ഫാ. സാബു മുതുപ്ലാക്കൽ
“വല്യമ്മച്ചീടെ കല്യാണം എത്രാം വയസിലായിരുന്നു?”
ലേഖനത്തിനൊരാമുഖമുണ്ടാക്കാൻ രാവിലെ പള്ളിയിൽ കണ്ട ഒരമ്മച്ചിയോടു ചോദിച്ചതാണ്. എഴുപത്താറാം പിറന്നാളാഘോഷിച്ചെങ്കിലും അപ്രതീക്ഷിതമായ ചോദ്യംകേട്ട് പതിനേഴിന്റെ നാണത്തിലെത്തിയ അമ്മച്ചി മറുപടി പറഞ്ഞു, “പതിനാലാം വയസിൽ”.
“കല്യാണമൊക്കെ ഓർക്കുന്നുണ്ടോ?”
“എന്റെയച്ചാ, അതൊക്കെയൊരു പുകിലായിരുന്നു. ഒരു ദിവസം സന്ധ്യയ്ക്ക് അപ്പൻ പറഞ്ഞു, ക്രിസ്മസിന്റെ പിറ്റേ തിങ്കളാഴ്ച നിന്റെ കല്യാണമാണെന്ന്. ആരാ ചെറുക്കനെന്നുംമറ്റും ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. കുറേ കഴിഞ്ഞ് അമ്മയാണ് ചെറുക്കനാരാണെന്നൊക്കെ പറഞ്ഞത്.”
“അപ്പോ പെണ്ണുകാണലോ?”
“പെണ്ണുകാണൽ കെട്ടാൻ പള്ളീൽ വന്നപ്പോൾ. അന്നൊക്കെ അപ്പന്മാർ തമ്മിലല്ലെ ഒറപ്പീര്.”
“എങ്ങനെയുണ്ടായിരുന്നു കുടുംബജീവിതം?”
തുടരെയുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ അച്ചനിതെന്നാ ഭാവിച്ചാണെന്ന് തിരിച്ചു ചോദിച്ചെങ്കിലും ഉത്തരവും പിറകേ വന്നു.
“കല്യാണം കഴിഞ്ഞ് എത്ര നാളു കഴിഞ്ഞാ കെട്ടിയോന്റെ മുഖത്തുനോക്കിയതെന്നറിയാമോ. എന്റെ അപ്പനേപ്പോലെതന്നെ പുള്ളിക്കാരനും വെല്യ ഗൌരവക്കാരനായിരുന്നു. മുമ്പിൽ ചെല്ലാനും മിണ്ടാനുമൊക്കെ പേടിയായിരുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ അറിവും വിവരവുമൊന്നുമില്ലല്ലോ. എന്നാലും എന്റെ അമ്മച്ചി ജീവിക്കുന്നതുപോലെയങ്ങു ജീവിക്കാൻ തീരുമാനിച്ചു. ഏഴു മക്കളെ ദൈവം തരികേം ചെയ്തു.”
“മുമ്പിൽ ചെല്ലാനും മിണ്ടാനുമൊക്കെ പേടിയായിരുന്നെങ്കിലും മക്കളേഴുണ്ടായല്ലേ?”
എന്റെ ചോദ്യത്തിലെ കുസൃതി മനസ്സിലാക്കി ഒരു കള്ളച്ചിരിയോടെ അമ്മച്ചി പറഞ്ഞു: ” അതൊക്കെ അങ്ങനെയങ്ങു നടന്നു.”
ഞാനീ ‘ഇന്റർവ്യൂ’ നടത്തിയത് പണ്ടത്തെ അപ്പന്മാരുടെ അതിരുവിട്ട അധികാരപ്രയോഗത്തെ പുകഴ്ത്താനല്ല, മറിച്ച് അന്നത്തെ അമ്മമാരുടെയും ഭാര്യമാരുടെയും മനസ്സിന്റെ നന്മയ്ക്കുമുമ്പിൽ ആദരവോടെ ശിരസ്സു നമിക്കാനാണ്. അപ്പന്മാരുടെയും ഭർത്താക്കന്മാരുടെയും അധികാരത്തിന്റെ കൂച്ചുവിലങ്ങുകൾക്കുള്ളിൽ അടിമയായിക്കിടക്കുന്നതല്ല മനസിന്റെ നന്മയെന്നൊക്കെ പറഞ്ഞ് സ്തീവിമോചന സമരക്കാർ എന്നെ കല്ലെറിയരുത്. കാരണം എന്റെ വിഷയം അതല്ല.
കുടുംബജീവിതത്തിലെ പൊരുത്തക്കേടുകളും വിവാഹമോചനംവരെയെത്തുന്ന അതിനുള്ളിലെ പൊട്ടിത്തെറികളും ആശങ്കാജനകമായ ഒരു സമകാലിക യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യത്തിന്റെ ഉള്ളറകളിലേയ്ക്ക് കടന്നുചെന്നാൽ നമ്മുടെ കാഴ്ചകൾ ഉടക്കിനില്ക്കുന്ന ചില സാഹചര്യങ്ങൾ അവിടെയുണ്ട്.
പല മാതാപിതാക്കളും മക്കളെ പഠിപ്പിക്കുന്നതും എന്തെങ്കിലുമൊക്കെ ജോലി അവർക്കായി അന്വേഷിക്കുന്നതും അവർക്കു സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയുണ്ടാകുന്നതിനുവേണ്ടിയാണ്. ഇങ്ങനെ സ്വന്തം കാലിൽ നില്ക്കാനുള്ള ശേഷിയാണ് വിവാഹത്തിന്റെ ഒരു അടിസ്ഥാനയോഗ്യതയായി പലരും പരിഗണിക്കുന്നത്. യഥാർത്ഥത്തിൽ ഭാര്യാഭർത്താക്കന്മാർ സ്വന്തം കാലുകളിൽ നില്ക്കാൻ ശ്രമിക്കുന്നതാണ് ഇന്നത്തെ ഒരു അടിസ്ഥാന പ്രതിസന്ധി. ജോലിയുള്ള ഭാര്യാഭർത്താക്കന്മാരെ വിമർശിക്കാനോ, അതു ശരിയല്ലെന്ന വിഢിത്തം വിളമ്പാനോ അല്ല ഇതു കുറിക്കുന്നത്. മറിച്ച് ജോലിയും ശമ്പളവും എത്രയുണ്ടെങ്കിലും പരസ്പരം ആശ്രയിച്ചു കഴിയാനുള്ള മനസ്സില്ലെങ്കിൽ ജീവിതം പരാജയമാകുമെന്ന സത്യം സൂചിപ്പിക്കാനാണ്. ജോലിയുള്ള ചില ഭാര്യമാരുടെ ജോലിയില്ലാത്ത ഭർത്താക്കന്മാരെ ‘പിള്ളേരേനോക്കി ഭർത്താക്കന്മാർ’ എന്നു ചിലർ വിമർശിക്കാറുണ്ട്. എന്നാൽ കുടുംബജീവിതത്തിൽ മക്കളെ വളർത്തുകയെന്ന ശ്രേഷ്ഠമായ ഒരു ഭാഗം ഏറ്റെടുക്കുന്നവർക്കു ആ വിമർശനം ഒട്ടും ചേരുന്നില്ല എന്നു നമ്മളറിയണം. ഭാര്യമാർ അവരെ വെറും നോക്കുകുത്തികളായി കാണാതിരിക്കണമെന്നുമാത്രം. അതുപോലെതന്നെ തിരിച്ചും.
ഭാര്യാഭർതൃബന്ധത്തിന്റെ ഭാഷകൾ ‘വാടാപോടാ’ സംസ്കാരത്തിലെത്തിയിരിക്കുന്ന ഈ കാലഘട്ടത്തിൽ പരസ്പരം ബഹുമാനിക്കാനും ആദരിക്കാനും മറക്കുന്നവർ കുടുംബത്തിന്റെ അടിത്തറ മാന്തുകയാണ്. ഭർത്താവിന്റെ ആണത്വത്തെ ആദരിക്കാത്ത ഭാര്യയും ഭാര്യയുടെ സ്ത്രീത്വത്തെ ബഹുമാനിക്കാത്ത ഭർത്താവും ഒരിക്കലും കുടുംബമായി രൂപപ്പെടുകയില്ല. വിവാഹത്തിന്റെ ആദ്യനാളുകളിലെ ആഘോഷമൊക്കെ കഴിയുമ്പോൾ രണ്ടും രണ്ടുവഴിക്കാകും.
ഇന്നു വിവാഹ ആലോചനകൾ നടക്കുമ്പോൾ പലപ്പോഴും പ്രാധാന്യം കൊടുക്കുന്നത് വിദ്യാഭ്യാസംകൊണ്ടും ജോലികൊണ്ടുമൊക്കെ തങ്ങൾക്കുചേരുന്ന ജീവിതപങ്കാളിയെ കണ്ടെത്താനാണ്. ജീവിതത്തിന്റെ സുഗമമായ ഗമനത്തിന് അതു സഹായമാകുമെങ്കിലും ചില അടിസ്ഥാനതത്വങ്ങൾ മറന്നുകൊണ്ട്, ‘ചേരുന്ന ഇണയേത്തേടൽ’ മാത്രമായി അതു മാറുമ്പോൾ ചിലപ്പോൾ ജീവിതം പ്രതിസന്ധിയിലാകും. ഭാര്യാഭർതൃബന്ധത്തെ ഒരു ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിന്റെ അവസ്ഥയിലേയ്ക്കു താഴ്ത്തുന്നത് ഏതായാലും ഉചിതമല്ല. വിവാഹമെന്നത് കുടുംബമാകാനുള്ള ദൌത്യമാണെന്നു മറന്നുകൊണ്ടുള്ള ഏതു വഴിയും അപകടത്തിലേയ്ക്കാണെന്നു നാം തിരിച്ചറിയണം.
മാതാപിതാക്കളുടെ നല്ല മാതൃകയും പിന്തുണയും നവദമ്പതികൾക്കു വലിയ പ്രചോദനമാകേണ്ടതാണ്. മുകളിൽ സൂചിപ്പിച്ച വല്യമ്മച്ചിയേപ്പോലെ ‘ എന്റെ അമ്മച്ചി ജീവിച്ചതുപോലെ ജീവിക്കാൻ തീരുമാനിച്ചു’ എന്ന് മാതാപിതാക്കളെനോക്കി പറയാൻ മക്കൾക്കു സാധിക്കുന്നതാണ് മാതാപിതാക്കളുടെ ജീവിത സാഫല്യം. പക്ഷെ ഇന്ന് ആ മേഖലയിലും ഒത്തിരിയേറെ കുറവുകൾ ഉണ്ടെന്നുള്ളത് യാഥാർത്ഥ്യം മാത്രം. വിവാഹിതരായ മക്കൾ കുടുംബമായി രൂപപ്പെടാൻ കൂടിക്കൊടുക്കുന്നതിനു പകരം ചില സ്വാർത്ഥതകളുടെ പേരിൽ അവരെ തമ്മിൽത്തല്ലിക്കുന്ന കൂട്ടിക്കൊടുപ്പുകാരായി മാതാപിതാക്കൾ മാറരുത്.
വൈവാഹിക സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രകടനമായ സ്വയം ദാനമെന്ന പ്രക്രിയ പല ചെറുപ്പക്കാർക്കും കൂടെ പഠിക്കുന്നവും കൂടെ കൂടുന്നവരുമായിചേർന്ന് നടത്തുന്ന കുറേ കാമക്കേളികൾ മാത്രമായി മാറിയിരിക്കുന്നു. പണ്ടൊക്കെ നവദമ്പതികൾ പരസ്പരം നല്കാൻ കാത്തുസൂക്ഷിച്ചിരുന്ന അമൂല്യമായ സമ്മാനമൊക്കെ ഇന്ന് ചിലരെ സംബന്ധിച്ചെങ്കിലും ആരെങ്കിലുമൊക്കെ ചൂടിയ പൂവായി മാറുന്നുണ്ടെന്നുള്ളത് ഉറക്കെ പറയാൻ പാടില്ലാത്ത സത്യമാണ്.
“മക്കൾ ഉണ്ടായാൽ അവർ സ്മാർട്ടായിരിക്കണം. ഉണ്ടാകുന്ന മക്കൾ സ്മാർട്ടായിരിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട് ഞങ്ങൾ മക്കൾ വേണ്ടെന്നു തീരുമാനിച്ചു”. കേരളത്തിലെ പ്രശസ്തനായ ഒരു ഗായകന്റെ വാക്കുകളാണിത്. ഈയൊരു തീരുമാനം അയാളുടെ കാർന്നോന്മാരെടുത്തിരുന്നെങ്കിൽ ഇത്രയും വൃത്തികെട്ടൊരു വാചകം നാം കേൾക്കേണ്ടി വരില്ലായിരുന്നു. മക്കൾ ഭാരമല്ല, ദൗത്യമാണെന്നുള്ള തിരിച്ചറിവില്ലാത്തവർ നാടിന്റെ ശാപമാണ്. മക്കളെ ജനിപ്പിക്കുകയും വളർത്തുകയും ചെയ്യുകയെന്ന ദൈവികമായ ദൌത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർ വിവാഹജീവിതത്തിനു കൊടുക്കുന്ന നിർവചനം അപകടകരമാണ്. ചിന്തിക്കാൻ തിരിച്ചറിവുണ്ടാകാൻ തിരിച്ചുനടക്കാൻ നമുക്കാവട്ടെ…
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.