Categories: Meditation

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ഒരു വിപ്ലവമല്ല യോഹന്നാൻ നിർദ്ദേശിക്കുന്നത്. സ്വത്വത്തിലുള്ള സമൂലമായ മാറ്റമാണ്...

ആഗമനകാലം മൂന്നാം ഞായർ

“ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട ചോദ്യമാണിത്. പല മാനസാന്തരകഥകളിലും ലൂക്കാ ഈ വാചകം ആവർത്തിക്കുന്നുണ്ട്: പെന്തക്കോസ്‌താ നാളിലെ ജനക്കൂട്ടം (അപ്പ 2:37), ദമാസ്കസ് വഴിയിലെ സാവൂൾ (അപ്പ 9:6), ഫിലിപ്പിയിലെ പാറാവുകാർ ( അപ്പ 16:30)… തുടങ്ങിയവരിൽ എന്താണു ചെയ്യേണ്ടത് എന്ന ചോദ്യവും നിർദ്ദേശവും ഉണ്ട്. ജീവിതത്തിലെ അനിശ്ചിതത്വത്തിനു മുമ്പിൽ നമ്മളും ചോദിക്കുന്ന ചോദ്യമാണിത്: “ഞാൻ എന്താണു ചെയ്യേണ്ടത്?” “എന്റെ പ്രശ്‌നത്തിന് ഒരു പരിഹാരം തരൂ?” സ്നാപകൻ ഒരു പരിഹാരവും നൽകുന്നില്ല. മറിച്ച് നമ്മുടെ ജീവിതത്തിലേക്ക് നോക്കാൻ ക്ഷണിക്കുന്നു. നമ്മൾ ആരാണ്, നമ്മുടെയുള്ളിൽ എന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും നമുക്കുള്ള ഉത്തരവും.

ലളിതമാണ് സ്നാപകൻ നൽകുന്ന പരിഹാരങ്ങൾ. ജനക്കൂട്ടത്തോട് ഭക്ഷണവും വസ്ത്രവും പങ്കിടാനാണ് പറയുന്നത്. ചുങ്കകാരോട് നികുതികൾ ന്യായമായി കണക്കാക്കാനും പടയാളികളോട് ഹിംസയുടെ പാത സ്വീകരിക്കരുതെന്നുമാണ്. മാറ്റം അസാധ്യമാണെന്ന് കരുതരുത്. നമ്മൾ എന്തായിരിക്കുന്നുവോ ആ അവസ്ഥയിൽ നന്മകളെ സ്വാംശീകരിക്കാൻ സാധിക്കും. ഒരു വിപ്ലവമല്ല യോഹന്നാൻ നിർദ്ദേശിക്കുന്നത്. സ്വത്വത്തിലുള്ള സമൂലമായ മാറ്റമാണ്. ദിനചര്യയിലുള്ള മാറ്റത്തിലൂടെ ആന്തരികതയിൽ മാറ്റം വരുത്താൻ സാധിക്കും. അതിനു നമ്മുടെ ഉള്ളിൽ സ്നേഹം ഉണരണം. സ്നേഹത്തിനു മാത്രമേ നമ്മെ മാറ്റാൻ പറ്റൂ. പ്രണയത്തിന് മാത്രമേ ജീവിതത്തിൻ്റെ ചാരനിറത്തിലുള്ള ഏകതാനതയെ പുതിയ സാധ്യതകളാക്കി മാറ്റാൻ കഴിയൂ.

സ്നാപകൻ നിർദ്ദേശിക്കുന്നത് ബലികളും ഹോമയാഗങ്ങളും ഒന്നുമല്ല. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഷ അവനിൽ ഇല്ല. മനുഷ്യത്വം ആണ് അവൻ ആവശ്യപ്പെടുന്നത്. ശൂന്യവും അർത്ഥരഹിതവുമായ ആത്മീയതകളിൽ നിന്നും നമ്മൾ പുറത്തേക്ക് വരേണ്ടിയിരിക്കുന്നു. കാരണം മനുഷ്യരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഉപവിപ്രവൃത്തികൾക്കു മാത്രമേ ഇനി നിലനിൽപ്പുള്ളൂ. സ്നേഹിക്കുക എന്നത് മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ്. കൽപ്പനകളുടെ ആചരണമല്ല നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്, സ്നേഹമാണ്. നമ്മുടെ ആരാധനക്രമങ്ങൾ, നൊവേനകൾ, ഭക്തിനിർഭരമായ അഭ്യാസങ്ങൾ… തുടങ്ങിയവ ഈ സ്നേഹത്തിലേക്കുള്ള മാർഗ്ഗങ്ങൾ മാത്രമാണ്, ലക്ഷ്യങ്ങൾ അല്ല. സ്നേഹമില്ലാത്ത പ്രാർത്ഥനകൾ ആത്മാവില്ലാത്ത ശരീരം പോലെയാണ്. അവ ഭയം മാത്രമേ പകർന്നു നൽകൂ.

ആർത്തിയുടെ പര്യായമായിരുന്ന ചുങ്കക്കാരോട് സത്യസന്ധതയാണ് സ്നാപകൻ ആവശ്യപ്പെടുന്നത്. ആർത്തി തന്നെയാണ് എല്ലാ അഴിമതികളുടെയും മൂലകാരണം. ആത്മീയതയുടെ പേരിൽ തൊഴിൽ ഉപേക്ഷിക്കാൻ അവൻ ആവശ്യപ്പെടുന്നില്ല, മറിച്ച് നീതിയിൽ ജീവിക്കാനാണ്. ചെറിയ കാര്യങ്ങളിലെ സത്യസന്ധത മതി വലിയ മാറ്റങ്ങൾ സമൂഹത്തിലുണ്ടാകാൻ.

അധികാരത്തിൽ അഹങ്കാരവും ഹിംസയും കടന്നുവരരുതെന്നാണ് പടയാളികളോട് സ്നാപകൻ പറയുന്നത്. ആരോടും കൂറുമാറാൻ അവൻ ആവശ്യപ്പെടുന്നില്ല, കാരണം അവർക്ക് നിയമവും ക്രമവും ഉറപ്പുവരുത്താനുള്ള ചുമതലയുണ്ട്. അക്രമം ഉപേക്ഷിക്കാനും ആരോടും മോശമായി പെരുമാറരുതെന്നും മാത്രമാണ് അവൻ ആവശ്യപ്പെടുന്നത്.

യോഹന്നാന്റെ തത്വം ലളിതമാണ്: മനുഷ്യത്വമാണ് വലുത്. ചെറിയ പ്രവൃത്തികളിൽ നിന്നേ നമ്മിൽ പരിവർത്തനം ഉണ്ടാകു. വീരോചിതമായ കാര്യങ്ങൾ സ്വപ്നം കാണുന്നതിനേക്കാൾ അസാധാരണമായ സ്നേഹത്തോടെ ദൈനംദിന ജീവിതം നയിക്കുന്നതാണ് വിശുദ്ധി. സത്യസന്ധരായിരിക്കുക, അമിതാധികാരം പ്രദർശിപ്പിക്കാതിരിക്കുക, പരസ്പരം പങ്കുവയ്ക്കുക തുടങ്ങിയവയാണ് വിശുദ്ധിയിലേക്കുള്ള പാതയുടെ തുടക്കം.

“പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവന്‍ തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി” (ലൂക്കാ 3 : 15). യോഹന്നാന് വേണമെങ്കിൽ താൻ മിശിഹാ ആണെന്നു പറയാമായിരുന്നു. അവർ അവനെ വിശ്വസിക്കുമായിരുന്നു. പക്ഷേ താൻ എല്ലാം ശുദ്ധീകരിക്കുന്ന തീയല്ല, ജലമാണെന്ന് അവൻ പ്രഖ്യാപിക്കുന്നു. ക്രിസ്തു അഗ്നിയും. യഥാർത്ഥ സ്നാനം തീയാണ്, കാരണം അത് ജീവിതത്തെ ചൂടാക്കുകയും അഭിനിവേശം നൽകുകയും ചെയ്യുന്നു. നമ്മുടെ ഉള്ളിൽ വസിക്കുന്ന ശക്തിയെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന സ്നാനം! പുനരുത്ഥാനത്തിന്റെ തീപ്പൊരി. ജലത്തിലാണ് നമ്മൾ ജനിച്ചത്, പക്ഷേ തീയിൽ മാത്രമേ നമ്മൾ വളരുകയുള്ളൂ, ആ അഗ്നിക്ക് ഒരു പേരുണ്ട്: നസ്രത്തിലെ യേശു.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago