ഫാ. റ്റിജോ പുത്തൻപറമ്പിൽ
കുട്ടനാട്ടിലെ ഒരു പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന കാലം. 2016 ഒക്ടോബർ 20 മുതൽ നവംബർ 20 വരെ കുവൈറ്റിലെ അബ്ബാസിയ എന്ന സ്ഥലത്ത്, സീറോ മലബാർ സഭാംഗങ്ങളായ മലയാളികൾ തിങ്ങിപ്പാർക്കുന്നയിടത്ത് ഒരു മാസക്കാലം ആത്മീയ ശുശ്രൂഷ ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ആദ്യമായി ഇന്ത്യയ്ക്കു പുറത്തേക്ക് ഒരു വിമാന യാത്ര നടത്തിയതും അന്നായിരുന്നു (ഇന്ത്യയ്ക്കകത്തും ഇതുവരെ വിമാന യാത്ര നടത്തിയിട്ടില്ല കേട്ടോ). കുട്ടനാടിന്റെ ഒരുപാടു നന്മയുള്ള ഒരു കുടുംബത്തോടൊപ്പമായിരുന്നു ആ ഒരു മാസക്കാലത്തെ എന്റെ താമസമൊരുക്കിയിരുന്നത്.
തങ്ങളുടെ വിശ്വാസപാരമ്പര്യത്തിന്റെ ഭാഗമായ സീറോ മലബാർ ക്രമത്തിലെ വി.കുർബാന റേഷൻ പോലെ ആഴ്ച്ചയിലൊരു ദിവസം മാത്രമേയുള്ളൂ എന്ന സങ്കടത്തിലായിരുന്നു ഒരു മാസക്കാലത്തേക്ക് വി.കുർബാന അർപ്പണത്തിനായി എന്നെ അവിടേയ്ക്ക് കൊണ്ടുപോയത്. ഞാനിതെഴുതുന്നത് സീറോ മലബാർ കുർബാനയെക്കുറിച്ച് പറയാനല്ലാട്ടോ. ഇതൊരു പ്ലാറ്റ്ഫോം മാത്രമാണ്. ശരിക്കും അവിടെയുള്ള സഹോദരങ്ങൾക്ക് വി.കുർബാനയോടുള്ള ആഴമേറിയ സ്നേഹം മാത്രമായിരുന്നു എനിക്ക് വിസാ, ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ നൽകി കൊണ്ടുപോയതും, മാസം ഒന്നര ലക്ഷം ഇന്ത്യൻ രൂപയ്ക്കു തുല്യമായ കുവൈറ്റ് ദിനാർ ബേസ്മെന്റ് വാടക നൽകി, പള്ളി തയ്യാറാക്കി, അൽത്താരയൊരുക്കിയതും. എല്ലാ ദിവസവുമുണ്ടായിരുന്ന വൈകുന്നേരങ്ങളിലെ വി.കുർബാനയ്ക്കായി വളരെ അകലെയുള്ള ജോലി സ്ഥലങ്ങളിൽ നിന്നു പോലും എത്തിയിരുന്ന സഹോദരങ്ങളും, ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പായി ബലിയർപ്പിച്ചിട്ടു പോകാനായി എത്തിയിരുന്ന നേഴ്സുമാർ അടക്കമുള്ള സഹോദരങ്ങളും എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയിരുന്നു. കാരണം, അവർക്കൊക്കെ വി.കുർബാനയുടെ വില അറിയാമായിരുന്നു. കിട്ടാതിരുന്നു കിട്ടുമ്പോഴാണല്ലോ ഒന്നിന്റെ മൂല്യം നമ്മളറിയുക. വില കൊടുത്തു വാങ്ങിക്കുന്നതിനെയല്ലേ ഓസിനു സൗജന്യമായി കിട്ടുന്നതിനേക്കാൾ നമ്മുടെ അനുദിന ജീവിതത്തിലും നമ്മൾ വിലമതിക്കുന്നത്. ഇത് കുവൈറ്റിലെ മാത്രം ഒറ്റപ്പെട്ട അനുഭവമല്ല. വി.കുർബാന സ്ഥിരമായി അർപ്പിക്കാനായി ദേവാലയങ്ങളില്ലാത്ത ഇടങ്ങളിലും വി.കുർബാന എല്ലാ ദിവസവും പോയിട്ട് മാസത്തിലൊന്നു പോലും അർപ്പിക്കാൻ വൈദീകരുടെ ലഭ്യതക്കുറവുള്ള മിഷൻ പ്രദേശങ്ങളിലും (ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും) ഒക്കെയുള്ളവരോടു ചോദിച്ചാൽ പറയും വി.കുർബാനയുടെ മൂല്യമെന്തെന്ന്.
ഞാൻ ഒരു മാസത്തെ ശുശ്രൂഷയ്ക്കു ശേഷം എന്റെ ഇടവകപ്പള്ളിയിൽ തിരിച്ചെത്തിയിട്ട് ആദ്യ ഞായറാഴ്ച്ച തന്നെ ദൈവജനത്തോടു പറഞ്ഞത് ഞാൻ ഇക്കഴിഞ്ഞ ദിവസങ്ങളിലോർക്കുകയായിരുന്നു – നമ്മുടെയൊക്കെ കണ്മുന്നിൽ രണ്ടോ മൂന്നോ കിലോമീറ്റർ ചുറ്റളവിൽ കൈയെത്തുന്ന അകലത്തിൽ ദൈവാലയവും വിളിപ്പുറത്ത് വൈദീകരും പള്ളികളിൽ മുടങ്ങാതെ എല്ലാ ദിവസവും ബലിയർപ്പണങ്ങളും ഉള്ളതുകൊണ്ടാവാം നമുക്കെവിടെയോ ബലിയർപ്പണത്തിന്റെ വില നഷ്ടപ്പെട്ടത്.
ഇടവക ദേവാലയം അടുത്തായിരുന്നിട്ടും സ്ഥിരമായി കുർബാന പകുതിയാകുമ്പോൾ യാതൊരു കുറ്റബോധവുമില്ലാതെ എത്തുന്നതും, ഇനി പള്ളിയിൽ എത്തിയാലോ മോണ്ടളത്തിലോ പള്ളിയുടെ സ്റ്റെപ്പുകളിലോ പുറംതിരിഞ്ഞിരുന്നതും, ബലിയർപ്പണ നേരത്ത് അലക്ഷ്യമായി നേരം പോക്കിയതും, ബലിയർപ്പണത്തിന്റെ പൂർണ്ണതയായ വി.കുർബാനസ്വീകരണ നേരത്ത് മുണ്ടും മടക്കിക്കുത്തി ചായക്കടയിലേക്കും ഇറച്ചിക്കടയിലേക്കും തിരക്കിട്ടു നടന്നതും നമ്മുടെ മനസിനെ ഇപ്പോൾ പൊള്ളിക്കണം. ഇപ്പോ ഒരുപാട് ആഗ്രഹിച്ചിട്ടും പള്ളി മുറ്റത്ത് കാലുകുത്താൻ പോലും കഴിയാത്ത നിസഹായത മനസിനെ വേദനിപ്പിക്കട്ടെ. ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുളള ദിനങ്ങളിൽ പോലും നമ്മുടെ ദേവാലയ പരിസരത്ത് എത്തിപ്പെടാൻ കഴിയാത്തത് അവസരങ്ങൾ ഉണ്ടായിട്ടും മടികൊണ്ടും അലസതകൊണ്ടും നഷ്ടപ്പെടുത്തിയ ധന്യത നിറഞ്ഞ ബലിയർപ്പണങ്ങൾക്കുള്ള പ്രാശ്ചിത്തമാകട്ടെ.
