Categories: Daily Reflection

ഡിസംബർ 5: തുറക്കപ്പെടുന്ന സ്വർഗീയ വാതിലുകൾ

ഉണ്ണിയേശുവിന് ആതിഥ്യമരുളാൻ സ്വർഗ്ഗീയ വാതിൽ തുറന്നുകൊടുക്കുവാനായി നമ്മുടെ ഹൃദയങ്ങൾ വിശുദ്ധീകരിക്കാം...

അഞ്ചാം ദിവസം
“തന്നില്‍നിന്നു വരുന്ന നീതിയും കാരുണ്യവും കൊണ്ട് ദൈവം സന്തോഷപൂര്‍വം ഇസ്രായേലിനെ തന്റെ മഹത്വത്തിന്റെ പ്രകാശത്തില്‍ നയിക്കും. അവിടുത്തെ കാരുണ്യവും നീതിയും അവര്‍ക്ക്‌ അകമ്പടി സേവിക്കും” (ബാറൂക്ക്‌ 5:9).

ഏതു ഭവനത്തിലേക്കാണെങ്കിലും മനുഷ്യന് പ്രവേശിക്കാവുന്ന പ്രധാന മാർഗ്ഗമാണ് വാതിലുകൾ. ഈ വാതിലുകൾ ഭവനത്തിലുള്ളവർക്ക് സ്വകാര്യതയും, സംരക്ഷണവും, സുരക്ഷിതത്തവും, ആത്മധൈര്യവും പ്രദാനം ചെയ്യുന്നു. എന്നാൽ, ഒരു വ്യക്തിയുടെ ആത്മീയ കവാടം തുറന്നിടുമ്പോൾ സ്വർഗീയാരൂപി നിർഗളിച്ചു ജീവിതം ആനന്ദപൂർണ്ണമാകുന്നു.

ഹൃദയ വാതിലിൽ മുട്ടിയ ഗബ്രിയേൽ ദൂതനോട് അല്പം സന്ദേഹത്തോടെയാണെങ്കിലും, “ഇതാ, കർത്താവിന്റെ ദാസി!” (ലൂക്കാ1:38) എന്ന് വിനയത്താൽ എളിമയുടെ വാതിൽ തുറന്നു കൊടുത്തുകൊണ്ട് ഭൂമിയിൽ സ്വർഗ്ഗീയവാതിൽ തുറന്നവളാണ് മറിയം. എന്നാൽ, പിന്നീട് മറിയത്തിന്റെ മുമ്പിൽ, ഭവനത്തിന്റെ ഭൗതികമായ വാതിലുകൾ മാത്രമല്ല കൊട്ടിയടച്ചത്, അവരറിയാതെ തങ്ങളുടെ ഹൃദയവാതിൽ കൂടിയാണ്. എങ്കിലും, എളിയവരിൽ എളിയവനായ ലോകരക്ഷകന്റെ പിറവിക്കായി, ചെറുതാകാലിന്റെ പ്രതീകമായ കാലിത്തൊഴുത്തിന്റെ വാതിൽ തുറക്കപ്പെട്ടു.

മഹാമാരിയുടെ അന്ധകാരത്തിലമർന്ന ഈ ഭൂമിയിൽ വീണ്ടും രക്ഷകൻ പിറക്കുന്നതിന് ഹൃദയവാതിൽ ആവശ്യമുണ്ട്. മറിയത്തെ പോലെ ദൈവസുതന് ആതിഥ്യമരുളാൻ ആത്മാവിലേക്കുള്ള വിശ്വാസ കവാടം തുറക്കാൻ നമ്മൾ സന്നദ്ധരാണോ?

ഈ ആഗമനക്കാലം, സമർപ്പണത്തിലൂടെയും, അനുതാപതീക്ഷണതയാലും, നമ്മുടെ ജീവിത കവാടങ്ങൾ തുറന്നിട്ട് ക്രിസ്തുമസിന്റെ പ്രകാശത്തിൽ ശോഭിതമാകുന്ന സമയമാണ്. ഗിരിപ്രഭാഷണത്തിലെ “അഷ്ട സൗഭാഗ്യങ്ങൾ” ഈ ആഗമന കാലത്ത് അപ്രകാരമുള്ള ആത്മീയ ഉണർവിലേക്ക് നമ്മെ നയിക്കും.

ദാവീദ് രാജവംശത്തിൽ ജനിക്കുമെന്ന് അവകാശപ്പെട്ട്, രക്ഷകന്റെ പിറവിക്കായി രാജകൊട്ടാരം കാത്തിരുന്നപ്പോൾ, സ്വന്തമെന്നവകാശപ്പെടാൻ ഒന്നുമില്ലാത്ത, എളിമയിൽ ശോഭിതരായ, ആത്മാവിൽ ദരിദ്രരായ ആട്ടിടയന്മാർക്കാണ് രക്ഷകനെ കണ്ടു വണങ്ങുന്നതിനുള്ള ഭാഗ്യം സിദ്ധിച്ചത്. ഓർക്കുക: “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്” (മത്തായി 5:3) എന്ന് യേശു ജനസമൂഹത്തെ പഠിപ്പിച്ചത് ഒരുപക്ഷേ ദൈവ പൈതലിനെ ദർശിച്ചതിലൂടെ സമൂഹത്തിന്റെ മുമ്പിൽ ആട്ടിടയന്മാരെ സ്വർഗ്ഗീയ പിതാവ് ഉന്നതിയിലേക്കുയർത്തിയത് കൊണ്ടായിരിക്കണം.

എന്നാൽ ആരാണ് ആത്മാവിൽ ദരിദ്രർ?
പാപിയായ എന്റെ കൈയിൽ ദൈവത്തിനു നൽകാൻ ഒരു സൽപ്രവൃത്തി പോലുമില്ലാതെ ദൈവതിരുമുമ്പാകെ ആത്മീയമായി ഒരു ‘യാചകൻ’ മാത്രമാണ് ഞാൻ എന്ന് തിരിച്ചറിഞ്ഞവൻ! അതിനുത്തമ ഉദാഹരണമാണ് ലൂക്കായുടെ സുവിശേഷത്തിൽ സ്വയം നീതികരിച്ച യഹൂദൻ തന്റെ സത്പ്രവർത്തികളെ ന്യായീകരിച്ചുകൊണ്ടും, ആത്മീയതയെ പുകഴ്ത്തി കൊണ്ടും, സ്വന്തം പ്രവർത്തികളിൽ ആശ്രയിച്ചുകൊണ്ട് സ്വർഗ്ഗീയ പിതാവിന്റെ മുമ്പിലേക്ക് കടന്നു വന്നത്. എന്നാൽ, ചുങ്കക്കാരനാകട്ടെ ആത്മീയ ദാരിദ്ര്യം മനസ്സിലാക്കി സഹായത്തിനായി ദൈവത്തിലേക്ക് തിരിയുകയും, കണ്ണുകൾ ഉയർത്താതെ കരുണയ്ക്കായി അപേക്ഷിക്കുകയും ചെയ്തു. ചുങ്കക്കാരന്റെ മുൻപിൽ സ്വർഗീയ വാതിലുകൾ തുറക്കപ്പെട്ടു. ദൈവത്തിന്റെ മുൻപിൽ യാചകരായ നമ്മൾ “അവനെ കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല” (യോഹന്നാൻ 15:5) എന്ന ബോധ്യത്തോടെ അവന്റെ കൃപയ്ക്കായി യാചിക്കണം. അപ്പോൾ, “സ്നേഹനിധിയായ പിതാവിന്റെ മകനെന്നു വിളിക്കപ്പെടുവാൻ യോഗ്യതയില്ല” എന്ന ധൂർത്ത പുത്രന്റെ തിരിച്ചറിവിന് മുമ്പിൽ സ്വർഗ്ഗവാതിൽ തുറന്നു കൊടുത്ത പിതാവ് നമ്മളെയും ആലിംഗനം ചെയ്യും. “പിതാവ് എന്നോട് കടപ്പെട്ടിരിക്കുന്നു” എന്ന മനോഭാവത്തോടെ നിൽക്കുന്ന മൂത്തപുത്രനു സമമാകാതെ ആത്മീയ ദാരിദ്ര്യം അനുഭവിച്ച ധൂർത്ത പുത്രനെപ്പോലെ നമ്മൾക്കും സ്വർഗീയ വാതിലുകൾ തേടാം.

ദൈവ സന്നിധിയിൽ നിന്നും ദൂരത്തായതിൽ മനംനൊന്ത് ചെയ്തുപോയ ദുഷ്പ്രവർത്തികളെയോർത്ത് വിലപിക്കുന്നവർ ആശ്വസിപ്പിക്കപ്പെടുമെന്ന് ഗിരിപ്രഭാഷണത്തിൽ ക്രിസ്തു തന്നെ വെളിപ്പെടുത്തുന്നു: “വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും” ( മത്തായി 5:4 ). എന്നാൽ എപ്രകാരമുള്ള വിലാപത്തിനാണ് ആശ്വാസം കണ്ടെത്താൻ സാധിക്കുന്നതെന്ന് യാക്കോബ് അപ്പോസ്തോലൻ തന്റെ ലേഖനത്തിൽ വിശദമാക്കുന്നു: “ദൈവത്തോടു ചേർന്നു നിൽക്കുവിൻ; അവിടുന്നു നിങ്ങളോടും ചേർന്നു നിൽക്കും. പാപികളേ, നിങ്ങൾ കരങ്ങൾ ശുചിയാക്കുവിൻ. സന്ദിഗ്ധ മനസ്കരേ, നിങ്ങളുടെ ഹൃദയങ്ങൾ ശുചിയാക്കുവിൻ. ദുഃഖിക്കുകയും, വിലപിക്കുകയും, കരയുകയും ചെയ്യുവിൻ; നിങ്ങളുടെ ചിരി കരച്ചിലായും നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ” (യാക്കോബ് 4:8-9). ഇതിനാലാണല്ലോ, ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസിന്റെ വിലാപത്തിനു മുമ്പിൽ സ്വർഗ്ഗവാതിൽ തുറന്നത്. എന്നാൽ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ അനുതാപമില്ലാത്ത ദുഃഖം, അവന്റെ മുൻപിൽ സ്വർഗ്ഗകവാടം അടയ്ക്കുന്നതിനു കാരണമായി. അതുപോലെ തന്നെ നിത്യജീവൻ അവകാശമാക്കാനായി എത്തിയ ധനികനും പാപങ്ങളെ ഓർത്ത് വിലപിക്കാതെ നിസ്സാരവൽക്കരിച്ചതിനാൽ സ്വർഗ്ഗവാതിലിലൂടെ പ്രവേശിക്കാതെ തിരിച്ചു പോകേണ്ടി വന്നു.

എന്നാൽ കർത്താവിലുള്ള ഉറച്ച വിശ്വാസത്താൽ അവനെ ആശ്രയിക്കുന്ന “ശാന്തശീലർ ഭാഗ്യവാൻമാർ” (മത്തായി 5:5) എന്നും ക്രിസ്തു ജനങ്ങളെ പഠിപ്പിച്ചു. മാത്രമല്ല പ്രതികാരമോ പ്രതിരോധമോ കൂടാതെ സൗമ്യമായി പ്രക്ഷുബ്ധ സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് യേശു ഗദ്സമൻ തോട്ടത്തിൽ തെളിയിച്ചു. കാൽവരിയിൽ പോലും പിതാവിനെ പൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത ക്രിസ്തുവിനെ പൗലോസ് അപ്പോസ്തോലൻ പിന്തുടർന്നതിൽ അതിശയോക്തിയില്ല. നാം അനുകരിക്കേണ്ട സൗമ്യതയുടെ ആത്യന്തിക മാതൃകയായി പൗലോസ് യേശുവിനെ കണ്ടതുകൊണ്ട് അവൻ ഇപ്രകാരം പറഞ്ഞു: “പൗലോസായ ഞാൻ ക്രിസ്തുവിന്റെ സൗമ്യതയുടെയും ശാന്തത യുടെയും പേരിൽ നിങ്ങളോട് അഭ്യർത്ഥിക്കുന്നു” (2 കോറി 10:1). എന്നാൽ, യേശു തന്നെ ഒരിക്കൽ പ്രഘോഷിച്ചു: “ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭിക്കും” (മത്തായി11:29).

ദൈവത്തിന്റെ കൽപനകൾ പാലിച്ചും ദൈവഹിതത്തോടു അനുരൂപപ്പെട്ടും ദൈവസന്നിധിയിലായിരിക്കുവാനുള്ള അഗാധമായ ആത്മീയ വിശപ്പുള്ളവരുടെ ജീവിതം സംതൃപ്തമായിരിക്കും: “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്ക് സംതൃപ്തി ലഭിക്കും” (മത്തായി 5:6). മാത്രമല്ല, “ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല”, എന്ന വാഗ്ദാനവും ക്രിസ്തു നൽകുന്നു. “നിന്നിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമാണ്” എന്ന് വിശുദ്ധ അഗസ്റ്റിൻ പ്രതികരിച്ചത് ഒരു പക്ഷെ ക്രിസ്തുവിന്റെ ഈ വാക്കുകളെ ഹൃദയത്തിൽ സ്ഫുടം ചെയ്തതു കൊണ്ടായിരിക്കണം. ഇപ്രകാരം ദൈവസന്നിധിയിലായിരിക്കുന്നവന്റെ ഹൃദയം കരുണാമയമാകുകയും, കാരുണ്യ പ്രവർത്തികളിൽ വ്യാപൃതമാവുകയും ചെയ്യുന്നു. വിശപ്പ് സഹിച്ചുകൊണ്ട് വളരെ വൈകിയും തന്നെ ശ്രവിച്ചു കൊണ്ടിരുന്ന ജനസാഗരത്തോടു കരുണ തോന്നി അവരുടെ വിശപ്പ് ശമിപ്പിച്ചതുപോലെ, രോഗികളോടും, പാപികളോടും, സാമൂഹ്യ ഭ്രഷ്ട് അനുഭവിച്ചവരോടും കരുണയായിരുന്നതുപോലെ വേദനിക്കുന്നവരോട് അനുകമ്പയുള്ളവരായിരിക്കുവാൻ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടായിരിക്കും പത്രോസ് അപ്പോസ്തലൻ ഇപ്രകാരം നമ്മെ ഉപദേശിച്ചത്: “സർവ്വോപരി നിങ്ങൾക്ക്, ഗാഡമായ പരസ്പരസ്നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്നേഹം നിരവധി പാപങ്ങളെ മറക്കുന്നു” (1പത്രോസ്4:8). “മറ്റൊരാളുടെ നൊമ്പരത്തെ മധുരതരമാക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ ജീവിതം ധന്യമായി” എന്ന് ഹെലൻ കെല്ലറുടെ ജീവിത ബോധത്തിന്റെ അടിസ്ഥാനവും മറ്റൊന്നുമായിരിക്കില്ല.

ദൈവസന്നിധിയിൽ പ്രവേശിക്കാനുള്ള സ്വർഗ്ഗവാതിൽ ആർക്കാണ് തുറന്നു കൊടുക്കുക എന്ന സങ്കീർത്തകന്റെ ചോദ്യത്തിന്റെ ഉത്തരം: “കളങ്കമറ്റ കൈകളും നിർമ്മല ഹൃദയവുമുള്ളവൻ” (സങ്കീർത്തനം 24:4) എന്നായിരുന്നു. വി.മത്തായി 5:8-ൽ ക്രിസ്തു പറയുന്നതും ഇതുതന്നെയാണ്: “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ, അവർ ദൈവത്തെ കാണും”. അതുകൊണ്ടായിരിക്കാം ബാഹ്യ ശുദ്ധീകരണം മാത്രം നടത്തിയിരുന്ന യഹൂദരെ ക്രിസ്തു വിമർശിക്കുകയും ശാസിക്കുകയും ചെയ്തത്.

അനുരഞ്ജനത്തിലൂടെ ദൈവസന്നിധിയിലായിരിക്കുന്നവർ ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോയാലും അവരുടെ ഹൃദയം ക്രിസ്തുവിന്റെ സമാധാനത്താൽ നിറയുകയും മറ്റുള്ളവരിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. സംഘർഷഭരിതമായ സാഹചര്യങ്ങളിൽ സമാധാനം സ്ഥാപിക്കുവാൻ അവർക്ക് കഴിയുന്നു. “ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു” (യോഹന്നാൻ 14:27) ക്രിസ്തു നമ്മൾക്ക് നൽകുന്ന വാഗ്ദാനമാണിത്. ക്രിസ്തുവിന്റെ ഈ വാഗ്ദാനം സ്വീകരിച്ചുകൊണ്ട് നമ്മൾക്കും സമാധാന വാഹകരാകാം. “സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ. അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും”( മത്തായി5:9) – ദൈവ പുത്രന്മാരെന്ന പദവി സ്വീകരിച്ചുകൊണ്ട് നമുക്ക് ലോകത്തിന് വെളിച്ചമായി മാറാം.

ലോകത്തിന്റെ വെളിച്ചമാകാൻ വന്ന യേശു ബെത്ലഹേമിൽ പിറന്നതുമുതൽ ലോകം അവനെ ദ്വേഷിച്ചു. കാൽവരിയിലായിരുന്നു പര്യവസാനം. ഇന്നും ദൈവജനമത് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. അതിനാലാണ് ക്രിസ്തു മുൻകൂട്ടി നമ്മെ ധൈര്യപ്പെടുത്തിയത്: “എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” (മത്തായി 5:11-12).

നമ്മുടെ കഷ്ടതയിൽ നമ്മോടു ചേർന്നു നിൽക്കാൻ ക്രിസ്തുവിനു മാത്രമേ കഴിയൂ. അവൻ ഏറ്റ പീഡകൾ ഉയിർപ്പിനുവേണ്ടിയുള്ളതായിരുന്നു. അവനു വേണ്ടി നമ്മൾ സഹിക്കുന്ന കുരിശുകൾ നമ്മുടെ ഉയർപ്പിനു വേണ്ടിയുള്ള സ്വർഗ്ഗീയ വാതിലുകളാകുന്നു.

ദൈവത്തോട് ചേർന്ന് നിന്ന് ദൈവകൃപയിൽ നിറയുന്നവർ ക്ഷമയുടെയും, ദാരിദ്ര്യത്തിന്റെയും, പരസേവനത്തിന്റെയും, സാന്ത്വനത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ചു കൊണ്ട് ജീവിതത്തിൽ സന്തോഷവാന്മാരും അനുഗ്രഹീതരുമാകുന്നു. അതിനാൽ സുവിശേഷ സൗഭാഗ്യങ്ങൾ എന്നും തുറക്കപ്പെടുന്ന സ്വർഗീയ വാതിലുകളാണ്. ആഗമന കാലത്ത് ഉണ്ണിയേശുവിന് ആതിഥ്യമരുളാൻ സ്വർഗ്ഗീയ വാതിൽ തുറന്നുകൊടുക്കുവാനായി നമ്മുടെ ഹൃദയങ്ങൾ വിശുദ്ധീകരിക്കാം – ബെത്ലഹേമിലെ ഉണ്ണി യേശുവിനായി!

vox_editor

Share
Published by
vox_editor

Recent Posts

ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്‍മാരുടെ സംഗമം

സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…

5 days ago

33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…

5 days ago

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…

6 days ago

സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…

1 week ago

വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു

അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…

1 week ago

മാര്‍ത്തോമാ സഭയിലെ പിതാക്കന്‍മാര്‍ റഫാന്‍സിസ്പ്പയുമായി കൂടികാഴ്ച

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…

1 week ago