മലയാറ്റൂർ: കരുണയുടെയും ക്ഷമയുടെയും ആൾ രൂപ മായി ഒരമ്മ. വൈദികനായ പ്രിയമകനെ കൊലപ്പെടുത്തിയയാളോടു ക്ഷമിക്കാനും അയാളുടെ വീട്ടിലെത്തി ഭാര്യയെ സ്നേഹത്തോടെ ആലിംഗനം ചെയ്യാനും മനസുകാട്ടിയ ഈ അമ്മയ്ക്കു മലയാളികളുടെ ഹൃദയത്തിലാണ് ഇടം.
അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ റെക്ടറായിരുന്ന ഫാ. സേവ്യർ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ പോളാണു ക്ഷമയുടെ മാതൃമുഖമാകുന്നത്.
ഫാ. തേലക്കാട്ടിനെ മലയാറ്റൂർ മലയിൽ വച്ചു കുത്തിക്കൊന്ന മുൻ കപ്യാർ ജോണി വട്ടപ്പറന്പന്റെ മലയാറ്റൂർ തേക്കുംതോട്ടത്തിലുള്ള വീട്ടിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെ എത്തിയ ത്രേസ്യാമ്മ അദ്ദേഹത്തിന്റെ ഭാര്യ ആനിയെ സ്നേഹപൂർവം കെട്ടിപ്പിടിച്ച കാഴ്ച ആരുടെയും കേരളലിയിക്കുന്നതായിരുന്നു.
ത്രേസ്യാമ്മയുടെ കാൽക്കൽ വീണു കെട്ടിപ്പിടിച്ച ആനി ഞങ്ങൾക്ക് മാപ്പ് നൽകണമെന്ന് അപേക്ഷിച്ചു. ആനിയെ എഴുന്നേൽപ്പിച്ച ത്രേസ്യാമ്മ എല്ലാം ദൈവത്തിനായി സമർപ്പിക്കുവെന്നും തന്റെ മകനെ കൊലപ്പെടുത്തിയ ജോണിയോടു താൻ ക്ഷമിച്ചെന്നും കണ്ണീർ വാർത്തുകൊണ്ട് അറിയിച്ചു. ശേഷം ത്രേസ്യാമ്മ ആനിയുടെ നെറുകയിൽ ചുംബിച്ചു. കുറച്ചുസമയം പരസ്പരം സംസാരിച്ചു.
മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോൺ തേയ്ക്കാനത്ത്, ഫാ. സേവ്യർ തേലക്കാട്ടിന്റെ സഹോദരൻ സെബാസ്റ്റ്യൻ പോൾ, സഹോദരി മോളി ബാബു, തലശേരി രൂപതയിലെ ഉരുപ്പുംകുറ്റി ഇടവക വികാരിയും ബന്ധുവുമായ ഫാ. സേവ്യർ (ബിജു) തേലക്കാട്ട്, അടുത്ത ബന്ധുക്കൾ എന്നിവരോടൊപ്പമാണു ത്രേസ്യാമ്മ ജോണിയുടെ വീട്ടിലെത്തിയത്. വൈദികരുടെ നേതൃത്വത്തിൽ പ്രാർഥന നടത്തിയ ശേഷമാണ് ആ അമ്മ മടങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണു ഫാ. തേലക്കാട്ട് കൊല്ലപ്പെട്ടത്. പ്രതി ജോണി ഇപ്പോൾ റിമാൻഡിലാണ്. ഫാ. സേവ്യർ തേലക്കാട്ടിന്റെ ഘാതകനോടു സഭാസമൂഹം മുഴുവൻ മാപ്പു നൽകുന്നുവെന്ന് അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകൾക്കിടയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞിരുന്നു.