Categories: Articles

തദ്ദേശ തെരഞ്ഞെടുപ്പ് – ജയപരാജയങ്ങളും ക്രൈസ്തവരും

ഇതുവരെയും തുറന്നു ചര്‍ച്ചചെയ്യാന്‍ മടിച്ച ചില വിഷയങ്ങള്‍ തുറന്നുപറയാന്‍ കത്തോലിക്കാ സഭ തയ്യാറായി...

കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

ഒട്ടേറെ ആരോപണങ്ങളുടെ മധ്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേടിയതിനെക്കുറിച്ചും, യുഡിഎഫിന് നേരിട്ട തിരിച്ചടികളെക്കുറിച്ചും വിവിധ വിശകലനങ്ങളുണ്ട്. ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ നിലപാട് മാറ്റവും ‘മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളും’ അതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പലരും വിലയിരുത്തുന്നു. 2020 ഡിസംബര്‍ 19-ലെ മാധ്യമം ദിനപത്രത്തില്‍, ‘എല്‍ഡിഎഫ് വിജയത്തിന് പിന്നില്‍ കത്തോലിക്കാസഭയും’ എന്ന തലക്കെട്ടില്‍ ഇത്തരം ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രത്യക്ഷത്തില്‍ ഇലക്ഷനുമായി ബന്ധമില്ലെങ്കിലും, ഡിസംബര്‍ 16-ന് മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച ‘മൗലികവാദത്തിന്റെ ക്രൈസ്തവ രൂപങ്ങള്‍’ എന്ന ലേഖനത്തിലും ഇത്തരം ചില ആശയങ്ങളാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിലും സമാനമായ പ്രചാരണങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ക്രൈസ്തവര്‍ – കത്തോലിക്കാസഭ ‘മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍’ നടത്തുന്നു എന്നതാണ് ലേഖനകര്‍ത്താക്കള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

കത്തോലിക്കാ സഭ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവോ?

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെയും, വിവിധ സാമുദായിക അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ പലപ്പോഴായി കത്തോലിക്ക സഭാനേതൃത്വവും, മെത്രാന്മാരും പ്രതികരിക്കുകയും നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു എന്നുള്ളത് വാസ്തവമാണ്. കെസിബിസി ജാഗ്രതയുടെ മുന്‍ പതിപ്പുകളില്‍ പലപ്പോഴായി ഇത്തരം പ്രതികരണങ്ങളും വിശദീകരണങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. ഇതുവരെയും തുറന്നു ചര്‍ച്ചചെയ്യാന്‍ മടിച്ച ചില വിഷയങ്ങള്‍ തുറന്നുപറയാന്‍ കത്തോലിക്കാ സഭ തയ്യാറാവുകയുണ്ടായി, ഇനിയും അതുണ്ടാവും. എന്നാല്‍, അത്തരം തുറന്നുപറച്ചിലുകളും ഓര്‍മ്മപ്പെടുത്തലുകളും വര്‍ഗ്ഗീയ പ്രചരണങ്ങള്‍ ലക്ഷ്യം വച്ചുള്ളവയായിരുന്നില്ല. മറിച്ച്, ഈ സമൂഹത്തില്‍ മതേതരത്വത്തിനും സാഹോദര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന പ്രവണതകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, വിശാലമായി ചിന്തിക്കാനും ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് വേദിയൊരുക്കാനുമുള്ള ആഹ്വാനങ്ങളും പരിശ്രമങ്ങളുമായിരുന്നു അത്തരം തുറന്നെഴുത്തുകള്‍. മാനവികതയ്ക്കും സാഹോദര്യത്തിനും എതിരെ നടന്നുകൊണ്ടിരിക്കുന്ന ഗൂഢാലോചനകളെയും പ്രവര്‍ത്തന പദ്ധതികളെയും തുറന്നുകാണിക്കുന്നത് എങ്ങനെയാണ് ദുഷ്പ്രചാരണമാവുക?

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലെ പക്ഷപാതപരമായ രീതികളും സാമുദായികമായി ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരുന്ന മറ്റ് തിരിച്ചടികളും കെട്ടുകഥകളല്ല. സാദിഖ് അലി തങ്ങളെ പോലുള്ള ചില മുസ്‌ലിം ലീഗ് നേതാക്കള്‍ അവാസ്തവ പ്രചാരണങ്ങള്‍ നടത്തിയപ്പോഴും, ചിലര്‍ ക്രൈസ്തവ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചപ്പോഴും പ്രതികരണങ്ങളുണ്ടായി. ക്രൈസ്തവ വിശ്വാസത്തെ കടന്നാക്രമിക്കാനും ക്രൈസ്തവര്‍ക്കിടയില്‍ പോലും തെറ്റിദ്ധാരണകള്‍ പരത്താനും ക്രൈസ്തവരെ പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കാനും സംഘടിതമായ ശ്രമങ്ങളുണ്ടായപ്പോള്‍ അവയെ തുറന്നുകാണിച്ചു. എന്നാല്‍, ഇതൊന്നും കേരളത്തിലെ മുസ്‌ലിം സമുദായത്തിനെതിരെയുള്ള നീക്കങ്ങളായിരുന്നില്ല.

കേരളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ ഇസ്‌ലാം മതവിശ്വാസികളില്‍ ഭൂരിപക്ഷം വരുന്നവര്‍ സമാധാന കാംക്ഷികളാണെന്നും, അവര്‍ അക്രമങ്ങളെയും മതമൗലികവാദത്തെയും പ്രോത്സാഹിപ്പിക്കാത്തവരാണെന്നും പ്രത്യേകം പറയേണ്ടതില്ല. അവര്‍ക്കിടയില്‍ കയറിപ്പറ്റി ചില ഗൂഢലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെയാണ് പലപ്പോഴായി പലരും ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ലോകത്തില്‍ പലയിടങ്ങളിലും എന്നതുപോലെ കേരളത്തിലും പലവിധങ്ങളായ ഇസ്‌ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നത് വിവിധ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യക്തമാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചിലരുമായി മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരസ്യമായ ചങ്ങാത്തം കാത്തുസൂക്ഷിക്കുകയും പുതിയ കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതില്‍ കത്തോലിക്ക സഭയ്ക്ക് ആശങ്കയുണ്ട്.

മതമൗലികവാദികളും അക്രമികളുമായി രംഗത്തുവന്നിട്ടുള്ളവരെയും ഇസ്‌ലാമിക അധിനിവേശത്തിന്റെ വിവിധ മുഖങ്ങളെയും സ്ഥാപിത താത്പര്യങ്ങളോടെ ന്യായീകരിക്കുന്ന ചിലരെ സഭാനേതൃത്വം ചോദ്യം ചെയ്യുന്നതിനെ, ഇസ്‌ലാമിക വിരുദ്ധത പ്രചരിപ്പിക്കുന്നതായി ചിത്രീകരിക്കുന്ന പ്രവണത നിഗൂഢവും അപകടകരവുമാണ്. ഇസ്ലാമിനെതിരെയല്ല ഇസ്ലാമിസ്റ്റുകള്‍ക്കെതിരെയാണ് എന്നും സഭയുടെ ശബ്ദമുയര്‍ന്നിട്ടുള്ളത്. ലൗ ജിഹാദ് പോലുള്ള വിഷയങ്ങളിലും, ഹാഗിയ സോഫിയ, വാരിയംകുന്നന്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകളിലും ഇക്കൂട്ടര്‍ സ്വീകരിച്ച തീവ്രവാദ നിലപാടുകള്‍ അവരുടെ തനിനിറം വെളിപ്പെടുത്തുന്നവയായിരുന്നു. മുസ്‌ലിം ലീഗിനെപ്പോലെ, കേരളത്തില്‍ അടിത്തറയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടുകളില്‍ മതേതരത്വവും, പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും സ്വീകാര്യതയും കാത്തുസൂക്ഷിക്കാന്‍ കടപ്പെട്ടവരാണ്. വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നതിന് പകരം, തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം. മതഭീകരവാദത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ മതേതരസമൂഹത്തോട് ചേര്‍ന്നുനില്‍ക്കണം. ഇതാണ് കത്തോലിക്കാ സമൂഹത്തിന് ഇസ്‌ലാമിക സമൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വത്തോട് പറയാനുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത്?

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, കേരളത്തില്‍ ഇക്കാലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിവിധ പ്രതിഭാസങ്ങള്‍ പ്രതിഫലിച്ചിട്ടുണ്ട് എന്നുള്ളത് നിസ്തര്‍ക്കമാണ്. എന്നാല്‍, കേരളാ കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനം, കേരളകത്തോലിക്കാ സഭയുടെ നിലപാടില്‍ വന്ന മാറ്റം എന്നിവയാണ് എല്‍ഡിഎഫിന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന വിധിയെഴുത്ത് ശരിയല്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങളില്‍ അവയും പെടും എന്നുമാത്രം. പ്രധാനമായും യുഡിഎഫില്‍ സംഭവിച്ച അപചയങ്ങളും ശരിയായ നേതൃത്വത്തിന്റെ അഭാവവും നിലപാടുകളില്‍ വന്ന പാളിച്ചകളുമാണ് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയായത്. മുസ്‌ലിം മതമൗലിക വാദവും അനുബന്ധ അതിക്രമങ്ങളും ഈ കാലങ്ങളില്‍ പെരുകുന്നു എന്ന ബോധ്യം കേരളസമൂഹത്തിന് ഉണ്ടായിരിക്കുന്നത് മുസ്‌ലിം ലീഗ് മുഖ്യ ഘടക കക്ഷിയായുള്ള യുഡിഎഫിന് ദോഷം ചെയ്തിട്ടുണ്ട് എന്നുള്ളതും വാസ്തവമാണ്. ക്രൈസ്തവ സമൂഹത്തില്‍ മാത്രം സംഭവിച്ചിട്ടുള്ള ഒരു മാറ്റമല്ല അത്. മതാധിഷ്ഠിത രാഷ്ട്രീയം ജനാധിപത്യത്തിന് വിരുദ്ധവും മതേതരത്വത്തിന് അപകടകരവുമാണെന്ന ചിന്ത വളര്‍ന്നത് സ്വാഭാവികമായും താരതമ്യേന കൂടുതല്‍ ഗുണം ചെയ്തിട്ടുള്ളത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായിരിക്കണം. ന്യൂനപക്ഷ വര്‍ഗ്ഗീയത പോലെതന്നെ, ഭൂരിപക്ഷ വര്‍ഗ്ഗീയതയും ചെറുക്കപ്പെടേണ്ടതാണെന്ന ബോധ്യം പൊതുസമൂഹത്തിനുണ്ടായതാണ് ആഗ്രഹിച്ച നേട്ടം കൈവരിക്കാന്‍ ബിജെപിക്കും കഴിയാതെ പോയത്. അതേസമയം, രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമില്ലാത്ത 20/20 യ്ക്ക് എറണാകുളം ജില്ലയില്‍ വലിയ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്, നിലവിലുള്ള എല്ലാ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും അതീതമായി ചിന്തിക്കാനും പ്രതികരിക്കാനും ജനം സന്നദ്ധരാണ് എന്നുള്ളതിന്റെ സൂചനയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020-ലെ തെരഞ്ഞെടുപ്പിനെ, വരാന്‍പോകുന്ന നിയമസഭാ ഇലക്ഷന്റെ മുന്നോടിയായി വിലയിരുത്താന്‍ കഴിയില്ല എന്നുള്ളതാണ് മറ്റൊരു വാസ്തവം. റിസള്‍ട്ടുകള്‍ നേരെ വിപരീതമായി മാറിയ മുന്നനുഭവങ്ങളുണ്ട്. 1991-ല്‍ നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 14-ല്‍ 12ഉം നേടി ഇടതുമുന്നണി കേരളം തൂത്തൂവാരിയിരുന്നു. അതിന് തൊട്ടുമുമ്പായിരുന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുമുന്നണിയിലെത്തിയത്. ഇപ്പോള്‍ ജോസ് കെ മാണിക്ക് ലഭിച്ചതുപോലുള്ള പ്രശംസ അന്ന് പി.ജെ ജോസഫിന് കിട്ടിയിരുന്നു. 1987-ല്‍ അധികാരത്തിലേറിയ നായനാര്‍ മന്ത്രിസഭയ്ക്ക് ഒരു വര്‍ഷംകൂടി കാലാവധി ഉണ്ടായിരുന്നെങ്കിലും നിയമസഭ പിരിച്ചുവിട്ട് ഇടതുമുന്നണി ജനവിധി തേടി. തുടര്‍ഭരണത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയം എന്ന കണക്കൂട്ടലിലായിരുന്നു ആ നടപടി. എന്നാല്‍ ഭരണം ലഭിച്ചത് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനായിരുന്നു.

വ്യക്തിപരമായ പരിചയങ്ങള്‍ക്കും അടുപ്പത്തിനും പാര്‍ട്ടികള്‍ക്കതീതമായി സ്ഥാനം ലഭിക്കുന്ന ഒന്നാണ് ത്രിതല പഞ്ചായത്ത് ഇലക്ഷന്‍. ബുദ്ധിപൂര്‍വ്വമുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയമാണ് ജയത്തിന്റെ പ്രധാന ഘടകമായി മാറാറുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം ഇടതുമുന്നണിക്ക് കിട്ടുമെന്ന് കരുതാനാവില്ല. പശ്ചായത്ത് തെരഞ്ഞെടുപ്പിലെ വിഷയങ്ങളല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കപ്പെടുന്നത് എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം. എങ്കില്‍പ്പോലും, ഇക്കഴിഞ്ഞ ഇലക്ഷന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജനങ്ങള്‍ വളരെയേറെ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അഴിമതി, മതമൗലിക വാദം, വര്‍ഗ്ഗീയ ചായ്‌വുകള്‍, സ്വജനപക്ഷപാതം, രാഷ്ട്രീയ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍, പദ്ധതികളിലെ അശാസ്ത്രീയത തുടങ്ങിയ വിഷയങ്ങളെല്ലാം സജീവമായി ചര്‍ച്ചചെയ്യപ്പെടുകയും, അതിനാനുപാതികമായി പൊതുസമൂഹത്തിന്റെ നിലപാടുകളില്‍ മാറ്റം വരികയും ചെയ്യുന്നു. തമ്മില്‍ ഭേദം എന്ന് കരുതുന്ന സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ഭേദമില്ലാതെ വോട്ട് ചെയ്യാന്‍ ക്രിസ്ത്യാനി എന്നല്ല, മതേതരത്വവും സമാധാനവും ആഗ്രഹിക്കുന്ന ആരും തയ്യാറായേക്കുന്ന നാളുകളാണ് ഇനിയുള്ളത്. പാര്‍ട്ടികള്‍ക്കതീതമായി, കഴിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുക എന്ന നയമാണ് കഴിഞ്ഞ ഇലക്ഷനില്‍ കത്തോലിക്കാ വിശ്വാസികള്‍ പൊതുവെ സ്വീകരിച്ചത്. ഇത്തരം മാറ്റങ്ങളും ലക്ഷണങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാവുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

9 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago