ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ
“ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (v.51). ബൈബിളിൽ നിന്നും പ്രതീക്ഷിക്കാത്ത ഒരു വാചകമാണിത്. അതും യേശുവിൽ നിന്നും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അങ്ങനെയെങ്കിൽ അവൻ നൽകാത്ത സമാധാനത്തെ കുറിച്ചാണ് ആദ്യം നമ്മൾ ചിന്തിക്കേണ്ടത്. എല്ലാ സമാധാനവും സമാധാനം ആകണമെന്നില്ലല്ലോ. ഭയപ്പെടുത്തി സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന വ്യാജസമാധാനമുണ്ട്, ചില വിട്ടുവീഴ്ചകളുടെ വിരിപ്പാവിനെ സമാധാനമെന്ന് വിളിക്കാറുണ്ട്, ശ്മശാനങ്ങളുടെ ഉള്ളിൽ മൂകമായ സമാധാനമുണ്ട്, അക്രമങ്ങൾ മരുഭൂമിവൽക്കരിച്ച സമാധാനവുമുണ്ട്. അതെ, ഇവയല്ല അവൻ നൽകുന്ന സമാധാനം. അപ്പോൾ എന്താണ് സമാധാനം?
ഇന്ന് സമാധാനം ഒരു ഊതിപ്പെരുപ്പിച്ച സങ്കല്പമാണ്. ഹിംസയുടെ പ്രത്യയശാസ്ത്രം പ്രഘോഷിക്കുന്നവർ പോലും വാഗ്ദാനം ചെയ്യുന്നത് സമാധാനമാണ്. കെട്ടുകഥകളിലെ ലോകം പോലെ ഏക അർത്ഥം നൽകാത്ത ഒരു പദമായി മാറിയിരിക്കുകയാണ് അത്. സത്യമാണ്, യേശു തന്റെ ശിഷ്യന്മാർക്ക് സമാധാനം വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ, അവൻ വ്യക്തമാക്കുന്നതുപോലെ, ആ സമാധാനം ലോകം നൽകുന്ന സമാധാനമല്ല (യോഹ 14:27). അങ്ങനെയാകുമ്പോൾ സമാധാനം എന്നത് ഒരു ബാഹ്യ യാഥാർത്ഥ്യമല്ല, ആന്തരിക ദാനമാണ്. അതുകൊണ്ടുതന്നെ, ലോകം വിഭാവനം ചെയ്യുന്ന സമാധാനത്തെ യേശുവിൽ നിന്നും പ്രതീക്ഷിക്കരുത്. ആ സമാധാനമെന്ന നിശ്ചലത ദൈവീക ക്രിയാത്മകതയ്ക്ക് വിരുദ്ധമാണ്.
യേശു കൊണ്ടുവരുന്നത് ഭിന്നതയാണ് എന്ന ചിന്ത അംഗീകരിക്കാൻ പ്രയാസമാണ്. അപ്പോഴും ഒരു കാര്യം ഓർക്കണം, എല്ലാ ഭിന്നതയും മോശമല്ല. കാരണം, ഉല്പത്തി പുസ്തകം ഒരു ഭിന്നതയുടെ ചരിത്രം നമ്മുടെ മുൻപിൽ വയ്ക്കുന്നുണ്ട്: “നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും” (3:15). ഇവിടെ നമ്മൾ സർപ്പത്തിന്റെ സന്തതികളുമായുള്ള ദൈവിക ശത്രുതയുടെ സൂക്ഷിപ്പുകാരായി മാറുകയാണ്.
ശിശുവായിരുന്ന യേശുവിനെ നോക്കി വയോധികനായ ശിമയോൻ പറയുന്നുണ്ട് അവൻ വൈരുദ്ധ്യത്തിന്റെ അടയാളമായിരിക്കുമെന്ന് (ലൂക്കാ 2:34). ദൈവീകമായ വിരോധാഭാസമാണ് യേശു. ആധിപത്യത്തിന്റെ പ്രത്യയശാസ്ത്രത്തെയും ആർഭാടത്തിന്റെ ആത്മീയതയേയും എതിർത്ത അവൻ തന്നെയാണ് ചുങ്കക്കാരുടെ ഭവനങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കുകയും തന്റെ തന്നെ ജീവിതത്തെ ഒരു ബലിയായി മാറ്റുകയും ചെയ്തത്. ജീവിതം കൂടുതൽ സുവിശേഷാത്മകമാകുമ്പോൾ ലോകത്തിനു മുന്നിൽ വൈരുദ്ധ്യത്തിന്റെ അടയാളമാകും നമ്മൾ. അത് ഭിന്നത സൃഷ്ടിക്കും. കാരണം, സുവിശേഷത്തിന്റെ നിലപാട് ഒരേ സമയം സ്വർഗ്ഗത്തിന്റെയും മാനുഷികതയുടെയും നിലപാടാണ്. അത് കപട സദാചാരത്തിന്റെ അതിരുകളുമായി പൊരുത്തപ്പെടില്ല, മറിച്ച് നമ്മുടെ ഹൃദയത്തിന്റെ ഭൂപ്രകൃതിയുമായി ഇണങ്ങിചേരും.
ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നതെന്ന് യേശു പറയുന്നു (v.49). അതേ, ഒരു പന്തവും വഹിച്ചു കൊണ്ട് ഇതാ, അവൻ നമ്മുടെ മുന്നേ നടക്കുന്നു. കത്തിജ്ജ്വലിക്കുകയാണ് അവന്റെ അഗ്നിനാളങ്ങൾ. അണഞ്ഞ അടുപ്പുകളിൽ ഇനി തീപടരും, സ്നേഹത്തിൽ നമ്മൾ ഊഷ്മളത കണ്ടെത്തും. തണുത്ത ബന്ധങ്ങളിലും കെട്ടുപോയ വികാരങ്ങളിലും അഭിനിവേശത്തിന്റെ തീക്കനൽ ആളിക്കത്തും.
അവൻ തേടുന്നത്, എമ്മാവൂസിലെന്നപോലെ, ജ്വലിക്കുന്ന ഹൃദയമുള്ളവരെയാണ്. അവൻ നിരസിക്കുന്നത് ലവൊദീക്യായിലെ പോലെ “ചൂടും തണുപ്പുമില്ലാത്ത” നിസ്സംഗരായ ക്രിസ്ത്യാനികളെയുമാണ് (വെളി. 3:16). വിശ്വാസം, പ്രത്യാശ, ഉപവി തുടങ്ങിയവ ലളിതമായ ബോധ്യങ്ങളാണെന്നു കരുതരുത്. ഒന്നുകിൽ നമുക്ക് അവയെ കത്തിജ്വലിക്കുന്ന പുണ്യങ്ങളാക്കാം അല്ലെങ്കിൽ അവയെ ഒന്നുമല്ലാതെയുമാക്കാം.
ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നമ്മള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ അറിയില്ല (v. 56). ഇതാണ് നമ്മുടെ ദുരന്തം: വിവേചനബുദ്ധി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇനി നമ്മൾ പ്രാർത്ഥിക്കേണ്ടത് അത്ഭുതങ്ങൾക്കല്ല, ജ്വലിക്കുന്ന ഒരു ഹൃദയത്തിനു വേണ്ടിയാണ്. എങ്കിൽ മാത്രമേ തിരിച്ചറിവുകൾ നമ്മിലും ഉണ്ടാകു. അപ്പോഴും ഒരു കാര്യം ഓർക്കണം, വിശ്വാസം സന്തോഷം ഉറപ്പ് നൽകുന്നില്ല. മറിച്ച്, അത് ജീവിതത്തെ തീവ്രവും, ഊർജ്ജസ്വലവും, വികാരഭരിതവും, പ്രകാശപൂരിതവും, തിളക്കമുള്ളതുമാക്കുകയാണ്. ഇത് സ്വർഗ്ഗത്തിന്റെ പടയാളികളായി മാറുമ്പോൾ കിട്ടുന്ന ആനന്ദമാണ്. ഇതുതന്നെയാണ് മാനുഷികതയ്ക്ക് വേണ്ടി നിലപാടെടുക്കുന്നവരുടെ ഭാഗധേയവും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.