Categories: Meditation

സ്ഥലകാലത്തിൻ അധിപനായവൻ (ലൂക്കാ 24: 46-53)

ലൂക്കാ തന്റെ സുവിശേഷം ആരംഭിച്ച അതേ സ്ഥലത്ത് തന്നെയാണ് അത് അവസാനിപ്പിക്കുന്നത്...

സ്വർഗ്ഗാരോഹണ തിരുനാൾ

യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം തുടങ്ങുന്നത്. ആദിമ ക്രിസ്ത്യാനികൾ സ്വയം ഉന്നയിച്ചിരുന്ന ചില ചോദ്യങ്ങളുണ്ട്: യേശു എവിടെ? ഏത് അവസ്ഥയിലാണ് അവൻ? സ്വർഗ്ഗാരോഹണം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. സുവിശേഷകന്മാരിൽ യോഹന്നാനും മത്തായിയും സ്വർഗ്ഗാരോഹണത്തെ കുറിച്ച് സംസാരിക്കുന്നില്ല, മർക്കോസ് ഒരു പരാമർശം മാത്രമാണ് നടത്തുന്നത്. ലൂക്കാ മാത്രമാണ് ഇതിനെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നത്. സുവിശേഷത്തിൽ ഉത്ഥാനവും സ്വർഗ്ഗാരോഹണവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു: യേശു കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നു, ദൈവത്തിന്റെ മഹത്വത്തിലേക്ക് പ്രവേശിക്കുന്നു.

നിഷ്കളങ്കമായ ചില ചോദ്യങ്ങളുണ്ട്: അവൻ എന്തിനാണ് പോയത്? ഉയിർത്തെഴുന്നേറ്റവനായി അവന് നമ്മുടെയിടയിൽ കഴിയാമായിരുന്നില്ലേ? ഇല്ല! ഈ രീതിയിൽ മാത്രമേ, ഇന്ന്, നമ്മുടെയിടയിൽ ക്രിസ്തുവിന്റെ നിത്യസാന്നിധ്യം അനുഭവിക്കാൻ കഴിയൂ. ലോകത്തിന്റെ എല്ലാ കോണുകളിലും, ഒരേസമയം, എന്നേക്കും, നിശ്ചയമായും സന്നിഹിതനായിരിക്കാൻ യേശു സ്ഥലകാലത്തിൽ നിന്നും സ്വയം മോചിപ്പിക്കേണ്ടതുണ്ടായിരുന്നു.

ആ ദിവസം മുതൽ ദൈവത്തിൽ ഒരു മനുഷ്യനുണ്ട്: നസറായനായ യേശു. ആ നിമിഷം മുതൽ ആർക്കും പറയാൻ കഴിയില്ല: “ദൈവം സഹനം അറിയുന്നില്ല” അല്ലെങ്കിൽ “ദൈവത്തിന് എന്റെ ജീവിതവുമായി എന്തു ബന്ധം?”. “ദൈവത്തിന് ജോലിയുടെ അദ്ധ്വാനം അറിയില്ല” എന്നോ “ദൈവത്തിന് മരണമറിയില്ല” എന്നോ ആർക്കും പറയാൻ കഴിയില്ല. ആ ദിവസം മുതൽ, ദൈവം അറിയുന്നു. ആ ദിവസം മുതൽ, പാപം ഒഴികെ മറ്റൊന്നും ദൈവത്തിന് അന്യമല്ല. ദൈവത്തിന്റെ ആഴങ്ങളിൽ ഒരു മനുഷ്യശരീരം സ്ഥാപിക്കാൻ ക്രിസ്തുമതം മാത്രമാണ് ധൈര്യപ്പെട്ടത്. എത്ര മനോഹരം! യേശു പിതാവിന്റെ അടുക്കലേക്ക് മടങ്ങിയെത്തിയപ്പോൾ, അവൻ നമ്മുടെ എല്ലാ മനുഷ്യത്വത്തെയും കൂടെ കൊണ്ടുവന്നു. പിതാവിന്റെ സന്നിധിയിൽ, അന്നുമുതൽ, നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളുമുണ്ട്. ചുരുക്കത്തിൽ, നമ്മെ മനുഷ്യരാക്കുന്ന ഒന്നും ഇപ്പോൾ ദൈവത്തിന് അജ്ഞാതമല്ല. നമുക്കെല്ലാവർക്കും ഇപ്പോൾ ദൈവത്തെ അനുഭവിക്കാൻ കഴിയും, കാരണം അവൻ നമ്മിൽ വസിക്കുന്നു. അത് മാത്രമല്ല, ഓരോ മനുഷ്യ വേർപിരിയലിന്റെയും ആഴമേറിയ അർത്ഥവും സ്വർഗ്ഗാരോഹണം പ്രകടിപ്പിക്കുന്നുണ്ട്.

ബൈബിളിൽ, അനുഗ്രഹം എപ്പോഴും ഒരു ശക്തിയെ, മുകളിൽ നിന്ന് ഇറങ്ങിവന്ന് ജീവൻ ഉൽപ്പാദിപ്പിക്കുന്ന ഒരു ഊർജ്ജത്തെ സൂചിപ്പിക്കുന്നു. ഇതുവരെ, യേശു ഒരിക്കലും തന്റെ ശിഷ്യന്മാരെ അനുഗ്രഹിച്ചിട്ടില്ല, അവരാൽ ആരാധിക്കപ്പെട്ടിട്ടുമില്ല. ഇതാണ് സമയം: “അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടു പോയി; കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു” (24: 50). എത്ര മനോഹരം: അവൻ നമ്മെ അനുഗ്രഹിക്കുന്നു. അവൻ നമ്മെക്കുറിച്ചും ലോകത്തെക്കുറിച്ച് നല്ലത് പറയുന്നു. ഇത് നടക്കുന്നത് ഒലിവ് മലയിലെ ബഥാനിയായിലാണ്. യേശു ജറുസലേമിലേക്കുള്ള വിജയകരമായ പ്രവേശനത്തിനായി പോയ സ്ഥലമാണത്. അവിടെ നിന്നാണ് ശിഷ്യന്മാർ ജറുസലേമിലേക്ക് മടങ്ങുന്നത്. ഇനി അവരുടെ ഊഴമാണ്. അവൻ നമ്മെ അനുഗ്രഹിച്ച ഇടത്തിൽ നിന്നും നമ്മൾ അവനെ കുറിച്ച് പറയാനുള്ള ഊഴം തുടങ്ങുകയാണ്.

യേശു ഇപ്പോൾ അവിടെയില്ല, പക്ഷേ ശിഷ്യന്മാരുടെ ഹൃദയങ്ങളിൽ അവനുണ്ട്. അതുകൊണ്ടാണ് “അവര്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് സദാസമയവും ദേവാലയത്തില്‍ കഴിഞ്ഞുകൂടി” (24: 53) എന്ന് ലൂക്കാ പറയുന്നത്. അതിനർത്ഥം അവർ രാവും പകലും ദേവാലയത്തിൽ ഉണ്ടായിരുന്നു എന്നല്ല, മറിച്ച് അവർ എവിടെ പോയാലും അവന്റെ സാന്നിധ്യം അവർ മനസ്സിലാക്കി എന്നാണ്.

ലൂക്കാ തന്റെ സുവിശേഷം ആരംഭിച്ച അതേ സ്ഥലത്ത് തന്നെയാണ് അത് അവസാനിപ്പിക്കുന്നതെന്നത് കൗതുകകരമാണ്. ദേവാലയത്തിലെ രണ്ടു രംഗങ്ങൾക്കിടയിലാണ് സുവിശേഷം വികസിക്കുന്നത്. തുടക്കത്തിൽ സഖറിയാ, ഇപ്പോൾ അപ്പോസ്തലന്മാർ: മധ്യത്തിൽ, ദേവാലയത്തിലായിരിക്കാൻ യാത്ര ചെയ്യുന്ന യേശുവും. “ദേവാലയത്തിലായിരിക്കുക” എന്നാൽ ദൈവത്തെ അനുഭവിക്കുക, ആഗ്രഹിക്കുക എന്നാണ്. അതിനാൽ, ഈ അർത്ഥത്തിൽ, യേശുവിന്റെ മുഴുവൻ ജീവിതവും ഒരു “ദേവാലയത്തിലായിരിക്കുക” ആയിരുന്നു. നമ്മൾക്ക് ശാരീരികമായി ദേവാലയത്തിൽ ആയിരിക്കാനും അതെനിമിഷം ദൈവത്തിന്റെ ആലയമാകാതിരിക്കാനും സാധിക്കുന്നതുപോലെ എവിടെയായിരുന്നാലും ദൈവത്തിന്റെ ആലയമാകാനും കഴിയും എന്ന കാര്യം ഓർക്കണം.

ലൂക്കാ തന്റെ സുവിശേഷം ആരംഭിച്ച അതേ സന്തോഷത്തിന്റെ അന്തരീക്ഷത്തിൽ അവസാനിപ്പിക്കുന്നതും കൗതുകകരമാണ്: “അവര്‍ അവനെ ആരാധിച്ചു; അത്യന്തം ആനന്ദത്തോടെ ജറുസലെമിലേക്കു മടങ്ങി” (24: 52). സുവിശേഷത്തിന്റെ തുടക്കത്തിൽ, ദേവാലയത്തിലെ ദൂതൻ സഖറിയായോട് ഒരു വലിയ സന്തോഷം പ്രഖ്യാപിക്കുന്നു, ദൈവദൂതന്റെ മംഗളവാർത്തയിൽ മറിയം സന്തോഷത്താൽ നിറയുന്നു. ഇപ്പോൾ, അപ്പോസ്തലന്മാരും സന്തുഷ്ടരാണ്, കാരണം അവർ ദൈവസ്നേഹം അനുഭവിച്ചിരിക്കുന്നു.

ഇനി അവർ ചെയ്യേണ്ടത് പാപമോചനത്തിനുള്ള അനുതാപം അവന്‍റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കുക എന്നതാണ് (24: 47). അനുതാപം അഥവാ മാനസാന്തരം എന്നത് ദൈവത്തെക്കുറിച്ചും എന്നെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമുള്ള ചിന്താരീതിയിലെ മാറ്റമാണ്. അതുപോലെതന്നെ ഗ്രീക്കിൽ പാപമോചനം അഥവാ ക്ഷമ (ἄφεσις – aphesis) എന്ന വാക്കിന്റെ അർത്ഥം “വിടുക” എന്നാണ്. അതായത്, സുവിശേഷത്തിന്റെ സാക്ഷികളാകാൻ, നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു കണ്ടുമുട്ടലിന്റെ വിശ്വസനീയമായ ആഖ്യാതാക്കളാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേഷവൽക്കരണത്തിനുള്ള ആഹ്വാനം ക്രൈസ്തവികതയിൽ ഐച്ഛികമായ ഒരു കാര്യമല്ല. ഇത് മെത്രാന്മാർക്കോ പുരോഹിതന്മാർക്കോ ഡീക്കന്മാർക്കോ സമർപ്പിതർക്കോ മാത്രമായി നീക്കിവച്ചിരിക്കുന്ന ഒന്നോ അല്ല, അത് ശിഷ്യന്മാരുടെ ജീവിതത്തിലെ ഒരു അനിവാര്യ ഘടകമാണ്. നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ക്രിസ്തുസ്നേഹത്തിന്റെ സാക്ഷികളാകാൻ പരിശുദ്ധാത്മാവ് നമ്മെ സഹജരിലേക്ക് നയിക്കട്ടെ.

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago