Categories: Meditation

Baptism of the Lord_2025_നീ എന്റെ പ്രിയപുത്രൻ (ലൂക്കാ 3: 15-16, 21-22)

അർഹതയില്ലാത്ത സ്നേഹത്തിന്റെ ആദ്യാനുഭവമാണ് ജ്ഞാനസ്നാനം...

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ

പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും വളർന്നു വലിയൊരു മനുഷ്യനായി മാറിയിരിക്കുന്നു. ഇതാ, അവൻ പരസ്യജീവിതം ആരംഭിക്കുന്നു. ജോർദാനിലെ ജ്ഞാനസ്നാനം: അത്ഭുതങ്ങളും വലിയ രോഗശാന്തിയും ഒന്നുമില്ലാതെ പാപികളോടൊപ്പം ഇഴുകിച്ചേരുന്ന ദൈവപുത്രന്റെ ചിത്രം വരച്ചു കാണിക്കുന്നു. മനുഷ്യപുത്രൻ പരസ്യജീവിതം ആരംഭിക്കുന്നത് ദേവാലയത്തിൽ നിന്നല്ല, ജോർദാനിൽ സ്നാനമേൽക്കാൻ നിൽക്കുന്ന സാധാരണ മനുഷ്യരുടെ ഇടയിൽനിന്നാണ്. ഇങ്ങനെയാണ് ദൈവം അത്ഭുതമാകുന്നത്. വ്യത്യസ്തമാണ് ഈ പാത. നാളെ ഇത് അവന് അപമാനമായി മാറും. കാരണം, ഈ വഴി കാൽവരിയിലേക്കുള്ളതാണ്. അവിടെവച്ച് രണ്ടു പാപികളുടെയിടയിൽ അവനും ക്രൂശിക്കപ്പെടും.

യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ച യേശു ആരെയും സ്നാനപ്പെടുത്തിയിട്ടില്ല എന്നാണ് സുവിശേഷകർ പറയുന്നത് (യോഹ 4 :2). സ്നാനത്തെ സഹനമായി ചേർത്തു വായിച്ചു ക്ഷമയായി വ്യാഖ്യാനിച്ചവനാണ് അവൻ. അതുകൊണ്ടുതന്നെ ജോർദാനിലെ സംഭവത്തിന് ആഴമായ ദൈവശാസ്ത്ര അർത്ഥതലങ്ങളുണ്ട്. അതിൽ ശ്രവണവും ആർദ്രതയും മൈത്രിയുമുണ്ട്.

പാപമോചനവും മാനസാന്തരവുമാണ് സ്നാപകൻ പ്രഘോഷിക്കുന്നതെങ്കിലും വരികളിൽ നിറഞ്ഞുനിൽക്കുന്ന ദൈവസങ്കല്പം ഭയമാണ്. ആത്മീയതയിലെ ധാർമികതയെ ഭയത്തോടു ചേർത്തുനിറുത്തിയാണ് സ്നാപകൻ ഭക്തിയെ സൃഷ്ടിക്കുന്നത്. മറിച്ച് ഭയമല്ല, സ്നേഹമാണ് ദൈവം എന്ന പുതിയ ജ്ഞാനസ്നാനത്തിലേക്കാണ് യേശു മുങ്ങുന്നത്. അതുകൊണ്ടാണ് സ്നേഹ പ്രകടനത്തിന്റെ ഒരു ഉജ്ജ്വല നാദം സ്വർഗ്ഗത്തിൽ നിന്നും പുറപ്പെട്ടു എന്ന് സുവിശേഷകന്മാർ സാക്ഷ്യപ്പെടുത്തുന്നത്. ത്യാഗവും തപസ്സും മാത്രമല്ല സ്നേഹം. അത് ശ്രവണവും കൂടിയാണ്. ആർദ്രതയുടെ ആദ്യപടിയാണ് ശ്രവണം.

സ്നാപകന്റെ വഴിയല്ല യേശുവിന്റെ വഴി. സ്നാപകൻ പ്രഘോഷിച്ച ദൈവസങ്കല്പവുമല്ല യേശുവിന്റേത്. യേശുവിന്റെ ദൈവം ഭയമല്ല, സ്നേഹമാണ്. താൻ സ്പർശിച്ച, ജീവിച്ച, അനുഭവിച്ച, ആ സ്നേഹത്തെ അവൻ പകർന്നു നൽകും. അത് തണുപ്പല്ല, ചൂടാണ്. അതും സ്നാനമാണ്; അഗ്നിസ്നാനം. ആ സ്നാനം ഒരു കണ്ടുമുട്ടലാണ്; ദൈവവുമായുള്ള കണ്ടുമുട്ടൽ. അത് പ്രണയത്തിലാകുമ്പോഴുള്ളതുപോലെ നമ്മിലും, നമ്മുടെ ഹൃദയത്തിലും, നമ്മുടെ ആന്തരിക അവയവങ്ങളിലും പ്രവേശിക്കുന്ന ഒരു കത്തിപ്പടരലാണ്.

അവൻ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു എന്നാണ് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നത്. ഇതാ, സ്വർഗം നമ്മുടെ അടുത്ത്. അത് അപ്രാപ്യമല്ല. ആ സ്വർഗം ഇതാ യേശുവിനെക്കുറിച്ച് വലിയൊരു രഹസ്യം വെളിപ്പെടുത്തുന്നു: “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” അതെ, ജ്ഞാനസ്നാനം സ്നേഹിക്കപ്പെടലിന്റെ മൂർത്തമായ അനുഭവമാണ്. സ്നേഹം ശക്തിയാണ്. സ്നേഹിക്കപ്പെടുമ്പോൾ നമ്മളും ശക്തരാകും. ദൈവത്താൽ സ്നേഹിക്കപ്പെടുമ്പോൾ നമ്മുടെ ശക്തി അവർണനീയമായിരിക്കും. അതുകൊണ്ടാണ് സ്നാനം സ്വീകരിച്ചവനെ പിശാചിന് സ്വന്തമാക്കാൻ സാധിക്കില്ല എന്ന് പറയുന്നത്.

ലൂക്കായുടെ സുവിശേഷത്തിൽ ദൈവം രണ്ടുതവണ മാത്രമേ സംസാരിക്കുന്നുള്ളൂ: ഇവിടെയും രൂപാന്തരീകരണത്തിലും. തന്റെ പുത്രൻ വെള്ളത്തിലും വെളിച്ചത്തിലും മുങ്ങിനിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് പിതാവ് സാക്ഷ്യമായി ഇറങ്ങിവരുന്നത്. സഹനത്തിന്റെ ഒരു കൂടൊരുക്കൽ അവിടെയുണ്ട്. എങ്കിലും പുത്രൻ ഒറ്റയ്ക്കായിരിക്കില്ല എന്ന സന്ദേശമാണ് സ്വർഗ്ഗം ഏറ്റുപറയുന്നത്. ഇവൻ എന്റെ പ്രിയ പുത്രൻ എന്നാണ് പിതാവ് പറയുന്നത്. നമ്മുടെ ജ്ഞാനസ്നാന ദിനത്തിലും ഇതേ വാക്കുകൾ പ്രതിധ്വനിക്കുന്നുണ്ട്. ദൈവത്തിനു മാത്രമേ “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” എന്ന ഉറപ്പ് നമുക്ക് നൽകാൻ കഴിയുക. യേശുവിന് ഈ ഉറപ്പ് വ്യക്തമായി ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവൻ പറയുന്നത്: “അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ” (യോഹ 17 : 23).

ബൈബിളിൽ “പുത്രൻ” എന്നത് ഒരു സാങ്കേതിക പദമാണ്: പിതാവിനോട് സാമ്യമുള്ളവൻ, അതേ പ്രവൃത്തികൾ ചെയ്യുന്നവൻ, ആയുസ്സ് വർദ്ധിപ്പിക്കുന്നവൻ. “ദൈവപുത്രൻ” എന്ന പ്രയോഗം ചലനാത്മകമായ ഒരു രൂപകമല്ല, മറിച്ച് ഒരു യഥാർത്ഥ അവസ്ഥയാണ്, ഒരു വർത്തമാനകാല യാഥാർത്ഥ്യമാണ്. പുതിയ നിയമം പഠിപ്പിക്കുന്നു, ക്രിസ്തുവിൽ നമ്മളും ദൈവമക്കളാണ്. “തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി” (യോഹ 1 : 12). ഭൂമിയിലെ നമ്മുടെ ജീവിതം ത്രിത്വൈക ജീവിതത്തിന്റെ ഒരു വിപുലീകരണമാണ്. ദൈവത്തിന് നമ്മളെല്ലാവരും കുഞ്ഞുങ്ങളാണ്. ഓരോ മാതാപിതാക്കളും ഓരോ കുഞ്ഞിനെയും വ്യക്തിപരമായി സ്നേഹിക്കുന്നതുപോലെ, ദൈവം നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി സ്നേഹിക്കുന്നു.

ദൈവസ്നേഹത്തിന്റെ കരുതലാണ് ജ്ഞാനസ്നാനത്തിന്റെ ദൈവശാസ്ത്രം. എല്ലാ ധാർമിക-സദാചാര ചിന്തകൾക്കും മുകളിൽ നമ്മെ വ്യക്തിപരമായി സ്നേഹിക്കുന്ന ദൈവം. നമ്മൾ കൽപ്പനകൾ പാലിക്കുന്നതിനു മുമ്പേ, ഏതെങ്കിലും യോഗ്യതയ്ക്ക് മുമ്പേ, നമ്മെ സ്നേഹിക്കുന്ന ദൈവം. അർഹതയില്ലാത്ത സ്നേഹത്തിന്റെ ആദ്യാനുഭവമാണ് ജ്ഞാനസ്നാനം. അപ്രതിരോധാത്മകമാണ് ആ സ്നേഹം. നമ്മുടെ ഓരോരുത്തരുടെയും ജ്ഞാനസ്നാനത്തിന്റെ അർത്ഥം ഇതാണ്: ജീവിതത്തിൽ നമ്മൾ എങ്ങനെ പെരുമാറിയാലും, നമ്മൾ എപ്പോഴും ദൈവത്തിന്റെ കുഞ്ഞായിരിക്കും. നമ്മെ ഭ്രാന്തമായി, നിരുപാധികമായി സ്നേഹിക്കുന്ന ഒരു ദൈവം നമ്മുടെ കൂടെയുണ്ട്. നാം നല്ലവരും ദയയുള്ളവരുമായതുകൊണ്ടല്ല ദൈവം നമ്മെ സ്നേഹിക്കുന്നത്, മറിച്ച് അവൻ നമ്മെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ നല്ലവരും ദയയുള്ളവരുമാകുന്നത്.

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago