Categories: Sunday Homilies

ആഗമനകാലം മൂന്നാം ഞായർ വിചിന്തനം:- “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” (ലൂക്കാ 3:10 -18)

ആഗമന കാലത്തിലെ മൂന്നാം ഞായർ

ആഗമന കാലത്തിലെ മൂന്നാം ഞായർ

ആരാധനക്രമമനുസരിച്ച് ആഗമന കാലത്തിലെ മൂന്നാം ഞായർ അറിയപ്പെടുന്നത് ആനന്ദഞായർ എന്നാണ്. കാത്തിരിപ്പിന്റെ നാളുകളാണിത്. ആ കാത്തിരിപ്പിന് വിഷാദത്തിന്റെ വർണ്ണങ്ങളുണ്ടാകരുത്. നമ്മുടെ ജീവിതത്തിലേക്ക് വരുന്നവൻ രാജാവാണ്, രക്ഷകനാണ് ദൈവമാണെന്നാണ് സെഫാനിയ പ്രവാചകൻ പറയുന്നത്. ഇനി ഉള്ളിൽ നിറയേണ്ടത് ഭയമല്ല; ആനന്ദമാകണം, ആഹ്ലാദമാകണം. കാരണം, സന്തുഷ്ടനായ ഒരു ദൈവമാണ് പ്രത്യക്ഷപ്പെടുന്നത്. അവൻ വരുന്നത് സ്നേഹത്തിൽ നിന്നെ പുനഃപ്രതിഷ്‌ഠിക്കുന്നതിനു വേണ്ടിയാണ്
(Cf. സെഫാ 3 : 14-18).

മനുഷ്യ മക്കളോടൊപ്പമായിരിക്കുന്നതിലാണ് ദൈവം സന്തോഷം കണ്ടെത്തുന്നത്. അതുകൊണ്ടാണല്ലോ അവൻ ഇമ്മാനുവൽ എന്നറിയപ്പെടുന്നത്. നമ്മോടൊപ്പമായിരിക്കുന്ന ദൈവം ഭയം വിതരണം ചെയ്യുന്നവനല്ല. നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി നിറയ്ക്കാനും, ഹൃദയ സ്പന്ദനങ്ങൾക്ക് താളം ഇടാനും, സ്വപ്നങ്ങൾക്ക് നിറങ്ങൾ പകരാനുമാണ് വരുന്നത്. ആക്രോശിക്കുന്ന ഒരു ദൈവത്തെ വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക്  കാണാൻ സാധിക്കില്ല. തന്റെ ജനതയോട് ആജ്ഞയുടെയോ ഭീഷണിയുടെയോ ഭാഷ ഉപയോഗിക്കുന്നുമില്ല അവൻ. പക്ഷെ, സ്നേഹത്തെപ്രതി വിലപിക്കുന്ന ദൈവത്തിന്റെ ചിത്രം പ്രവാചകന്മാർ വരച്ചു കാണിക്കുന്നുണ്ട്.

ദൈവം സ്നേഹമാണെന്ന് പഠിപ്പിച്ചത് വിശുദ്ധഗ്രന്ഥം മാത്രമാണ്. പ്രവാചകരിലൂടെ ദൈവത്തിന് ലഭിച്ചത് പ്രണയിതാവിന്റെ മുഖമാണ്. അവർ പ്രഘോഷിച്ചത് മുഴുവനും ആ സ്നേഹത്തിൽ ഒട്ടി നിൽക്കാൻ മാത്രമാണ്. സ്നാപക യോഹന്നാനും അതേ ചിന്ത തന്നെയാണ് പകർന്നു നൽകുന്നത്. മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാൻ അവൻ മുന്നിലേക്ക് വയ്ക്കുന്ന നിർദ്ദേശങ്ങൾ സ്നേഹത്തിന്റെ പ്രായോഗികതലങ്ങളാണ്. ചില ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണ് സ്നാപകൻ അവയെ അവതരിപ്പിക്കുന്നത്.

“ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ചോദ്യം ജനക്കൂട്ടത്തിന്റെ താണ്. അടിച്ചമർത്തലിന്റെയും കഷ്ടതയുടെയും ഒരു പ്രതീകമാണ് ഈ ജനക്കൂട്ടം. ഉത്തരം വളരെ ലളിതമാണ്: “രണ്ടുടുപ്പുള്ളവന്‍ ഒന്ന്‌ ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്‌ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ” (v.11). ഒട്ടകരോമം കൊണ്ട് നഗ്നത മറയ്ക്കുകയും വെട്ടുക്കിളിയേയും കാട്ടുതേനിനേയും ഭക്ഷണമാക്കിയവനാണ് പറയുന്നത് വസ്ത്രവും ഭക്ഷണവും പങ്കുവയ്ക്കുവാൻ. യോഹന്നാൻ പ്രഘോഷിക്കുന്നത് നൽകലിന്റെ സുവിശേഷമാണ്. ഇതിനേക്കാൾ മനോഹരമായ ഒരു പര്യായം സ്നേഹത്തിന് വേറെയില്ല. സ്നേഹമുണ്ടെങ്കിലെ നൽകാൻ സാധിക്കു, നൽകലുണ്ടെങ്കിലെ സ്നേഹിക്കാനും സാധിക്കു.

“ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ഇപ്പോൾ ചോദിക്കുന്നത് ചുങ്കക്കാരും പടയാളികളുമാണ്. ജനങ്ങളുടെ മേൽ അധികാരമുള്ള ഒരു ചെറു കൂട്ടം. ഇവിടെയും ഉത്തരം ജീവിതഗന്ധിയാണ്. സ്നേഹമെന്നത് സാഹോദര്യമാണ്. സാഹോദര്യത്തിൽ അപഹരണമോ കുറ്റാരോപണമോ ധനത്തോടുള്ള ആർത്തിയോ ഉണ്ടാവുകയില്ല. മാനുഷികതയെ ഹൃദയത്തിൽ ചേർത്തു പിടിക്കാനാണ് സ്നാപകൻ ആഹ്വാനം ചെയ്യുന്നത്. സാഹോദര്യത്തിന്റെ ഒരു ലോകം നെയ്തെയെടുക്കാനും നീതിസൂര്യൻ എന്നും പ്രശോഭിക്കുന്ന ഒരു ദേശം കെട്ടിപ്പടുക്കാനും അധികാരികളിൽ നിറയേണ്ടത് സ്നാപകൻ വിഭാവനം ചെയ്യുന്ന മാനവികതയാണ്.

സഹജഭയമില്ലാത്ത ഒരു ലോകം; അതാണ് സ്നാപകൻ സ്വപ്നം കാണുന്ന ദൈവരാജ്യം. ആരെയും ചതിക്കാതെയും പറ്റിക്കാതെയും പരസ്പരം ബഹുമാനിച്ചു ജീവിക്കാൻ സാധിക്കുന്ന ഒരു ധാർമികത. അത് സ്നേഹമുള്ളിടത്ത് മാത്രം പൂവിടുന്ന നന്മയാണ്. സ്നേഹത്തിനു മാത്രമേ നമ്മുടെ ഉള്ളിൽ നിന്നും ഭയത്തിനെ മായ്ച്ചുകളയാൻ സാധിക്കു. സ്നേഹം എല്ലാം പുനഃപ്രതിഷ്‌ഠിക്കുമെന്ന് സെഫാനിയ പ്രവാചകൻ പറയുന്നുണ്ട്. സ്നേഹത്തിന്റെ വിപരീതമാണ് ഭയം. അത് എല്ലാം തളർത്തുകയും അപഹരിക്കുകയും ചെയ്യും. ആർത്തിയും അതൃപ്തിയും അപഹരണവുമെല്ലാം അനിർവചനീയമായ ഏതോ ഭയത്തിൽ നിന്നും പുറപ്പെടുന്ന തിന്മകളാണ്. അത് സഹജരെ ശത്രുവായി കാണാൻ പ്രേരിപ്പിക്കും.

ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഇനി ചോദിക്കേണ്ടത് നമ്മളാണ്. “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ഉത്തരം ഒന്നേയുള്ളൂ. സഹജഭയത്തിന്റെ സുവിശേഷം പ്രഘോഷിക്കാതിരിക്കുക. പരസ്പരം സ്നേഹിച്ച് സ്വർഗ്ഗനിശ്വാസം ഭൂമിയിൽ പരത്തുക. കാരണം, നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവൻ സ്നേഹത്തിന്റെ മൂർത്തീഭാവമാണ്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago