കൊച്ചി: എയ്ഡഡ് സ്കൂൾ അധ്യാപകരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടി വഞ്ചനാപരമാണെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന സംസ്ഥാനതല അധ്യാപകയോഗം കുറ്റപ്പെടുത്തി. അധ്യാപകരുടെ ഹ്രസ്വകാല അവധി ഒഴിവുകൾ (ബ്രോക്കണ്‍ സർവീസ്) ഇനി മുതൽ പെൻഷന് പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവിനെതിരേ ജില്ലാ, സംസ്ഥാന തലങ്ങളിൽ സമരപരിപാടികൾ സംഘടിപ്പിക്കും. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുമെന്നു പ്രഖ്യാപിച്ച് അധികാരത്തിൽവന്ന സർക്കാർ നിലവിലുണ്ടായിരുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങൾ കവർന്നെടുക്കുകയാണ്. ഇതുമൂലം കേരളത്തിലെ ബഹുഭൂരിപക്ഷം എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, മാസാമാസങ്ങളിൽ ലഭിക്കുന്ന പെൻഷൻ എന്നിവയിൽ ഗണ്യമായ കുറവുവരും. ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കിയതാണ്. ഹൈക്കോടതിവിധിയെ മറികടക്കാൻ കേരള സർവീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നീക്കങ്ങളിൽനിന്നു സർക്കാർ പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി. ശ്യാംകുമാർ വിഷയാവതരണം നടത്തി. ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലിൽ, ജനറൽ സെക്രട്ടറി ജോഷി വടക്കൻ, ട്രഷറർ ജോസ് ആന്റണി, സിബി വലിയമറ്റം, ബിസോയ് ജോർജ്, വി.എക്സ്. ആന്റണി എന്നിവർ പ്രസംഗിച്ചു.
Related 6th April 2018 In "Kerala"
28th July 2019 In "Articles"
30th December 2017 In "Kerala"