Categories: Articles

നെയ്യാറ്റിൻകര രൂപതാ രജതജൂബിലിയും പാത്രിസ് കോർദേയും

പാത്രിസ് കോർദേയിൽ യൗസേപ്പിതാവിനെ കുറിച്ച് പറയുന്ന സുപ്രധാന ഭാഗങ്ങളിലൂടെ നെയ്യാറ്റിൻകര രൂപതയുടെ 25 വർഷങ്ങളെയും ചേർത്ത് വായിക്കാവുന്നതാണ്...

ഫാ.സന്തോഷ് രാജൻ

ആമുഖം
ആദ് അബ്സീയൂസ് പ്രോവഹേന്തും (Ad aptius provehendum) ‘ദക്ഷിണേന്ത്യയിൽ സുവിശേഷവത്ക്കരണം ത്വരിതപ്പെടുത്തുന്നതിന്’ എന്ന അപ്പസ്തോലിക കൽപ്പന വഴി 1996-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ നെയ്യാറ്റിൻകര രൂപത സ്ഥാപിക്കുകയും അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിനെ പ്രഥമ മെത്രാനായി നിയമിക്കുകയും ചെയ്തു. അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ അതേവർഷം തന്നെ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനെ രൂപതയുടെ സ്വർഗീയ മധ്യസ്ഥനായി പ്രഖ്യാപിച്ചു. വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150 ആം വാർഷികത്തെ ഫ്രാൻസിസ് പാപ്പാ “പാത്രിസ് കോർദേ” എന്ന ഡിക്രി വഴി വിശുദ്ധ „യൗസേപ്പിതാവിന്റെ വർഷമായി“ പ്രഖ്യാപിച്ച് ആചരിക്കുന്ന ഈ വർഷം തന്നെ നെയ്യാറ്റിൻകര രൂപത വിശുദ്ധ യൗസേപ്പിന്റെ മധ്യസ്ഥത്തിൻ കീഴിൽ “രജത ജൂബിലി” ആഘോഷിക്കുകയാണ്.

പാത്രിസ് കോർദേ എന്ന തിരുവെഴുത്തിൽ യൗസേപ്പിതാവിനെ കുറിച്ച് പറയുന്ന സുപ്രധാന ഭാഗങ്ങളിലൂടെ നെയ്യാറ്റിൻകര രൂപതയുടെ 25 വർഷങ്ങളെയും നമുക്ക് ചേർത്ത് വായിക്കാവുന്നതാണ്.

1) വാത്സല്യമുള്ള പിതാവ്
യൗസേപ്പിതാവിന്റെ തനിമയാർന്ന വിശേഷണമായി പാത്രിസ് കോർദേയിൽ ആദ്യം അവതരിപ്പിക്കുന്നത് അദ്ദേഹം “വാത്സല്യമുള്ള പിതാവ്” എന്നാണ്. വിശുദ്ധ യുസേപ്പിന്റെ വാത്സല്യത്തെക്കുറിച്ച് ബൈബിളിലെ വിവരണങ്ങളിൽ നിന്ന് വ്യക്തമാണ്. നെയ്യാറ്റിയങ്കര രൂപതയ്ക്കും ഈ മധ്യസ്ഥന് പുറമെ ഒരു വാത്സല്യമുള്ള പിതാവുണ്ട്, അത് രൂപതയുടെ പ്രഥമ മെത്രാനായ വിൻസെന്റ് സാമുവൽ പിതാവാണ്. രൂപതാസ്ഥാപനം മുതൽ ഇന്നുവരെ രൂപതയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ച രൂപതയുടെ ‘അപ്പൻ’. 1996-ൽ പ്രഥമ ബിഷപ്പായി സ്ഥാനമേൽക്കുമ്പോൾ ഒരു പഴയ വീട് മെത്രാസന മന്ദിരമാക്കി തന്റെ ദൗത്യമാരംഭിച്ച പിതാവ് ഇന്ന് രൂപതയുടെ സ്വന്തമായ, സൗകര്യങ്ങളോട് കൂടിയ മെത്രാസന മന്ദിരത്തിലിരുന്ന് രൂപതയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു. കത്തോലിക്കർക്കും അകത്തോലിക്കർക്കും നാനാജാതി മതസ്ഥർക്കും പ്രിയങ്കരനായ പിതാവ് സഭാതലത്തിൽ മാത്രമല്ല നെയ്യാറ്റിൻകരയിലെ സാമൂഹ്യതലത്തിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ്.

2) ലോലമായ സ്നേഹവും ലാളിത്യവുമുള്ള അപ്പൻ
വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ടാമത്തെ സവിശേഷതയായി പാത്രിസ് കോർദേയിൽ പരിശുദ്ധ പിതാവ് എടുത്ത് പറയുന്നത് യൗസേപ്പിതാവ് “ലോലമായ സ്നേഹവും ലാളിത്യവുമുള്ള അപ്പൻ” എന്നാണ്. യേശു യൗസേപ്പിതാവിൽ ദൈവത്തിന്റെ സ്നേഹം കണ്ടു. പിതാവിന് മക്കളോടെന്നപോലെ കർത്താവിന് തന്റെ ഭക്തരോട് അലിവ് തോന്നുന്നു (സങ്കീ.103:13) എന്ന സങ്കീർത്തന വാക്യം പോപ്പ് ഇവിടെ എടുത്ത് പറയുന്നു. വിശുദ്ധ യൗസേപ്പിതാവിനോടും നെയ്യാറ്റിൻകര രൂപതയോടും ചേർന്ന് ഈ സങ്കീർത്തനവാക്യം വായിക്കാവുന്നതാണ്. 1497 ചതുരശ്രകിലോമീറ്ററിനുള്ളിൽ രൂപതയുടെ സ്നേഹത്തിനു പാത്രമാകുന്നവരാണ് നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ അധിവസിക്കുന്ന രൂപതയുടെ കണ്ണിലുണ്ണികളായ ഒന്നര ലക്ഷത്തോളം വരുന്ന “രൂപതാമക്കൾ”. പതിനൊന്ന് ഫെറോനകളിലായി 88 പരിപൂർണ്ണ ഇടവകകളും, 156 മിഷൻ സ്റ്റേഷനുകളും, 1528 അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളും ദൈവകരുണ ഓരോ രൂപതാമക്കളിലും എത്തിക്കുന്ന സംവിധാനങ്ങളാണ്. അധികാര വികേന്ദ്രീകരണത്തിലൂടെ ഇടവകയിലെ ഏറ്റവും താഴേതട്ടിലുള്ളവനുപോലും “നമ്മളാണ് സഭ” (we are the Church) എന്ന ചിന്തയും അവബോധവും നെയ്യാറ്റിൻകര രൂപത നൽകുന്നു.

അല്മായ നേതൃത്വം, ഉപദേശിമാരുടെ സേവനം, കുടുംബ പ്രേഷിതത്വം, മതബോധനം, അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലെ വിവിധ ശുശ്രൂഷാ സമിതികൾ, രൂപതയുടെ അജപാലന കമ്മീഷൻ, വചനബോധന കമ്മീഷൻ, സുവിശേഷവത്ക്കരണം, ആരാധനാക്രമം, ഭക്തസംഘടനകൾ, സെന്റ് വിൻസെന്റ് ഡീ പോൾ സഘടന, ലീജിയൻ ഓഫ് മേരി സഘടന തുടങ്ങിയവ ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കും, രൂപതാ മക്കളുടെ നന്മയ്ക്കുമായി നിരന്തരം പ്രവർത്തിക്കുന്നു.

3) അനുസരണയുള്ള പിതാവ്
യൗസേപ്പിതാവിന്റെ മറ്റൊരു പ്രത്യേകതയാണ് പാത്രിസ് കോർദിയയിൽ പരാമർശിക്കുന്ന “അനുസരണയുള്ള പിതാവ്” എന്നത്. പരിശുദ്ധ കന്യകാമറിയത്തെ ഭാര്യയായി അംഗീകരിക്കണമെന്ന ദൈവീക നിർദേശം മുതൽ ‘തിരുക്കുടുംബത്തെ’ എല്ലാ പ്രതിസന്ധികളിലും മുന്നോട്ട് നയിക്കാൻ യൗസേപ്പിതാവ് ദൈവീക നിർദ്ദേശങ്ങളനുസരിച്ച് ദൈവപദ്ധതിക്ക് മുൻപിൽ തന്റെ ജീവിതം കൊണ്ട് “അതെ” എന്നുത്തരം നൽകി. “പാത്രിസ് കോർദേ”യിലെ ഈ വിവരണങ്ങൾ വായിക്കുമ്പോൾ നമുക്കോർമ്മവരുന്നത് രൂപതയുടെ നാഡീവ്യൂഹമെന്ന് വിശേഷിപ്പിക്കാവുന്ന വൈദീകരും, സന്യസ്തരും, സെമിനാരിക്കാരുമാണ്. ഇടവക വികാരിമാരായും അല്ലാതെയും വ്യത്യസ്ത ശുശ്രൂഷകളിലൂടെ സഭയെയും സഭാതനയരേയും സേവിക്കുന്നവർ. വികാരി ജനറാലിനുപുറമേ, വ്യത്യസ്ത ശുശ്രൂഷകളുടെയും, റീജിയണുകളുടെയും കോ-ഓർഡിനേറ്ററുമാരായ എപ്പിസ്കോപ്പൽ പദവിയിലുള്ള 5 സീനിയർ വൈദീകരും, ഡോക്ടറേറ്റ് ഡിഗ്രിയുള്ളവരും, വിദേശത്ത് പഠിക്കുന്നവരും സേവനം ചെയ്യുന്നവരും, ഇടവക സേവനത്തിനുപുറമെ മറ്റ് ശുശ്രൂഷാപദവികൾക്ക് നേതൃത്വം നൽകുന്നവരും, സെമിനാരികളിൽ പഠിപ്പിക്കുന്നവരുമായ വൈദീകർ ഇന്ന് നെയ്യാറ്റിൻകര രൂപതയിലുണ്ട്. 121 വൈദീകർ ഇന്ന് രൂപതയിൽ സേവനം ചെയ്യുന്നു. 19 വൈദീകർ രൂപതയ്ക്ക് പുറത്ത് മുഴുവൻസമയം പഠിക്കുകയോ സേവനം ചെയ്യുകയോ ചെയ്യുന്നു. വ്യത്യസ്ത സന്യാസ സഭകളിൽ അംഗമായിരുന്നുകൊണ്ട് നമ്മുടെ രൂപതയിൽ പ്രവർത്തിക്കുന്ന 63 സന്യാസ വൈദീകരുടെ നിസ്തുലസേവനം പ്രശംസനീയമാണ്.

67 കോൺവെന്റുകളിലായി പ്രവർത്തിക്കുന്ന 325 സന്യാസിനികളുടെ പ്രാർത്ഥനാ നിർഭരമായ ജീവിതവും, വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ, അജപാലന രംഗത്ത് അവർനൽകുന്ന സംഭാവനകളും രൂപതയുടെ വളർച്ചയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. രൂപതയുടെ ഭാവിവാഗ്ദാനങ്ങളായി പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ സെമിനാരിയിലും, പോങ്ങുംമൂട് സെന്റ് വിൻസെന്റ് സെമിനാരിയിലും, വിവിധ മേജർ സെമിനാരികളിലുമായി 69 വൈദീകവിദ്യാർത്ഥികളുമുണ്ട്. രൂപതയിലെ വൈദീകരുടെയും സന്യസ്തരുടെയും ആത്മീയ-ഭൗതീക ജീവിതത്തെ പരിപോഷിപ്പിക്കുന്നതിനും, ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി Board for Seminary, Clergy, Religious and Vocation ഉം പ്രവർത്തിക്കുന്നു.

4) അംഗീകരിക്കുന്ന പിതാവ്
“അംഗീകരിക്കുന്ന പിതാവെന്ന്” പോപ്പ് ഫ്രാൻസിസ് യൗസേപ്പിതാവിനെ വിശേഷിപ്പിക്കുമ്പോൾ ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിന്റെ പദ്ധതികണ്ട് അവയിൽ നിന്ന് ഒളിച്ചോടാതെ തിരുകുടുംബത്തിനുവേണ്ടി അതിനെ ധൈര്യപൂർവം അംഗീകരിക്കുന്ന ഒരു പിതാവിനെ നാം വിശുദ്ധ യൗസേപ്പിതാവിൽ കാണുന്നു. “ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയില്ലേ” എന്ന പൗലോസാപ്പൊസ്തലന്റെ വാക്കുകൾ പരിശുദ്ധപിതാവ് ഇവിടെ എടുത്ത് പറയുന്നു.

നെയ്യാറ്റിൻകരയുടെ 25 വർഷത്തെ ചരിത്രത്തിലും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. 2006 ലെ ബിഷപ്പ്സ് ഹൌസ് ആക്രമണവും, രൂപതയുടെ അഭിമാനമായ വെള്ളറട കുരിശുമല സംരക്ഷിക്കേണ്ടതിനായി നടത്തിയ നിയമ പോരാട്ടങ്ങളും, ബോണക്കാട് കുരിശുമല പ്രശ്നവും അതിനെ തുടർന്നുണ്ടായ ലാത്തിചാർജ്ജും, ഇതിൽ എടുത്ത് പറയേണ്ടവയാണ്. ഈ പ്രശ്നങ്ങളും അതിലൂടെയുണ്ടായ വെല്ലുവിളികളും ദൈവം നന്മയ്ക്കായി പരിണമിപ്പിക്കുമെന്ന് നെയ്യാറ്റിൻകര രൂപതയ്ക്കറിയാം.

5) ആത്മധൈര്യത്തിന്റെ ക്രിയാത്മകതയുള്ള പിതാവ്
ആത്മധൈര്യത്തിന്റെ ക്രിയാത്മകതയുള്ള പിതാവെന്നാണ് പാത്രിസ് കോർദിയയിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ യൗസേപ്പിതാവിനെ വീണ്ടും വിശേഷിപ്പിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് പറയുന്ന ഖണ്ഡിക പരിശുദ്ധ പിതാവ് ആരംഭിക്കുന്നത് തന്നെ ഇപ്രകാരമാണ്: യഥാർത്ഥ ആന്തരിക സൗഖ്യത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് സ്വന്തം ചരിത്രം അംഗീകരിക്കുകയും അതോടൊപ്പം അപ്രതീക്ഷിതമായി സംഭവിക്കുന്നവയെപ്പോലും സ്വന്തം ജീവിതത്തിൽ ചേർത്ത് വയ്ക്കുകയും ചെയ്യുമ്പോഴാണെങ്കിൽ ഇപ്പോഴിതാ ആ ഘട്ടത്തിൽ നാം ഒരു പ്രധാനഘടകം കൂടി കൂട്ടിച്ചേർക്കണം അതാണ് “ക്രിയാത്മക ധൈര്യം”. പരിശുദ്ധ പിതാവ് പറഞ്ഞത് നെയ്യാറ്റിൻകര രൂപതയുടെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. രൂപതയുടെ സാമൂഹ്യ-രാഷ്ട്രീയതലത്തിലുണ്ടായ അപ്രതീക്ഷിതമായ തിരിച്ചടികളും പ്രശ്നങ്ങളും ക്രിയാത്മകമായ ഒരു ധൈര്യത്തിലേയ്ക്ക് രൂപതയെ നയിച്ചു. ആ ധൈര്യത്തിൽ നിന്ന് ഉയർന്ന വന്നതാണ് കെ.ആർ.എൽ.സി.സി.യിലും, കെ.എൽ.സി.എ.യിലും, കെ.എൽ.സി.ഡബ്ള്യു.എ.യിലും, ഡി.സി.എം.എസിലും, മറ്റുമുള്ള രൂപതയുടെ ഭാഗഭാഗിത്വം. Board for Lay Ministry 2000-ൽ നടത്തിയ കെ.എൽ.സി.എ.യുടെ സമുദായ സംഗമറാലി ഈ ക്രിയാത്മക ധൈര്യത്തിന്റെ ഒരുദാഹരണം മാത്രമാണ്.

അതോടൊപ്പം, ഈ ധൈര്യം ഇപ്പോഴും രൂപത കാണിക്കുന്നത് രൂപതയുടെ പുതുതലമുറയായ കെ.സി.വൈ.എം.-ൽ കൂടിയാണ്. ചുരുക്കത്തിൽ നെയ്യാറ്റിൻകര രൂപതയുടെ ക്രിയാത്മക ധൈര്യം എന്ന പ്രയോഗത്തിന് ഉത്തമ ഉദാഹരണമാണ് രൂപതാ കെ.സി.വൈ.എം. അതോടൊപ്പം രൂപതയിലെ ബാല യുവജനസംഘടനകളും ( Eg: LWA- Little Way Association) ഇതിന്റെ ഭാഗഭാക്കുകളാണ്. ഈ ആധുനിക കാലഘട്ടത്തിൽ ക്രിയാത്മക ശക്തിയായി ഉയർന്നുവന്നതാണ് മാധ്യമരംഗത്തും, സോഷ്യൽ മീഡിയായിലുമുള്ള രൂപതയുടെ സാന്നിധ്യവും. അൻപതിനായിരത്തിലേറെ കാണികളുള്ള കാത്തലിക്ക് വോക്സും, രൂപതാ മീഡിയാ കമീഷൻ ചാനലും ഇന്ന് രൂപതയുടെ അഭിമാനമാണ്.

6) കഠിനാദ്ധ്വാനിയായ പിതാവ്
കഠിനാദ്ധ്വാനിയായ പിതാവെന്ന് വിശുദ്ധ യൗസേപ്പിതാവിനെ തിരുസഭാതലവൻ വിശേഷിപ്പിക്കുമ്പോൾ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനെ സ്വർഗീയ മധ്യസ്ഥനായി തിരഞ്ഞെടുത്ത നെയ്യാറ്റിൻകര രൂപതയുമായി ഈ വിശേഷണം എന്തുമാത്രം സമരസപ്പെടുന്നുവെന്ന് നമുക്ക് മനസിലാക്കാം. അദ്ധ്വാനം അഥവാ തൊഴിൽ എന്നത് രക്ഷാകര പ്രവർത്തിയിലെ പങ്കാളിത്തമാണെന്നും, ദൈവാരാജ്യാഗമനത്തെ ത്വരിതപ്പെടുത്തുന്നതാണെന്നും അതോടൊപ്പം നമ്മുടെ കഴിവുകളും അഭിരുചികളും വികസിപ്പിച്ച് സമൂഹത്തെയും സാഹോദര്യത്തെയും സേവിക്കാനായി ഉപയോഗിക്കാനായി ഉപയോഗിക്കേണ്ടതാണെന്നും “പാത്രിസ് കോർദേ”യിൽ പാപ്പാ പറയുന്നു.

ഈ ആശയം തന്നെയാണ് നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി Socio-economic commission വഴിയും, Dalit-Background and Labour – Justince – Pece Commission വഴിയും, Health and anti-alcoholism Commission വഴിയും ചെയ്യുന്നത്. Interview

ഇത് തന്നെയാണ് രൂപതയുടെ Board for Education Ministry പ്രതിഭാപോഷണം പോലുള്ള ഉദ്യമങ്ങളിലൂടെ രൂപതയിൽ വിദ്യാഭ്യാസമുള്ള ഒരു തലമുറയെ വാർത്തെടുക്കാനായി ചെയ്യുന്നത്. കുട്ടികൾക്ക് ഭാവിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിലിലും എത്തിച്ചുചേരാനായി വിവിധ പദ്ധതികൾ ഇപ്പോൾ സ്കൂൾ തലത്തിൽ തന്നെ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുമുണ്ട്.

അദ്ധ്വാനത്തിന്റെ ഇതേ ആശയം തന്നെയാണ് Board for School Administration രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയും നടപ്പിലാക്കുന്നത്. (സ്കൂളുകളുടെ എണ്ണം ചേർക്കണം. ഇമ്മാനുവേൽ കോളേജ്, ചുള്ളിമാനൂർ സ്കൂൾ). Interview
ഭൗതീക വളർച്ചയുടെയും അധ്വാനത്തിന്റെയും മറ്റൊരു മേഖലയാണ് രൂപതയിലെ Board for Temporality.

7) പിന്നണിക്കാരനും നിശബ്ദ സേവകനുമായ പിതാവ്
അവസാനമായി “പിന്നണിക്കാരനും നിശബ്ദ സേവകനുമായ പിതാവെന്ന” വിശേഷണം വിശുദ്ധ യൗസേപ്പിതാവിന് ഫ്രാൻസിസ് പിതാവ് നൽകുന്നുണ്ട്. പോളീഷ് എഴുത്തുകാരൻ ‘ജാൻ ഡൊബ്രാജിൻസ്കി’യുടെ “പിതാവിന്റെ നിഴൽ” എന്ന വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തെ കുറിച്ചുള്ള നോവലിൽ നിന്നാണ് ഈ വിശേഷണം വരുന്നത്. യേശുവിനെ സംബന്ധിച്ചിടത്തോളം പിതാവായ ദൈവത്തിന്റെ ഭൗമീക നിഴലായിരുന്നു ജോസഫ്. തീവ്ര നിലപാടുകളില്ലാതെ, അമിതാവേശമില്ലാതെ എന്നാൽ ഉറപ്പോടും എളിമയോടും കേരള സമൂഹത്തിൽ മുന്നേറുന്ന നെയ്യാറ്റിൻകര രൂപതയെ നമുക്ക് രൂപതാ സ്ഥാപനത്തിന്റെ 25 ആം വർഷം കാണാം. ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല ഭാരതത്തിലെയും, കേരളത്തിലെയും പൊതുസമൂഹത്തിന്റെ വളർച്ചയ്ക്ക് നെയ്യാറ്റിൻകര രൂപത പങ്കാളിയാകുന്നു. എക്യുമെനിസത്തിലൂടെയും മതാന്തരസംവാദത്തിലൂടെയും തുറവിയുള്ള ഒരു കത്തോലിക്കാ സമൂഹമായി ത്രീത്വകദൈവത്തിന്റെ നിഴലായി രൂപത വർത്തിക്കുന്നു.

ഉപസംഹാരം
രജതജൂബിലി ആഘോഷിക്കുമ്പോൾ ഉത്തരേന്ത്യയിലെ ഗ്വാളിയാർ എന്ന മിഷൻ രൂപതയെ ഔദ്യോഗികമായി സഹായിക്കുന്ന തലത്തിലേയ്ക്ക് നെയ്യാറ്റിൻകര രൂപത വളർന്നുകഴിഞ്ഞു. ദിവ്യബലിയെയും, ദിവ്യകാരുണ്യത്തെയും, ദൈവ വചനത്തെയും, കൂദാശകളെയും അടിസ്ഥാനമാക്കി നാം അവലംബിച്ച രൂപതയുടെ പ്രേഷിതശൈലി നാമിനിയും മുന്നോട്ട് പോകുമ്പോൾ രൂപതാ മധ്യസ്ഥനായ, തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവ് വഴി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

11 hours ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

11 hours ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

5 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago