കൊച്ചി: ആലപ്പുഴയിലെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ഫൊറോന പള്ളി ശിവക്ഷേത്രമായിരുന്നെന്നും അതു വീണ്ടെടുക്കുകയാണു ഹിന്ദുക്കൾ ചെയ്യേണ്ടതെന്നുമുള്ള പരാമർശത്തിനെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംഘ്പരിവാർ നേതാവായ ടി.ജി. മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നു സിംഗിൾബെഞ്ച് വ്യക്തമാക്കി.
ശരിയായ രീതിയിലുള്ള അന്വേഷണം നടത്തിയില്ലെങ്കിൽ വർഗീയപ്രശ്നങ്ങൾക്ക് ഇതു തീകൊളുത്തുകയോ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യാം. അത് ആ പ്രദേശത്ത് മാത്രമായിരിക്കില്ല മറ്റു പ്രദേശങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തേക്കാം. തീർത്ഥാടക കേന്ദ്രമായ ഇവിടേക്കു ലക്ഷക്കണക്കിനാളുകളാണു പ്രാർഥനയ്ക്കായി എത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
മതവിദ്വേഷം ജനിപ്പിക്കുന്ന പരാമർശമാണു ടി.ജി. മോഹൻദാസ് സാമൂഹിക മാധ്യമമായ ട്വിറ്ററിൽ കൂടി നടത്തിയതെന്നാരോപിച്ച് എ.ഐ.വൈ.എഫ്. ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിയിൽ 2017-ൽ അർത്തുങ്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യൻശിക്ഷാ നിയമത്തിലെ 153എ വകുപ്പ് പ്രകാരം റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു മോഹൻദാസിന്റെ ഹർജി.
സ്വന്തം അഭിപ്രായമല്ല മറ്റാരോ മുൻപ് പറഞ്ഞ അഭിപ്രായമാണു താൻ പങ്കുവച്ചതെന്നായിരുന്നു മോഹൻദാസിനായി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാൽ ഇപ്പോൾ ഇക്കാര്യമല്ല പരിശോധിക്കുന്നതെന്നു കോടതി പറഞ്ഞു. കേസിൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. മോഹൻദാസിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന ഹർജിയെ സംസ്ഥാന സർക്കാർ അതിശക്തമായാണ് എതിർത്തത്. വർഗീയ പ്രചാരണങ്ങൾ നടത്തി നാട്ടിൽ സംഘർഷമുണ്ടാക്കാൻ തൽപരകക്ഷികൾ ശ്രമിക്കുകയാണെന്നും ഇതിന് അനുവദിക്കാനാവില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത്തരം വർത്തമാനങ്ങൾ ഉണ്ടാവാൻ പാടില്ലെന്നു കോടതിയും വാക്കാൽ നിരീക്ഷിച്ചു. ഇതേ ആർ.എസ്.എസ്. നേതാവ് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ മദർ തെരേസയെ മോശമായി ചിത്രീകരിച്ച് കൊണ്ട് ആർ. എസ്. എസ്. ചാനലിൽ പ്രോഗ്രാം അവതരിപ്പിച്ചതും ക്രൈസ്തവരുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
Related 11th September 2021 In "Articles"
1st August 2019 In "India"