങുന്നത്. സമയത്തിന്റെ ചക്ര തേരിലേറിയുള്ള ഈ യാത്രയിൽ രണ്ടു യാഥാർത്ഥ്യങ്ങളെ നമ്മൾ തീർച്ചയായും കണ്ടുമുട്ടും. ഒന്ന്, സ്നേഹം. രണ്ട്, മരണം. പക്ഷേ അവയ്ക്കും മുകളിലായി നിൽക്കുന്ന ഒരു നന്മയുണ്ട്; അതാണ് അമ്മ. മരണത്തിന് ചിലപ്പോൾ എല്ലാം നമ്മിൽ നിന്നും തട്ടിപ്പറിച്ചെടുക്കാം, എങ്കിലും ആത്യന്തികമായി നമ്മൾ എത്തിപ്പെടുക അമ്മയുടെ മടിത്തട്ടിലേക്ക് തന്നെയായിരിക്കുമെന്ന് പ്രഭാഷകന്റെ പുസ്തകം 40:1-ൽ പറയുന്നുണ്ട്:

“മാതാവിന്റെ ഉദരത്തില്‍ നിന്നു പുറത്തു വരുന്ന നിമിഷംമുതല്‍
സര്‍വരുടെയും മാതാവിന്റെ അടുത്തേക്കു മടങ്ങുന്നതു വരെ
ആദത്തിന്റെ സന്തതികളുടെ മേല്‍ ഭാരമുള്ള നുകം വയ്‌ക്കപ്പെട്ടിരിക്കുന്നു”.

ദൈവം പോലും മാതൃപരിലാളനയുടെ ഊഷ്മളത അനുഭവിച്ചവനാണ്. ആ അമ്മയാണ് സകലരുടെയും അമ്മ. ആ അമ്മയായ പരിശുദ്ധ മറിയത്തെ കുറിച്ച് ഓർത്ത് ആനന്ദിക്കുകയെന്നത് ഓരോ അമ്മമാരെയും ആദരിക്കുകന്നതിനു തുല്യമാണ്. കാരണം ചരിത്രത്തിൽ ഇത്രയും നാളും ഓരോ അമ്മമാരും ജന്മം നൽകിയിരിക്കുന്നത് ദൈവമക്കളെ മാത്രമാണ്. അതുകൊണ്ടുതന്നെ മാതൃത്വത്തിന്റെ തിരുനാളാണ് ഇന്ന് നമ്മൾ ആഘോഷിക്കുന്നത്.

അമ്മ മനസ്സ് അനുഗ്രഹ മനസ്സാണ്. ദൈവത്തിന്റെ മനസ്സ്. അനുഗ്രഹത്തിന്റെ പ്രകാശം വർഷിച്ചു കൊണ്ടാണ് ഈ ദിനത്തിലെ വിശുദ്ധഗ്രന്ഥ വായന ആരംഭിക്കുന്നത്. കർത്താവ് മോശയോടും അഹറോനോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്യുന്നു: “നിങ്ങൾ ഇസ്രയേൽ ജനത്തെ അനുഗ്രഹിക്കണം” (സംഖ്യ 6: 23). നോക്കുക, ദൈവം തന്റെ ജനത്തിനരികിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നു. ഒരു തത്വം പ്രഘോഷിച്ചു കൊണ്ടോ ഒരു കൽപ്പന പുറപ്പെടുവിച്ചു കൊണ്ടോ അല്ല. അനുഗ്രഹത്തിന്റെ കരങ്ങൾ വിരിച്ചു പിടിച്ചുകൊണ്ട്.

ദൈവാനുഗ്രഹം – അത് ഊർജ്ജമാണ്. നമ്മിലേക്ക് തുളച്ചുകയറുന്ന ശക്തി. അതാണ് ജീവിതത്തിന്റെ ഊർവരത. ദൈവം നമ്മോട് ഓരോരുത്തരോടും ആവശ്യപ്പെടുന്നു ഇടതും വലതും ഉള്ള എല്ലാവരെയും അനുഗ്രഹിക്കാൻ. ഇതാണ് നമ്മുടെ ഏക ഉത്തരവാദിത്വം. അനുഗ്രഹത്തിന്റെ സാന്നിധ്യമായി മാറുക. സഹജരെ അനുഗ്രഹിക്കാൻ സാധിക്കാത്ത ഒരു മനസ്സിന് ഉടമയാണോ നിങ്ങൾ, എങ്കിൽ നിങ്ങളാണ് ലോകത്തിലെ ഏറ്റവും നിരാശനായ വ്യക്തി. അനുഗ്രഹിക്കുന്നവരിൽ കർത്താവിന്റെ മുഖം പ്രകാശിക്കുമെന്ന് സംഖ്യ പുസ്തകം 6:25 നമ്മൾക്ക് ഉറപ്പു നൽകുന്നുണ്ട്. സഹജരെ അനുഗ്രഹിക്കുന്നവന്റെ മുഖം കർത്താവിന്റെ മുഖമായി മാറും.

പരിശുദ്ധ അമ്മയോടൊപ്പം സൂര്യതേജസ്സിനെ പോലും അതിശയിപ്പിക്കുന്ന മുഖകാന്തിയുള്ള ദൈവത്തെയാണ് ഈ നവ വർഷാരംഭത്തിൽ വചനത്തിലൂടെ നമ്മൾ കണ്ടുമുട്ടുന്നത്. അനുഗ്രഹത്തിന്റെ അനർഗളമായ പ്രകാശം പരത്തുന്ന ദൈവം. ദൈവത്തിന്റെ അനുഗ്രഹം ശാരീരിക സൗഖ്യമോ സാമ്പത്തിക ഉയർച്ചയോ പേരും പെരുമയോ ഒന്നും തന്നെയല്ല. നമ്മിൽ തിളങ്ങുന്ന അവിടുത്തെ വെളിച്ചമാണ്. വെളിച്ചം എന്ന പദത്തിൽ ഒത്തിരി കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. നിറവിന്റെയും ഔദാര്യതയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആർദ്രതയുടെയും നിറച്ചാർത്തുകളാണത്.

സംഖ്യാപുസ്തകം അനുഗ്രഹ വചസ്സുകളോടൊപ്പം ഒരു കാര്യം കൂടി പറയുന്നു: “ദൈവം നിന്നോട് കരുണ കാണിക്കും” (6:25). വരും ദിനങ്ങളിൽ നമുക്കായി എന്തായിരിക്കും ദൈവം കരുതി വച്ചിരിക്കുക? അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. അവിടുന്ന് കരുണ കാണിക്കും. അവിടുന്ന് നമ്മിലേക്ക് നടന്നടുക്കും. നമ്മുടെ തെറ്റുകളുടെ കൂമ്പാരങ്ങളെ കരുണ കൊണ്ടു പൊതിയും. ദൗർബല്യത്തിന്റെ ചുഴികളിൽ സ്നേഹം കൊണ്ട് നിറയ്ക്കും. എന്നിട്ട് സ്വർഗ്ഗത്തിന്റെ അതിരു വരെ അവിടുന്ന് നമ്മുടെ കൈ പിടിച്ചു നടക്കും. ഈ വർഷം എന്ത് തന്നെ സംഭവിച്ചാലും അവിടുന്ന് നമ്മിലേക്ക് മേഘം ചായ്ച്ച് ഇറങ്ങി വന്നു കരുണ വർഷിക്കും.

ക്രിസ്തുമസ് കഴിഞ്ഞ് ഇന്ന് എട്ടാം ദിനമാണ്. അന്നത്തെ സുവിശേഷ ഭാഗം തന്നെയാണ് ഇന്നും ധ്യാന വിഷയമായി നമുക്ക് ലഭിച്ചിരിക്കുന്നത്. ഒരു കാര്യം നമ്മൾ ഓർക്കണം, ക്രിസ്മസ് അത്ര എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ഒരു യാഥാർത്ഥ്യമല്ല. അത് മനസ്സിലാക്കണമെങ്കിൽ എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് നിശബ്ദയായി നിന്ന പരിശുദ്ധ മറിയത്തിന്റെ മനസ്സ് നമുക്കും വേണം. അസാധ്യമെന്നു തോന്നിയ പലതിന്റെ മുമ്പിലും “ഇതാ നിന്റെ ദാസി” എന്ന് പറഞ്ഞു അവൾ നിന്നത് കൊണ്ട് ഇന്നും നമുക്ക് അനുഭവിക്കാം മാലാഖമാരുടെ മംഗളഗാനവും പിള്ളത്തൊട്ടിയിലെ ഇളം പുഞ്ചിരിയും ഒരിക്കലും അസ്തമിക്കാത്ത ഒരു രാജ്യവും.

ഇതാ, എല്ലാം സൃഷ്ടിച്ച വചനം ഒന്നുമുരിയാടാതെ ഒരു കൈ കുഞ്ഞായി മാറിയിരിക്കുന്നു. അതിശക്തനായവൻ അമ്മിഞ്ഞപ്പാലിനായി കൈകാലിട്ടടിക്കുന്നു. അത്യുന്നതനായവൻ കൊച്ചു കാര്യങ്ങളിലൂടെയും ആഴമായ നിശബ്ദതയിലൂടെയും തന്റെ സ്നേഹ പ്രയാണം വീണ്ടും ആരംഭിച്ചിരിക്കുന്നു. ഒരു അമ്മയുടെ കൈ പിടിച്ച് അവൻ നമ്മുടെ ഇടനാഴികളിലൂടെ നമ്മോടൊപ്പം നടന്നു നീങ്ങുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

5 days ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago