ജിന്‍സ് നല്ലേപ്പറമ്പില്‍
1992 ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമപ്രകാരം (National Commission for Minorities Act, 1992) ഇന്‍ഡ്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1993 ഒക്ടോബര്‍ 22ന് പ്രസിദ്ധീകരിച്ച എക്സ്ട്രാ ഓര്‍ഡിനറി ഗസറ്റിലൂടെ പ്രസ്തുത നിയമത്തിലെ ‘ന്യൂനപക്ഷം’ എന്ന നിര്‍വചനത്തില്‍ വരുന്ന മതവിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. അതു പ്രകാരം മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ ആണ് രാജ്യത്ത് ‘ന്യൂനപക്ഷ’ മതവിഭാഗങ്ങള്‍. 2014 ജനുവരി 27നു പ്രസിദ്ധീകരിച്ച മറ്റൊരു അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ജൈന വിഭാഗത്തെയും ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുത്തി. 2006-ല്‍ ന്യൂനപക്ഷവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ക്കു മാത്രമായി മന്മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയം(Ministry of Minority Affairs) സ്ഥാപിച്ചു. 2008-ല്‍ കേരളത്തില്‍ പൊതുഭരണ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ക്രമേണ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു. 2014-ല്‍ മാത്രമാണ് കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വരുന്നത്. കേരള സര്‍ക്കാരിന്റെ വെബ് സൈറ്റ് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ രൂപീകരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “As a part of implementing Justice Rajindar Sachar Committee Report and Paloli Muhammed Kutty Committee report, a Minority Cell was constituted under General Administration Department in 2008. Subsequently a Minority Welfare Department was constituted in the State.” രാജ്യത്തെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും, സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരളത്തിലെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച പാലൊളി മുഹമ്മദ് കുട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടുമാണ് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് ആരംഭിക്കാനുള്ള പ്രധാന കാരണം! കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ‘മുസ്ലീം ക്ഷേമവകുപ്പ്’ ആണെന്നു തോന്നിക്കുന്നരീതിയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് തോന്നിയതിനാല്‍ ചില വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നേടാന്‍ ലേഖകന്‍ ശ്രമിക്കുകയുണ്ടായി. ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ചുകളി നടത്തിയിട്ടുള്ളതിനാല്‍ കൃത്യമായ വിവരങ്ങള്‍ക്കായി ഇനിയും അപേക്ഷ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. എങ്കിലും ലഭ്യമായ വിവരങ്ങള്‍ തന്നെ മാറിമാറി വന്ന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയത്തിനു തെളിവാണ്.
ന്യൂനപക്ഷ ക്ഷേമമോ, മുസ്ലീം ക്ഷേമമോ?
“ന്യൂനപക്ഷ ക്ഷേമ പരിപാടികളില്‍ മുസ്ലീം ന്യൂനപക്ഷത്തിന് എന്തെങ്കിലും മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രത്തിന്റെയോ കേരള സംസ്ഥാനത്തിന്റെയോ ഏതെങ്കിലും ഉത്തരവുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ/ഉത്തരവുകളുടെ വിശദാംശങ്ങള്‍ നല്‍കുക” എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇങ്ങനെ “സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതിനുവേണ്ടി ശ്രീ.പാലൊളി മുഹമ്മദ് കുട്ടി അദ്ധ്യക്ഷനായ കമ്മിറ്റി കേരളത്തിലെ മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീം വിഭാഗങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. പിന്നീട് ടി ആനുകൂല്യങ്ങള്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 80:20 അനുപാതത്തില്‍ നല്‍കി വരുന്നുണ്ട്”. പദ്ധതികളില്‍ 80 ശതമാനം വിഹിതവും മുസ്ലീങ്ങള്‍ക്കു നല്‍കുമ്പോള്‍ കേവലം 20 ശതമാനം മാത്രമാണ് മറ്റ് 5 ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് നീക്കിവച്ചിട്ടുള്ളത് എന്ന് ഈ മറുപടി വ്യക്തമാക്കുന്നു.
