ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
“അവൻ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെവീതം അയക്കാൻ തുടങ്ങി”. നിശ്ചലതയിലേക്കല്ല, സഞ്ചാരത്തിലേക്കാണ് ദൈവം നമ്മെ വിളിക്കുന്നത്. അടഞ്ഞ വാതിലുകൾക്കുള്ളിലെ സ്വസ്ഥതയല്ല, പുതിയ ചക്രവാളങ്ങളിലേക്കുള്ള ഒരു കുതിച്ചുയരലാണ് ദൈവവിളി. കാരണം, വിഹായുസ്സുകളെ ഇഷ്ടപ്പെടുന്നവനാണ് നമ്മുടെ ദൈവം.
രണ്ടുപേരെ വീതമാണ് യേശു ശിഷ്യന്മാരെ അയക്കുന്നത്. ഒന്നും ഒന്നും രണ്ട് എന്ന കണക്കിന്റെ യുക്തിയല്ല ഇവിടത്തെ വിഷയം. രണ്ടുപേർ എന്നത് ഒരു ആകെത്തുകയുമല്ല. അതു കൂട്ടായ്മയുടെ ആദ്യ കോശമാണ്. സഭയുടെ തുടക്കമാണ്. ഒന്നിച്ചുള്ള യാത്രയാണ് സഭ. ഒരു സിനഡൽ യാഥാർത്ഥ്യം. ഈ യാത്രയിൽ ബാഹ്യമായ പലതിനെയും കുറിച്ചോർത്ത് ആകുലതയുണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അവൻ പറയുന്നത് ഒന്നിന്റെയും ആവശ്യമില്ല. കൈത്താങ്ങായി ഒരു വടിയല്ലാതെ. മുന്നിലെ പാംസുലമായ പാതയിൽ താങ്ങാൻ ഒരു വടിയും കൈകോർത്ത് പിടിക്കാൻ ഒരു സുഹൃത്തും ഉണ്ടെങ്കിൽ പിന്നെ എന്തുവേണം! വേണ്ട ഇനി ഒന്നും. അപ്പമോ സഞ്ചിയോ പണമോ ഒന്നും തന്നെ. കാരണം യേശുവിൻ്റെ നാമത്തിൽ രണ്ടുപേർ ഒന്നിച്ചു ചേർന്നാൽ അവരുടെ മധ്യേ അവനുണ്ടാകും. യേശു എവിടെയുണ്ടോ അവിടെ സ്വർഗ്ഗമുണ്ട്. അത് പരിപാലനയുടെ സാന്നിധ്യമാണ്, ഇടമാണ്. അയക്കപ്പെട്ടവർ സ്വർഗ്ഗത്തിന്റെ സ്വന്തമാണ്. വിശ്വസിച്ചാൽ മാത്രം മതി, അവർക്കായി ദൈവം മന്നാ വർഷിക്കും. അപ്പമോ സഞ്ചിയോ പണമോ വസ്ത്രമോ ഒന്നും തന്നെ മുന്നിലേക്കുള്ള യാത്രയിൽ ആകുലതയായി നിറയാൻ പാടില്ല. കാരണം, ഇതു സഭയുടെ യാത്രയാണ്. ബാഹ്യമായ ഒന്നുമല്ല അതിൻ്റെ അടിത്തറയും മാനദണ്ഡവും. ദൈവപരിപാലന മാത്രമാണ്.
വടി മാത്രമായിരുന്നോ യാത്രയ്ക്ക് കൂട്ടായി അവരുടെ കൈയിൽ ഉണ്ടായിരുന്നത്? സൂക്ഷിച്ചു വായിച്ചാൽ ഒരു കാര്യം കൂടി നമുക്ക് കാണാൻ സാധിക്കും. അവർ തൈലവും എടുത്തിരുന്നു. എന്തിന്? രോഗികളെ തൈലം പൂശി സുഖപ്പെടുത്താൻ. ഈ ഒന്നിച്ചുള്ള യാത്രയിൽ, മറ്റൊരു രീതിയിൽ പറഞ്ഞാൽ ഈ സിനഡാലിറ്റിയിൽ യേശു ശിഷ്യന്മാർക്ക് നൽകിയിരിക്കുന്നത് രണ്ടേരണ്ടു അധികാരങ്ങളാണ്; അശുദ്ധാത്മാക്കളുടെമേലും രോഗങ്ങളുടെ മേലുമുള്ള അധികാരം. ഇത് വെറുമൊരു സഞ്ചാരമല്ല, തീർത്ഥാടനമാണ്. ഭവനങ്ങളിലേക്കും രോഗികളിലേക്കും ഉള്ള ഒരു തീർത്ഥാടനം. ജീവൻ പകർന്നു നൽകാനാണ് ശിഷ്യന്മാരെ യേശു അയക്കുന്നത്. അത് പൈശാചിക ശക്തികൾക്കെതിരെയുള്ള നിലപാടാണ്, രോഗികളോടുള്ള ആർദ്രതയാണ്, ബലഹീനരോടുള്ള പരിഗണനയാണ്.
രോഗികളെ എങ്ങനെ സുഖപ്പെടുത്താമെന്ന് ഗുരുവിൽ നിന്നും പഠിച്ചവരാണ് ശിഷ്യർ. ഗുരു എങ്ങനെയാണ് നൊമ്പരങ്ങളെ കൈകാര്യം ചെയ്തത് അതുപോലെ തന്നെയായിരിക്കണം അവരും ചെയ്തിട്ടുണ്ടാവുക. സുവിശേഷകൻ പറയുന്നു; തൈലം പൂശി അവർ രോഗികളെ സുഖപ്പെടുത്തി. തൈലം പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. അത് യേശുവിന്റെ ആത്മാവാണ്. അതെ, യാത്രയിൽ അവർ ഒറ്റയ്ക്കല്ലായിരുന്നു. അവനും ഉണ്ടായിരുന്നു കൂടെ, ലേപനതൈലമായി. ഒരേയൊരു കാര്യമാണ് അവർ പ്രഘോഷിച്ചത്. മാനസാന്തരത്തിന്റെ സുവിശേഷം. എന്താണത്? ദൈവത്തിന്റെ സ്വപ്നത്തെ യാഥാർത്ഥ്യമാക്കുക. അത് നിത്യജീവനാണ്, ആർദ്രതയുടെ ആഘോഷമാണ്, ബന്ധങ്ങളിലെ സുതാര്യതയാണ്, മതിലുകളില്ലാത്ത മനോഭാവമാണ്.
പ്രഘോഷണം ജീവിതമാണ്. നിവൃത്തി ഇല്ലാത്ത ഘട്ടങ്ങളിൽ മാത്രമാണ് വാക്കുകൾ ഉപയോഗിക്കേണ്ടത്. അതുകൊണ്ടാണ് ഭവനങ്ങളിൽ പോയി താമസിക്കാൻ ശിഷ്യന്മാരോട് അവൻ നിർദ്ദേശിക്കുന്നത്. അങ്ങനെയുള്ള അവസരങ്ങളിൽ ചിലർ നമ്മെ തിരസ്കരിക്കും, അവഗണിക്കും. ആ അവഗണനയുടെയും തിരസ്കരണത്തിന്റെയും ഒരു കണിക പോലും നമ്മുടെ മനസ്സിലോ ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് യേശു പറയുന്നത് ആ ഇടങ്ങൾ വിട്ടുപോരുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ എന്ന്. നമ്മൾ അനുഭവിച്ച അവഗണനയുടെയും തിരസ്കരണത്തിന്റെയും ഒരു കണിക പോലും മുന്നിലേക്കുള്ള യാത്രയിൽ നമ്മുടെമേൽ ഉണ്ടാകരുത്. അവ തിന്മയുടെ പൊടികളാണ്. അവയെ ഒരു സ്മരണയായി പോലും നമ്മുടെ ജീവിതത്തിൽ ചേർത്തുവയ്ക്കരുത്.
അവഗണനയുടെ പശ്ചാത്തലത്തിൽ ഇരുന്നുകൊണ്ടാണ് യേശു ശിഷ്യന്മാരെ രണ്ടുപേരെ വീതം അയക്കുന്നത്. സ്വദേശം അവനെ അവഗണിക്കുകയും തിരസ്കരിക്കുകയും ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ, അവൻ ശിഷ്യരെ ഒരുക്കുകയാണ്; ഒരു പരാജയത്തിന്റെ മുൻപിലും തളരാതിരിക്കാൻ. പ്രവാചകന്മാരെ പോലെ ദൈവവചനത്തിൽ ആശ്രയിക്കാനാണ് അവൻ അവരെ പഠിപ്പിക്കുന്നത്. വചനം വിതയ്ക്കുക, ഫലം ദൈവം തന്നുകൊള്ളും. വചനം എന്നത് തിന്മയ്ക്കെതിരെയുള്ള നിലപാടും ബലഹീനരോടുള്ള ആർദ്രതയും ആണ്. അത് വിതയ്ക്കേണ്ടത് നീ കയറിച്ചെല്ലുന്ന ഭവനത്തിലും പോകുന്ന വഴിയിലും ആണ്. അതുകൊണ്ടാണ് ഇന്നത്തെ സുവിശേഷത്തിൽ വഴിയിൽ നിന്നും ഭവനത്തിലേക്കും ഭവനത്തിൽ നിന്നും വഴിയിലേക്കുള്ള കയറ്റിറക്കങ്ങൾ കാണാൻ സാധിക്കുന്നത്. ഓർക്കുക, അവൻ നമ്മെ അയക്കുന്നത് നമ്മുടെ ഭവനത്തിലേക്കു തന്നെയാണ്. എല്ലാം തുടങ്ങേണ്ടത് അവിടെനിന്നു തന്നെയാണ്. അതെ, വീടാണ് എല്ലാ അനുഭവങ്ങളുടെയും ആകെത്തുക. അവിടെയുണ്ട് സ്വീകരണവും തിരസ്കരണവും അശുദ്ധാത്മാവും രോഗികളും ലേപനതൈലവും. അങ്ങോട്ടേക്കുള്ള യാത്രയിൽ ഒരു വടിയല്ലാതെ മറ്റൊന്നും നമുക്ക് വേണ്ട. അത് ഗുരു അനുവദിച്ചു തരുന്ന താങ്ങാണ്, ശക്തിയാണ്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.