Categories: Articles

കർമ്മല മാതാവും മലമുകളിലെ പ്രവാചക ധ്വനികളും

ദൈവസാന്നിധ്യത്തെ ഉദരത്തിൽ വഹിച്ച പരിശുദ്ധയായ കന്യകയിലും മലയുടെ സാന്നിധ്യമുണ്ട്...

സിസ്റ്റർ ഷൈനി ജെർമിയാസ് സി.സി.ആർ.

വേദപുസ്തകമായ ബൈബിളിൽ മലകൾക്ക് വിശുദ്ധിയുടെ പരിവേഷമുണ്ട്. ദൈവസാന്നിധ്യത്തിന്റെ ഉറവിടമാണ് അവയെന്ന് ബൈബിൾ ഗ്രന്ഥകാരന്മാർ ചിത്രീകരിക്കുന്നു. ആദിമ മാതാപിതാക്കളുടെ പാത പിന്തുടർന്നു കൊണ്ട് ദൈവത്തിന്റെ അനന്ത സ്നേഹത്തിൽ നിന്നും അകന്നുപോയ, പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യവംശം പ്രത്യാശയുടെ മഴവില്ല് ദർശിച്ചത് ‘ആറാറത്തു’ പർവ്വതത്തിലാണ്. കൂടാതെ, ദൈവം കരുതലായി ഇറങ്ങിവന്ന ‘സീനായി മലയും’, ദൈവിക സാന്നിധ്യം തുളുമ്പുന്ന പവിത്രമായ ‘കർമ്മലമല’യുമൊക്കെ മാനവരാശിക്ക് പുതുജീവൻ നൽകുന്നു. തന്നെത്തന്നെ ബലിയായി നൽകിക്കൊണ്ട് ക്രിസ്തു മർത്യർക്ക് രക്ഷയുടെ കവാടം തുറന്നതും ‘കാൽവരി മല’യിലെ ഒരു കുരിശിലാണ്.

ഭാരത പാരമ്പര്യത്തിൽ, ഋഷിവര്യന്മാർ ദൈവിക സാന്നിധ്യം ആസ്വദിക്കാനായി തിരഞ്ഞെടുത്തതും ഏകാന്തതയുടെ പ്രതീകമായ ഹിമാലയമായിരുന്നു. അങ്ങനെ ഭൂമിയിലെ ‘ദൈവത്തിന്റെ പാർപ്പിടം’ എന്ന പരിവേഷമാണ് മലകൾക്കുള്ളത്.

അങ്ങനെ നോക്കുമ്പോൾ ദൈവസാന്നിധ്യത്തെ ഉദരത്തിൽ വഹിച്ച പരിശുദ്ധയായ കന്യകയിലും മലയുടെ സാന്നിധ്യം യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല. അവളുടെ സാമീപ്യം തന്നെ ദൈവ സാന്നിധ്യത്തിന് തുല്യമാണ്. അതുകൊണ്ടാണല്ലോ, അവളെ കണ്ടയുടനെ എലിസബത്തിന്റെ ഉദരത്തിൽ ദിവ്യശിശു കുതിച്ചുചാടിയത്. ഗാഢമായ ദൈവസ്നേഹ വലയത്തിൽ, സ്വയം സമർപ്പിച്ച് കഴിഞ്ഞിരുന്ന മറിയത്തെ ലോകൈക മാതാവായി തിരഞ്ഞെടുത്തതിൽ അത്ഭുതപ്പെടാനില്ല. കർമ്മല മാതാവിന്റെ തിരുനാൾ ഇന്ന് (ജൂൺ 16) സഭ സാഘോഷം കൊണ്ടാടുമ്പോൾ ‘കർമ്മല മാതാവ്’ എന്ന നാമം തന്നെ മറിയത്തിന്റെ മഹോന്നത പ്രഘോഷിക്കുന്നതാണ്.

കർമ്മലമാതാവെന്ന പ്രവാചിക:
ദൈവസാന്നിധ്യത്താൽ പ്രശോഭിതമായിരിക്കുന്ന അതിമനോഹരമായ പൂന്തോട്ടമാണ് കർമലമല. മാതാവ്: മാതൃ സ്നേഹത്താൽ നിറകുടമായിരിക്കുന്നവൾ! ദൈവ സാന്നിധ്യത്തെയും മാതൃസ്നേഹത്തെയും കണ്ടില്ലെന്ന് നടിക്കാൻ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും കഴിയില്ല. അപ്പോൾ ‘കർമ്മലമാതാവ്’ ഇവ രണ്ടിന്റെയും നിറകുടമായിരുന്നു. അതിനു തെളിവാണല്ലോ കാനായിലെ കല്യാണ വിരുന്ന്. അവിടെ ദൈവാശ്രയവും ഒരമ്മയുടെ കരുതലും നമുക്ക് കാണാം. ‘അവൻ നിങ്ങളോട് പറയുന്നതു പോലെ ചെയ്യുക’ എന്ന ഉപദേശത്തിലൂടെ, ആകാശത്തിലെ പറവകളെയും വയലിലെ ലില്ലി പുഷ്പങ്ങളെയും പരിപാലിക്കുന്ന ദൈവത്തിന്റെ അനന്ത കാരുണ്യത്തിൽ ആശ്രയിക്കുവാൻ മറിയം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യരാശിക്കു വേണ്ടി ചെയ്യുന്ന മഹത്തായ രക്ഷാകര പദ്ധതിയ്ക്ക് ക്രിസ്തു തുടക്കം കുറിച്ചതുതന്നെ തന്റെ അമ്മയുടെ വാക്കുകൾക്ക് വിധേയനായിട്ടാണ്. ഗബ്രിയേൽ മാലാഖയിൽ നിന്നും ദൈവീക പദ്ധതി മനസ്സിലാക്കിയ സുന്ദര നിമിഷം തന്നെ ‘ഇതാ കർത്താവിന്റെ ദാസി’ എന്ന സമ്പൂർണ സമർപ്പണത്തിലൂടെ അവൾ ദൈവത്തിന്റെ പ്രവാചികയായി.

പഴയനിയമത്തിലെ പ്രവാചകന്മാർ:
പ്രവാചകന്മാരുടെ ദൈവീക ദൗത്യത്തെക്കുറിച്ച് വളരെ മനോഹരമായി ബൈബിൾ വരച്ചു കാട്ടുന്നുണ്ട്. ദൈവജനത്തെ സ്രഷ്ടാവുമായി ബന്ധിപ്പിച്ചിരുന്നത് പ്രവാചകന്മാരായിരുന്നു. തനിക്കുവേണ്ടി സ്വന്തം ജനതയോട് സംസാരിക്കുന്നതിനും സന്ദേശങ്ങൾ അവരെ അറിയിക്കുന്നതിനും വേണ്ടി ദൈവം തെരഞ്ഞെടുത്തവരായിരുന്നു അവർ. ആടുകളെ മേച്ചുനടന്ന തന്നെ ദൈവം പേരു ചൊല്ലി വിളിച്ച് ഏൽപ്പിച്ചതാണ് പ്രവാചകദൗത്യമെന്ന് അമോസ് പ്രവാചകൻ ഇസ്രായേൽ ജനത്തെ അറിയിക്കുന്നുണ്ട് (ആമോ. 7:12-15). ദൈവത്തിനുവേണ്ടി ഇസ്രയേലിന്റെ കാവൽക്കാരായിരുന്നു പഴയനിയമത്തിലെ പ്രവാചകർ. സ്വന്തം ജനതയുടെ ദൈവീക ഉടമ്പടിയോടുള്ള അവിശ്വസ്തതയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രവാചകനായിരുന്നു ജെറമിയ പ്രവാചകൻ. എന്നാൽ, ഒരേ സമയം പ്രവാസത്തിന്റെ കയ്പ്പും വീണ്ടെടുപ്പിന്റെ പ്രത്യാശയും പ്രഘോഷിച്ച പ്രവാചകനാണ് ഏശയ്യ. എസക്കിയേൽ പ്രവാചകനാകട്ടെ ദർശനങ്ങളാൽ അസ്ഥി കൂടങ്ങൾക്ക് പോലും ജീവൻ നൽകാൻ കഴിവുള്ളവനാണ് അമർത്യനായ ദൈവമെന്ന് വാഗ്ദത്ത ജനതയ്ക്ക് ചൂണ്ടി കാണിച്ചു കൊടുത്തു. ദൈവിക നിയമങ്ങളിൽ നിന്നും ദൈവജനം വ്യതിചലിച്ചപ്പോൾ മുന്നറിയിപ്പ് നൽകുകയും അവരുടെ മേലുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു കൊണ്ട് വിശ്വസ്തത ദാസരെ പോലെ തങ്ങളുടെ പ്രവാചക കർമ്മം അവർ നിർവഹിച്ചു.

കർമ്മലമാതാവും ഉത്തരീയവും:
എന്നാൽ എല്ലാ ദൈവീക പ്രവാചകന്മാരിൽ നിന്നും വ്യത്യസ്തമായിരുന്ന പ്രവാചികയായിരുന്നു കർമ്മലമാതാവ്. കർമ്മലീത്താ സഭ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനായി സഹായമഭ്യർത്ഥിച്ച സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകി കൊണ്ട് പരിശുദ്ധ അമ്മ ആശ്വസിപ്പിച്ചു: “ഈ തിരുവസ്ത്രം സ്വീകരിക്കൂ മകനെ, ഈ വസ്ത്രം ധരിച്ച് മരിക്കുന്നവർ ഒരുനാളും നിത്യാഗ്നിയിൽ വീഴില്ല. ഇത് രക്ഷയുടെ അടയാളവും, ആപത്തിൽ സംരക്ഷണവും, സമാധാനത്തിന്റെ പ്രതിജ്ഞയുമായിരിക്കും”. കർമ്മലീത്താ സമൂഹത്തെ മാത്രമല്ല ലോകത്തെ മുഴുവനായും രക്ഷിക്കുമെന്നാണ് ആ ദർശനത്തിലൂടെ അവൾ പ്രവചിച്ചത്. “ഒരിക്കൽ ജപമാലയും ഉത്തരീയവും കൊണ്ട് മറിയം ലോകത്തെ രക്ഷിക്കും” എന്ന വിശുദ്ധ ഡൊമിനിക്കിന്റെ വാക്കുകൾ അങ്ങനെ അന്വർത്ഥമായി. 1322-ൽ യോഹന്നാൻ ഇരുപത്തി രണ്ടാമൻ പാപ്പയ്ക്ക്, പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടു കൊണ്ട് ഇപ്രകാരം പറഞ്ഞു: “ഉത്തരീയം ധരിച്ച്, പാപത്തിൽ മരിച്ച് ശുദ്ധീകരണസ്ഥലത്ത് കിടക്കുന്നവരെ, ഈ കർമ്മല ഉത്തരീയം ധരിച്ചതിനാൽ ഞാൻ ശനിയാഴ്ച ശുദ്ധീകരണ സ്ഥലത്തേക്കിറങ്ങി ചെന്ന് അവരെ സ്വർഗ്ഗത്തിലേക്ക് ആനയിക്കുമെന്ന് വാഗ്ദാനം നൽകുന്നു”.

ഉപസംഹാരം:
അതിനാൽ, ലോകത്തിനു വേണ്ടി പരിശുദ്ധ അമ്മ നൽകിയ രക്ഷയുടെ അടയാളമാണ് വിശുദ്ധ ഉത്തരീയം. അത് ധരിച്ചു മരിക്കുന്നവർക്ക് തന്റെ സൃഷ്ടാവായ കർത്താവിന്റെ സന്നിധിയിൽ പ്രവേശിച്ചു നിത്യാനന്ദം അനുഭവിക്കാമെന്ന് പ്രവചിക്കുകയായിരുന്നു കർമ്മല മാതാവ്. വലിയ യുദ്ധങ്ങൾ നടക്കുമെന്നും രോഗവും, മഹാമാരിയും, പട്ടിണിയും, കുറ്റകൃത്യവും പെരുകുമെന്നും, ഭൂകമ്പങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ ഉണ്ടാകുമെന്നും നിരവധിതവണ പരിശുദ്ധ മറിയം നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിന്മയുടെ സാഗരത്തിൽ നീന്തിത്തുടിക്കുന്ന ലോകത്തിന്, പ്രത്യാശയുടെ മഴവില്ലാണ് ഈ പ്രവാചിക. നാമെല്ലാരും ക്രിസ്തുവിനെ കണ്ടെത്തുന്നത് മറിയത്തിലൂടെയാണ്; മറിയം നമ്മെ സംരക്ഷിക്കുന്നു; പരിപോഷിപ്പിക്കുന്നു; നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു.

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

17 hours ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

17 hours ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

5 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago