ചേർത്തല: ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 372-ാമത് മകരം തിരുനാളിന് കൊടികയറി.
വൈകുന്നേരം അർത്തുങ്കൽ ബസിലിക്കയിൽ നിന്നുള്ള അറിയിപ്പ് കതിനകൾ മുഴങ്ങിയപ്പോൾ വിശ്വാസികൾ തിരുന്നാളിന്റെ വരവറിയിച്ച് കൂകി വിളിച്ച് തിരുനാൾ വിളംബരം മുഴക്കി. ഏഴിനു നടന്ന തിരുനാൾ കൊടി ഉയർത്തൽ ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ വിശ്വാസപ്രഖ്യാപനം ചൊല്ലിയപ്പോൾ കത്തിച്ച മെഴുകുതിരികൾ ഉയർത്തി പിടിച്ച് വിശ്വാസികൾ വിശ്വാസം ഏറ്റുചൊല്ലി. ആലപ്പുഴ രൂപത ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. കൊടിയേറ്റിനോടൊപ്പം വെളുത്തച്ചന്റെ രൂപം പതിച്ച വർണ ബലൂണുകൾ ആകാശംമുട്ടെ പറന്നുയർന്നു.
തുടർന്നു നടന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കും ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. സേവ്യർ കുടിയാംശേരിയിൽ സുവിശേഷപ്രസംഗം നടത്തി. ബസിലിക്കയും അങ്കണവും പൂർണമായി വൈദ്യുതദീപങ്ങളാൽ അലംകൃതമായി. വർണകുടകളും ആകാശത്തേക്ക് പറന്നുയർന്ന വർണ ബലൂണുകളും വെടിക്കെട്ടും കൊടിയേറ്റ് ചടങ്ങിന് വശ്യത പകർന്നു. വാദ്യമേളങ്ങളും അകമ്പടിയേകി. പള്ളിയങ്കണത്തിൽ നിറഞ്ഞ ആയിരങ്ങൾ അർത്തുങ്കൽ പെരുന്നാൾ കൊടിയേറ്റ് അറിയിച്ച് ആരവം മുഴക്കി. കടലോരത്തും കിഴക്കോട്ടും വ്യാപിച്ച ആരവം കിലോമീറ്ററുകൾ അകലെവരെ അർത്തുങ്കൽ പള്ളിയിൽ കൊടിയേറിയ വിവരം പങ്കുവച്ചു. കൊല്ലങ്ങൾ പഴക്കമുള്ളതാണ് ഈ ആചാരം. ജാതിമത ഭേദമന്യേ വെളുത്തച്ഛനെ വണങ്ങാൻ എത്തുന്ന ജനലക്ഷങ്ങളും അമ്പു നേർച്ചയും വെള്ളി നേർച്ചയും, ഉരുളുനേർച്ചയും അർത്തുങ്കൽ തിരുനാളിന്റെ പ്രത്യേകതകളാണ്.
18-നു പുലർച്ചെ അഞ്ചിനു വിശുദ്ധ സെബസ്ത്യാനോസിന്റെ അദ്ഭുത തിരുസ്വരൂപം വണക്കത്തിനായി നട തുറക്കുമ്പോൾ ആയിരങ്ങൾ സാക്ഷ്യം വഹിക്കാനായി എത്തുന്നു. പ്രധാന ദിനമായ 20-നു വൈകുന്നേരം നാലിനാണ് പ്രശസ്തമായ അർത്തുങ്കൽ വെളുത്തച്ഛന്റെ എഴുന്നള്ളത്ത്. 27-നു രാത്രി 12-നു നട അടയ്ക്കുന്നതോടെ തിരുനാളിനു സമാപനമാകും. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽനിന്ന് ആരംഭിച്ച പതാക പ്രയാണത്തിൽ അർത്തുങ്കൽ പള്ളി കമ്മിറ്റി അംഗങ്ങൾ, സന്നദ്ധസേന, വിവിധ സംഘടനകളിൽപ്പെട്ടവർ ഉൾപ്പെടെയുള്ള വിശ്വാസികൾ അണിനിരന്നു.
സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസ് നടത്തുന്നുണ്ട്.