സ്വന്തം ലേഖകൻ
എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പ്രധാന തിരുനാൾ നാളെ നടക്കും.
പുലർച്ചെ അഞ്ചിന് തമിഴ് വിശുദ്ധ കുർബാനയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടാർ രൂപത ബിഷപ് മാർ പീറ്റർ റെമിജിയൂസിന്റെ കാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ തമിഴ് വിശുദ്ധകുർബാനയെത്തുടർന്ന് നാലിന് തിരുനാൾ പ്രദക്ഷിണം പള്ളിക്കു ചുറ്റുമായി നടക്കും.
ഫാ. മാത്യു കുഴിക്കാട്ടുമാലിൽ മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ പ്രദക്ഷണത്തിന് രൂപങ്ങൾ വഹിക്കുന്നതും നേതൃത്വം നൽകുന്നതും കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്. പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും രൂപങ്ങൾ ചുമക്കുന്നതിനും ആയിരക്കണക്കിന് തമിഴ് വിശ്വാസികളാണ് പള്ളിയിൽ എത്തിച്ചേർന്നിരിക്കുന്നത്. പ്രദക്ഷിണത്തിനുശേഷം അവകാശ നേർച്ചകളായ ഉപ്പ്, നല്ലമുളക്, മലർ, വലയിൽ ചേർക്കാനുള്ള തലനൂൽ എന്നിവ സ്വീകരിച്ചാണ് തമിഴ് വിശ്വാസികൾ മടങ്ങുന്നത്.
തുടർന്ന് ഇടവകക്കാരുടെ തിരുനാൾ ആരംഭിക്കും. 14-ന് എട്ടാമിടദിനത്തിൽ വൈകുന്നേരം നാലിന് ചെറിയരൂപവും വഹിച്ചുകൊണ്ട് കുരിശടിയിലേയ്ക്കുള്ള പ്രദക്ഷിണം തിരികെ പള്ളിയിൽ എത്തിച്ചേരുന്നതോടെ 18 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് സമാപനമാകും.


