Categories: Diocese

“വൈദീകനോട് ചോദിക്കാം” എന്ന കുഞ്ഞൻപെട്ടി

എല്ലാ പള്ളികളിലും പ്രാവര്‍ത്തികമാക്കാവുന്ന മാതൃക...

ജോസ് മാർട്ടിൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ ഒരിടവകയാണ് തെന്നൂർക്കോണം ക്രിസ്തുരാജാ ദേവാലയം. ഇടവക ചെറുതാണെങ്കിലും ഈ ഇടവക നമുക്ക് നൽകുന്ന മാതൃക വളരെ വലുതാണ്. ദേവാലയത്തിലെ അൾത്താരക്ക് മുൻപിൽ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് സഥാപിച്ച “വൈദികനോട്‌ ചോദിക്കാം” എന്ന് എഴുതിയ ഒരു കുഞ്ഞൻ പെട്ടിയാണ് ഇന്നത്തെ സംസാര വിഷയം.

പെട്ടിയുടെ പുറത്ത് എഴുതിയിരിക്കുന്നത് ഇങ്ങനെ:

വൈദികനോട്‌ ചോദിക്കാം
നിങ്ങളുടെ സഭാ വിശ്വാസപരമായതോ ബൈബിളിൽ ഉള്ളതോ ആയ സംശയങ്ങൾ എഴുതി ഈ പെട്ടിയിൽ നിക്ഷേപിക്കുക. വൈദീകൻ അതിന് ഉത്തരം നൽകുന്നതായിരിക്കും.

സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം വല്ലാതെ കൂടിയിരിക്കുന്ന ഈ കാലത്ത്, സഭാ സംബന്ധമായ കാര്യങ്ങളിൽ തെറ്റുകളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുവാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുകൂട്ടം മനുഷ്യർ സദാ സന്നദ്ധരായിരിക്കുന്ന ഈ കാലത്ത് ഈ കുഞ്ഞൻ പെട്ടിയ്ക്ക് ഒരുപാട് വലിയ കാര്യങ്ങൾ നമ്മോട് പങ്കുവെയ്ക്കാനുണ്ട്.

ഉറച്ച വിശ്വാസത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ആണല്ലോ ഇന്ന് ചുറ്റുപാടും നടക്കുന്നത്. അന്വേഷണങ്ങള്‍ക്ക് ആധാരം വിശ്വാസപരമായ സഭയുടെ പ്രബോധനങ്ങളിലും കാഴ്ചപ്പാടുകളിലും നമുക്കുള്ള വ്യക്തതക്കുറവാണ്. ഒരുപാട് സംശയങ്ങൾ നമുക്കുണ്ട് – പ്രത്യേകിച്ച് കൗമാരപ്രായക്കാരിലും, യുവജനങ്ങളിലും. പക്ഷെ, പലപ്പോഴും മതബോധന അദ്ധ്യാപകരോടോ, ഇടവകയിലെ അച്ചൻമാരോടോ നേരിട്ട് ചോദിക്കാനുള്ള ബുദ്ധിമുട്ടും, ജാള്യതയും സ്വാഭാവികം. തങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ തെറ്റാവുമോ, അവരുടെ പ്രതികരണം എങ്ങനെയാവും എന്നുള്ള മറ്റു നിരവധി ചോദ്യങ്ങൾ വേറെയും. ചുരുക്കത്തിൽ നമ്മുടെ സംശയങ്ങൾ ഉത്തരം ലഭിക്കാത്തതെ ചോദ്യങ്ങളായി അവശേഷിക്കും. ഒടുവിൽ, അവന്റെ മനസ്സിൽ ഉമിതീ പോലെ നീറുന്ന ചിന്തകൾക്ക്, സംശയങ്ങൾക്ക് ഒരുപക്ഷെ ആ വ്യക്തി ഉത്തരം തിരയുന്നത് സാമൂഹ്യമാധ്യമങ്ങളിലായിരിക്കും. അവിടെ തുടങ്ങും അവനിലെ/അവളിലെ മാനസിക സംഘർഷം. കാരണം, സാമൂഹ്യമാധ്യമങ്ങളിൽ പലപ്പോഴും നമ്മെ സമീപിക്കുന്നത് നിരീശ്വരവാദികളും, യുക്തിവാദികളും, ക്രിസ്തുമത വിരുദ്ധ സംഘടനകളും, സഭാ വിരോധികളും, അവര്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങളും സൈറ്റുകളും ആയിരിക്കും.

നമ്മുടെ ഇടവകകളിൽ ഒന്ന് മുതല്‍ പതിമൂന്നു വരെയുള്ള മതബോധന ക്ലാസ്കളില്‍, നിർഭാഗ്യം എന്നുപറയട്ടെ സിലബസ്കള്‍ക്ക് അപ്പുറം ഒന്നും പഠിപ്പിക്കുന്നില്ല. എന്തിനേറെ ആരാധനക്രമം എന്താണെന്നോ, ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത്‌ എന്താണെന്നോ ഉള്ള കൃത്യമായ ജ്ഞാനം പോലും കുട്ടികള്‍ക്ക് നൽകുന്നതിൽ പരാജയപ്പെടുന്നുണ്ട്. ഉദാഹരണമായി, എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ എന്റെ മകള്‍ ഒരിക്കല്‍ ചോദിച്ചു; ‘തിരുവോസ്തിയില്‍ IHS എന്ന് എഴുതിയിട്ടുണ്ട് എന്താണ് ഇതിന്റെ അര്‍ത്ഥമെന്ന്’. ഞാന്‍ പറഞ്ഞു നിന്റെ മതബോധന അധ്യാപകരോട് ചോദിക്കാന്‍ (എനിക്കും ഉത്തരം അറിയില്ലായിരുന്നു). അവരോടു ചോദിച്ചു ഉത്തരം കിട്ടിയില്ല, പിന്നീടു പറയാം എന്നായിരുന്നു മറുപടി. ഇതുപോലുള്ള ചെറിയ ചോദ്യങ്ങള്‍ക്ക് പോലും മതബോധന അധ്യാപകര്‍ക്ക് ചിലപ്പോള്‍ ഉത്തരം നല്കാന്‍ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടെന്നത് അംഗീകരിക്കണം.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് തെന്നൂർക്കോണം ഇടവകയിൽ സ്ഥാപിച്ചിരിക്കുന്ന ഈ കുഞ്ഞൻ പെട്ടിയുടെ പ്രസക്തി. കെ.സി.വൈ.എം. മുൻയൂണിറ്റ് പ്രസിഡന്റും, മതബോധന അധ്യാപകനുമായ ശ്രീ.അനീഷ് ത്യാഗരാജന്റെ ബുദ്ധിയിൽ തോന്നിയ ഒരാശയമാണ് ഈ കുഞ്ഞൻപെട്ടി. തന്റെ വിദ്യാഭ്യാസകാലത്ത് തനിക്കു ലഭിക്കാതെ പോയത് പുതിയ തലമുറയ്ക്ക് ലഭിക്കണം എന്നതാണ് ഇതിന്റെ പിന്നിലെ ആഗ്രഹമെന്നും, ഇടവകവികാരി ഫാ.ജോർജ്കുട്ടിയുടെ പരിപൂർണ്ണ പിന്തുണയാണ് തന്റെ മാതൃ ദേവാലയത്തില്‍ “വൈദികനോട്‌ ചോദിക്കാം” എന്ന സംശയ നിവാരണ പെട്ടിയുടെ സാധ്യത നിറവേറ്റപ്പെട്ടതെന്നും അനീഷ് പറയുന്നു.

“വൈദികനോട്‌ ചോദിക്കാം” എന്താണ് സംഭവിക്കുന്നത്:

1) വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും ഒരു പേപ്പറിൽ ആ സംശയം എഴുതി ഈ പെട്ടിയിൽ നിക്ഷേപിക്കാം. പേരോ മറ്റു വിവരങ്ങളോ എഴുതേണ്ടതില്ല.

2) എല്ലാ ഞായറാഴ്ച്ചകളിലും ദിവ്യബലിക്ക് ശേഷം വൈദികൻ ഈ പെട്ടിയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകും.

3) ഉടനെതന്നെ ഉത്തരം നല്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ക്ക്, ആ വിഷയത്തിൽ പാണ്ഡിത്യം നേടിയവരുമായി ബന്ധപ്പെട്ടിട്ട് അടുത്ത ആഴ്ച കൃത്യമായ മറുപടി നൽകുന്നു.

മൂന്ന് മാസത്തോളമായി ഇടവക പള്ളിയില്‍ ഇത് തുടരുന്നു. വിശ്വാസികളുടെ ഭാഗത്ത് വളരെ ആത്മാർത്ഥമായ പ്രതികരണം ഉണ്ടാക്കുന്നുണെന്ന് അനീഷ് കാത്തലിക് വോക്‌സിനോട് പറഞ്ഞു.

ഒരുപക്ഷെ, തുടക്കത്തില്‍ കുറച്ചു പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം, എങ്കിലും ഇത് എല്ലാ പള്ളികളിലും പ്രാവര്‍ത്തികമാക്കാവുന്ന മാതൃകതന്നെയാണ്. ഇടവകയിലെ വികാരിയച്ചന്മാർ മനസുവച്ചാൽ, മതബോധന അധ്യാപകർ മുന്നോട്ട് വന്നാൽ, വരുംതലമുറയ്ക്കുവേണ്ടിയും ഇന്ന് സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്നവർക്കുവേണ്ടിയും വലിയൊരു സഹായമാകും ഈ പ്രവൃത്തി. ചുരുക്കത്തിൽ വിശ്വാസികളുടെ ഇടയിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കും, അവരിൽ വിശ്വാസസംബന്ധമായ കാര്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാനസിക സംഘർഷം ഇല്ലാതാക്കാൻ സാധിക്കും.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago