Categories: Sunday Homilies

Feast of Christ the King_Year A_സർവ്വലോകരാജനായ ക്രിസ്തു

പരസ്നേഹ പ്രവർത്തികൾക്കാണ് ദൈവത്തിന്റെ ന്യായാസനത്തിൽ മുൻതൂക്കം...

ആണ്ടുവട്ടത്തിലെ അവസാന ഞായർ
സർവലോകരാജനായ നമ്മുടെ കർത്താവായ യേശുക്രിസ്തു
ഒന്നാം വായന: എസക്കിയേൽ 34:11-12,15-17
രണ്ടാം വായന: 1കോറിന്തോസ് 15:20-26,28
സുവിശേഷം: വി.മത്തായി 25:31-46.

ദിവ്യബലിക്ക് ആമുഖം

പ്രിയ സഹോദരീ സഹോദരന്മാരെ,
ആരാധനാക്രമവത്സരത്തിലെ അവസാന ഞായറായ ഇന്ന് നാം യേശുവിന്റെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. 1925-ൽ പയസ് പതിനൊന്നാമൻ പാപ്പായുടെ കാലം മുതൽക്കാണ് ഈ തിരുനാൾ സഭയിൽ ആഘോഷിച്ചു തുടങ്ങിയത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അസമാധാനവും, നിരീശ്വരവാദവും, അസ്ഥിരതയും ഈ ലോകത്ത് ശക്തിപ്പെട്ടപ്പോൾ എല്ലാ തിന്മകൾക്കും അതീതമായി യേശു ഈ ലോകത്തെ നയിക്കുമെന്നും, യേശുവാണ് ലോകരാജാവെന്നുമുള്ള സന്ദേശം നൽകാനുമാണ് ഈ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്. ഈ സന്ദേശം ഇന്നും വളരെ പ്രസക്തമാണ്. രാജാവായ യേശു അവസാന നാളിൽ മനുഷ്യരെ എങ്ങനെയാണ് വിധിക്കുന്നതെന്ന്. ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം

ദൈവവചന പ്രഘോഷണകർമ്മം

വി.മത്തായിയുടെ സുവിശേഷമനുസരിച്ച് യേശുവിന്റെ അവസാന പരസ്യ പ്രഭാഷണമാണ് നാമിന്ന് ശ്രവിച്ച “അവസാന വിധി”. നാം കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ പത്ത് കന്യകമാരുടെ ഉപമയിലൂടെയും താലന്തുകളുടെ ഉപമയിലൂടെയും യേശുവിന്റെ രണ്ടാം വരവിന് വേണ്ടി കാത്തിരിക്കുന്നതിനെക്കുറിച്ചും, എപ്രകാരമാണ് കാത്തിരിക്കേണ്ടതെന്നും മനസ്സിലാക്കിയെങ്കിൽ ഇന്നത്തെ സുവിശേഷം സംസാരിക്കുന്നത് ആ രണ്ടാംവരവ് സംഭവിക്കുന്നത് എപ്രകാരമായിരിക്കും എന്നാണ്. ജീവിതത്തിന്റെയും ലോകത്തിന്റെയും അവസാനമായ മരണം, അവസാനവിധി, സ്വർഗ്ഗം, നരകം തുടങ്ങിയ വിഷയങ്ങൾ ഇന്നത്തെ തിരുവചനങ്ങളിൽ കൈകാര്യം ചെയ്യപ്പെടുന്നു. ഇന്നത്തെ സുവിശേഷത്തിന് അടിസ്ഥാനമിടുന്ന രീതിയിൽ രണ്ടാം വായനയിൽ ക്രിസ്തുവിലുള്ള സകല മരിച്ചവരുടെ ഉയിർപ്പിനെക്കുറിച്ചും വി.പൗലോസ് അപ്പോസ്തലൻ പഠിപ്പിച്ചത് നാം ശ്രവിച്ചു. അതുപോലെതന്നെ ഒന്നാം വായനയിൽ എസക്കിയേൽ പ്രവാചകൻ ദൈവത്തെ ഇടയനായി അവതരിപ്പിക്കുകയാണ്. ആടുകളെ നയിക്കുകയും, സംരക്ഷിക്കുകയും, നല്ല മേച്ചിൽ സ്ഥലത്തേക്ക് അവയെ ആനയിക്കുകയും ചെയ്യുക മാത്രമല്ല ആടിനും ആടിനും മധ്യേയും, മുട്ടാടിനും കോലാട്ടിൻ മുട്ടനും മധ്യേയും വിധി നടത്തുന്ന ഇടയനെ കുറിച്ചും നാം ഒന്നാം വായനയിൽ ശ്രവിച്ചു. ഉയർപ്പിനെ കുറിച്ചും, വിധിയെ കുറിച്ചുമുള്ള ഈ തിരുവചനങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് നമുക്കിന്നത്തെ സുവിശേഷത്തെ മനസ്സിലാക്കാം.

ഉപേക്ഷയാലുള്ള പാപം

ഇന്നത്തെ സുവിശേഷത്തിൽ രാജാവിന്റെ വലതുവശത്തും ഇടതുവശത്തുമുള്ളവർ, അവർ ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് ചെയ്ത പ്രവർത്തിയെ കുറിച്ച് ബോധവാന്മാരായിരുന്നില്ല. അതുകൊണ്ടാണ് “ഇതെല്ലാം എപ്പോഴാണ്” സംഭവിച്ചതെന്ന അവർ ചോദിക്കുന്നത്. ഇടതുഭാഗത്തുള്ളവരുടെ പ്രവർത്തികൾ പരിശോധിക്കുമ്പോൾ നമുക്ക് ഒരു കാര്യം മനസ്സിലാകും അവർ എന്തെങ്കിലും തിന്മ ചെയ്തത് കൊണ്ടല്ല, മറിച്ച് അവർ തീർച്ചയായും ചെയ്യേണ്ട നന്മ ചെയ്യാതിരുന്നത് കൊണ്ടാണ് ശിക്ഷയ്ക്ക് അർഹരായി തീരുന്നത്. അവർ ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് ചെയ്യേണ്ട നന്മ ചെയ്യാതിരിക്കുന്നത് നിത്യരക്ഷയ്ക്ക് അർഹമാകുന്ന കാര്യമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ അത് ഗൗരവകരമായ ഒരു പാപമാണെന്ന് ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നു. ദിവ്യബലിയിലെ അനുതാപ കർമ്മത്തിൽ “എന്തെന്നാൽ, വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും, ഉപേക്ഷയാലും ഞാൻ വളരെയേറെ പാപം ചെയ്തു പോയി” എന്ന് പ്രാർത്ഥിക്കുന്നതിലെ ഉപേക്ഷയാലുള്ളപാപം എന്ന് പറയുന്നത് ചെയ്യേണ്ട നന്മ ചെയ്യാതിരിക്കലാണ്.

രണ്ടു രീതിയിലാണ് യേശുവിനെ കണ്ടുമുട്ടുന്നത്

അവസാന വിധിയിൽ യേശുവിന്റെ സന്നിധിയിൽ നിൽക്കുമ്പോൾ വലതുവശത്തുള്ള നന്മ ചെയ്തവരും, ഇടതുവശത്തുള്ളവരും കരുതുന്നത് അവർ യേശുവിനെ ആദ്യമായി കാണുന്നുവെന്നാണ്. എന്നാൽ അവരോട് യേശു പറയുന്നത് അവർ ഭൂമിയിൽ ആയിരുന്നപ്പോൾ സമൂഹത്തിലെ “ഏറ്റവും എളിയ സഹോദരനുമായി” മുഖാഭിമുഖം വന്നപ്പോഴൊക്കെ അവർ യേശുവിനെ കണ്ടു കഴിഞ്ഞു എന്നാണ്. സമൂഹത്തിലെ എളിയ സഹോദരനെ സഹായിച്ചപ്പോഴൊക്കെ നാം യേശുവിനെ തന്നെയാണ് സഹായിച്ചത്. സമൂഹത്തിലെ എളിയ സഹോദരനെ അവഗണിച്ചപ്പോഴൊക്കെ നാം യേശുവിനെ തന്നെയാണ് അവഗണിച്ചത്. യേശുവിനെ കണ്ടുമുട്ടുന്നത് മരണത്തിനുശേഷം അവസാന വിധിയിൽ മാത്രമല്ല, മറിച്ച് നാം ജീവിക്കുമ്പോൾ നമ്മുടെ എളിയ സഹോദരങ്ങളിലാണ്. ഞാൻ ജീവിച്ചിരിക്കുമ്പോൾ ദൈനംദിനജീവിതത്തിൽ എന്റെ സഹോദരങ്ങളോടുള്ള എന്റെ മനോഭാവമാണ് എന്റെ നിത്യരക്ഷ നിർണയിക്കുന്നത്.

താലന്തുകളുടെ ഉപമ പഠിപ്പിച്ചത് സ്വന്തം ജീവിതത്തോടുള്ള ഉത്തരവാദിത്വമാണെങ്കിൽ, ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നത് മറ്റുള്ളവരുടെ ജീവിതത്തോടുള്ള നമ്മുടെ ഉത്തരവാദിത്വമാണ്. പരസ്നേഹമെന്നത് നമ്മുടെ കടമയാണെന്നും, പരസ്നേഹ പ്രവർത്തികൾക്കാണ് ദൈവത്തിന്റെ ന്യായാസനത്തിൽ മുൻതൂക്കമെന്നും യേശു പഠിപ്പിക്കുന്നു. അതോടൊപ്പം ഏത് നന്മ എന്നതിനേക്കാളുപരിയായി, അത് ആർക്ക് ചെയ്യുന്നുവെന്നതാണ് യേശുവിന് പ്രാധാന്യം. അതുകൊണ്ടാണ് യേശു പറയുന്നത്:”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത്.

കാരുണ്യപ്രവർത്തികൾ

ഇന്നത്തെ സുവിശേഷ വചനത്തിന്റെ അടിസ്ഥാനത്തിൽ തിരുസഭ നമ്മെ ഏഴ് ശാരീരികമായ കാരുണ്യപ്രവർത്തികളെ കുറിച്ച് പഠിപ്പിക്കുന്നു. ഇവയെ ശാരീരികമായ കാരുണ്യ പ്രവർത്തികൾ എന്ന് വിളിക്കാൻ കാരണം ഇത് മനുഷ്യ ശരീരവുമായി ബന്ധപ്പെട്ട ആവശ്യങ്ങളെ നിറവേറ്റുന്നതുകൊണ്ടാണ്. ഉദാഹരണമായി ശരീരത്തിന്റെ ആന്തരികമായ ആവശ്യങ്ങൾ (ആഹാരം, ജലം) ബാഹ്യമായ ആവശ്യങ്ങൾ (വസ്ത്രം, പാർപ്പിടം) ശാരീരികമായ സഹനങ്ങൾ (രോഗം, മരണം).

ഏഴ് ശാരീരികമായ കാരുണ്യപ്രവർത്തികൾ

1) വിശക്കുന്നവന് ആഹാരം നൽകുന്നത്
2) ദാഹിക്കുന്നവന് കുടിക്കാൻ നൽകുന്നത്
3) വസ്ത്രമില്ലാത്തവർക്ക് വസ്ത്രം നൽകുന്നത്
4) പരദേശികളെ സ്വീകരിക്കുന്നത്
5) രോഗികളെ ശുശ്രൂഷിക്കുന്നത്.
6) കാരാഗൃഹ വാസികളെ സന്ദർശിക്കുന്നത്
7) മൃതരെ സംസ്കരിക്കുന്നത്
(ഇത് പഴയനിയമത്തിലെ തോബിത്തിന്റെ പുസ്തകം അടിസ്ഥാനമാക്കിയുള്ളതാണ്. തോബിത് 1:17,12:12).

ഇന്നത്തെ സുവിശേഷത്തിന് സഭാപിതാവായ ഒറിജിൻ നൽകിയ വ്യാഖ്യാനത്തെ ആധാരമാക്കി പിൽക്കാലത്ത് സഭയിൽ ആത്മീയമായ കാരുണ്യപ്രവർത്തികൾ നിലവിൽവന്നു.

ഏഴ് ആത്മീയമായ കാരുണ്യപ്രവർത്തികൾ

1) സംശയം ഉള്ളവരുടെ സംശയം തീർക്കുന്നത്
2) അറിവില്ലാത്തവരെ പഠിപ്പിക്കുന്നത്
3) തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നത്
4) ദുഃഖിതരേ ആശ്വസിപ്പിക്കുന്നത്
5) ഉപദ്രവങ്ങൾ ക്ഷമിക്കുന്നത്
6) അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നത്
7) ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത്.

ഉപസംഹാരം

ക്രിസ്തുരാജന്റെ തിരുനാളിൽ നാം ശ്രവിച്ച തിരുവചനങ്ങൾ ഉപേക്ഷ കൂടാതെ എളിയ സഹോദരരിൽ യേശുവിനെ കണ്ടുകൊണ്ട് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നു. സുവിശേഷത്തെ അടിസ്ഥാനമാക്കിയുള്ള ശാരീരിക-ആത്മീയ കാരുണ്യപ്രവർത്തികൾ നമ്മുടെ സമൂഹത്തിലും ഇടവകയിലും എത്രമാത്രം ആവശ്യമാണെന്ന കാര്യത്തെക്കുറിച്ച് നമുക്ക് ബോധമുള്ളവരാകാം, അവ പ്രാവർത്തികമാക്കാം.

ആമേൻ.

നന്ദി:

പ്രിയ സുഹൃത്തുക്കളെ, 2017- ആഗമനകാലത്തിൽ ഞാൻ ആരംഭിച്ച പ്രസംഗ പരമ്പര ഇന്നിവിടെ പൂർണ്ണമാവുകയാണ്. 2017-മുതൽ 2020-വരെ മുടക്കമില്ലാതെ നിങ്ങളോട് തിരുവചനം പങ്കുവെയ്ക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്. ദൈവത്തിന് നന്ദി പറയുന്നു. അതോടൊപ്പം, എന്റെ വായനക്കാരായ എല്ലാ വൈദീകർക്കും, സന്യസ്തർക്കും, അൽമായർക്കും കൃതജ്ഞത അർപ്പിക്കുന്നു. നിങ്ങൾ തന്ന സ്നേഹത്തിനും, സഹകരണത്തിനും ഹൃദയംനിറഞ്ഞ നന്ദി.

ഓരോ ആഴ്ചയും കൈയ്യെഴുത്തുപ്രതിയായി ഞാൻ നൽകുന്ന പ്രസംഗത്തെ ലോകം മുഴുവനുമുള്ള മലയാളി വൈദീകർക്ക് ഉപയോഗിക്കത്തക്ക രീതിയിൽ ഓൺലൈനിൽ ലഭ്യമാക്കുന്നതിന് വേണ്ടി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കാത്തലിക് വോക്സിന്റെ അണിയറ പ്രവർത്തകരെ നന്ദിപൂർവ്വം ഓർമ്മിക്കുന്നു. എല്ലാറ്റിനുമുപരി, എനിക്ക് നിരന്തരമായ പ്രോത്സാഹനം നൽകുകയും, സഹായിക്കുകയും, എന്റെ പ്രസംഗങ്ങളെ തന്റെ ശബ്ദത്തിലൂടെ വത്തിക്കാൻ റേഡിയോ മലയാളവിഭാഗം വഴി ലോകം മുഴുവൻ എത്തിക്കുന്ന കാത്തലിക് വോക്സിന്റെ ചീഫ് എഡിറ്റർ ജസ്റ്റിൻ അച്ചനോട് ഞാൻ കൃതാർത്ഥനാണ്.

എല്ലാവർക്കും നന്ദി,
സ്നേഹത്തോടെ
ഫാ.സന്തോഷ് രാജൻ, നെയ്യാറ്റിൻകര രൂപത.

ജർമ്മനിയിലെ ഇടവക-അദ്ധ്യാപക ജീവിതത്തിരക്കിനിടയിലും കാത്തലിക് വോക്‌സിനുവേണ്ടി ആരാധനാക്രമ വത്സരത്തിലെ A, B, C കാലയളവുകളിൽ കൃത്യതയോടെ, എല്ലാവർക്കും ഹൃദ്യമായ രീതിയിൽ, വ്യക്തതയോടെ തിരുവചനം പങ്കുവെച്ചതിന് സന്തോഷ് രാജനച്ചന് കാത്തലിക് വോക്‌സ് ടീമിന്റെ ആത്മാർത്ഥമായ നന്ദി…

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago