മാതാ ശത്രു: പിതാ വൈരി യേന ബാലോ ന പാഠിത:

ചെറുപ്പ കാലഘട്ടങ്ങളിൽ ലഭിക്കുന്ന പരിശീലനവും, ശിക്ഷണവും ബാല-കൗമാര-യൗവന-വാർധക്യം ഘട്ടങ്ങളിലും ഒരു ചാലകശക്തിയായി നിലനിൽക്കും

മക്കൾക്ക് നല്ല വിദ്യാഭ്യാസവും, ശിക്ഷണവും നൽകാത്ത മാതാപിതാക്കൾ മക്കളുടെ ശത്രുക്കളായിത്തീരുമെന്നാണ് “ഹിതോപദേശം” നമ്മെ ഓർമ്മപ്പെടുത്തുന്നത്. വളരെ അർത്ഥവത്തായ ഒരു ദർശനമാണിത്. ഇവിടെ കേവലം വിദ്യാഭ്യാസത്തെക്കുറിച്ച് മാത്രമല്ല, ശരിയായ ശിക്ഷണത്തെയും ചൂണ്ടിക്കാട്ടുകയാണ്. എന്തുകൊണ്ട് മക്കൾ ശത്രുക്കളായിത്തീരുന്നു എന്ന് ചിന്തിക്കുന്നത് ഉചിതമാണ്. വിദ്യാഭ്യാസം നേടുക എന്നുവച്ചാൽ കുറച്ച് അറിവ് സമ്പാദിക്കുകയോ. ഒരു ഉദ്യോഗം കരസ്ഥമാക്കലോ അല്ല പരമപ്രധാനം മറിച്ച്, “ഒരു സംസ്കാരം” സ്വായത്തമാക്കലാണ്. ജീവിക്കുന്ന സമൂഹത്തിൽ മുഖ്യധാരയിൽ വ്യാപരിക്കാനുള്ള കരുത്ത് നേടുക എന്നതാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നേടലാണത്. അജ്ഞതയാകുന്ന അന്ധകാരത്തെ നീക്കി പ്രകാശമാനമായ ജീവിതം നയിക്കലാണ് യഥാർത്ഥ വിദ്യാഭ്യാസത്തിലൂടെ ആർജിക്കേണ്ടത്. ശിക്ഷണം എന്നത് ശിക്ഷയല്ലാ എന്നും മാതാപിതാക്കന്മാർ തിരിച്ചറിയണം.

പ്രാഥമിക വിദ്യാലയം കുടുംബമാണ്. മാതാപിതാക്കൾ ഗുരുക്കന്മാർ ആകണം. മക്കൾക്ക് മാതാപിതാക്കൾ “മാതൃക”യാകണം. മക്കൾ ചോദിക്കുന്നതെന്തും വിവേചനം കൂടാതെ, വിവേകം കൂടാതെ വാങ്ങിക്കൊടുക്കുന്ന വെറും കച്ചവടക്കാർ ആകരുതെന്ന് സാരം. മക്കളുടെ ബൗദ്ധികവും, മാനസികാരോഗ്യവും, വികാരവിചാരങ്ങളും, ആത്മീയ ചേതനകളും ബലപ്പെടുത്തുന്ന ദിശാബോധമുള്ള വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യം. വാക്കും പ്രവർത്തിയും തമ്മിൽ പരസ്പര പൂരകമാകണം. ചെറുപ്പ കാലഘട്ടങ്ങളിൽ ലഭിക്കുന്ന പരിശീലനവും, ശിക്ഷണവും ബാല-കൗമാര-യൗവന-വാർധക്യം ഘട്ടങ്ങളിലും ഒരു ചാലകശക്തിയായി നിലനിൽക്കും. കതിരിന്മേൽ വളം വച്ചിട്ട് കാര്യമില്ല. ശിക്ഷയും ശാസനയും ഉപദേശവും തിരുത്തലും അത്യാവശ്യമാണ്, പക്ഷേ അതീവ ജാഗ്രത വേണം. അധികമായാൽ അമൃതും വിഷം… പഴമൊഴിയിൽ പതിരില്ല.

മാന്യത, സഭ്യത, നല്ല ശീലങ്ങൾ, പെരുമാറ്റരീതി, ആചാരമര്യാദകൾ എന്നിവ പക്വമായ ഒരു വ്യക്തിത്വം രൂപപ്പെടുത്താനും, സമൂഹത്തിൽ മാന്യമായ അംഗീകാരം ലഭിക്കാനും ഇടവരുത്തും. നല്ല ബന്ധങ്ങളിൽ വളരാൻ കുടുംബാന്തരീക്ഷം “സൗഹൃദ പാഠശാലയായി” മാറണം. ആധുനിക കാലഘട്ടം ബന്ധങ്ങൾക്കും, മൂല്യങ്ങൾക്കും, സനാതന സത്യങ്ങൾക്കും, സദാചാരങ്ങൾക്കും നേരെ മുഖം തിരിച്ചു നടക്കാനാണ് താൽപര്യപ്പെടുന്നത്. ആധുനിക സുഖസൗകര്യങ്ങളും, നവമാധ്യമങ്ങളും മാനുഷിക മൂല്യങ്ങൾക്ക്, തലമുറ തലമുറ കാത്തുസൂക്ഷിച്ചു കൊണ്ടുവന്ന സന്മാർഗ ജീവിതത്തിന് വിലപറയുന്ന, ചോദ്യം ചെയ്യപ്പെടുന്ന, തിരസ്കരിക്കുന്ന പരിതാപകരമായ അവസ്ഥയും നാം അവഗണിക്കുന്നത് ആപത്തായിരിക്കും. മുകളിൽ പരാമർശിക്കപ്പെട്ട വസ്തുതകൾ മാതാപിതാക്കൾ ഗൗരവപൂർവ്വം നോക്കിക്കണ്ട് ബോധപൂർവം മക്കൾക്ക് വിദ്യാഭ്യാസവും, ശിക്ഷണവും നൽകാൻ ജാഗരൂകരായിരിക്കണം; അല്ലാത്തപക്ഷം മക്കളുടെ ശത്രുതാ പാത്രമായി നിങ്ങൾ തരംതാഴും. പ്രാർത്ഥനാപൂർവം വിജയാശംസകൾ നേരുന്നു.

vox_editor

Share
Published by
vox_editor

Recent Posts

Baptism of the Lord_2025_നീ എന്റെ പ്രിയപുത്രൻ (ലൂക്കാ 3: 15-16, 21-22)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…

3 days ago

വത്തിക്കാനില്‍ ചരിത്ര നിയമനം പ്രീഫെക്ടായി വനിതാ സന്യാസിനി

  വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…

1 week ago

4 വിശുദ്ധ വാതിലുകള്‍ തുറന്നു ഇനി പ്രത്യാശയുടെ തീര്‍ഥാടനം

സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…

1 week ago

എല്ലാവരുടെയും ദൈവം (മത്താ. 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

2 weeks ago

ആലപ്പുഴ രൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി; പ്രത്യാശയുടെ തീർത്ഥാടകരായി ആയിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…

2 weeks ago

Holy Family_2024_വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…

3 weeks ago