കണക്കുകള്‍ സംസാരിക്കുന്നു
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ നഗ്നമായ മുസ്ലീം പ്രീണനം മനസ്സിലാക്കാന്‍ സാധിക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവ/വിവാഹ മോചിത/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി പ്രകാരം സഹായം നല്‍കിയിരിക്കുന്നതിന്റെ വിവരങ്ങള്‍ പട്ടിക 1ല്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. 2016-17ല്‍ 985 മുസ്ലീം സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചപ്പോള്‍ വെറും 284 ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കു മാത്രമാണ് പ്രസ്തുത ആനുകൂല്യം നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഇതേ പദ്ധതിയില്‍ ഭീമമായ ഈ വ്യത്യാസം കാണാന്‍ സാധിക്കും. സ്വകാര്യ ഐ.ടി.സികളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഫീ-റീ-ഇമ്പേഴ്സ്മെന്റ് നല്‍കുന്ന പദ്ധതിപ്രകാരം സഹായം നല്‍കിയിരിക്കുന്നതിന്റെ പട്ടികയും (പട്ടിക 2), ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണത്തിന് ഷോര്‍ട്ട് ടേം റിസര്‍ച്ച് ഫെല്ലോഷിപ്പ് നല്‍കുന്ന പദ്ധതിയില്‍പ്പെടുത്തി സഹായം നല്‍കിയിരിക്കുന്നതിന്റെ വിവരങ്ങളും (പട്ടിക 3) വായനക്കാര്‍ വിലയിരുത്തുക.
ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് വിവിധ മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി മലപ്പുറം ജില്ലയില്‍ നാലും, മറ്റു ജില്ലകളില്‍ ഒന്നു വീതവും പരിശീലനകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 5 ജീവനക്കാര്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരായി നിലവിലുണ്ട്. ഈ കേന്ദ്രങ്ങള്‍ എല്ലാം മുസ്ലീം സംഘടനകളാണ് നടത്തുന്നത്. ഈ സെന്ററുകളുടെ പേര് മുസ്ലീം യുവജനങ്ങള്‍ക്കായുള്ള കോച്ചിംഗ് സെന്ററുകള്‍ (Coaching Centres for Muslim Youth) എന്നാണ്. ഇവിടെയും 100 പേര്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ 80 പേരും മുസ്ലീങ്ങള്‍ ആയിരിക്കും. ഈ സെന്ററുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മതം തിരിച്ചുള്ള കണക്ക് ലഭ്യമല്ല എന്നാണ് ന്യൂനപക്ഷവകുപ്പ് നല്‍കിയ മറുപടി. അമുസ്ലീമായ ആരും തന്നെ ഈ സെന്ററുകളില്‍ ജീവനക്കാരായി കാണില്ല എന്നതാണ് വാസ്തവം.
ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതല്ലേ നീതി?
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്. 2008-09 വര്‍ഷം മുതലാണ് കേന്ദ്രസര്‍ക്കാര്‍ ഈ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിനനുസരിച്ചാണ് വിവിധ വിഭാഗങ്ങള്‍ക്കായി നല്‍കേണ്ട സ്കോളര്‍ഷിപ്പുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും 2,15,670 പുതിയ സ്കോളര്‍ഷിപ്പുകളാണ് 1 മുതല്‍ 10വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി കേരളത്തിനു ലഭിക്കുന്നത്. ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് പുതുക്കി ലഭിക്കുകയും ചെയ്യും. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 2017-18 വര്‍ഷത്തില്‍ കേരളത്തില്‍ 121705 മുസ്ലീം കുട്ടികള്‍ക്കും, 93808 ക്രിസ്ത്യന്‍ കുട്ടികള്‍ക്കും, 43 സിഖ് കുട്ടികള്‍ക്കും, 31ബുദ്ധമതക്കാരായ കുട്ടികള്‍ക്കും, 70 ജൈനമതക്കാരായ കുട്ടികള്‍ക്കും, 13 പാര്‍സി കുട്ടികള്‍ക്കും പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കും. ഓരോ സംസ്ഥാനത്തെയും ജനസംഖ്യക്ക് അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സഹായം അനുവദിക്കുന്ന നീതി പ്രസ്തുത ലിസ്റ്റ് പരിശോധിക്കുമ്പോള്‍ മനസ്സിലാകും. പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീതിപുലര്‍ത്തുന്നുണ്ടെങ്കിലും പൊതുവേ കേന്ദ്രപദ്ധതികളില്‍ ആ നീതിയൊന്നുമില്ലാ എന്നതാണ് വാസ്തവം. യു.പി.എ സര്‍ക്കാര്‍ തുടങ്ങിവച്ച പല പദ്ധതികളും മുസ്ലീം ക്ഷേമം ഉറപ്പാക്കുന്നതും രാജ്യത്തെ മറ്റു ന്യൂനപക്ഷങ്ങളെ പാടേ അവഗണിക്കുന്നതുമാണ്. മദ്രസ അദ്ധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുക, മദ്രസ ബിരുദത്തിന് സര്‍വകലാശാലാ ബിരുദ തുല്യത നല്‍കുക, ഉര്‍ദു, അറബി ഭാഷാ പഠനത്തിനു പ്രത്യേക സഹായങ്ങള്‍ നല്‍കുക എന്നിങ്ങനെ ഒട്ടേറെ ‘മുസ്ലീം ക്ഷേമ’ പദ്ധതികള്‍ ഇപ്പോളും നിലവിലുണ്ട്.
കേരളാ ന്യൂനപക്ഷകമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ 2011ലെ സെന്‍സസ് വിവരമനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 54.73% ഹിന്ദുക്കളും, 26.56% മുസ്ലീങ്ങളും, 18.38% ക്രിസ്ത്യാനികളും, 0.01% സിഖുകാരും, 0.01% ബുദ്ധമതക്കാരും, 0.01% ജൈനമതക്കാരുമാണ്. ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യയിലുള്ള വ്യത്യാസം 8.18%. അപ്പോള്‍ 60:39:1 എന്ന അനുപാതം എങ്കിലും മുസ്ലീം ക്രിസ്ത്യന്‍ മറ്റുന്യൂനപക്ഷസമുദായങ്ങള്‍ക്കായി പാലിച്ചുകൊണ്ട് സഹായം നല്‍കുന്നതാണ് നീതി എന്നു കാണാന്‍ സാധിക്കും. എന്നാല്‍ നിലവിലുള്ളതോ 80:20 എന്ന അനുപാതം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളുടെ 80% മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന കേരള സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്യാന്‍ എന്തുകൊണ്ടാണ് ക്രൈസ്തവ സഭാ നേതൃത്വമോ, ക്രൈസ്തവ വോട്ടുബാങ്കിന്റെ കുത്തകാവകാശം പേറുന്ന രാഷ്ട്രീയ പാര്‍ട്ടികളോ ഇതുവരെ രംഗത്തു വരാത്തത്? മുസ്ലീം ലീഗിന്റെ രാഷ്ട്രീയ സ്വാധീനശക്തി വലതുപക്ഷ മുന്നണിയേയും, സി.പി.ഐ.എമ്മില്‍ ഉള്‍പ്പെടെ പിടിമുറുക്കിയിരിക്കുന്ന ഇസ്ലാമിക നേതൃനിര ഇടതുപക്ഷമുന്നണിയേയും നിയന്ത്രിക്കുകയും മുസ്ലീം സമുദായത്തിന് അനുകൂലമായ രീതിയില്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. മുസ്ലീം വോട്ടുബാങ്കിന്റെ കരുത്ത് ക്രിസ്ത്യാനികള്‍ക്കായി വാദിക്കുന്നതില്‍നിന്ന് ക്രൈസ്തവനേതാക്കന്മാരെപ്പോലും പിന്തിരിപ്പിക്കുന്നു. പക്ഷേ സ്വന്തം അജഗണത്തിനു വേണ്ടി വാദിക്കാന്‍ ഇടയര്‍ എന്താണ് മുന്‍പോട്ട് വരാത്തത്? വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നേടിയെടുക്കാന്‍ കാണിക്കുന്ന ഉത്സാഹം വിശ്വാസികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാന്‍ ഉണ്ടാവാത്തത് എന്തുകൊണ്ട്? ക്രൈസ്തവ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുത്ത് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ചു വാങ്ങിയേ തീരൂ.
സാമുദായിക പിന്നോക്കാവസ്ഥയും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും
മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള സച്ചാര്‍, പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് മുസ്ലീങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് എന്ന വാദത്തെ മുഖവിലയ്ക്കെടുക്കാന്‍ സാധിക്കില്ല. കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് 12% സംവരണം നാളുകളായി മുസ്ലീങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ലത്തീന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ ഇന്‍ഡ്യന്‍സിനും കൂടി 4 ശതമാനവും, സംവരണത്തിന്റെ പേരില്‍ എപ്പോളും പഴി കേള്‍ക്കുന്ന പട്ടികജാതിക്ക് 8 ശതമാനവും പട്ടികവര്‍ഗത്തിന് 2 ശതമാനവുമാണ് കേരളത്തില്‍ നിലവിലുള്ള സംവരണം എന്നു കൂടി അറിയണം. കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമൊ? വിദ്യാഭ്യാസ, കാര്‍ഷിക വായ്പയെടുത്തു കടക്കെണിയിലായ ക്രിസ്ത്യാനികളെ രക്ഷിക്കാന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് പദ്ധതികള്‍ ആവിഷ്കരിക്കുമോ? സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അകറ്റി നിര്‍ത്തപ്പെടുന്ന ക്രിസ്ത്യന്‍ യുവാക്കളെ എങ്ങനെയാണ് സര്‍ക്കാര്‍ സഹായിക്കുക? നാട്ടില്‍ തൊഴില്‍ ലഭിക്കാത്തതിനാല്‍ പ്രവാസികളാക്കപ്പെടുന്ന ക്രിസ്ത്യന്‍ യുവത്വത്തിന്റെയും, ചെറുപ്പക്കാര്‍ പ്രവാസികളാക്കപ്പെടുമ്പോള്‍ നാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധ സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും ന്യൂനപക്ഷ കമ്മീഷനോ, ഡിപ്പാര്‍ട്ട്മെന്റോ തയ്യാറാകുമോ? ക്രിസ്ത്യന്‍ യുവാക്കളില്‍ സംരഭകത്വം വളര്‍ത്താനും സ്വയം തൊഴില്‍ വായ്പ്കള്‍ നല്‍കാനും സംവിധാനമുണ്ടാക്കുമോ? കേരളാ സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം തൊഴില്‍ വായ്പകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ പ്രയോജനം ആര്‍ക്കാണ് ലഭിക്കുന്നത് എന്ന് മനസ്സിലാക്കുവാന്‍ പട്ടിക 4 കാണുക.
ചെറിയ വലിയ തിരുത്ത്
പഴയ സിമി (Students Islamic Movement of India) പ്രവര്‍ത്തകനായ കെ.ടി.ജലീല്‍ ലീഗുകാരനാകുന്നതും ഒരു സുപ്രഭാതത്തില്‍ കമ്മ്യൂണിസ്റ്റ് ആകുന്നതും നമ്മള്‍ കണ്ടു. ഇന്ന് ആ ‘കമ്മ്യൂണിസ്റ്റുകാരന്‍’ ആണ് ന്യൂനപക്ഷ വകുപ്പ് ഭരിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ‘ഒരു ന്യൂനപക്ഷ സമുദായാംഗം ചെയര്‍ പേഴ്സണ്‍ ആയും, ‘മറ്റൊരു’ ന്യൂനപക്ഷ സമുദായാംഗം അംഗമായും, ഒരു ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള സ്ത്രീ വനിതാ അംഗമായും കമ്മീഷന്‍ രൂപികരിക്കുന്നു എന്നായിരുന്നു പ്രസ്താവിച്ചിരുന്നത്. എന്നാല്‍ ഈ ‘സിമി’ മന്ത്രിയുടെ നേതൃത്വത്തില്‍ ഇപ്പോളത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രസ്തുത ഉത്തരവില്‍ ചെറിയ ഒരു വ്യത്യാസം വരുത്തി ‘ഓര്‍ഡിനന്‍സ്’ ഇറക്കുകയും പിന്നീട് ആ നിയമഭേദഗതി നിയമസഭയില്‍ പാസ്സാക്കുകയും ചെയ്തു. നിയമത്തിലെ മേല്‍നിര്‍ദ്ദേശത്തിലുള്ള ‘മറ്റൊരു’ എന്നതിനെ ‘ഒരു’ എന്നാക്കിയ ‘ചെറിയ’ ആ ‘തിരുത്ത്’ കൈയ്യടിച്ചു പാസാക്കിയവര്‍ അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞതേയില്ല അഥവാ അറിഞ്ഞതായി ഭാവിച്ചില്ല. ‘മറ്റൊരു’ എന്നത് ‘ഒരു’ ആകുമ്പോള്‍ കമ്മീഷന്‍ അംഗങ്ങള്‍ എല്ലാവരും ഒരു മതത്തില്‍ നിന്നു മാത്രമായാലും നിയമപരമായി തെറ്റല്ലാതാവും എന്ന ‘പഴുത്’ നിയമത്തില്‍ മന:പൂര്‍വം ഉണ്ടാക്കിയെടുത്തത് ക്രിസ്ത്യാനികളെയോ മറ്റു ന്യൂനപക്ഷ സമുദായങ്ങളെയോ സംരക്ഷിക്കാനല്ല എന്ന് സുവ്യക്തമാണ്. അവസരം വന്നാല്‍ കമ്മീഷന്‍ അംഗങ്ങള്‍ എല്ലാവരും ഒരു സമുദായത്തില്‍ നിന്നാകുന്നതിന് വഴിയൊരുക്കുകയാണ് ഈ ചെറിയ വലിയതിരുത്ത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും, മെമ്പര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സ്റ്റാറ്റസും, ശമ്പളവും, അലവന്‍സുകളും ലഭിക്കുന്നുണ്ടെന്നും, കമ്മീഷന്‍ മെമ്പറുടെ പ്രതിമാസ ശമ്പളം രണ്ടുലക്ഷം രൂപയ്ക്കു മുകളില്‍ ആണെന്നും കൂടി നമ്മള്‍ അറിഞ്ഞിരിക്കണം.
ഭയമോ അലംഭാവമോ?
ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ നിലനില്‍പ്പിന് അത്യാവശ്യമായ സ്വത്വബോധവും സംഘടനാ ബോധവും ക്രിസ്ത്യാനികള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സമുദായത്തിന്റെ കാര്യം സംസാരിക്കുന്നവരെ വര്‍ഗീയവാദികളായി മുദ്രകുത്താനും സഭയേയും പുരോഹിതരേയും വിമര്‍ശിച്ചുകൊണ്ട് പുരോഗമനവാദികളായി ചമയാനുമാണ് ഭൂരിപക്ഷം ക്രൈസ്തവര്‍ക്കും ഉത്സാഹം. മരത്തിന്റെ കൊമ്പു മുറിച്ച് മഴുവിനു പിടിയിട്ട് മരം വെട്ടുന്ന തന്ത്രവുമായി ചില സംഘടനകള്‍ ക്രൈസ്തവരുടെ പിന്നാലെയുണ്ട്. സഭാധികാരികളെയും ക്രൈസ്തവ സ്ഥാപനങ്ങളെയും സഭയെ അത്യാവശ്യഘട്ടത്തില്‍ സഹായിച്ചേക്കുമെന്ന് അവര്‍ കരുതുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയുംപോലും തകര്‍ക്കാന്‍ ചിലകേന്ദ്രങ്ങളില്‍നിന്ന് ആസൂത്രിത ശ്രമങ്ങള്‍ ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവ സമുദായത്തിന്റെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാനും അവയ്ക്കു പരിഹാരം കാണാനുമാണ് ഇനി നാം ശ്രമിക്കേണ്ടത്. ബേക്കറി മുതല്‍ വാഹന വിപണനം വരെയുള്ള ബിസിനസ് രംഗങ്ങളില്‍ ക്രൈസ്തവര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ ക്രൈസ്തവരുടെ പ്രാതിനിധ്യം കുറയുന്നു. ക്രൈസ്തവ യുവത്വം പ്രവാസികളാക്കപ്പെടുന്നു. സമുദായത്തിന് വാര്‍ധക്യം ബാധിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അടുത്ത തലമുറയില്‍ ക്രൈസ്തവ നേതാക്കന്മാര്‍ വളരെവളരെക്കുറഞ്ഞിരിക്കുന്നു. ക്രൈസ്തവ സാന്നിധ്യം ഒട്ടേറെ മേഖലകളില്‍ മങ്ങി മങ്ങി ഇല്ലാതാവുകയാണ്. ഇനിയും നാം അലംഭാവം തുടര്‍ന്നാല്‍ നമ്മുടെ വരും തലമുറ ആയിരിക്കും അതിന്റെ ദൂഷ്യഫലം അനുഭവിക്കുക. കഴിഞ്ഞ തലമുറയുടെ ദീര്‍ഘവീക്ഷണത്തിന്റെയും ത്യാഗത്തിന്റെയും ഫലം ആവോളം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച നമുക്ക് അടുത്ത തലമുറയോടുള്ള ഉത്തരവാദിത്തം നിറവേറ്റാതെ കടന്നുപോകാന്‍ സാധിക്കില്ല. അതിനാല്‍ നമുക്ക് ഉണരാം സാമുദായികവും, രാഷ്ട്രീയവുമായ കരുത്ത് നേടാം.
കേരളത്തിൽ ന്യൂനപക്ഷ സമുദായമെന്നാൽ മുസ്ലിം സമുദായം മാത്രമോ? കൂടാതെ ധൂർത്തും…
സ്വന്തം ലേഖകന്‍ പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.