ദേവാലയത്തിൽ സമൂഹമൊന്നിച്ചുള്ള ബലിയർപ്പണങ്ങൾ നിരോധിക്കപ്പെട്ട ഈ ദിവസങ്ങളിലൊന്നിൽ ഞാൻ പള്ളിയുടെ മതിൽക്കെട്ടിനകത്ത് നിൽക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ ചട്ടയും മുണ്ടുമുടുത്ത 85 കഴിഞ്ഞ അമ്മച്ചിയെ, ‘അമ്മച്ചീ അമ്മച്ചീ’ എന്നുറക്കെ വിളിച്ച് സുഖാന്വേഷണങ്ങൾ നടത്തിയപ്പോ എല്ലാ ദിവസവും പള്ളിയിൽ വന്നുകൊണ്ടിരുന്ന അമ്മച്ചി വളരെ ഉറക്കെ സങ്കടത്തോടെ വിളിച്ചു ചോദിക്കുകയാ – ‘അച്ചാ ഞാനും കൂടി കുർബാനക്കു വന്നോട്ടേന്ന്!’ അങ്ങനെ എത്ര വൃദ്ധമാതാപിതാക്കളുടെ ഫോൺ വിളികൾ… എല്ലാ ദിവസവും വി.കുർബാനക്കു വന്നിട്ട് സ്ക്കൂളിൽ പൊയ്ക്കൊണ്ടിരുന്ന ഒരു പെൺകുഞ്ഞ് പള്ളിയിൽ വരാൻ കഴിയാത്തതുകൊണ്ട് അപ്പന്റെ ഫോണിൽ നിന്നും വിളിച്ചു കരഞ്ഞതും വേദനിപ്പിക്കുന്ന ഓർമ്മകളാണ്…
നമ്മുടെ കുടുംബങ്ങളെ ഈ ദിവസങ്ങളിൽ അൽത്താരകളാക്കി ദൈവ സ്തുതികൾ ആലപിക്കാം. വില കൊടുത്ത് സ്വന്തമാക്കുന്നതിനേ മാധുര്യമുള്ളൂ. വി.കുർബാനയർപ്പണത്തിന്റെ വിലയും മൂല്യവും തിരിച്ചറിയാൻ ഈ ദിവസങ്ങളെ നമുക്ക് ഉപയോഗപ്പെടുത്താം. അൽത്താരയിലെ ബലിപീഠത്തിനു ചുറ്റും വീണ്ടും നമ്മൾ ഒരുമിച്ചു കൂടുന്ന നിമിഷങ്ങൾക്കായി ആഗ്രഹിക്കുന്നു… മുടക്കമില്ലാതെ എല്ലാ ദിവസവും നിങ്ങളെയും ലോകം മുഴുവനെയും മനസിൽ കണ്ട് ബലിയർപ്പിച്ച് പ്രാർത്ഥിക്കുന്നുണ്ടെന്ന ധൈര്യത്തിൽ മുന്നോട്ട്പോകാൻ എല്ലാവർക്കും കഴിയട്ടെ.
ആഗമനകാലം ഒന്നാം ഞായർ പെസഹായ്ക്കും കാൽവരിയനുഭവത്തിനും മുൻപുള്ള യേശുവിന്റെ അവസാനത്തെ പഠിപ്പിക്കലാണിത്. അവനിപ്പോൾ ദേവാലയ പരിസരത്താണ്. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ക്രിസ്മസിന് മുന്നോടിയായി വത്തിക്കാന്‍ ചത്വരത്തില്‍ ഉയര്‍ത്തുന്ന ക്രിസ്മട്രീയുടെ ഒരുക്കങ്ങള്‍ വത്തിക്കാന്‍ ചത്വരത്തില്‍ ആരംഭിച്ചു.…
ക്രിസ്തുരാജന്റെ തിരുനാൾ പീലാത്തോസിന്റെ പ്രത്തോറിയത്തിൽ, കാൽവരിയുടെ പശ്ചാത്തലത്തിൽ വിരിയുന്ന കുരിശിന്റെ രാജകീയതയാണ് ഇന്നത്തെ സുവിശേഷം. കുരിശാണ് സുവിശേഷത്തിന്റെ കേന്ദ്രം. കുരിശാണ്…
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
This website uses cookies.