ആണ്ടുവട്ടത്തിലെ പതിനൊന്നാം ഞായർ
സങ്കീർണമായ കാര്യങ്ങളെ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നവനാണ് യേശു. തളിരിടുന്ന ഒരു ഗോതമ്പ് വിത്തിനോടും തണൽമരമായി മാറുന്ന കടുകു മണിയോടുമൊക്കെയാണ് അവൻ ദൈവരഹസ്യത്തെ ചേർത്തുവയ്ക്കുന്നത്. ദൈവരാജ്യം, ഒരുവൻ ഭൂമിയിൽ വിത്തു വിതയ്ക്കുന്നതിനു സദൃശം എന്നാണു പറയുന്നത്. വിത്തല്ല, കർഷകനാണ് കേന്ദ്ര കഥാപാത്രം. ദൈവരാജ്യം കർഷകനാണ്, മനുഷ്യനാണ്, അവന്റെ പ്രവർത്തിയാണ്. എല്ലാം അവൻ ചെയ്യേണ്ട, അവന്റെ ഭാഗം മാത്രം ചെയ്താൽ മതി. ബാക്കി ദൈവം പ്രവർത്തിച്ചുകൊള്ളും.
എല്ലാത്തിനും പക്വത പ്രാപിക്കാൻ ഒരു സമയം ആവശ്യമാണ്: ഒരു കുഞ്ഞിന് ഒമ്പതു മാസം, വസന്തത്തിനു മുമ്പ് ശീതകാലം… എല്ലാത്തിന്റെ വളർച്ചയ്ക്ക് ഒരു നിശ്ചിത സമയമുണ്ട്. ഒറ്റനോട്ടത്തിൽ ചിലപ്പോൾ ഒന്നും സംഭവിക്കുന്നില്ല എന്നു നമുക്കു തോന്നും. പക്ഷേ നമുക്കറിയാം, വിത്തുകൾ പതിയെ മുളയ്ക്കുന്നുണ്ട് എന്ന കാര്യം. പരിചിതമായ ഒരു അത്ഭുതമാണിത്. വൈകുന്നേരം നമ്മൾ കാണുന്ന മുകുളങ്ങൾ രാവിലെ പുഷ്പങ്ങളാകുന്നു. നമ്മൾ ഉറങ്ങിയാലും ഉണർന്നാലും, രാത്രിയായാലും പകലായാലും, നമ്മൾ പോലും അറിയാതെ മണ്ണിലെ വിത്തുകൾ മുളച്ചു വളരുന്നു. ഇതൊരു ആശ്വാസമാണ്. നിഗൂഢമായ ഒരു ആന്തരിക ശക്തിയാൽ ഇവയെല്ലാം തഴച്ചുവളരുന്നു എന്നറിയുന്നതുതന്നെ എത്ര സുന്ദരമാണ്. ആ ശക്തി ദൈവമാണ്. നമ്മുടെ സംശയങ്ങൾക്കിടയിലും ദൈവം എല്ലാവരിലും തഴച്ചുവളരുന്നു!
എല്ലാം നമ്മെ ആശ്രയിച്ചല്ല നിൽക്കുന്നത്. നമുക്ക് നമ്മുടെ ഭാഗം പൂർണമായി ചെയ്യാം. ബാക്കി ദൈവം നോക്കിക്കൊള്ളും. വിതയ്ക്കുക എന്നത് മാത്രമാണ് നമ്മുടെ ദൗത്യം. ദൈവരാജ്യത്തിന്റെ വിത്തുകൾ വിതയ്ക്കുക. ഓർക്കുക, നമ്മളാരും മറ്റുള്ളവരുടെ ജീവിതത്തിന്റെ ഉടമകളല്ല. അവരിലേക്ക് നന്മയുടെ വിത്തുകൾ വിതയ്ക്കുക എന്നിട്ട് ശാന്തതയോടെ വിശ്വാസജീവിതം നയിക്കുക. ഒന്നും അവരിൽ നിന്നും പ്രതീക്ഷിക്കേണ്ട, ബാക്കി ദൈവം നോക്കിക്കൊള്ളും.
ഒരു നിലവും കർഷകൻ ഒരുക്കിയിട്ടില്ല. ഏതു നിലത്താണ് വിത്തുകളെ വിതയ്ക്കുന്നത് എന്നൊന്നും അവൻ ശ്രദ്ധിക്കുന്നുമില്ല. ഏതാണ്ട് വലിച്ചെറിയുകയാണ് അവയെ. എന്നിട്ടും അവ വളരുന്നു. എങ്ങനെയെന്ന് അവനു പോലും അറിയില്ല. എന്തായാലും അവ സമൃദ്ധമായി ഫലം നൽകുന്നുണ്ട്. കാരണം വിത്തു നല്ലതാണ്. നല്ല വിത്തു പാകിക്കഴിഞ്ഞാൽ. ഉറപ്പായും വിളവ് ലഭിച്ചിരിക്കും. കർഷകനറിയാം, മണ്ണിനടിയിൽ സംഭവിക്കുന്നത് തന്റെ കഴിവല്ല മറിച്ച് വിത്തിനുള്ളിൽ കുടികൊള്ളുന്ന ശക്തിയാണെന്ന കാര്യം. കൺമുന്നിൽ ഒന്നും കാണുന്നില്ലെങ്കിലും ഇരുളിൽ മുളപൊട്ടുന്നുണ്ട്.
ദൈവരാജ്യം മനുഷ്യന്റെ ഉൽപന്നമല്ല. അതു നമ്മുടെ പ്രയത്നത്തിന്റെ ഫലവുമല്ല. അതു ദൈവത്തിൻ്റെ പ്രവൃത്തിയാണ്. അതൊരിക്കലും നമ്മുടെ കാര്യക്ഷമതയുടെയും ദൃശ്യപരതയുടെയും യുക്തിയെ പിന്തുടരില്ല. അപ്പോഴും ഇത്തിരിയോളം നന്മയുടെ വിത്തുകൾ വിതയ്ക്കുന്നവർക്ക് പ്രത്യാശിക്കാൻ വകുപ്പുണ്ട്. വിത്ത് ഫലം കായ്ക്കും. അതിന് ഒരു സംശയവും വേണ്ട.
ദൈവരാജ്യം കടുകുമണിക്കു സദൃശ്യമാണ്. എസെക്കിയേൽ പ്രവാചകൻ ദൈവരാജ്യത്തെ ദേവദാരുമായാണ് താരതമ്യം ചെയ്യുന്നത്. വൃക്ഷങ്ങളുടെ രാജാവാണ് ദേവദാരു. ശക്തമായ ഒരു യാഥാർത്ഥ്യമായിട്ടാണ് ദൈവരാജ്യത്തെ പലരും കരുതിയിരുന്നത്. പക്ഷേ യേശു അതിനെ ഒരു കടുകുമണിയോടാണ് സദൃശ്യവൽക്കരിക്കുന്നത്. പലസ്തീനായിൽ എല്ലായിടത്തും വളരുന്ന ഒരു വിത്താണത്. വീടുകളുടെ വിള്ളലുകൾക്കിടയിലും മേൽക്കൂരകൾക്കു മുകളിലും തെരുവുകളിലും പാടവരമ്പുകളിലും അവ വളരും. ആരുടെയും ശ്രദ്ധ ആകർഷിക്കാത്ത ഒരു കുറ്റിച്ചെടി. നമ്മൾ പ്രതീക്ഷിക്കാത്ത ഇടത്ത് ദൈവരാജ്യം ഒരു കടുകുമണി വളരുന്നതുപോലെ വളർന്നുവരും. നമ്മൾ അറിയില്ല, നമ്മൾ ശ്രദ്ധിക്കില്ല, പക്ഷേ അതു വളർന്നു വരും.
ദൈവത്തെക്കുറിച്ചുള്ളതെല്ലാം തുടക്കത്തിൽ ചെറുതായിരിക്കും. അതിന് ഇത്തിരി ഇടം നൽകിയാൽ മാത്രം മതി. ഒന്നു വളരാൻ അനുവദിച്ചാൽ മതി. അത് പതിയെ നമുക്കൊരു തണൽമരമായി മാറും. ഒരു ദൈവിക വിത്ത് നമ്മുടെ ഉള്ളിലുമുണ്ട്. കടുകുമണി പോലെ ചെറുതാണത്. ഒന്നു വളരാൻ അനുവദിച്ചാൽ മതി. ലോകത്തെ സ്നേഹം കൊണ്ട് പൊതിയാൻ നമുക്കു സാധിക്കും.
കടുകുമണി എന്ന ഉപമയിലൂടെ യേശു തന്നെക്കുറിച്ചു തന്നെയാണ് സംസാരിക്കുന്നത്. കാഴ്ചയിൽ തീരെ ചെറുതാണ് കടുകുമണി പക്ഷേ വിസ്മയമകരമായ ഒരു മഹത്വം അതിൽ മറഞ്ഞിരിക്കുന്നുണ്ട്. യേശുവും അതുപോലെതന്നെയാണ്. കാഴ്ചയിൽ നിസ്സാരനായ ഒരു മനുഷ്യനാണവൻ. പക്ഷേ വിസ്മയകരമായ ഒരു മഹത്വം അവനിലുണ്ട്. അനന്തതയോളം ഉള്ള സ്നേഹമാണ് അവന്റെ ഉള്ളിലെ ആന്തരിക ശക്തി. അവനെ തിരിച്ചറിഞ്ഞിട്ടുള്ള എല്ലാവരും ആ ആന്തരികശക്തിയിൽ അഭിരമിക്കുകയാണ് ഇപ്പോഴും.
മനുഷ്യരുടെ ദൃഷ്ടിയിൽ നിസാരമായ പലതും ദൈവദൃഷ്ടിയിൽ വലുതും ദൈവസ്നേഹത്തിന്റെ വ്യക്തമായ അടയാളങ്ങളും ആകാറുണ്ട്. ഉദാഹരണത്തിന് ബെത് ലഹേം എന്ന കൊച്ചു ഗ്രാമത്തിനെയാണ് ദൈവം തന്റെ പുത്രന് ജന്മം നൽകാൻ തിരഞ്ഞെടുത്തത്. വലിയ വിദ്യാഭ്യാസമില്ലാത്ത കുറച്ച് തീരദേശ യുവാക്കളിൽ നിന്നാണ് സുവിശേഷപ്രഘോഷണം ആരംഭം കുറിച്ചത്. ലൂർദ്ദിലെ ഒരു പാവപ്പെട്ട കർഷക പെൺകുട്ടിയാണ് പരിശുദ്ധ മറിയത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയത്. അതുപോലെതന്നെയാണ് ഫാത്തിമായിലും സംഭവിച്ചത്. ഒരു സാധാരണ അൽബെനിയൻ കന്യാസ്ത്രീയാണ് കൽക്കട്ടയിലെ തെരുവുകളിൽ നിന്നും ദൈവസ്നേഹത്തിന്റെ സുന്ദരമായ ഗാഥ ചെറിയൊരു പെൻസിൽ കൊണ്ട് കുറിക്കുവാൻ തുടങ്ങിയത്… കുഞ്ഞു കുഞ്ഞു വിത്തുകളാണ് ഇവ.
ഒരേയൊരു കാര്യമാണ് സുവിശേഷം നമ്മളോട് ആവശ്യപ്പെടുന്നത്. ദൈവരാജ്യത്തിന്റെ വിത്തുകൾ വിതയ്ക്കുക. ബാക്കി ദൈവം നോക്കിക്കൊള്ളും. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം നമ്മുടെ കരങ്ങളിൽ വേണമെന്ന് ആഗ്രഹിക്കേണ്ട. എല്ലാം നമ്മളിൽ ഒതുങ്ങില്ല. നമ്മൾ പോലും അറിയാതെ നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കും. അവ നമ്മുടെ കഴിവുകൾക്കും ശക്തിക്കും അപ്പുറമാണ്. അതിന്റെമേൽ ഒരു നിയന്ത്രണവും നമുക്കില്ല. ഒരു കർഷകനെ പോലെ ആത്മവിശ്വാസത്തോടെയും വിശ്വാസത്തോടെയും കാത്തിരിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ. കാരണം വിതയ്ക്കുന്നത് നമ്മളെങ്കിലും വളർത്തുന്നത് ദൈവമാണ്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.