Categories: Meditation

21st Sunday_ഇടുങ്ങിയ വാതിൽ (ലൂക്കാ 13:22-30)

ഒരേയൊരു വാതിലാണ് നമ്മുടെ മുന്നിലുള്ളത്. അത് തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കുമാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ

ഒരു ഇടുങ്ങിയ വാതിൽ. അതിനു മുന്നിൽ തിങ്ങിനിറഞ്ഞ നമ്മെയെല്ലാം സൂക്ഷ്മമായ വേദന പിടികൂടുന്നു. വാതിൽ അടഞ്ഞു കഴിഞ്ഞിരിക്കുന്നു. വേദന ക്രൂരമായ നിരാശയാകുന്നു. ഉള്ളിൽ നിന്നും ഒരു പരിചിതമായ ശബ്ദം: “നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അറിയുന്നില്ല” (v.27). അതെ, ജീവിതകാലം മുഴുവൻ നമ്മൾ തിരഞ്ഞവന്റെ ശബ്ദമാണത്. ഇപ്പോഴിതാ, അവൻ നമ്മെ അകറ്റുകയാണോ? അതെ. ഇതായിരിക്കാം നമ്മുക്ക് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം.

നമുക്ക് കർത്താവിനെ അറിയാം. പക്ഷേ, കർത്താവിന് നമ്മെ അറിയാമോ? ഇന്നോ നാളെയോ അവനുമായി ഒരു കണ്ടുമുട്ടൽ ഉണ്ടായാൽ നമ്മെ അവൻ തിരിച്ചറിയുമോ? തിരിച്ചറിയുമായിരിക്കും. ഇത്തിരിയോളമെങ്കിലും ദൈവീകത നമ്മൾ ജീവിതത്തിൽ ചാലിച്ച് ചേർക്കുകയാണെങ്കിൽ. എല്ലാവരെയും ചേർത്തുനിർത്തുന്നവൻ നമ്മിൽ നിന്നും തേടുന്നത് ആ ചേർത്തുനിർത്തലിന്റെ അടയാളങ്ങളാണ്, കൂട്ടായ്മയുടെ വിത്തുകളാണ്, നമ്മൾ പങ്കിട്ട അപ്പങ്ങളാണ്, വിശാലമായി തുറന്നിട്ട നമ്മുടെ വാതിലുകളാണ്. നിത്യതയുടെ പടിവാതിൽക്കൽ നിന്നുകൊണ്ട് അവൻ നിന്റെ ഉള്ളം തേടുകയാണ്. ഉണ്ടോ സ്വയം പ്രതിഫലിപ്പിക്കാൻ ഇത്തിരിയോളമെങ്കിലും സ്നേഹം?

ദൈവികചോദന ഒരു തളിരായെങ്കിലും നമ്മുടെ ഉള്ളിലുണ്ടെങ്കിൽ, അവൻ നമ്മെ തിരിച്ചറിഞ്ഞിരിക്കും. അവൻ പറയും: “എനിക്ക് നിന്നെ അറിയാം”. അപ്പോൾ അവനും നമ്മളും ഒരേ സ്വരത്തിൽ പറയും; “ഞങ്ങൾക്ക് പരസ്പരം അറിയാം”. അപ്പനും മക്കളും എന്നപോലെ, കടലും തിരകളുമെന്നപോലെ, സൂര്യനും കിരണങ്ങളുമെന്നപോലെ ഞങ്ങൾക്കറിയാം. അതേ, സ്നേഹത്തിനു മാത്രമേ എല്ലാം അറിയാൻ സാധിക്കൂ.

ഒരേയൊരു വാതിലാണ് നമ്മുടെ മുന്നിലുള്ളത്. അത് തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കുമാണ്. ആ വാതിലോ ഇടുങ്ങിയതാണ്. അതിലൂടെ പ്രവേശിക്കാൻ പരിശ്രമം ആവശ്യമാണ്. എന്തുകൊണ്ട് ഇടുങ്ങിയ വാതിൽ? രക്ഷിക്കപ്പെട്ടവരുടെ എണ്ണം നിയന്ത്രിക്കാനാണോ? അല്ല. ക്രിസ്തുവാണ് ഇടുങ്ങിയ വാതിൽ. ഇന്നിനും നിത്യതയ്ക്കും മധ്യേയുള്ള ഏക വാതിലാണവൻ. ആ വാതിൽ ഇടുങ്ങിയത് തന്നെയാണ്, കാരണം അത് തുറക്കുന്നത് നമ്മുടെ എല്ലാ പ്രയാണങ്ങളും അവസാനിക്കുന്ന ഇടത്തിലേക്കാണ്. ആ ഇടം ശുശ്രൂഷിക്കാൻ വന്നവന്റെ ഇടമാണ്, സ്വയം ശൂന്യവൽക്കരിച്ചവന്റെ ഇടമാണ്. അതേ ഇടം തന്നെയാണ് അവൻ കരങ്ങളിലെടുത്ത് എല്ലാവരുടെയും മധ്യേ നിർത്തിയ കുഞ്ഞിന്റെ ഇടവും. മുതിർന്നവരുടെ നടുവിൽ ആ ഇടം ചെറുതാണ്. ആ ഇടം തന്നെയാണ് ഇടുങ്ങിയ വാതിലും. ആ വാതിൽ സ്വയം ബലിയാകാൻ മതിയായ ഒരു കുരിശുമരത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.

വാതിൽ ഇടുങ്ങിയതാണ്. പക്ഷേ, അകം അതിവിശാലമാണ്. അവിടെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നുമുള്ള ജനങ്ങളുണ്ട്. അവന്റെ കൂടെയുള്ളവർ എന്ന് അഭിമാനിക്കുന്ന നമ്മളെക്കാൾ മെച്ചമുള്ളവരാണോ അവർ? അല്ലായിരിക്കാം. എന്നിട്ടും, നോക്കുക, അവർ സൂചിക്കുഴയിലൂടെ പ്രവേശിക്കുന്ന ഒട്ടകത്തെ പോലെ അകത്ത് കയറിയിരിക്കുന്നു. നമ്മളോ? പുറത്തും നിൽക്കുന്നു. എവിടെപ്പോയി നമ്മൾ കൊട്ടിഘോഷിച്ച അഭിമാനം? എവിടെപ്പോയി അവനോടൊപ്പം നമ്മൾ ചിലവഴിച്ച ദിനങ്ങളും അനുഭവങ്ങളും? അപ്പോൾ ഒരു കാര്യം വ്യക്തമാണ്, അവനോടൊപ്പം നമ്മൾ ഉണ്ടായിരുന്നു എന്നത് അകത്തു പ്രവേശിക്കാനുള്ള യോഗ്യതയല്ല. എന്തൊക്കെയോ ഒരു ഇടുങ്ങിയ തലം അതിനപ്പുറത്തുണ്ട്. അത് ചെറുതാകലിന്റെ തലമാണ്. മുമ്പന്മാർ പിമ്പന്മാരായി മാറുന്ന യുക്തിയാണ്.

വാതിൽ ഇടുങ്ങിയതാണ്. പക്ഷെ, അകം അതിമനോഹരമാണ്. അവിടെ ആഘോഷമുണ്ട്. അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്‍മാരും അടങ്ങിയ വലിയ കുടുംബമാണത്. വിലാപത്തിന്റെയും പല്ലിറുമ്മലിന്റെയും ചുഴലിക്കാറ്റുകൾ അവിടെ വീശില്ല. ആശയക്കുഴപ്പങ്ങൾ വർണ്ണാഭമായി അനുഭവപ്പെടില്ല. അത് വ്യത്യസ്തമായ ഒരു ലോകമാണ്. അവിടെ നമ്മൾ അപരിചിതരല്ല, പരസ്പരം അറിയുന്ന സഹോദരർ മാത്രമാണ്.

vox_editor

Recent Posts

പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള “മാത്തെർ പോപ്പുളി ഫിദെലിസ്” വത്തിക്കാൻ രേഖ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…

23 hours ago

പരിശുദ്ധ മറിയവും സഭയും

മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…

24 hours ago

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

5 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

6 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago