ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ
സായാഹ്നമായിട്ടും ജനക്കൂട്ടം യേശുവിനോടൊപ്പം തന്നെയുണ്ട്. പോരാത്തതിന് വിജന പ്രദേശവും. നിഴലുകൾ നീളുവാൻ തുടങ്ങിയിട്ടും ഗുരുനാഥൻ ജനകൂട്ടത്തിനോടൊപ്പമാണ്. അവരോട് അവന് അനുകമ്പയാണ്. പക്ഷെ ശിഷ്യന്മാരുടെ മനസ്സിലൂടെ മറ്റു പല ചിന്തകളുമാണ് കടന്നു പോകുന്നത്. അവർ ചിന്തിക്കുന്നുണ്ട്; സമയം കടന്നു പോകുന്തോറും ഈയൊരു ജനക്കൂട്ടത്തിന് എന്തെങ്കിലും കഴിക്കാൻ നൽകുക എന്ന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. എന്ത് ചെയ്യും? ഒന്നും ചെയ്യേണ്ട. ജനക്കൂട്ടത്തെ പറഞ്ഞു വിടുക. അതെ തീർത്തും പ്രാക്ടിക്കൽ ആയ ഒരു തീരുമാനം. ആ തീരുമാനവുമായി അവർ അവനരികിലേക്ക് ചെല്ലുന്നു. “നേരം വൈകിയിരിക്കുന്നു. ഗ്രാമങ്ങളിൽ പോയി തങ്ങൾക്ക് ഭക്ഷണം വാങ്ങാൻ ഈ ജനക്കൂട്ടത്തെ പറഞ്ഞയക്കുക” (v.15). അവരെ പറഞ്ഞയച്ചില്ലെങ്കിൽ അവർ നമുക്കൊരു തലവേദനയാകും. ചില പ്രാക്ടിക്കൽ ചിന്തകൾ ഇങ്ങനെയാണ്. അത് അനുകമ്പയുടെ മുകളിൽ ഒഴിവാക്കലിന്റെ തത്വം വിളമ്പും. ആർദ്രതയ്ക്കു പകരം സ്വന്തം താൽപര്യവും ലാഭവും കണക്കുകൂട്ടും. പക്ഷേ ഗുരുനാഥൻ ആ ജനക്കൂട്ടത്തെ പറഞ്ഞയക്കുന്നില്ല. തന്നരികിലണഞ്ഞ ആരെയെങ്കിലും ഒഴിവാക്കിയ ചരിത്രം അവനുണ്ടോ?
ഒഴിവാക്കലിന്റെ ഉപദേശവുമായി വന്നവരോട് ഉത്തരവാദിത്വത്തിന്റെ കൽപ്പനയാണ് ഗുരു നൽകുന്നത്. “അവർ പോകേണ്ടതില്ല; നിങ്ങൾ തന്നെ അവർക്ക് ഭക്ഷണം കൊടുക്കുവിൻ” (v.17). ആരെയും അവൻ അകറ്റിനിർത്തുന്നില്ല. ഒന്നിച്ചിരുന്ന് അവരോടൊപ്പം ആഹരിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ സ്ത്രൈണ മുഖം അവനിൽ തെളിയുന്നുണ്ട്: ഭക്ഷണം വിളമ്പി തരുന്ന ഒരു അമ്മ മുഖം. സുവിശേഷത്തിന്റെ പല താളുകളിലും ഈ അമ്മ മുഖത്തെ ദർശിക്കാവുന്നതാണ്. കാനായിലെ കല്യാണ വിരുന്ന് മുതൽ എമ്മാവൂസിലെ അപ്പം മുറിക്കൽ വരെ ഒരു അമ്മയുടെ കരുതലും സ്നേഹവും പരിപാലനവും ഗുരുവിൽ തിളങ്ങി നിൽക്കുന്നത് കാണാം. ആ ദൈവമാതൃത്വമാണ് അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോറ്റിയ അത്ഭുതമായത്.
ഈ സുവിശേഷ ഭാഗം അത്ഭുതത്തിന്റെ വെറുമൊരു വിവരണമല്ല. ഒത്തിരി അത്ഭുതങ്ങളുടെ ഒരു തോരണമാണ്. സായാഹ്നമായിട്ടും അവനെ വിട്ടു പിരിയാത്ത ജനക്കൂട്ടമാണ് ആദ്യത്തെ അത്ഭുതം. ആരിൽ നിന്നും കിട്ടാതിരുന്ന എന്തോ അവർക്ക് അവനിൽ നിന്നും കിട്ടുന്നുണ്ട്. അഞ്ചപ്പവും രണ്ടു മീനുകളും അവന്റെ കരങ്ങളിൽ ഏൽപ്പിച്ച മനസ്സാണ് രണ്ടാമത്തെ അത്ഭുതം. ഒരു മനക്കണക്കുമില്ലാത്ത വിശ്വാസമാണത്. ഒരു മുൻകരുതലുമില്ലാത്ത ആർദ്രതയാണത്. അഞ്ചപ്പം തീരെ കുറവാണ്. പക്ഷേ അത് നൽകിയവന് എല്ലാമാണ്. അതവന്റെ അത്താഴമാണ്. കടലിലെ ഒരു തുള്ളി പോലെയാണ് ആ നൽകൽ. പക്ഷേ ആ തുള്ളി പിന്നീട് ഒരു പെരുമഴയാകുന്നുണ്ട്. മൂന്നാമത്തെ അത്ഭുതം ആ അഞ്ചപ്പവും രണ്ടു മീനുകളും എല്ലാവർക്കും തികഞ്ഞു എന്നതാണ്. പങ്കുവയ്ക്കാനുള്ള മനസ്സുണ്ടോ പൂർണ്ണതയുടെ അത്ഭുതം നമ്മുടെയിടയിൽ സംഭവിക്കും. എന്റെ കയ്യിലെ അപ്പം നമ്മുടേതായി മാറുമ്പോൾ അത് ഒരിക്കലും കുറയില്ല. അത് വർദ്ധിക്കും. ഇത് പ്രകൃതി ഒരുക്കുന്ന മാന്ത്രികതയാണ്. നൽകും തോറും കുമിഞ്ഞുകൂടുന്ന ദൈവിക നിയമത്തിന്റെ പരിപാലനം. ഈ ഭൂമിയുടെ വിശപ്പു മുഴുവനും ദൈവം നമ്മുടെ കരങ്ങളിലൂടെ മാറ്റും പങ്കുവയ്ക്കാനുള്ള ഒരു മനസ്സ് ഉണ്ടായാൽ മാത്രം മതി.
പങ്കുവെക്കുന്ന പലതും നഷ്ടമായി പോകുകയാണെന്ന് കരുതരുത്. നീ നൽകിയ അഞ്ചപ്പത്തിൽ നിന്നും ഒരു കഷണം പോലും അവശിഷ്ടമായി മാറുന്നില്ല. സുവിശേഷം പറയുന്നു; “ബാക്കി വന്ന കഷണങ്ങൾ പന്ത്രണ്ടു കുട്ട നിറയെ അവർ ശേഖരിച്ചു”(v.20). പ്രതീകാത്മകമാണീ പന്ത്രണ്ടു കുട്ടകൾ. പന്ത്രണ്ടു ഗോത്രങ്ങളെന്നോ പന്ത്രണ്ടു മാസങ്ങളെന്നോ അവയെ വിളിക്കാം. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. എന്നിട്ടും പന്ത്രണ്ടു ഗോത്രങ്ങൾക്കു പന്ത്രണ്ടു മാസത്തോളം ഇനിയുമുണ്ട് ഭക്ഷിക്കാൻ. എല്ലാവർക്കും എല്ലായ്പ്പോഴുമായി അപ്പമുണ്ട്. നോക്കുക, കഷണങ്ങൾക്ക് പോലും വിലയുണ്ട്. നീ ചെറുതെന്ന് കരുതുന്ന പലതും ദൈവം കുട്ടകളിൽ ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് ചെറിയ കാര്യമാണെങ്കിൽ പോലും സഹജന്റെ വിശപ്പ് ശമിപ്പിക്കുന്നതാണെങ്കിൽ ചെയ്യാൻ അമാന്തിക്കരുത്. പൂർണ്ണ മനസ്സോടുകൂടി ആ ചെറിയ കാര്യങ്ങളിൽ മുഴുകുക. നീയറിയാതെ തന്നെ ദൈവം വലിയൊരത്ഭുതം നിന്നിലൂടെ പ്രവർത്തിക്കും.
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന്‍ വൈദികന് ഉള്‍പ്പെടെ 3 പേര്‍ക്ക് തടവ് ശിക്ഷയും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കര്‍ദിനാള്‍മാരില്‍…
This website uses cookies.