Categories: Articles

ഇല്ലാപൂണൂലുകളും ഇല്ലാനൂറുകളും!

സമത്വമുള്ള ഒരു സഭയും സമൂഹവും സൃഷ്ടിക്കാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു...

ഫാ. ജോഷി മയ്യാറ്റില്‍

ക്രൈസ്തവ സമുദായത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് ഇക്കഴിഞ്ഞ മാസം കോട്ടയത്തുവച്ചു നടന്ന ന്യൂനപക്ഷകമ്മീഷന്റെ സിറ്റിങ്ങില്‍ ദലിത്‌ക്രൈസ്തവര്‍ പരാതി ഉന്നയിച്ചു. വ്യത്യസ്തങ്ങളായ ഏറെ വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പിറ്റേദിവസത്തെ പത്രത്തില്‍ ‘നിഷ്പക്ഷത’യുടെ പര്യായമെന്ന് അനുദിനം സ്വയം തെളിയിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷക്കമ്മീഷന്‍ റിപ്പോര്‍ട്ടുചെയ്തത് ഈ വിഷയം മാത്രമായിരുന്നു!

2016-ല്‍ പുറത്തിറക്കിയ ദലിത് പോളിസിയുടെ ആമുഖത്തില്‍ സി.ബി.സി.ഐ. അധ്യക്ഷന്‍ കുറിച്ചത് ഇങ്ങനെയാണ്: ”സമത്വമുള്ള ഒരു സഭയും സമൂഹവും സൃഷ്ടിക്കാന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നു”. വ്യക്തിഗതമായും സംഘാതമായും ഘടനാപരമായും ഉള്ള മാനസാന്തരത്തിലേക്കാണ് ദലിത് പോളിസി സഭയെ ക്ഷണിക്കുന്നതത്രേ (നമ്പര്‍ 6). ഈ വരുന്ന ഓഗസ്റ്റ് 18-ാം തീയതി ആചരിക്കുന്ന നീതി ഞായറിന്റെ പശ്ചാത്തലത്തില്‍ കേരളസഭയ്ക്ക് ഈ മേഖലയില്‍ ഉണ്ടാകേണ്ട മാനസാന്തരത്തിന്റെ ചില സവിശേഷമേഖലകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

സമൂഹത്തില്‍ ദലിതുക്രൈസ്തവന്റെ സ്ലീവാപ്പാത

എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും സമത്വവും ഉറപ്പാക്കുന്ന ഭരണഘടനയില്‍ ദലിതനായ ഡോ. അംബേദ്കറിന്റെ ന്യായബോധവും ദീര്‍ഘവീക്ഷണവും ദൃശ്യമാണ്. എന്നാല്‍, 1950-ല്‍ പുറപ്പെടുവിച്ച പ്രസിഡെന്‍ഷ്യല്‍ ഉത്തരവും പിന്നീടുണ്ടായ അമെന്റ്‌മെന്റുംപ്രകാരം, ഹിന്ദു-സിഖ്-ബുദ്ധമതങ്ങളില്‍പ്പെടാത്ത ആരും പട്ടികജാതിയില്‍ പെടുന്നില്ല; സംവരണാനുകൂല്യങ്ങള്‍ക്ക് അര്‍ഹരുമല്ല. ഇത് മതത്തിന്റെ പേരിലുള്ള വിവേചനം നിരോധിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15(1)-നു വിരുദ്ധമാണെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണമെന്നില്ല. മതം മാറിയതുകൊണ്ട് സാമൂഹിക-സാംസ്‌കാരിക-സാമ്പത്തികാവസ്ഥകള്‍ക്കും സ്വാഭാവികമായി മാറ്റമുണ്ടാകും എന്ന ചിന്ത യുക്തിഭദ്രമാണോ? മതഭേദമൊന്നും കൂടാതെ തന്നെ ജാതീയമായ വേര്‍തിരിവുകള്‍ക്ക് ഇരകളാണ് ദലിതര്‍ എവിടെയും എപ്പോഴും.

സി.ബി.സി.ഐ. നയരേഖ സൂചിപ്പിക്കുന്നപ്രകാരം, ഭാരതത്തില്‍ ഓരോ 18 മിനിറ്റിലും ഒരു ദലിതനെങ്കിലും അക്രമത്തിന് ഇരയാകുന്നു. ദിവസവും 2 ദലിതരെങ്കിലും വധിക്കപ്പെടുന്നു; 3 ദലിത് സ്ത്രീകളെങ്കിലും ബലാത്സംഗം ചെയ്യപ്പെടുന്നു; 2 ദലിതഭവനങ്ങളെങ്കിലും അഗ്നിക്കിരയാക്കപ്പെടുന്നു. പ്രതിദിനം ദലിതര്‍ക്കുനേരേ 27 അതിക്രമകേസുകളെങ്കിലും രജിസ്റ്റര്‍ചെയ്യപ്പെടുന്നു. ഓരോ ആഴ്ചയിലും 6 ദലിതരെയെങ്കിലും കാണാതാകുന്നു. ദലിതരില്‍ 45%-വും നിരക്ഷരരാണ്. അവരുടെ കുഞ്ഞുങ്ങളില്‍ 54%-വും പോഷകാഹാരക്കുറവുള്ളവരാണ്. 12% ദലിത്കുഞ്ഞുങ്ങളും 5-ാം ജന്മദിനത്തിനുമുമ്പ് മരിക്കുന്നു! 1000 ദലിത്കുഞ്ഞുങ്ങളില്‍ 84 പേരും ഒന്നാം ജന്മദിനത്തിനുമുമ്പേ മരിക്കുന്നു! 27% ഗ്രാമങ്ങളിലും പോലീസ് സ്റ്റേഷനില്‍ ചെല്ലുന്നതില്‍നിന്ന് ദലിതര്‍ തടയപ്പെടുന്നു. 37% ഗവണ്‍മെന്റ് സ്‌കൂളുകളിലും ദലിതുകുട്ടികള്‍ക്ക് ഭക്ഷണത്തിന് വേര്‍തിരിഞ്ഞ് ഇരിക്കേണ്ടിവരുന്നു! 48% ഗ്രാമങ്ങളിലും കുടിവെള്ളസ്രോതസ്സുകളിലേക്ക് ദലിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നു. ക്രൈസ്തവരായതുകൊണ്ട് ആര്‍ക്കെങ്കിലും ഇത്തരം വിവേചനങ്ങളില്‍നിന്നോ ആക്രമണങ്ങളില്‍നിന്നോ ഒഴിവുകിട്ടുന്നുണ്ടോ?

സഭയ്ക്കകത്തെ ദലിതന്റെ സ്ലീവാപ്പാത

ക്രൈസ്തവര്‍ക്കിടയില്‍ ദളിതുക്രൈസ്തവരുടെ അവസ്ഥ എന്താണ്? ക്രിസ്തുവില്‍ ഏവരും തുല്യരും ദൈവമക്കളുമാണെന്ന സുവിശേഷസത്യം ഇനിയും അറിയാത്തവരായി ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍, പ്രയോഗത്തില്‍ ആ സത്യം തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. ജാതിവ്യവസ്ഥയ്ക്ക് അറുതിവരുത്താന്‍ പാശ്ചാത്യമിഷനറിമാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടും ഈ അടുത്തകാലംവരെ ദലിതുക്രൈസ്തവര്‍ക്കായിമാത്രം പ്രത്യേകം പള്ളികളും പള്ളിക്കൂടങ്ങളും സെമിത്തേരികളും നമുക്കിടയില്‍ ഉണ്ടായിരുന്നെന്നതു വിസ്മരിക്കാനാവില്ല. ഇപ്പോഴും ക്രൈസ്തവമനസ്സില്‍നിന്ന് ജാതീയചിന്തകള്‍ പുറത്തുപോയിട്ടില്ല.

70% ക്രൈസ്തവരും ദലിതരാണെങ്കിലും ഇന്ത്യയിലെ 180 മെത്രാന്മാരില്‍ 14 പേര്‍ മാത്രമേ (6.6%) ദലിതുവിഭാഗത്തില്‍നിന്നുള്ളൂ. 822 മേജര്‍ സുപ്പീരിയര്‍മാരില്‍ 12 പേരും 27,000 വൈദികരില്‍ 1,130 പേരും (4.2%) ഒരു ലക്ഷം സമര്‍പ്പിതരില്‍ 4,500 പേരും (4.5%) മാത്രമാണ് ദലിതര്‍. സഭ നടത്തുന്ന 271 കോളേജുകളില്‍ പട്ടികജാതിയില്‍പ്പെട്ട 7.8%-വും പട്ടികവര്‍ഗത്തില്‍പ്പെട്ട 5.2%-വും വിദ്യാര്‍ത്ഥികളുംമാത്രമാണ് പഠിക്കുന്നത്. കേരളകത്തോലിക്കാസഭയില്‍ 373 സമര്‍പ്പിത സഭകളിലൊന്നിലും ഒരു ദലിത് മേജര്‍ സുപ്പീരിയര്‍ പോലും ഇല്ല എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്! സഭയില്‍ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളുടെയും അധികാര വിതരണത്തിന്റെയും വിവാഹ കൂദാശയുടെയും മേഖലകളിലെല്ലാം ഈ വേര്‍തിരിവ് ഇപ്പോഴും പ്രകടമാണ്.

ഇല്ലാപൂണൂലിന്റെയും ഇല്ലാനൂറുകളുടെയും മതിഭ്രമങ്ങള്‍

നൂറ്റാണ്ടുകള്‍നീണ്ട സാമൂഹികവിവേചനത്തിന്റെ ബാക്കിപത്രമാണ് ഇന്നിന്റെ അവസ്ഥ എന്നു പറയുമ്പോഴും ക്രിസ്തുവിശ്വാസത്തിന്റെ അനന്യവും സാര്‍വജനീനവുമായ സൈദ്ധാന്തികാടിത്തറകൊണ്ട് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ കേരള ക്രൈസ്തവര്‍ക്ക് എന്തുകൊണ്ട് ഇനിയും കഴിയുന്നില്ല എന്ന ചോദ്യം സുപ്രധാനമാണ്. ദളിത ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയുടെ മുഖ്യകാരണങ്ങള്‍ വിശകലനം ചെയ്യാന്‍ ക്രൈസ്തവര്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സഭാവ്യത്യാസങ്ങള്‍ക്കും റീത്തുവ്യത്യാസങ്ങള്‍ക്കും അതീതമായി കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ അസമത്വവും വിവേചനവും വളര്‍ന്നുവന്നത് പല രീതികളിലാണ്. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയിടയില്‍ പ്രബലപ്പെട്ട വി. തോമ്മാശ്ലീഹാ ബ്രാഹ്മണരെ മാമ്മോദീസ മുക്കി എന്ന കെട്ടുകഥയ്ക്കാണ് ഇതില്‍ ഒന്നാം സ്ഥാനം! ആ കള്ളക്കഥ ക്രൈസ്തവികതയ്ക്കു വരുത്തിയ ദ്രോഹം തിരിച്ചറിയാനോ അംഗീകരിക്കാനോ ഉള്ള ബൗദ്ധികസത്യസന്ധത ഇനിയും നമുക്കു കൈവന്നിട്ടില്ല. നായര്‍ വിഭാഗത്തില്‍പ്പെട്ടവരോട് തോളൊപ്പം നില്ക്കാനുള്ള ചരിത്രപരമായ ആവശ്യത്തിന്റെ സന്താനമാണ് ഈ ബ്രാഹ്മണ്യക്കഥയെന്ന് ഇന്ന് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ കെട്ടുകഥ സഭയില്‍ പരത്തിയ അക്രൈസ്തവ ചൈതന്യം കണ്ടില്ലെന്നു നടിക്കാനാവില്ല. വേദോപദേശപ്പുസ്തകങ്ങള്‍, ക്ലാസ്സുകള്‍, മ്യൂസിയങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, എക്‌സിബിഷനുകള്‍, തീര്‍ത്ഥാടനക്കുളങ്ങള്‍, ചുമര്‍ചിത്രങ്ങള്‍, വാര്‍ഷികതീര്‍ത്ഥാടനങ്ങള്‍, ‘ആഢ്യ’കുടുംബക്കൂട്ടായ്മകള്‍ എന്നിവയിലൂടെ ഒരുവിഭാഗം ക്രൈസ്തവരുടെ ബ്രാഹ്മണ്യപൈതൃകം നിര്‍ബാധം പ്രചരിപ്പിക്കാന്‍ ഇപ്പോഴും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.

ലത്തീന്‍ കത്തോലിക്കരുടെയിടയിലാകട്ടെ, കീഴാള-മേലാളബോധങ്ങള്‍ കുടിയേറിയത് എഴുന്നൂറ്റി-അറുന്നൂറ്റി-മുന്നൂറ്റി ചിന്താഗതികളിലൂടെയാണ്. ഈ ‘നൂറ്റി’ക്കഥകളുടെ ചരിത്രമെന്തെന്ന് ആരും ചോദിക്കരുത്. ആര്‍ക്കും വ്യക്തമായ ധാരണയില്ല. പോര്‍ച്ചുഗീസുകാരുടെ വിവിധറാങ്കുകളില്‍പെട്ട സൈന്യഗണങ്ങളില്‍ സേവനം ചെയ്തതിന്റെ ബാക്കിപത്രമാണെന്നും ഭൂമിശാസ്ത്രപരമായ സവിശേഷതകളാല്‍ സ്വാഭാവികമായി ചെയ്തുപോന്ന തൊഴിലിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നുമൊക്കെ വ്യത്യസ്തമായ വിശദീകരണങ്ങള്‍ നിലവിലുണ്ട്. പക്ഷേ യുക്തിഭദ്രത ഇക്കാര്യത്തില്‍ തികച്ചും അസാധ്യമാണ്. എന്നിട്ടും അസമത്വത്തിന്റെയും വിവേചനത്തിന്റെയും താക്കോലായി ഈ ‘നൂറ്റി’ച്ചിന്തകള്‍ ഇന്നും നിലകൊള്ളുന്നു!

സ്വയം ചമയുന്ന മേലാളമനസ്സിന്റെ ഇത്തരം മതിഭ്രമങ്ങള്‍ക്ക് കീഴാളരുടെ ആവശ്യമുണ്ടെന്നിരിക്കേ ക്രിസ്തുവിന്റെ സാഹോദര്യത്തിന് ഇവിടെ എന്തു പ്രസക്തി എന്ന ചോദ്യം വല്ലാതെ മുഴങ്ങുന്നുണ്ട്. സഭയിലെ അസമത്വത്തിന്റെയും വിവേചനത്തിന്റെയും അടിവേരുകളറുക്കാന്‍ തയ്യാറാകാതെ, ദലിതുക്രൈസ്തവസ്‌നേഹത്തെക്കുറിച്ചും ദലിതുക്രൈസ്തവരുടെ അവകാശങ്ങളെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്നത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍, ശുദ്ധമായ അസംബന്ധമാണ്.

അടിയന്തരപ്രാധാന്യമുള്ള പരിഹാരമാര്‍ഗങ്ങള്‍

1. കേരളസഭയിലെ ദൈവശാസ്ത്രപഠനകേന്ദ്രങ്ങള്‍, കെ.സി.ബി.സി. തിയോളജി കമ്മീഷന്‍, കേരള തിയളോജിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ വേദികള്‍ ദലിത് ദൈവശാസ്ത്രസാധ്യതയ്ക്ക് വെള്ളവും വളവും പകരണം (ദലിത് പോളിസി, നമ്പര്‍ 29).

2. വൈദിക പരിശീലനമേഖലയില്‍ ദലിതുക്രൈസ്തവരെ ഒഴിവാക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.

3. സമര്‍പ്പിതജീവിതത്തില്‍ ദലിതുക്രൈസ്തവര്‍ വിവേചനമോ തഴയപ്പെടലോ അനുഭവിക്കരുത്. ഈ വിഷയം സമര്‍പ്പിതര്‍ക്കായുള്ള കെസിബിസി കമ്മീഷനും കെസിഎംഎസും പ്രത്യേകം പരിഗണിക്കണം (ദലിത് പോളിസി, നമ്പര്‍ 30).

4. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മാനേജുമെന്റ് സീറ്റില്‍ ദലിതുക്രൈസ്തവര്‍ക്ക് ന്യായവും പര്യാപ്തവുമായ സംവരണം പ്രഖ്യാപിച്ച് ഭരണകൂടത്തിന്റെ നിസ്സംഗതയെ നാം സ്വന്തനിലയില്‍ മറികടക്കണം. അതിനുള്ള ആര്‍ജവം കേരളത്തിലെ കത്തോലിക്കാസഭയ്ക്കുണ്ട് (ദലിത് പോളിസി, നമ്പര്‍ 31).

5. പരിവര്‍ത്തിത ക്രൈസ്തവ-ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ ഗവണ്‍മെന്റു സംവിധാനങ്ങളുടെ കാലാകാലങ്ങളിലുള്ള പദ്ധതികളെയും ക്രമീകരണങ്ങളെയുംകുറിച്ച് ഫലപ്രദമായി വിവരങ്ങള്‍ നല്കുന്ന സംവിധാനം ഓരോ രൂപതകളിലും ഉണ്ടാകേണ്ടതാണ്. ഇത്തരം സംവിധാനങ്ങളെ ഏകോപിപ്പിക്കാന്‍ കെസിബിസി എസ്‌സി/എസ്ടി/ബിസി കമ്മീഷനു കഴിയണം.

6. പൂണൂല്‍മാഹാത്മ്യത്തിന്റെ എല്ലാവിധത്തിലുമുള്ള വ്യാജപ്രചാരണങ്ങളും അര്‍ത്ഥമറിയാത്ത നൂറ്റിക്കഥകളുടെ പേരിലുള്ള വിവേചനങ്ങളും കത്തോലിക്കരായ എല്ലാവരും പൂര്‍ണമായും അവസാനിപ്പിക്കണം. ഇക്കാര്യങ്ങളെസംബന്ധിച്ച് കേരളസഭ ദൈവസന്നിധിയില്‍ മാപ്പുപറയണം. മാര്‍പ്പാപ്പമാരുടെ മാപ്പുപറച്ചിലുകള്‍ സഭയുടെ വിശ്വാസ്യതയ്ക്ക് എത്രമാത്രം മുതല്ക്കൂട്ടായിത്തീര്‍ന്നുവെന്ന് നാം നേരിട്ടു കണ്ടിട്ടുള്ളവരാണല്ലോ (ദലിത് പോളിസി, നമ്പര്‍ 32).

7. ദലിതുനേതൃത്വം വളര്‍ത്തിക്കൊണ്ടുവരാന്‍ നാം ബോധപൂര്‍വം ശ്രമിക്കണം (ദലിത് പോളിസി, നമ്പര്‍ 34).

8. ഈ കാലഘട്ടത്തില്‍ കേരളസഭയ്ക്ക് ദൈവം നല്കുന്ന ഒരു ചൂണ്ടുപലകയാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍. അദ്ദേഹത്തിന്റെ വിശുദ്ധനാമകരണനടപടികള്‍ മുന്നേറുന്നതിനൊപ്പം കേരളസഭയില്‍ ദലിതരുടെ വസന്തകാലമായിരിക്കണമെന്ന് നാം തീരുമാനിക്കണം. അത് കൃപയുടെ കുളിര്‍മഴ പൊഴിക്കും.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago