തിരുവനന്തപുരം: കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) ജനറൽ അസംബ്ലി 13, 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. നാളെ രാവിലെ 10.30-ന് വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം.സൂസപാക്യം അധ്യക്ഷനായിരിക്കും.
കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബി.ജോയി. ട്രഷറർ ആന്റണി നൊറോണ എന്നിവർ പ്രസംഗിക്കും. ആലപ്പുഴ രൂപതയുടെ നിയുക്ത സഹായമെത്രാൻ ഡോ. ജയിംസ് ആനാപറമ്പിലിനെ സമ്മേളനം അനുമോദിക്കും. വല്ലാർപാടം മിഷൻ കോൺഗ്രസ് രൂപം കൊടുത്ത ദശവത്സരപദ്ധതി കുടുംബയൂണിറ്റ്തലം മുതൽ സഭയിൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് സമ്മേളനം ചർച്ചചെയ്യും. “അടിസ്ഥാനക്രൈസ്തവസമൂഹം സാമൂഹ്യമുന്നേറ്റത്തിന്റെ ശക്തിശ്രേണി” എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ വിഷയം. ബോണക്കാട്ടേക്ക് കുരിശുയാത്ര നടത്തിയ വൈദികരെയും കന്യാസ്ത്രീകളെയും വിശ്വാസികളെയും അകാരണമായി പോലീസ് തല്ലിച്ചതക്കുകയും വിതുരയിൽ സ്ത്രീകളെയുൾപ്പെടെ മർദിക്കുകയും ചെയ്ത വിഷയം നെയ്യാറ്റിൻകര രൂപത കെ.ആർ.എൽ.സി.സി.യൽ ഉന്നയിക്കും.
ജനറൽ അസംബ്ലിയോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ഓഖി ദുരന്ത ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം വൈകിട്ട് 3.30-ന് കാർമൽ ഗേൾസ് എച്ച്.എസ്.എസിൽ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം നിർവഹിക്കും.
14-ന് കെ.ആർ.എൽ.സി.സി. അംഗങ്ങൾ ഓഖി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. അതോടൊപ്പം തിരുവനന്തപുരം അതിരൂപതയിലെ തെരഞ്ഞെടുത്ത 11 ഇടവകകളിൽ രാവിലെ വിവിധ രൂപതാധ്യക്ഷന്മാരുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും ഓഖി ദുരന്തത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥനകളും നടക്കും.
ഓഖി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കുവേണ്ടിയുള്ള ഗാനാഞ്ജലിയും അനുസ്മരണ സമ്മേളനവും വൈകിട്ട് 3.30-ന് വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടക്കും. ഗാനാഞ്ജലിക്ക് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് നേതൃത്വം നൽകും.
തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനം സി.ബി.സി.ഐ. പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാത്തോലിക്കാബാവ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷനായിരിക്കും. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും. കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ, ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ, സി.പി.എം. സംസ്ഥാനസമിതിയംഗം എം. വി. ജയരാജൻ, തിരുവനന്തപുരം അതിരൂപത വികാരിജനറാൾ മോൺ. യൂജിൻ എച്ച്. പെരേര, ഷാജി ജോർജ്, ആന്റണി ആൽബർട്ട് എന്നിവർ പ്രസംഗിക്കും.