Categories: Daily Reflection

ഡിസംബർ- 15 കാലിത്തൊഴുത്ത് തേടുന്ന ജ്ഞാനികൾ

യാതനകളും, സഹനങ്ങളും, ബുദ്ധിമുട്ടുകളും സഹിക്കാൻ തയ്യാറായിട്ടാണ് ജ്ഞാനികൾ ഈ അന്വേഷണത്തിന് തയ്യാറെടുത്തത്...

കാലിത്തൊഴുത്ത് തേടുന്ന ജ്ഞാനികളെ കുറിച്ച് ചിന്തിക്കാം

വിശുദ്ധ ഗ്രന്ഥത്തിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന പ്രധാന വസ്തുതയാണ് ഉണ്ണിയേശുവിനെ തേടുന്ന 3 ജ്ഞാനികളുടെ വിശ്വാസത്തിന്റെ അടിത്തറ. വിശ്വാസത്തോടുകൂടി നിങ്ങളെന്തു ചോദിച്ചാലും ലഭിക്കുമെന്ന് ക്രിസ്തുവും നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ, അതിനോടു കൂട്ടിവായിക്കേണ്ടതാണ് “അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും” എന്നുള്ളതും. ഈ ആഗമനകാലം, നമുക്കെല്ലാവർക്കും അലസതയിൽ നിനന്നും ഉണരാനുള്ള സമയം കൂടിയാണ്. അതിനാൽത്തന്നെ, ആഗമന കാലത്ത് നമ്മൾ പലപ്പോഴും കൂടെക്കൂടെ കേൾക്കുന്ന വചനങ്ങളാണ് “ഉണർന്നിരിക്കുവിൻ’, ‘ജാഗരൂകരായിരിക്കുവിൻ’, ‘ശ്രദ്ധാലുക്കളായിരിക്കുവിൻ’ എന്നിങ്ങനെ!

എന്തുകൊണ്ടാണ് ക്രിസ്തു നമ്മോടെപ്പോഴും ജാഗരൂകരായിരിക്കുവാൻ ആവശ്യപ്പെടുന്നത്? അതിനു കാരണം മറ്റൊന്നുമല്ല; ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മളെല്ലാവരും എളുപ്പത്തിൽ കാര്യങ്ങൾ സാധിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. വലിയ പ്രയത്നങ്ങൾ കൂടാതെ തന്നെ എല്ലാ നേട്ടങ്ങളും കൈവരിക്കാൻ ശ്രമിക്കുന്നു. അതിന്റെ പരിണിതഫലമായി ജീവിതത്തിൽ ഒത്തിരിയേറെ പോരായ്മകൾ സംഭവിക്കുകയും, നേരല്ലാത്ത മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.

എന്നാൽ, ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത് “ചോദിക്കുവിൻ, നിങ്ങൾക്ക് നൽകപ്പെടും; അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും” എന്നാണ്. ഈ തത്വത്തിൽ ജീവിച്ചവരായിരുന്നു ഉണ്ണിയേശുവിനെ ദർശിക്കാൻ വന്ന മൂന്ന് ജ്ഞാനികൾ. അവർ വളരെയധികം ദൂരം താണ്ടിയിട്ടാണ്, നിരവധി പ്രതിസന്ധികൾ തരണം ചെയ്തിട്ടാണ് ഉണ്ണിയേശുവിനെ കാണാൻ സാധിച്ചത്. മൂന്നു ജ്ഞാനികളെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തേണ്ടത് അവരുടെ ‘അന്വേഷണത്വര’ തന്നെയാണ്. വിശ്വാസത്തിൽ കൂടി അവർക്ക് ലഭിച്ച അവരുടെ ജ്ഞാനമനുസരിച്ച് അവർ ക്രിസ്തുവിനെ തേടി വരുകയാണ്. പൊതുവേ പാരമ്പര്യങ്ങളിൽ പറയുന്നത്, അവരെല്ലാം വാനനിരീക്ഷകരായിരുന്നുവെന്നാണ്. അവർക്ക് ക്രിസ്തു പറഞ്ഞതുപോലെ “കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയുവാൻ” സാധിച്ചു.

ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന നക്ഷത്രത്തെ ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തുവാൻ അവർക്ക് സാധിച്ചു. പ്രപഞ്ചത്തിലുണ്ടായ വ്യത്യാസങ്ങൾ ക്രിസ്തുവിന്റെ ജനനവുമായി കണക്കുകൂട്ടി അവർ വിശകലനം ചെയ്തു. അതാണല്ലോ, നമ്മുടെ ചരിത്രത്തെ രണ്ടായി കീറിമുറിച്ചത്. കാരണം, ക്രിസ്തുവിന്റെ ജനനം ഭൂലോകം മുഴുവനും മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. കാൽവരിയിൽ ക്രിസ്തു ജീവൻ വെടിയുമ്പോഴും ഭൂമി മുഴുവനും വലിയ മാറ്റങ്ങൾ സംഭവിച്ചതായി വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ സാന്നിധ്യവും, ചലനങ്ങളും പ്രപഞ്ച സൃഷ്ടിക്കു വരുത്തുന്ന മാറ്റങ്ങൾ വളരെയധികമായിരിക്കും. അത് തിരിച്ചറിയണമെങ്കിൽ ക്രിസ്തുവിനെ അന്വേഷിക്കുന്നവരായിട്ട് നാം മാറണം.

ദൈവത്തെ വിശുദ്ധ ഗ്രന്ഥങ്ങളിൽ വായിച്ചറിഞ്ഞതും, കേട്ടറിഞ്ഞതുമനുസരിച്ച് വളരെ പ്രതീക്ഷയോടെ കാത്തിരുന്നവരായിരിക്കണം മൂന്നു ജ്ഞാനികൾ. അവർ യാതനകളും, സഹനങ്ങളും, ബുദ്ധിമുട്ടുകളും സഹിക്കാൻ തയ്യാറായിട്ടാണ് ഈ അന്വേഷണത്തിന് തയ്യാറെടുത്തത്.

അന്വേഷിക്കുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ വളരെയധികം പ്രതിസന്ധികൾ നേരിടേണ്ടി വരും. നമ്മുടെ മലയാളികൾ പൊതുവേ വിദേശ രാജ്യങ്ങളിലും മറ്റും ജോലി ചെയ്യുന്നവരാണ്. അവരുടെ അനുഭവങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും അവർ നേരിടുന്ന പ്രതിസന്ധികളും. ഉദാഹരണമായി: പുതിയ ഭാഷകൾ പഠിക്കാനും, സംസ്കാരങ്ങൾ മനസ്സിലാക്കാനും നേരിടുന്ന പ്രതിസന്ധികൾ. ഈ മൂന്ന് ജ്ഞാനികളും വളരെയധികം പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ടാകും. അതിനെ അതിജീവിക്കാൻ അവരെ സഹായിച്ചത് ജീവിതത്തിലെ എളിമ തന്നെയാണ്. വലിയ ജ്ഞാനികളായിട്ടും ‘തങ്ങളെക്കാൾ വലിയവൻ’ ഈ പ്രപഞ്ചലുണ്ടെന്ന് അവർക്കു മനസ്സിലാക്കാൻ സാധിച്ചു. ഇന്ന് അല്പം വിജ്ഞാനം കിട്ടുമ്പോൾ, കുറച്ചു ഡിഗ്രികൾ കരസ്ഥമാക്കുമ്പോൾ ദൈവത്തിനു മേലെ പറക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ അധികവും. കുടുംബങ്ങളിൽ വിദ്യാഭ്യാസം നേടിയ മക്കൾ മാതാപിതാക്കളേക്കാൾ വലിയവരാണെന്നു കരുതി അഹങ്കരിക്കുന്നു, മക്കളായ ഞങ്ങളെ മാതാപിതാക്കൾ അനുസരിക്കണമെന്ന് ശഠിക്കുന്ന യുവതലമുറ… ഓർക്കുക, യഥാർത്ഥ എളിമയുള്ളവർക്ക് മാത്രമേ ദൈവസാന്നിധ്യം തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ.

അന്വേഷണം തുടർന്ന ജ്ഞാനികൾ ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചെരുന്നു. അവരുടെ യാത്രയിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നു. ദൈവത്തെ അന്വേഷിച്ച് തെറ്റായ സ്ഥലങ്ങളിൽ ചെന്നുപെട്ടിരുന്നു, എങ്കിലും ദൈവത്തിന്റെ സന്ദേശമവർക്ക് അവസാനംവരെ ഉൾക്കൊള്ളാൻ സാധിച്ചു. ദൈവസുതനെ കണ്ടെത്താൻ സാധിച്ചത് ദൈവത്തെ കണ്ടെത്താനുള്ള ആത്മാർത്ഥമായ ആഗ്രഹം അവരുടെ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാണ്. ഈ ആത്മാർത്ഥതയെ ആഗമനകാലത്ത് നമ്മുടെ ഹൃദയങ്ങളിലും സൂക്ഷിക്കാം, ദൈവത്തെ അന്വേഷിക്കുന്നവരായിട്ടു മാറാം. ദൈവാന്വേഷികളായിട്ട് മാറിക്കൊണ്ട്, ദൈവപ്രകാശത്തെ പിന്തുടർന്നവരായി, മറ്റുള്ളവരുടെ ഹൃദയങ്ങളെ പ്രകാശപൂരിതമാക്കുന്നതിനായി പ്രപഞ്ചത്തിന്റെ താളത്തിലെ ദൈവത്തിന്റെ തുടിപ്പുകളെ തിരിച്ചറിയുന്നവരായി നമുക്ക് മാറാം. അതിനായി, ജ്ഞാനികളോടൊപ്പം നമുക്കും ബെത്‌ലഹേമിലേക്ക് യാത്ര ചെയ്യാം.

മത്തായി 7:7 നമ്മുക്ക് മനഃപ്പാഠമാക്കാം: ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ നിങ്ങൾക്ക് തുറന്നു കിട്ടും.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Share
Published by
vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago