Categories: Meditation

13th Sunday_തലീത്താ കും (മർക്കോ 5:21-43)

അവനറിയാം ജീവനല്ല, സ്നേഹത്തിനു മാത്രമേ മരണത്തെ കീഴടക്കാൻ സാധിക്കൂ...

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ

ജായ്റോസ് സിനഗോഗധികാരിയാണ്. ദൈവികതയെ ഉള്ളിൽ സൂക്ഷിക്കുന്നവൻ. അവന്റെ ഭവനത്തിൽ ഒരു ദുരന്തം പെയ്തിറങ്ങിയിരിക്കുന്നു. നൊമ്പരം എല്ലാവരിലും ഒരു ഇത്തിക്കണ്ണി പോലെ പടർന്നു കയറി കഴിഞ്ഞു. അവന്റെ കൊച്ചുമകൾ മരിച്ചു. ഇനി ചെയ്യാൻ സാധിക്കുക കരയുക എന്നത് മാത്രമാണ്. മരണത്തിനോടുള്ള അവസാനത്തെ പ്രതിഷേധമാണത്. ആ പ്രതിഷേധത്തിൽ ചിലപ്പോൾ വിശ്വാസവും കണ്ണീരിനോടൊപ്പം ഒഴുകിപ്പോകും. എന്തിന് ഇനി കണ്ണുകൾ മുകളിലേക്കുയർത്തണം? എന്തിന് ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കണം?

ഇത്തിരിയോളം അനുകമ്പ ഈ സങ്കടത്തിനുമേൽ ഉണ്ടായിരുന്നെങ്കിൽ… ഇത്തിരിയോളം അർത്ഥം ഈ നൊമ്പരത്തിനുണ്ടായിരുന്നെങ്കിൽ… ഗുരു പറയുന്നു: “ഭയപ്പെടേണ്ട, വിശ്വസിക്കുകമാത്രം ചെയ്യുക”(v.36). എന്നിട്ടവൻ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്തവരോട് പറഞ്ഞു: “കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” (v.39). അപ്പോൾ അവർ അവനെ പരിഹസിച്ചു. നോക്കുക, എത്ര പെട്ടെന്നാണ് ജനം മാറുന്നത്.
യുക്തിയിലെ ദൈവീകതയില്ലായ്മയാണ് കരച്ചിലിൽ നിന്നും പരിഹാസത്തിലേക്കുള്ള ദൂരം. അങ്ങനെയുള്ളവർക്ക് അത്ഭുതങ്ങൾ കാണാൻ സാധിക്കില്ല. അവരുടെ മുൻപിൽ വാതിലുകൾ എന്നും അടഞ്ഞു കിടക്കും. അതുകൊണ്ടാണ് യേശു അവരെ എല്ലാവരെയും പുറത്താക്കുന്നത്. പരിഹാസത്തെ യുക്തിയുടെ ഉപ്പായി കരുതുന്നവർക്ക് അത്ഭുതങ്ങളുടെ രസത്തെ അനുഭവിച്ചറിയാൻ സാധിക്കില്ല. അവരുടെ സ്ഥാനം എന്നും പുറത്തു തന്നെയായിരിക്കും. അവർ ബഹളം വയ്ക്കും വിലപിക്കും പരിഹസിക്കും, അങ്ങനെ യുക്തിയുടെ തന്മയത്വത്തിൽ മരണത്തിനും തെളിവ് തേടും. എന്നിട്ട് അതിന്റെ മായികതയുടെ മുന്നിൽ വിഷണ്ണരായി നിൽക്കുകയും ചെയ്യും. അപ്പോഴും അവരറിയുന്നില്ല മരണത്തിന്റെ വഴിത്താരയിലും വസന്തം വിരിയിക്കുന്നവനാണ് ദൈവമെന്ന്.

ചില സ്ത്രീജന്മങ്ങളുണ്ട് അവർ പുരുഷാരത്തിനിടയിലും തലയുയർത്തി നിൽക്കും; സുവിശേഷത്തിലെ രക്തസ്രാവക്കാരിയെ പോലെ. വിളിച്ചു ചൊല്ലാൻ ഒരു പേരുണ്ടാവില്ല അവർക്ക്, പക്ഷേ ദൈവത്തെ പോലും തോൽപ്പിക്കാൻ സാധിക്കുന്ന നിശ്ചയദാർഢ്യമുള്ളവർ. യാന്ത്രികമല്ല അവരുടെ വിശ്വാസം. നൊമ്പരങ്ങൾ കൊണ്ടു വളർത്തിയ വിശ്വാസമാണവർക്കുള്ളത്. അങ്ങനെയുള്ളവർക്ക് ദൈവം പോലുമറിയാതെ സ്വർഗ്ഗത്തെ കൊള്ളയടിക്കാൻ സാധിക്കും. കാണുക രക്തസ്രാവക്കാരിയുടെ ചിത്രം: ജനക്കൂട്ടത്തിന്റെ തിങ്ങിഞെരങ്ങലിനിടയിൽ ദൈവപുത്രനിൽ നിന്നും അവനറിയാതെ കൃപയെ സ്വന്തമാക്കുന്നു. യുക്തിയേയും വിശ്വാസത്തെയും അതിലംഘിക്കുന്ന ഹൃദയ നൈർമല്യത്തിന് മാത്രം സാധിക്കുന്ന കാര്യമാണത്. അങ്ങനെയുള്ളവരുടെ മുൻപിൽ ദൈവം പോലും അത്ഭുതപ്പെടും. എന്നിട്ട് ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞു ചോദിക്കും; “ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്?” അപ്പോഴും പരിഹാസധ്വനി കലർന്ന മറുചോദ്യം ശിഷ്യരിൽ നിന്നും തന്നെയുണ്ടായി എന്നതാണ് ഈയുള്ളവനെ അത്ഭുതപ്പെടുത്തുന്നത്. ഹൃദയവിചാരങ്ങളുടെ പാഠം ഓതിയ ഗുരുവിനെ യുക്തിവിചാരങ്ങൾ കൊണ്ട് അളക്കുന്ന ശിഷ്യർ. ശിഷ്യത്വത്തിന്റെ അന്തഗതിയാണത്. അങ്ങനെയുള്ളവർക്ക് അത്ഭുതങ്ങൾ കാണാൻ പറ്റില്ല.

ജായ്റോസിന്റെ മകളുടെ മുറിയിലേക്ക് തനിച്ചല്ല യേശു പോകുന്നത്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മൂന്ന് ശിഷ്യരേയും ആ കുഞ്ഞിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മാതാപിതാക്കളെയും കൂട്ടിയാണ്. സ്നേഹസ്പന്ദനം നിറഞ്ഞു നിൽക്കുന്ന ഒരു ചെറിയ കൂട്ടമാണത്. മരണവുമായുള്ള യേശുവിന്റെ കണ്ടുമുട്ടലിന്റെ പിൻബലമാണ് ഈ ഹൃദയങ്ങൾ. എന്തിനാണ് അവൻ അവരെ കൂടെ കൂട്ടിയത്? കാരണം അവനറിയാം ജീവനല്ല, സ്നേഹത്തിനു മാത്രമേ മരണത്തെ കീഴടക്കാൻ സാധിക്കൂ.

തലീത്താ കും. ബാലികേ, എഴുന്നേൽക്കൂ. എത്ര ലളിതമായാണ് ഗുരു ഒരാളെ മരണത്തിൽ നിന്നും ജീവനിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. ഇങ്ങനെ തന്നെയാണ് അവൻ നമ്മുടെ ജീവിതത്തിലേക്കും കടന്നു വരുന്നത്. ജനക്കൂട്ടത്തിന്റെ ആർപ്പുവിളികളിലോ മരണവീട്ടിലെ അലമുറയിലോ മയങ്ങുന്ന വൈകാരികതയല്ല യേശുവിന്റെ ദൈവീകത, നിശബ്ദമായ സ്നേഹമാണ് അവന്റെ തന്മയീഭാവം. സ്നേഹം എവിടെയുണ്ട്, അവിടെ യേശുവുണ്ട്. യേശു എവിടെയുണ്ട്, അവിടെ ജീവനുണ്ട്. അവൻ കൽപിക്കുന്നു; എഴുന്നേൽക്കുക. മരണത്തിന്റെ മാരകത്വത്തിൽ നിന്നും മാത്രമല്ല, മരണവുമായി കൂട്ടുള്ള ചിന്തകളിൽ നിന്നും വികാരങ്ങളിൽ നിന്നും വിവേചനങ്ങളിൽ നിന്നുമെല്ലാം എഴുന്നേൽക്കുക. നിന്നെ സ്നേഹിക്കുന്നവർ നിന്നെ കാത്തിരിക്കുന്നു. ഒരു ഉണർവ് നിന്നിൽ സംഭവിക്കട്ടെ. കുഞ്ഞേ, സ്നേഹത്തിന്റെ ഒരു വഴിത്താര നിനക്കായി മാത്രം അവൻ ഒരുക്കിയിട്ടുണ്ട്.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago