Categories: Sunday Homilies

28th Sunday_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ശാരീരിക സുഖം വർദ്ധിക്കുന്നതനുസരിച്ച് ദൈവവുമായും മനുഷ്യരുമായും അകലം പാലിക്കുന്നവർ വർദ്ധിച്ചുകൊണ്ടിരിക്കുന്നു...

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ

പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ. ഒരു കുഞ്ഞിനെപ്പോലും തഴുകാൻ ഭാഗ്യമില്ലാത്തവർ. ശബ്ദമായി മാത്രം ചുരുങ്ങിയവർ. അവര്‍ സ്വരമുയര്‍ത്തി പ്രാർത്ഥിക്കുന്നു: “യേശുവേ, നായകാ, ഞങ്ങളില്‍ കനിയണമേ” (v.13).

അവൻ അവരെ കണ്ടപ്പോൾത്തന്നെ പറഞ്ഞു: “പോയി നിങ്ങളെത്തന്നെ പുരോഹിതന്‍മാര്‍ക്കു കാണിച്ചു കൊടുക്കുവിന്‍” (v.14). അത്രയേയുള്ളൂ. ഒറ്റ വാചകം മാത്രം; “പോകുക”. വേറെയൊന്നും അവൻ ചോദിക്കുന്നുമില്ല, പറയുന്നുമില്ല. അവർ പോകുന്നു. പോകുംവഴി സുഖം പ്രാപിക്കുന്നു. ഇങ്ങനെയാണ് സ്വർഗ്ഗം നമ്മുടെ ജീവിതത്തിലും ഇടപെടുക. ഒരു വിത്ത് മുളയ്ക്കുന്നത് പോലെ, ഒരു പ്രവചനം യാഥാർത്ഥ്യമാകുന്നത് പോലെ, നിശബ്ദമായി അത് നമ്മിൽ സംഭവിക്കുന്നു. വിശ്വസിക്കുന്നവർ മാത്രം അത് തിരിച്ചറിയുന്നു.

“പോകുംവഴി അവർ സുഖം പ്രാപിച്ചു.” വിലക്കപ്പെട്ട വഴിത്താരയിലൂടെയാണ് അവർ സഞ്ചരിച്ചത്. കാരണം, അത് പുരോഹിതരുടെ ഭവനത്തിലേക്കുള്ള പാതയാണ്, കുഷ്ഠരോഗികൾക്ക് നിഷിദ്ധമായ പന്ഥാവ്. കുഷ്ഠരോഗത്തിന്റെ വ്രണങ്ങൾ അവരുടെ ശരീരത്തിൽ ഇപ്പോഴുമുണ്ട്. പക്ഷേ അതിനേക്കാൾ വലുതാണ് അവരുടെ ഉള്ളിലെ പ്രത്യാശ. അതെ, വ്രണങ്ങളെക്കാളും ഭയത്തേക്കാളും വലുതാണ് പ്രത്യാശ.

പത്തുപേരും പുറപ്പെടുന്നു. എല്ലാവർക്കും യേശുവിന്റെ വചനത്തിൽ വിശ്വാസമുണ്ട്. എല്ലാവരും യാത്രാമധ്യേ സുഖം പ്രാപിക്കുകയും ചെയ്യുന്നു. പക്ഷെ സൗഖ്യം പ്രാപിച്ചവരിൽ ഒരാൾ മാത്രം രക്ഷിക്കപ്പെട്ടവനായി തിരികെപോകുന്നു. അവനിലേക്ക് മടങ്ങിവന്ന ആ ഒരേയൊരാൾ മാത്രം. അവനോടാണ് യേശു പറയുന്നത്; “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (v.19).

സുവിശേഷം മുഴുവൻ സൗഖ്യം പ്രാപിച്ചവരാണ്. അവർ യേശുവിന്റെ വാക്കുകേട്ട് യാത്രയിലാണ്. എന്നിട്ടും അവരിൽ എത്ര പേർ രക്ഷ പ്രാപിച്ചു? ശാരീരിക സുഖം വർദ്ധിക്കുന്നതനുസരിച്ച് ദൈവവുമായും മനുഷ്യരുമായും അകലം പാലിക്കുന്നവർ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

തിരിച്ചുവരാതിരുന്ന ആ ഒമ്പതുപേർക്കും വേണ്ടിയിരുന്നത് സൗഖ്യം മാത്രമായിരുന്നു. അവർ മടങ്ങിവരാതിരുന്നത് അവരിൽ സംഭവിച്ച അത്ഭുതത്തിന്റെ വശീകരണത്തിൽ പെട്ടുപോയതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ, അവർക്ക് തിരികെ കിട്ടിയ ആലിംഗനങ്ങളിൽ സ്വയം മറന്നതു കൊണ്ടായിരിക്കാം. ദൈവം അവരുടെ സന്തോഷത്തിൽ പരിഭവിക്കുന്നില്ല. അവരുടെ വേദനയിൽ പങ്കുചേർന്നത് പോലെ അവരുടെ സന്തോഷത്തിലും അവൻ സന്തോഷവാനാണ്.

ഒരുപക്ഷേ അവർ തിരിച്ചുവരാതിരുന്നത് തിരികെ കിട്ടിയ ആരോഗ്യത്തെ ഒരു അത്ഭുതമായിട്ടല്ലാതെ അവകാശമായി കരുതിയത് കൊണ്ടായിരിക്കാം. അപ്പോഴും ഒരു കാര്യം ഓർക്കണം, പൂർത്തിയാകാത്ത ചരിത്രമാണ് എല്ലാ അത്ഭുതങ്ങളിലുമുള്ളത്. ഓരോ അത്ഭുതവും ചരിത്രത്തിന്റെ തുടക്കം മാത്രമാണ്. ചരിത്രം പൂർണമാകണമെങ്കിൽ അത്ഭുതം നമ്മളിൽ നിന്നും പലതും ആവശ്യപ്പെടും. കാരണം, മനുഷ്യൻ ശരീരം മാത്രമല്ല. ശാരീരിക സുഖത്തിലല്ല നമ്മുടെ പൂർണ്ണത അടങ്ങിയിരിക്കുന്നത്. അതിനപ്പുറത്തും ചില കാര്യങ്ങളുണ്ട്, ദാനമായി കിട്ടിയ ചില കാര്യങ്ങൾ. അവയെ തിരിച്ചറിയുമ്പോൾ മാത്രമേ കേവലമായ സൗഖ്യത്തിൽ നിന്നും രക്ഷയിലേക്ക് തിരികെ നടക്കാൻ നമുക്ക് സാധിക്കു, സമരിയക്കാരൻ തിരികെ നടന്നത് പോലെ.

നൽകിയ ദാനങ്ങൾക്ക് പ്രത്യുത്തരമായി നന്ദി പ്രതീക്ഷിക്കുന്നവനാണ് ദൈവം എന്ന് കരുതരുത്. കൃതജ്ഞതയല്ല ഇവിടെ വിഷയം, പ്രത്യുപകാരമാണ്. സമരിയാക്കാരൻ ഉള്ളിൽ നന്മയുള്ളവനായിരുന്നു. അതുകൊണ്ടാണ് അവൻ തിരികെ വരുന്നത്. തിരികെ വന്നതുകൊണ്ടോ കൃതജ്ഞത പറഞ്ഞതുകൊണ്ടോ അല്ല അവൻ രക്ഷിക്കപ്പെട്ടത്. യേശുവിന്റെ കൂട്ടായ്മയിൽ അവൻ പ്രവേശിച്ചതുകൊണ്ടാണ്. വേണമെങ്കിൽ അവന് ആ ഒമ്പതുപേരെ പോലെ ഉള്ളിൽ നന്ദി പറഞ്ഞ് യേശുവിൽ നിന്നും കാതങ്ങൾക്കകലെ പോകാമായിരുന്നു. പക്ഷെ അവൻ തന്റെ ശരീരവും മനസ്സും യേശുവിനരികിൽ ചേർത്തു നിർത്തുന്നു. അങ്ങനെ അവൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

സമരിയക്കാരൻ മാത്രമാണ് യഥാർത്ഥത്തിൽ സുഖം പ്രാപിച്ചിരിക്കുന്നത്. കാരണം, അവൻ മാത്രമാണ് നിയമങ്ങൾക്കു മുകളിൽ ഹൃദയ നൈർമ്മല്യത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആ ഹൃദയശുദ്ധത അവന്റെ മുന്നോട്ടുള്ള യാത്ര തടസപ്പെടുത്തി സൗഖ്യം നൽകിയവനിലേക്ക് തിരികെ നടത്തുന്നു. തെരുവീഥികളിൽ ദൈവസ്തുതി പാടാൻ പ്രചോദിപ്പിക്കുന്നു. യേശുവിന്റെ കാൽക്കൽ വീണ് ദൈവത്തെ മഹത്വപ്പെടുത്താൻ പ്രാപ്തനാക്കുന്നു.

“ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും” (മത്താ 5 : 8)

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago