
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ
ഒരു നീണ്ട ദിനത്തിന്റെ അവസാനത്തിന് ശേഷമുള്ള വഞ്ചിയാത്ര. ഭവനത്തിലേക്കുള്ള തിരിച്ചുപോക്കാണത്. തുഴ കയ്യിലേന്തിയ ശിഷ്യർ വിദഗ്ധരാണ്. തിരയുടെ താളത്തെയും കാറ്റിന്റെ ഗതിയേയും മനസ്സിലാക്കിയവർ. അവരുടെ കഴിവിലും വൈദഗ്ധ്യത്തിലും പൂർണ്ണമായി വിശ്വസിച്ചു കൊണ്ട് ശാന്തമായി കിടന്നുറങ്ങുകയാണ് ഗുരുനാഥൻ. ക്ഷീണിതനാണവൻ. കൊടുങ്കാറ്റും തിരമാലകളും അവനെ ഉണർത്തുന്നില്ല. അമ്മയുടെ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ പോലെ അവൻ വഞ്ചിയുടെ അമരത്ത് തലയണവച്ച് ഉറങ്ങുന്നു. പക്ഷെ, ശിഷ്യരെ സംബന്ധിച്ച് തമസ്സിനൊപ്പം ഭയവും പെയ്തിറങ്ങിയ ഒരു രാവായിരുന്നു അത്. വള്ളം ഇപ്പോഴും കരയ്ക്കടുത്തിട്ടില്ല.
സങ്കട തിരമാലകളുടെയിടയിലൂടെ തുഴയുന്ന നമ്മുടെ ജീവിതത്തോണിയുടെ ഒരു ഹ്രസ്വരൂപം സുവിശേഷത്തിന്റെ വരികളുടെയിടയിൽ തെളിയുന്നുണ്ട്. നൊമ്പരങ്ങളുടെ പരിദേവനം നാഡികളെ വരിഞ്ഞു മുറുക്കുന്ന ജീവിതാനുഭവം. എന്നിട്ടും അതാ, ദൈവം ഒന്നുമറിയാതെ സ്വസ്ഥമായി കിടന്നുറങ്ങുന്നു. സഹനത്തിന്റെ യുക്തിഹീനതയിൽ അകപ്പെട്ടുപോകുന്ന ജന്മങ്ങളായി നമ്മൾ മാറുന്നു. അപ്പോഴും ഒരു വാക്കു പോലും ഉച്ചരിക്കാതെ ദൈവം മൂകനായി നിൽക്കുന്നു. അതെ, ചുറ്റും ഇരുൾ പരക്കുമ്പോഴാണ് ഉള്ളിൽനിന്നും ചില ചോദ്യങ്ങൾ ഉയരുക: “കർത്താവേ, നീ എന്തേ ഞങ്ങളെ ഗൗനിക്കാത്തത്? നീ എന്താണിങ്ങനെ ഉറങ്ങുന്നത്? എഴുന്നേറ്റു ഞങ്ങളെ സഹായിക്കൂ.”
സങ്കീർത്തനങ്ങൾ മുഴുവനും ഇതുപോലുള്ള വിലാപങ്ങളാണ്. ജോബിൽ നിന്നാരംഭിച്ച രോദനങ്ങൾ പ്രവാചകരിലൂടെ കടന്ന് ശിഷ്യരുടെയും നമ്മുടെയും ദീനസ്വരമായി മാറുന്നു. ദൈവത്തിന്റെ മൗനത്തിനോടുള്ള പ്രതിഷേധമാണിത്. മരണത്തിന്റെയും ഒറ്റപ്പെടലിന്റെയും വൃത്തകമ്പനത്തിലകപ്പെട്ട ജന്മങ്ങളുടെ സിംഹനാദം.
മനമേ, നീ എന്തിനു ഭയപ്പെടണം? നിന്റെ ദൈവം നിന്നെ ഗൗനിക്കാതെ ഒരു തീർത്ഥാടനത്തിനും പോയിട്ടില്ല. അവൻ ഇവിടെയുണ്ട്. നീ തുഴയുന്ന വഞ്ചിയിൽ തന്നെയുണ്ട്. നിന്റെ തണ്ടിന്റെ ശക്തിയും ചുക്കാന്റെ നിയന്ത്രണവും തീരം തേടുന്ന നിന്റെ കണ്ണുകളുടെ കൃഷ്ണമണിയും അവൻ തന്നെയാണ്. അവൻ നിന്റെ കൂടെയുണ്ട്. അവന്റെ തനതായ ശൈലിയിൽ നിന്റെ കൂടെയുണ്ട്. ഭയപ്പെടേണ്ട.
മുന്നിൽ അലകൾ ആഞ്ഞടിക്കുമ്പോൾ, കാറ്റു നിനക്കെതിരാകുമ്പോൾ ദൈവം നിന്റെ കൂടെയില്ലെന്നു കരുതരുത്. ആദ്യം നിന്റെ ബുദ്ധിയും ശക്തിയും കഴിവുകളും അവക്കെതിരെ ഉണരട്ടെ. അത്ഭുതങ്ങൾ ആദ്യം നിന്നിലൂടെ സംഭവിക്കട്ടെ. ഓർക്കുക, ജീവിതത്തിന്റെ സങ്കീർണതകളോട് പൊരുതുവാനുള്ള നിന്റെ അവസരം കൈക്കലാക്കുന്നവനല്ല ദൈവം. നിന്നോടൊപ്പം പ്രതിസന്ധികൾക്കെതിരെ പോരാടുന്നവനാണവൻ. മുന്നിലുള്ളത് കടലാണെങ്കിൽ, അത് കടക്കുക എന്നതാണ് ജന്മനിയോഗമെങ്കിൽ, അതിനു തടസ്സം നിൽക്കുന്നവനല്ല ദൈവം. ഭയത്തിൽ നിന്നും രക്ഷിക്കുന്നവനല്ല, ഭയത്തിൽ കൂടെയായിരിക്കുന്നവനാണവൻ.
നമ്മുടെ ജീവിതാന്തസ്സിനെ സായാഹ്നത്തിലുള്ള സമുദ്രം താണ്ടലാണെന്ന് വ്യാഖ്യാനിക്കാവുന്നതാണ്. അക്കരയിലെ തീരം തേടിയുള്ള യാത്രയല്ലേ ദാമ്പത്യവും സന്യാസവും പൗരോഹിത്യവുമെല്ലാം. വലിയൊരു ആഴിയെയാണ് നമ്മൾ പതിയെ തരണം ചെയ്യുന്നത്. ബന്ധങ്ങളുടെ നിഗൂഢതകൾ കൊടുങ്കാറ്റായും തിരമാലകളായും ആഞ്ഞടിക്കുകയാണ്. എത്രയോ മുറിവുകൾ, നൊമ്പരങ്ങൾ, ഭയപ്പാടുകൾ! എന്നിട്ടും നമ്മൾ സഞ്ചരിക്കുകയാണ്. പിന്തിരിയാൻ ആഗ്രഹിക്കുന്നില്ല. മുന്നിലേക്ക് തന്നെ നമ്മൾ തുഴയും. ഒരിക്കൽ എല്ലാം ശാന്തമാകും. പ്രശാന്തത പകരുന്നവൻ നമ്മുടെ വഞ്ചിയിലുണ്ട്.
“കർത്താവേ, നീയെന്താണ് ഞങ്ങളെ ഗൗനിക്കാത്തത്?” ഗുരു വാക്കുകളിലൂടെ ഒരു ഉത്തരവും നൽകിയില്ല. മറിച്ച് പ്രവർത്തികളിലൂടെ നൽകി. കാറ്റും കടലും അവനെ അനുസരിച്ചു. ആരും നശിച്ചു പോയതുമില്ല. അതെ, നിന്റെ കാര്യത്തിൽ ദൈവം തൽപരനാണ്. നിന്നെ കുറിച്ച് അവന് കരുതലുണ്ട്. സങ്കട കടലുകൾ നീ അഭിമുഖീകരിക്കേണ്ടി വന്നാലും അവന് നീ എന്നും പ്രിയപ്പെട്ടവൻ തന്നെയാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.