Categories: ArticlesUncategorised

എൻ്റെ കാസ പരാമർശവും വ്യക്തത വേണ്ട ചില പദങ്ങളും

കാസയെ ഒരു തീവ്രവാദിപ്രസ്ഥാനം എന്ന് ഞാൻ വിശേഷിപ്പിച്ചതിൽ ചിലർക്ക് കാര്യമായ അസ്വസ്ഥത ഉണ്ടായതായി

ഫാ. ജോഷി മയ്യാറ്റിൽ

കാസയെ ഒരു തീവ്രവാദിപ്രസ്ഥാനം എന്ന് ഞാൻ വിശേഷിപ്പിച്ചതിൽ ചിലർക്ക് കാര്യമായ അസ്വസ്ഥത ഉണ്ടായതായി ഞാൻ മനസ്സിലാക്കുന്നു. ചിലരെങ്കിലും എന്നെ നേരിട്ട് വിളിച്ച് വിശദീകരണം ചോദിക്കുകയും എൻ്റെ FB പോസ്റ്റുകൾക്കു കീഴിൽ സഭ്യമോ അസഭ്യമോ ആയ ഭാഷയിൽ കുത്തിക്കുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
മലയാള ഭാഷയിലുള്ള നാലു പദങ്ങൾ ഇവിടെ വിശകലനം ചെയ്യേണ്ടതുണ്ട്. സാമുദായികത, വർഗീയത, തീവ്രവാദം, ഭീകരവാദം എന്നീ പദങ്ങളെക്കുറിച്ച് വേണ്ടത്ര വ്യക്തത മലയാളിക്ക്‌ ഉണ്ടെന്നു തോന്നുന്നില്ല.

സാമുദായികത എന്ന പദം പണ്ടുമുതലേ പ്രചാരത്തിലുള്ളതാണ്. സ്വന്തം സമുദായം വളരണം എന്ന ശരിയായ ചിന്തയാണ് അതിനു പിന്നിലുള്ളത്. ഇത് മറ്റു സമുദായങ്ങളുടെ തളർച്ച ആഗ്രഹിക്കലല്ല. ശരിയായ സാമുദായിക ബോധമുള്ളവർ മറ്റുള്ള സമുദായങ്ങളോട് അനീതി കാണിക്കുകയോ മറ്റു സമുദായങ്ങളെ താറടിക്കുകയോ ചെയ്യുകയില്ല. എല്ലാവരോടുമൊപ്പം സ്വന്തം സമുദായത്തിനും വളർച്ചയുണ്ടാകണം എന്ന് അവർ ആഗ്രഹിക്കും. സ്വന്തം സമുദായത്തിനുണ്ടാകുന്ന തകർച്ചകളും ക്ഷീണങ്ങളും അവഗണനകളും അവർക്ക് വലിയ മനോവേദന സമ്മാനിക്കും.

വർഗീയത എന്നാൽ ഒരു ഇട്ടാവട്ടത്തിൽ പെട്ടുപോകലാണ്. ‘ശബ്ദതാരാവലി’യനുസരിച്ച്, ഒരാൾക്ക് തൻ്റെ വർഗത്തിൽ പെട്ടവരോട് താല്പര്യവും മറ്റുള്ളവരോട് വിരോധവും തോന്നുന്ന ഭാവമാണത്. ഏതു വിഷയത്തിലും അത്തരക്കാർക്ക് സ്വന്തം ഗണത്തെക്കുറിച്ചേ ചിന്തിക്കാനാകൂ. പൊതുനന്മ അവർക്ക് അന്യമാണ്. ഇടുങ്ങിയ ചിന്താഗതിയോടെയേ അവർക്ക് ഏതു വിഷയത്തെയും സമീപിക്കാനാകൂ. നീതിയോ ന്യായമോ മാനവികതയോ മനുഷ്യാവകാശങ്ങളോ ഒന്നും വർഗീയവാദികളുടെ ദൃഷ്ടിപഥത്തിലില്ല. മറ്റുള്ളവർ തകർന്നാലും കുഴപ്പമില്ല, തങ്ങൾക്കു മാത്രം വളർച്ചയുണ്ടാകണം എന്ന ചിന്താഗതി വർഗീയതയുടെ അസ്സൽ കാഴ്ചയാണ്. വർഗീയതയ്ക്ക് മതമോ ജാതിയോ നിറമോ തൊഴിലോ സഭയോ റീത്തോ ഒക്കെ നിമിത്തമാകാം. ഈ പദവും നമ്മുടെ സമൂഹത്തിൽ വർഷങ്ങളായി പ്രയോഗത്തിലുണ്ട്.

മാരകമായ രണ്ടു പദങ്ങൾ

ഒരു കാലത്ത് കേരളത്തിൽ ആവശ്യമില്ലാതിരുന്നതും പ്രയോഗത്തിൽ ഇല്ലാതിരുന്നതുമായ രണ്ടു പദങ്ങളാണ് തീവ്രവാദവും ഭീകരവാദവും. കാര്യമായ ഉപയോഗമില്ലാതിരുന്നതിനാൽ അവയുടെ അർത്ഥങ്ങളോ അർത്ഥവ്യത്യാസങ്ങളോ നമ്മുടെ പരിഗണനയ്ക്കു വിഷയീഭവിച്ചതുമില്ല. 1921-ലെ ഭീകരസംഭവങ്ങളുടെ നിജസ്ഥിതി തിരിച്ചറിയാനും അതിശക്തമായി അപലപിക്കാനും രേഖയാക്കാനും മഹാത്മാഗാന്ധിക്കും ഒ. മാധവനും കഴിഞ്ഞെങ്കിലും അത് ഒറ്റപ്പെട്ട ഒരു സംഭവമായി മാത്രമാണ് പരിഗണിക്കപ്പെട്ടത്. 1923-ൽ പ്രസിദ്ധീകൃതമായ ശ്രീകണ്ഠേശ്വരത്തിൻ്റെ ‘ശബ്ദതാരാവലി’യിൽ പോലും ഇവയ്ക്കു രണ്ടിനും സമാനാർത്ഥങ്ങളാണ് നല്കിയിരിക്കുന്നത്. ദിനപ്പത്രങ്ങളും ദൃശ്യമാധ്യമങ്ങളുമെല്ലാം ഈ രണ്ടു പദങ്ങളെയും അങ്ങനെയാണ് ഉപയോഗിക്കാറ്.

സ്ഥിതിഗതികൾ അതീവഗുരുതരമായി മാറിയിരിക്കുന്ന ഇക്കാലത്ത് ഈ മാരകപദങ്ങളുടെ സൂക്ഷ്മാർത്ഥങ്ങൾ വിവേചിച്ചറിയുകയെന്നത് ഏറ്റവും ആവശ്യകമായി വന്നിരിക്കുന്നു. തീവ്രവാദവും ഭീകരവാദവും രണ്ടും രണ്ടാണ്, പരസ്പരം ബന്ധപ്പെട്ടതുമാണ്.

യുക്തിരഹിതം, വികാരഭരിതം, പ്രതിരോധപ്രധാനം

തീവ്രവാദം ഭീകരവാദത്തിൽനിന്നു വ്യത്യസ്തമാണ്. വർഗീയതയുടെ മൂർത്തരൂപമാണത്. ശത്രുക്കളെന്ന് കരുതപ്പെടുന്നവരെ പ്രതിരോധിക്കാനുള്ള തത്രപ്പാടിൽ തീക്ഷ്ണതയേറിയതും യുക്തിരഹിതവുമായ നിലപാടുകൾ സ്വീകരിക്കുന്നവരാണ് അതിൻ്റെ പ്രണേതാക്കൾ. മറ്റുള്ളവരുടെ നാശമല്ല, പ്രതിരോധമാണ് അവരുടെ ലക്ഷ്യം. പക്ഷേ, അതിന് അവർ അവലംബിക്കുന്ന മാർഗം ഋജുവായതല്ല. ഏതു ഹീനപ്രചാരണവും അവർ നടത്തും. ഇത് തെറ്റിദ്ധാരണയുടെ പേരിലോ ബോധപൂർവകമോ ആകാം. മദർ തെരേസയെപ്പോലും ചെളി വാരിയെറിയുന്ന ഹിന്ദു ഐക്യവേദിയിലെ ശശികല ടീച്ചറിനെപ്പോലെയുള്ളവർ ഈ ശൈലിക്ക് കൃത്യമായ ഉദാഹരണമാണ്.

നാടിനും സമുദായത്തിനും ഒരുപോലെ നാശം വിതയ്ക്കുന്ന നശീകരണശക്തികൾക്കെതിരേ സർക്കാരും നിയമസംവിധാനങ്ങളും നിസ്സംഗത പാലിക്കുമ്പോൾ അതിനു നേരേ ഉയരുന്ന രോഷം തീവ്രവാദമായി മാറുന്ന കാഴ്ചയും കേരളത്തിലുണ്ട്. കടന്നുകയറ്റങ്ങൾക്കു തടയിടാനായി വികാരംകൊള്ളുന്നവരാണവർ. പക്ഷേ, അത് യുക്തിരഹിതമായ വികാരാവേശമാണെന്നു മാത്രം.

അവർ ക്രൈസ്തവരാണെങ്കിൽ, പിന്നെ ക്രിസ്തുവോ ക്രൈസ്തവശൈലിയോ അവർക്കു പ്രസക്തമല്ല. ഏതുതരം ഭാഷയും ശൈലിയും അടവുനയവും അവിടെ സ്വീകാര്യമാണ്. പ്രതിരോധം ആണ് ഏകലക്ഷ്യം; വികാരമാണ് മുഖ്യം. ശത്രുവിനോടുള്ള വെറുപ്പാണ് അവരുടെ ഊർജം. ശത്രുവിൻ്റെ ശത്രു അവർക്ക് ഉറ്റമിത്രമാകുകയും ചെയ്യും. ശത്രുവിനോട് വെറുപ്പു കാണിക്കാത്ത ഉറ്റവരെയും ശത്രുക്കളായി കാണുന്ന മാനസികാവസ്ഥയിലായിരിക്കും അവർ.

ഭീതി ജനിപ്പിക്കുന്നവർ

എന്നാൽ, ഭീതിയുളവാക്കുന്ന (ഭീകരം = ഭയം ഉണ്ടാക്കുന്ന) ആശയപ്രചാരണങ്ങളും പ്രവൃത്തികളുമാണ് ഭീകരവാദത്തിൻ്റെ മുഖമുദ്ര. പ്രസംഗത്തിലൂടെയും പ്രവൃത്തികളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും നിലപാടുകളിലൂടെയും പരേഡുകളിലൂടെയും കായികപരിശീലനങ്ങളിലൂടെയും ആൾക്കൂട്ടാക്രമണങ്ങളിലൂടെയും സമൂഹത്തിൽ ഭീതി വിതയ്ക്കുന്ന കൂട്ടരാണവർ – നാശംവിതയ്ക്കാൻ തക്കംനോക്കി നില്ക്കുന്നവരാണ് ഭീകരവാദികൾ… അക്രമം ആണ് അവരുടെ ശൈലി.

ആ അർത്ഥത്തിൽ, ഇന്ത്യയിൽ നിലവിൽ പല തരം ഭീകരവാദികളുണ്ടെന്നു പറയേണ്ടിവരും. വിദേശത്തുനിന്നു പണം പറ്റി രാജ്യദ്രോഹപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കൊടുംഭീകരത വിതയ്ക്കാൻ കെല്പുള്ള PFI പോലുള്ളവ; അങ്ങനെയല്ലാതെതന്നെ ദുഷ്ടലാക്കോടെ പൊതുവിഷയങ്ങളിൽ ഇടപെട്ട് ഭീകരതയുണർത്തുന്ന SDPI പോലുള്ള രാഷ്ട്രീയപാർട്ടികൾ; മറ്റു മതങ്ങളിലുള്ളവരെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന RSS തുടങ്ങിയ പ്രസ്ഥാനങ്ങൾ എന്നിങ്ങനെ… ഫാസിസ്റ്റുശൈലിയും അടിച്ചമർത്തൽനയങ്ങളും പ്രകടമാക്കുന്ന ഭരണകൂടഭീകരതയും ഇതേ നിരയിലുള്ളതാണ്‌.

ഭീകരവാദത്തിന് വിവിധ രൂപങ്ങളും ഭാവങ്ങളും ഉണ്ടാകാം. ചാവേറായി പൊട്ടിത്തെറിക്കുന്നവരും താലിബാനെയും ഐഎസിനെയും എർദോഗനെയും ഗോദ്സെയെയും പ്രശംസിക്കുന്നവരും ഒരുപോലെ ഭീകരരാണ്. ആരെങ്കിലുമൊക്കെയായി അപരരെ നശിപ്പിക്കണം എന്നേ ‘വിസ്മയക്കാർ’ക്ക്‌ ആഗ്രഹമുള്ളൂ. കാരണം, അവരുടെ പ്രത്യയശാസ്ത്രം വെറുപ്പാണ്. മതവും രാഷ്ട്രീയവും ഒന്നാണെന്ന ഒരു പൊതുസ്വഭാവവും അവരിൽ കാണാറുണ്ട്.

കാസ ക്രിസ്തുവിൻ്റെ കാസയാകണം

മേൽപറഞ്ഞ കാര്യങ്ങൾ കൊണ്ടുതന്നെയാണ് കാസയെ ഞാൻ ഒരു തീവ്രവാദ പ്രസ്ഥാനമായി വിലയിരുത്തുന്നത്. ലൗ ജിഹാദ് വിഷയത്തിൽ ഈ പ്രസ്ഥാനം നടത്തിയിട്ടുള്ള ധീരമായ ഇടപെടലുകളെ ഞാൻ മറക്കുന്നില്ല. സഭാമക്കൾ നേരിടുന്ന ഗുരുതരമായ വിഷയങ്ങളിൽ ഔദ്യോഗിക സഭാപ്രസ്ഥാനങ്ങൾ, ലക്ഷ്യം മറന്ന്, നിസ്സംഗതയും നിർവികാരതയും പുലർത്തിയപ്പോൾ ഒരു വിഷയത്തിലെങ്കിലും ഉണർവോടെ പ്രവർത്തിക്കാനായി മുന്നോട്ടു വന്നവരാണ് അവർ.

എന്നാൽ, ഭീകരവാദശൈലിയുള്ള RSS എന്ന സംഘടനയുടെ തണൽപറ്റി നീങ്ങുന്നതിനാൽ ക്രിസ്തീയ മൂല്യങ്ങളിൽനിന്ന് അവർ അകലെയാണ് എന്നതാണ് വസ്തുത. ക്രിസ്തുവിൽനിന്നും സഭാത്മകതയിൽനിന്നും അകന്നുപോകുന്നവരെ സ്നേഹത്തിലേക്കും നന്മയിലേക്കും തിരികെവിളിക്കാനും പൊതുനന്മ ഉറപ്പാക്കുവാനും ഒരു കത്തോലിക്കാ പുരോഹിതന് കടമയുണ്ട്. കഴിഞ്ഞ ഇരുപത്തേഴു വർഷങ്ങളായി ഞാനത് വിവിധ മേഖലകളിൽ ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയും അത് ഞാൻ സന്തോഷത്തോടെ തുടരും.

ശരിയല്ലാത്ത സാമുദായികത വർഗീയതയിലേക്കും വർഗീയത തീവ്രവാദത്തിലേക്കും തീവ്രവാദം ഭീകരവാദത്തിലേക്കും ആരെയും നയിക്കാം. ജാഗ്രതയോടെ സ്വന്തം സമുദായമക്കളെ തിരുത്താൻ ഓരോ സമുദായത്തിലും നേതാക്കൾ ശ്രദ്ധിച്ചാൽ നമ്മുടെ നാട് സ്നേഹത്തിലും സാഹോദര്യത്തിലും ശക്തിപ്പെടും. ഇപ്പോൾ പ്രകടമായി കാണുന്ന സാമുദായിക സ്പർദ്ധയും വർഗീയ ചേരിതിരിവുകളും ശത്രുതാമനോഭാവവും നമ്മിൽനിന്ന് നീങ്ങിപ്പോകും.

ക്രൈസ്തവ പ്രതികരണവും പ്രതിരോധവും സാമുദായികതയും

സ്വാഭാവികമായും ഒരു ചോദ്യമുയരാം: അങ്ങനെയെങ്കിൽ, ക്രൈസ്തവപ്രതികരണവും ചെറുത്തുനില്പും എങ്ങനെയായിരിക്കണം?

നേരിട്ടുള്ള ഉത്തരം ഇതാണ്: സ്നേഹത്തിൻ്റെയും സത്യത്തിൻ്റെയും മൂർത്തീരൂപമായ ക്രിസ്തുവിൻ്റെ ശൈലിയിൽ ആയിരിക്കണം. നിസ്സംഗതയോ നിർവികാരതയോ അല്ല മറിച്ച്, സ്നേഹനിർഭരവും ഫലപ്രദവുമായ തിരുത്തലും ധീരമായ ഇടപെടലുമാണ് ക്രിസ്തുവിൻ്റെ ശൈലി.

ക്ഷമയും സഹനവും മാത്രമായിരിക്കണം ക്രൈസ്തവൻ്റെ പ്രതികരണം എന്നു ചിന്തിക്കുന്നവരുണ്ട്. ക്രിസ്തുവിനെക്കുറിച്ചു സമഗ്രധാരണയില്ലാത്തതിൻ്റെ ലക്ഷണമാണ് അത്. കേവലം വിധേയപ്പെടലല്ല ക്രിസ്തുശൈലി, മറിച്ച്, എല്ലാ കാര്യങ്ങളിലും തികഞ്ഞ കൈയടക്കം പുലർത്തലാണ്. തികഞ്ഞ യുക്തിഭദ്രതയും ധീരതയും അവിടെ തെളിഞ്ഞുകാണാം. ഹേറോദേസിനെ കുറുക്കൻ എന്നു വിളിച്ചവൻ ഫരിസേയരെയും നിയമജ്ഞരെയും കണക്കിനു ശാസിച്ചവനാണ്, നീ എന്തിന് എന്നെ അടിച്ചു എന്ന് പട്ടാളക്കാരനെ ചോദ്യം ചെയ്തവനാണ്, ദുഷ്ടലാക്കോടെ ചോദ്യങ്ങളുതിർത്തവരെ മറുചോദ്യംകൊണ്ട് ഉത്തരംമുട്ടിച്ചവനാണ്. സാമൂഹികവും രാഷ്ട്രീയപരവും മതപരവുമായ സംവിധാനങ്ങളെ ചോദ്യംചെയ്യുകയും തിരുത്തുകയും ചെയ്തവനാണ് ക്രിസ്തു. അത്തരം നിലപാടുകളിലൂടെ അവിടന്ന് തൻ്റെ കുരിശ് പണിതെടുക്കുകയായിരുന്നു എന്നതാണ് സത്യം. കേവലം ഇരയാക്കപ്പെട്ടവനല്ല അവിടന്ന്. സ്വന്തം അറസ്റ്റിലും പീഡകളിലും മരണത്തിലുംപോലും അവിടന്ന് പൂർണഅധീശത്വം പുലർത്തി.

വി. യോഹന്നാൻ്റെ സുവിശേഷം വെളിപ്പെടുത്തുന്ന യേശുക്രിസ്തു ദൈവത്വത്തിൻ്റെ പ്രഭയിൽ സ്നേഹത്തിൻ്റെ സഹനസ്നാനം സ്വയം നടത്തിയവനാണ്. മനുഷ്യരക്ഷയ്ക്കുവേണ്ടി അവിടന്ന് ഏറെ ആഗ്രഹിച്ചു മുങ്ങിയതാണ് കുരിശിലെ മാമ്മോദീസ. അതുമാത്രമേ ഉത്ഥാനപ്രഭയിൽ വിരാജിക്കൂ; അതുമാത്രമേ ആത്യന്തികമായി വിജയിക്കൂ; അതുമാത്രമേ ശാശ്വതഫലമുളവാക്കൂ. അതിനു മാത്രമേ പരമപിതാവിൻ്റെ കൈയൊപ്പുള്ളൂ.

ചുരുക്കിപ്പറഞ്ഞാൽ, യുക്തിഭദ്രതയും സ്നേഹസ്നിഗ്ദ്ധതയും പൊതുനന്മനിഷ്കർഷയുമാണ് ക്രൈസ്തവികമായ പ്രതികരണത്തിൻ്റെ ഊടും പാവും.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago