Categories: Articles

കത്തോലിക്കാ സഭയിൽ വിഗ്രഹാരാധനയോ? എന്താണ് സത്യം!

കത്തോലിക്കാ സഭയിൽ വിഗ്രഹാരാധനയോ? എന്താണ് സത്യം!

അനുരാജ്

വിഗ്രഹാരാധന ദൈവം വിലക്കിയതാണല്ലോ?എന്നാൽ നിങ്ങൾ കത്തോലിക്കാ സഭ എന്തേ വിഗ്രഹങ്ങൾ ഉണ്ടാക്കി ആരാധിക്കുന്നു?എന്നുതുടങ്ങി നിരവധിയായ സംശയങ്ങൾ  പലരും ചോദിച്ച് തർക്കിക്കാറുണ്ട്. അതിലെ യാഥാർഥ്യം എന്താണെന്ന് മനസിലാക്കാം.

1. എന്താണ് വിഗ്രഹങ്ങൾ?

മതപരമായ വ്യക്തികളുടെയോ യാഥാർഥ്യങ്ങളുടെയോ, വിവിധ വസ്തുക്കളിൽ കൊത്തിയെടുത്തതോ വരച്ചെടുത്തതോ ആയ പ്രതിരൂപങ്ങളാണ് വിഗ്രഹങ്ങൾ എന്ന് പൊതുവെ വിളിക്കുന്നത്. സ്വരൂപങ്ങൾ, ചിത്രങ്ങൾ, ബിംബങ്ങൾ എന്നും വിളിക്കുന്നു.

2. ഇതുകൊണ്ട് മനുഷ്യന് എന്തെങ്കിലും ഗുണം ഉണ്ടോ?

കാണാൻ പറ്റുന്നതിൽ നിന്നും കാണാൻ പറ്റാത്തതിലേക്കും, സൂചനയിൽ നിന്നും പൂർണ അർത്ഥത്തിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കുന്നു. അവയെ അടയാളങ്ങൾ അഥവാ പ്രതീകം എന്ന് വേണമെങ്കിൽ വിളിക്കാം.

3. എന്ന് മുതൽ വിഗ്രഹങ്ങൾ നിലനിൽക്കുന്നു?

ക്രിസ്തീയ വിശ്വാസം ഉൾകൊള്ളുന്ന ചിത്രങ്ങളുടെയും പ്രതിമകളുടെയും ഉപയോഗം സഭയുടെ ആരംഭ കാലം മുതലേ കാണാവുന്നതാണ്. ക്രിസ്തീയ വിശ്വസങ്ങളെ ദൈവജനത്തിനു മനസ്സിലാകുന്ന രീതിയിൽ പ്രതിഫലിപ്പിച്ച് കാണിക്കാൻ ക്രൈസ്തവ കലാകാരന്മാർ പണ്ടുമുതലേ ശ്രമിച്ചിരുന്നു. (Joseph Cardinal Ratzinger, Introductio​n to  Compendium of the CCC​)

4. എന്തുണകൊണ്ട് ചില മതങ്ങൾ അവ നിരോധിച്ചു?

യഹൂദ – ഇസ്ലാം മതങ്ങൾ ഇവ കർശനമായി നിരോധിച്ചിരിക്കുന്നു. ദൈവത്തിന്റെ അനന്തമായ വൈവിധ്യത്തെയും അധീശത്വത്തെയും മാനിച്ചുകൊണ്ടും ദൈവം തികച്ചും അതീതൻ എന്ന നിലയിലും സ്വരൂപങ്ങളെ അവർ അശുദ്ധമായി കാണുന്നു.

5. പഴയ നിയമത്തിൽ വിഗ്രഹങ്ങൾ ഉണ്ടാക്കരുത് എന്ന് പറയുന്നുണ്ടോ?

പഴയ നിയമം പുറപ്പാട് പുസ്തകത്തിൽ പറയുന്നു: “അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കർത്താവ്‌, ഞാനല്ലാതെ വേറെ ദേവന്മാർ  നിനക്കുണ്ടാകരുത്‌. മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിർമിക്കരുത്‌; അവയ്‌ക്കു മുൻപിൽ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌” (പുറപ്പാട്‌ 20: 2-5). അതിനുള്ള കാരണം നിയമാവർത്തന പുസ്തകത്തിൽ കാണാം: “അപ്പോൾ അഗ്‌നിയുടെ മദ്‌ധ്യത്തിൽ നിന്ന്‌ കർത്താവു നിങ്ങളോടു സംസാരിച്ചു. നിങ്ങൾ ശബ്‌ദംകേട്ടു – ശബ്‌ദം മാത്രം; രൂപംകണ്ടില്ല” (നിയ 4: 12). ഇസ്രായേലിനു വെളിപ്പെട്ട ദൈവം പൂർണമായും സൃഷ്ടിക്കതീതനായിരുന്നു “. എത്ര പറഞ്ഞാലും മുഴുവനാവുകയില്ല; എല്ലാറ്റിന്റയും സാരമിതാണ്‌ -അവിടുന്നാണ്‌ സര്‍വവും” (പ്രഭാ 43: 27).

എന്നിരുന്നാലും പഴയ നിയമത്തിൽ തന്നെ ദൈവം തന്റെ മനുഷ്യാവതാരം വഴിയുള്ള രക്ഷയിലേക്ക് സൂചന നൽകുന്ന പലതും നിർമ്മിക്കാൻ മനുഷ്യനോട് ആവശ്യപ്പെടുന്നതും അനുവദിക്കുന്നതും  കാണാം – പിത്തള സർപ്പം (സംഖ്യ 21), സാക്ഷ്യപേടകം,കെരൂബുകൾ (പുറ 25:10 ), (1 രാജ 6:23-28,7:23-26).

(വിശദമായി വിഗ്രഹാരാധനയുടെ ഭാഗത്തു (ചോദ്യം 13-ൽ) വിവരിക്കുന്നതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല).

6. സഭയുടെ ചരിത്രത്തിൽ എന്നെങ്കിലും ഇവ ബഹിഷ്കരിക്കപ്പെട്ടിട്ടുണ്ടോ?

ഉണ്ട്.
എ.ഡി. 726 ൽ ബൈസന്റൈൻ ചക്രവർത്തി ആയിരുന്ന ലെയോ മൂന്നാമൻ കിഴക്കിന്റെ ചക്രവർത്തി എന്ന നിലയിൽ ക്രിസ്ത്യാനികൾ ചിത്രങ്ങളെ വണങ്ങുന്നതും സൂക്ഷിക്കുന്നതും നിരോധിക്കുകയും, കുരിശ്  ഒഴികെ ബാക്കിയെല്ലാം നശിപ്പിക്കുകയുമുണ്ടായി (Iconoclasm). ദൈവശാസ്ത്ര പരമായ തർക്കത്തിലുപരി ഭരണപരമായ തീരുമാനമായിരുന്നു -യഹൂദ മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കാൻ. എന്നാൽ എ.ഡി. 789-ൽ രണ്ടാം നീസയ സൂനഹദോസിൽ വച്ച്, കുരിശിനെ വണങ്ങുന്നത് പോലെ തന്നെ തിരുസ്വരൂപങ്ങളെയും ചിത്രങ്ങളെയും വണങ്ങാം എന്ന് നിഷ്കർഷിച്ചു. എ.ഡി. 843 ലാണ് പിന്നീട് പൂർണമായും വണക്കം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
തുടർന്ന് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാർട്ടിൻ ലൂഥർ ഇത്തരത്തിൽ ഒരു ബഹിഷ്കരണം നടത്തി. എന്നാൽ 1563-ൽ ത്രെന്തോസ് സൂനഹദോസ് ഇതിനെ എതിർക്കുകയും വണക്കത്തിന് യോഗ്യമാണെന്ന് ഒരിക്കൽ കൂടെ ഊന്നിപ്പറയുകയും ചെയ്തു. എന്നിരുന്നാലും ഇന്നും ചില അകത്തോലിക്കാർ ഇതിനെ എതിർക്കുന്നുണ്ട്.

7. ചരിത്ര പശ്ചാത്തലം ഇങ്ങനെ ആയിരിക്കെ എന്താണ് ഇത്തരം വണക്കത്തിന്റെ അടിസ്ഥാനം?

പരസ്പര പൂരകങ്ങളായ പല കാര്യങ്ങളും ഇതിനു പിന്നിലുണ്ട്.

1. മാനുഷിക അടിസ്ഥാനം:
ആത്മാവും ശരീരവുമായി അഭിന്നമായ  മനുഷ്യൻ ആംഗ്യങ്ങളിലൂടെയും വാക്കുകളിലൂടെയും അടയാളങ്ങളിലൂടെയും തന്നെ തന്നെ പ്രകടിപ്പിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ കവി ‘ദാന്തെ’ തന്റെ  ‘Divine comedy’ യിൽ ​(Ch 4, vv 42-46)​ പറയുന്ന യാഥാർത്ഥ്യമുണ്ട് – “ദൈവത്തിന്റെ യഥാർത്ഥ പ്രകൃതി എന്താണെന്ന് ഇന്ദ്രിയങ്ങൾ വഴി അല്ലാതെ മനുഷ്യബുദ്ധിക്ക് മനസിലാവില്ല”.

2. സാമൂഹിക അടിസ്ഥാനം:
മനുഷ്യൻ സാമൂഹ്യ ജീവി എന്നതുകൊണ്ട് തന്നെ പരസ്പരം ബന്ധങ്ങളിൽ ഏർപ്പെടാനും ആശയങ്ങൾ കൈമാറാനും അവനു ചിഹ്നങ്ങളും ആംഗ്യങ്ങളും ചിത്രങ്ങളും ആവശ്യമാണ്. ഇന്ന് മറ്റേത് നൂറ്റാണ്ടിനേക്കാളും കൂടുതൽ ഒരു ചിത്ര സംസ്കാരത്തിലാണ് (Culture of Image) നാം. ട്രോൾ സംസ്കാരം എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. ചിത്രങ്ങൾക്കും  പ്രതിരൂപങ്ങൾക്കും വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്തതിനേക്കാൾ കൂടുതൽ ഫലപ്രദമായും ശക്തമായും സുവിശേഷം അറിയിക്കാൻ സാധിക്കും (Joseph Cardinal Ratzinger, Introduction to Compendium of the CCC) .

3. ദൈവശാസ്ത്ര അടിസ്ഥാനം:

a) സൃഷ്ടികർത്താവായ ദൈവവും അവിടുത്തെ സൃഷ്ടിയും തമ്മിൽ അഗാധമായ ഒരു ബന്ധമുണ്ട്. പ്രപഞ്ച സൃഷ്ടിയിലൂടെ അവിടുന്ന് തന്റെ കരുണയും സത്യവും മനോഹാരിതയും വെളിപ്പെടുത്തി. അനന്ത പൂർണമായ ദൈവത്തിന്റെ ചെറിയൊരു പ്രതിഫലനം മാത്രമാണത്. അങ്ങനെ ദൈവം തന്റെ സൃഷ്ടിയിലൂടെ മനുഷ്യനുമായി സംസാരിക്കുന്നു.

b) ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിച്ചിരിക്കുന്നത് അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണ്. എന്നുപറഞ്ഞാൽ മനുഷ്യൻ ദൈവത്തിന്റെ പ്രതിബിംബം തന്നെയാണെന്നല്ലേ അർത്ഥം. അതുകൊണ്ട് തന്റെ പ്രകൃതം കൊണ്ട് തന്നെ മനുഷ്യന് ദൈവത്തെ കൂടുതൽ മനസിലാക്കുവാൻ കഴിയും – ദൈവത്തിന്റെ രൂപ സാദൃശ്യത്തിൽ ആയിരുന്നുകൊണ്ട്, തന്നെ തന്നെ കൂടുതൽ മനസിലാക്കുന്നത് വഴിയും ആ രൂപസാദൃശ്യത്തിനു അനുരൂപമായി പ്രവർത്തിക്കുന്നത് വഴിയും.

c) മനുഷ്യാവതാരം ചെയ്ത യേശുക്രിസ്തു ദൈവത്തിന്റെ പ്രതിരൂപമായിരുന്നു. തന്റെ ഏകജാതനായ യേശുക്രിസ്തു വിലൂടെ ദൈവം തന്നെ തന്നെ പൂർണമായി വെളിപ്പെടുത്തി. “ഞാനും പിതാവും ഒന്നാണ്‌” (യോഹ10: 30). “എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു” (യോഹ 14: 9). ഇതുവഴി കാണപ്പെടാത്ത ദൈവത്തിന്റെ പൂർണമായ പ്രതിബിംബമായിരുന്നു ക്രിസ്തു എന്നതിൽ തർക്കം ഇല്ല. ഒരിക്കൽ ശരീരവും രൂപവും ഇല്ലാതിരുന്ന, ഒരു രീതിയിലും പ്രതിനിധാനം ചെയ്യാൻ കഴിയാതിരുന്ന ദൈവം ഇപ്പോഴിതാ മാംസം ധരിച്ച് മനുഷ്യരുടെ കൂടെ വസിച്ച് തന്നെ തന്നെ വെളിപ്പെടുത്തുന്നു. അതു കൊണ്ടാണ് വി. ജോൺ ഡമഷീൻ പറഞ്ഞത്: “ഞാൻ കണ്ട എന്റെ ദൈവത്തിന്റെ പ്രതിബിംബം എനിക്ക് ഉണ്ടാക്കാൻ കഴിയും” (De Sacris Imaginibus Oratio). അതുകൊണ്ട് ദൈവത്തിന്റെ മനുഷ്യാവതാരം ക്രൈസ്തവ ചിത്രങ്ങളുടെ നിർമാണത്തെയും സൂക്ഷിപ്പിനെയും വണക്കത്തെയും ന്യായീകരിക്കുന്നു.

8. യേശു ദൈവത്തെ സൂചിപ്പിക്കാൻ എന്തെങ്കിലും അടയാളങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ?

യേശു താൻ തന്നെ ദൈവത്തിന്റെ പൂർണമായും വെളിവാക്കപ്പെട്ട പ്രതിരൂപം ആയിരുന്നെങ്കിലും, രണ്ടായിരം വർഷങ്ങൾക്ക് മുൻമ്പ് തന്റെ പ്രസംഗങ്ങളിലും പ്രവർത്തികളിലും ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ധാരാളം ഉപമകളും അടയാളങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ട്. മാത്രവുമല്ല,യേശു ക്രിസ്തു കൂദാശകൾ സ്ഥാപിച്ചിരിക്കുന്നത് പോലും ഭൗമീക വസ്തുക്കൾ കൊണ്ടും അടയാളങ്ങൾ കൊണ്ടുമാണ്.

9. ക്രൈസ്തവ ചിത്രങ്ങളുടെ ഉദ്ദേശമെന്ത്?

അവയുടെ ഉള്ളടക്കം കാണുമ്പോൾ തന്നെ വാക്കുകൾ കൊണ്ട് പറയുന്നതിനേക്കാൾ കൂടുതൽ യാഥാർഥ്യങ്ങൾ ഒരാൾക്ക് മനസിലാക്കാൻ സാധിക്കുന്നു. വിശ്വാസത്തോടുകൂടി കാണുകയും മനസിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് വഴി മതബോധനം സാധ്യമാകുന്നു.

10. ഈ ചിത്രങ്ങളും പ്രതിരൂപങ്ങളും പ്രാർത്ഥനക്ക് നമ്മെ ക്ഷണിക്കുന്നുവോ?

തീർച്ചയായും. ഇവ സുവിശേഷവൽക്കരണത്തിനുള്ള ഉപകരണങ്ങൾ എന്നതിലുപരി പ്രാർത്ഥനക്കുള്ള ക്ഷണം കൂടിയാണ്. “ഈ മനോഹര ചിത്രങ്ങളുടെ വർണ്ണ വിസ്മയം എന്റെ പ്രാർത്ഥനക്ക് എപ്പോഴും ഉത്തേജനവും കണ്ണുകൾക്ക് വിരുന്നുമാണ്. എന്റെ ഹൃദയം തുറന്ന് ദൈവത്തെ മഹത്വപ്പെടുത്താൻ പ്രേരിപ്പിക്കുന്ന ഗ്രാമഭംഗി പോലെയാണവ” (വി. ജോൺ ഡമഷീൻ, De Sacris Imaginibus Oratio 1, 47).

11. ഈ ചിത്രങ്ങൾക്ക് ക്രിസ്തുവുമായി എന്ത് ബന്ധമാണ്  ഉള്ളത്?

ക്രൈസ്തവ പ്രതിബിംബങ്ങൾക്ക്‌ ഒരേ ഒരു ലക്ഷ്യമേ ഉള്ളു – ഭൂമിയുടെയും മനുഷ്യന്റെയും ആത്യന്തികവും ഏകവുമായ, രക്ഷകനും ദൈവ പിതാവിനെ പൂർണമായി വെളിപ്പെടുത്തിയവനുമായ, ക്രിസ്തുവിന്റെ പ്രവർത്തികളും സന്ദേശങ്ങളും പ്രഘോഷിക്കുക. പരിശുദ്ധ കന്യകാ മാറിയത്തിന്റെയും ഇതര വിശുദ്ധരുടെയും സ്വരൂപങ്ങൾ സൂചിപ്പിക്കുന്നത്  അവരിൽ മഹത്വീകൃതനായ  ക്രിസ്തുവിനെ ആണ് (Compendium of the CCC​ n. 240). ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് വഴി വിശ്വാസത്തിൽ ജനിക്കാനും വളരാനും മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കുന്നു. വിശുദ്ധരോടുള്ള വണക്കം, ദൈവമാണ് വിശുദ്ധിയുടെ സ്രോതസ്സ് എന്നും കേന്ദ്രമെന്നും ഉള്ള തിരിച്ചറിവ് നൽകുന്നു. പരിശുദ്ധാത്മാവിന്റെ സഹായത്താൽ ദൈവത്തിന്റെ വിശുദ്ധി വിശ്വാസത്താൽ സ്വീകരിക്കുകയും ആ ദൈവീക വിശുദ്ധിയിൽ കാണപ്പെടാത്ത ദൈവത്തിന്റെ മൂർത്തീ രൂപമായ ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് വിശുദ്ധമായ ജീവിതം നയിച്ചവരാണ് വിശുദ്ധർ.
എന്നിരുന്നാലും ദൈവാലയത്തിൽ പ്രവേശിക്കുമ്പോൾ നാം ആദ്യം തിരയേണ്ടത്  കെടാവിളക്ക് തെളിച്ച സക്രാരിയെയാണ്. അവിടെ ക്രിസ്തു ദിവ്യകാരുണ്യത്തിൽ, സത്യമായും യാഥാർത്ഥമായും സത്താപരമായും ശരീര രക്തങ്ങളോടും അനശ്വര ദിവ്യത്വത്തോടും, ഉണ്ട് എന്നത് മറക്കാൻ പാടില്ല. അതിനാൽ ദേവാലയത്തിൽ പ്രവേശിച്ചാലുടനെയുള്ള  നമ്മുടെ അഭിവാദനവും പ്രാർത്ഥനയും സക്രാരിയിലെ ഈ ദൈവീക സാന്നിധ്യം -ക്രിസ്തുവിനോട് ആയിരിക്കണം.

പുതിയ ആകാശവും പുതിയ ഭൂമിയും

ഈ ചിത്രങ്ങളും സ്വരൂപങ്ങളും അതിന്റെ മനോഹാരിത കൊണ്ടും ശോഭകൊണ്ടും വരാനിരിക്കുന്ന യാഥാർഥ്യം കാണിക്കുകയും സമയത്തിന്റെ പൂർണതയിൽ ദൈവത്തിന്റെ രണ്ടാം വരവിൽ നാം അനുഭവിക്കുന്ന രൂപാന്തരീകരണത്തെ മുൻകൂട്ടി പ്രതിബിംബിപ്പിക്കുന്നു. സത്യത്തിൽ അന്ത്യ വിധിക്കു ശേഷം ഇതേ പ്രപഞ്ചം ക്രിസ്തുവിന്റെ മഹത്വത്തിൽ എത്തിച്ചേരും. ആ കാത്തിരിപ്പാണ് ഇവിടെ. ​“നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടുത്തെ വാഗ്‌ദാനപ്രകാരം നാം കാത്തിരിക്കുന്നു” (2 പത്രോസ് 3 :13). ” ഇത് കാലത്തിന്റെ പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്രേ” (എഫേ 1:10). അങ്ങനെ ദൈവം എല്ലാവർക്കും എല്ലാമാകും (1 കോറി 15: 28 ).

12. ഏത് തരം  ആരാധനയാണ് പ്രതിരൂപങ്ങൾക്ക് നൽകുന്നത്?

പ്രതിരൂപങ്ങൾക്ക് ആരാധനയല്ല (Adoration)​
വണക്കമാണ് (Veneration) നൽകുന്നത്. ആരാധ ദൈവത്തിനു മാത്രമാണ്. ​

13. സ്വരൂപങ്ങളിൽ  ആരെയാണ് വണങ്ങുന്നത്? അത് വിഗ്രഹാരാധനയാകുമോ? എന്താണ് വിഗ്രഹാരാധന?

ക്രിസ്ത്യാനി വണങ്ങുന്നത് ഒരു പ്രതിരൂപത്തെ അല്ല. മറിച്ച് ആ പ്രതിരൂപം ആരെയാണോ പ്രതിനിധീകരിക്കുന്നത് അവരെയാണ്.

ദൈവത്തിങ്കലേക്കു മനുഷ്യനെ നയിക്കാത്തതിനെ ആരാധിക്കുന്നതാണ് വിഗ്രഹാരാധന.

“ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുമാണ്‌; മനുഷ്യരുടെ കരവേലകൾ മാത്രം. അവയ്‌ക്കു വായുണ്ട്‌; എന്നാൽ സംസാരിക്കുന്നില്ല. അവയ്‌ക്കു കണ്ണുണ്ട്‌; എന്നാൽ, കാണുന്നില്ല. അവയ്‌ക്കു കാതുണ്ട്‌; എന്നാൽ, കേൾ ക്കുന്നില്ല” (സങ്കീ 135: 15-17).

മനുഷ്യന് ഒരു ദൈവത്തെ വേണമെന്ന് തോന്നിയപ്പോൾ അവന്റെ ഭാവനക്ക് അനുസരിച്ച് ഒരു ദൈവത്തെ ഉണ്ടാക്കി. പുറപ്പാട് പുസ്തകത്തിൽ കാണുന്നത് അതാണ്. ദൈവത്തോട് സംസാരിക്കാൻ  മോശ മലമുകളിലേക്ക് കയറിപോയപ്പോൾ മലയടിവാരത്തിൽ തങ്ങൾക്ക് ആരാധിക്കാൻ ഒരു ദൈവത്തെ വേണമെന്ന് ഇസ്രായേൽ ജനത അഹറോനോട്  ആവശ്യപ്പെടുന്നു. അവരുടെ ആക്രോശം നിമിത്തം അഹറോൻ സ്വർണം ഉരുക്കി ഒരു കാളക്കുട്ടിയെ ഉണ്ടാക്കുന്നു അവർ അതിനു ചുറ്റും പാട്ടുപാടി നൃത്തം ചെയ്ത് അതിനെ ആരാധിക്കുന്നു. മലമുകളിൽ മോശയോട് സംസാരിക്കുന്ന, പത്ത് കല്പനകൾ നൽകുന്ന ദൈവത്തിലേക്ക് വിരൽ ചൂണ്ടുന്നതല്ല അവർ നിർമ്മിച്ച കാളക്കുട്ടി. അവർ മറ്റൊരു ദൈവത്തെയാണ് നിർമ്മിച്ചത്. ഇതാണ് വിഗ്രഹാരാധന!

കൂടുതൽ വ്യക്തമാകാൻ ദൈവംതന്നെ നിർമ്മിക്കാൻ ആവശ്യപ്പെട്ടു എന്ന് മുൻമ്പ് പറഞ്ഞവ ഇവിടെ വിശദമാക്കാം.

പുറപ്പാട്‌ 20 : 22-23
“കർത്താവു മോശയോടു പറഞ്ഞു: ഇസ്രായേൽക്കാരോടു പറയുക, ഞാൻ ആകാശത്തുനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ തന്നെ കണ്ടല്ലോ. നിങ്ങൾ വെള്ളികൊണ്ട്‌ എനിക്കൊപ്പം ദേവന്‍മാരെ നിർമിക്കരുത്‌. സ്വർണം കൊണ്ടും ദേവന്‍മാരെ ഉണ്ടാക്കരുത്‌.”

എന്നാൽ  പുറപ്പാട്‌ 20: 24

“നിങ്ങൾ എനിക്കു മണ്ണുകൊണ്ട്‌ ഒരു ബലിപീഠം ഉണ്ടാക്കണം. അതിന്‍മേൽ ആടുകളെയും കാളകളെയും ദഹനബലികളും സമാധാന ബലികളുമായി അർപ്പിക്കണം. എന്റെ നാമം അനുസ്‌മരിക്കാൻ ഞാൻ ഇടവരുത്തുന്നിടത്തെല്ലാം ഞാൻ നിങ്ങളുടെ അടുക്കലേക്കു വന്ന്‌ നിങ്ങളെ അനുഗ്രഹിക്കും.” അതിനാൽ  ദൈവത്തിന്റെ നാമം അനുസ്മരിപ്പിക്കുന്ന  ചിത്രങ്ങളും രൂപങ്ങളും വിഗ്രഹങ്ങൾ അല്ല എന്ന് വ്യക്തമാണ്.

പുറപ്പാട്‌ 25:10 മുതൽ സാക്ഷ്യപേടകം ഉണ്ടാകുന്നതിനു ദൈവം മോശക്ക് നൽകുന്ന കർശന നിർദ്ദേശങ്ങളാണ്.

വീണ്ടും,  സംഖ്യ 21: 8-9
“കർത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തി നിർത്തുക. ദംശനമേൽക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട്‌ ഒരു സർപ്പത്തെ ഉണ്ടാക്കി അതിനെ വടിയിൽ ഉയർത്തി നിർത്തി; ദംശനമേറ്റവർ പിച്ചളസർ പ്പത്തെ നോക്കി; അവർ ജീവിച്ചു.”

ഒന്നും നിർമ്മിക്കരുതെന്ന് പറഞ്ഞ ദൈവമല്ലേ ഇവിടെ പിത്തള സർപ്പത്തെ നിർമിക്കാൻ ആവശ്യപ്പെട്ടതും?

മരുഭൂമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പം ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു. യേശു തന്നെ നിക്കോദേമോസിനോട് പറയുന്നു: “മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന്‌ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു” (യോഹ 3: 14-15).  അപ്പോൾ നാം രക്ഷ പ്രാപിക്കേണ്ടതിന്‌ ക്രിസ്തുരൂപത്തിലേക്ക് നോക്കണം. കാരണം – “അതിലേക്കു നോക്കിയവർ രക്‌ഷപ്പെട്ടു; അവർ കണ്ട വസ്‌തുവിനാലല്ല, എല്ലാറ്റിന്റെയും രക്‌ഷകനായ അങ്ങുമൂലം രക്‌ഷപെട്ടു” (ജ്‌ഞാനം 16: 7).
മാത്രമല്ല ക്രിസ്തുചിത്രങ്ങളും വിശുദ്ധരുടെ ചിത്രങ്ങളും കിഴക്കു പ്രത്യക്ഷപ്പെട്ട നക്ഷത്രം പോലെ നമ്മെ ക്രിസ്തുവിലേക്ക് ആനയിക്കും.

14. സ്വരൂപങ്ങൾ ദൈവാലയത്തിൽ എങ്ങനെ വയ്ക്കണം?

സഭയുടെ വലിയ പാരമ്പര്യം അനുസരിച്ച് ക്രിസ്തുരൂപങ്ങളും മാറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങളും വണക്കത്തിനായി വിശുദ്ധ മന്ദിരത്തിൽ വയ്ക്കാവുന്നതാണ്. ഇത് ദൈവജനത്തെ വിശ്വാസ സത്യങ്ങളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന തരത്തിലായിരിക്കണം. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെ ചെയ്യണ്ട കാര്യമാണിത്. ക്രമാധീതമായ വർദ്ധനവ് പാടില്ല എന്ന് മാത്രമല്ല അവ ഒരിക്കലും ദൈവജനത്തിന് ദിവ്യ രഹസ്യങ്ങളുടെ ആഘോഷത്തിന് സംഭ്രമം വരുത്താനും പാടില്ല. അതിനാൽ ദൈവജനത്തിന്റെ ഭക്തിയുടെ വെളിച്ചത്തിൽ ഒരു വിശുദ്ധന്റെ സ്വരൂപമാണ് നിർദ്ദേശിക്കുന്നത് (IGMR 318).

vox_editor

View Comments

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

5 days ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

5 days ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

1 week ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

2 weeks ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

2 weeks ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

2 weeks ago